ആത്മകഥായനം ഓൺലൈനിൽ എത്തി

ആത്മകഥായനം ഓൺലൈനിൽ എത്തി

ആത്മകഥായനം തികച്ചും വ്യക്തിപരവും തത്ത്വചിന്താപരവുമായ എന്റെ ആത്മാവിന്റെ ആഖ്യാനമാണ്. എന്റെ പൊതു ജീവിതത്തിലേയും രഹസ്യജീവിതത്തിലേയും  തീവ്രമായ ഓർമ്മക്കുറിപ്പുകളുടെ ആഖ്യാനമാണ്. ഒരു മകന്റെ അമ്മയോടുള്ള സത്യസന്ധമായ കുമ്പസാരമാണ്. അവിടെ ഞാൻ അറിഞ്ഞും അറിയാതേയും ചെയ്തുപോയ തെറ്റുകളുടേയും കുറ്റങ്ങളുടേയും ഏറ്റുപറച്ചിലുണ്ട്. അവിടെ പ്രണയവും കാമവുമുണ്ട്. അവയുടെ അതിതീവ്രാസക്തികളും മതിയോട് മല്ലിടുന്ന വിരക്തികളുമുണ്ട്. അവിടെ പ്രായശ്ചിത്തം കല്പിക്കാൻ ഒരു പാതിരിയോ കുമ്പസാരം കേൾക്കേണ്ട എന്റെ അമ്മയോ ഇല്ല. അതുകൊണ്ടുതന്നെ, എനിക്ക് പ്രായശ്ചിത്തം ചെയ്യാനാവാത്തതിന്റെ വിങ്ങലുകളും തേങ്ങലുകളുമുണ്ട്. സമകാലീന എഴുത്തിന് കൃത്രിമ ബുദ്ധിയുടെ വികൃതിയും കച്ചവടത്തിന്റെ വിസ്തൃതിയും അലങ്കാരമാവുന്നിടത്ത്, ഞാൻ എന്റെ ആത്മാവിലേക്ക് തിരിച്ചുനടക്കുകയാണ്. ഉത്ഭവങ്ങളുടെ ഉല്പത്തികാലങ്ങളിൽ നിന്ന് ഞാനെന്റെ ആത്മകഥാശകലങ്ങളെ  ഒപ്പിയെടുക്കുന്നുണ്ട്. അതാണ് ഈ ആത്മകഥായനം. എള്ളോളം പോലും കളവും ചതിയമില്ലാത്ത മനുഷ്യഗന്ധിയായ ആത്മകഥായനം. ആത്മീയതയുടെ പ്രകാശമുള്ള ആത്മകഥായനം. ആരോടൊക്കെയോ മാപ്പിരക്കുന്ന ഒരു ആത്മകഥായനം. പാപമോചനത്തിനായി മുട്ടിലിഴയുന്ന ഒരു പീഡിതന്റെ ആത്മകഥായനം. മോക്ഷം തേടുന്ന ഒരു പാപിയുടെ ആത്മകഥായനം. ഞാൻ എന്റെ പ്രിയപ്പെട്ട വായനക്കാരെ ഈ ആത്മകഥായനത്തിലേക്ക് ക്ഷണിക്കുകയാണ്. എന്റെ ഓർമ്മകളുടെ നോവിലേക്ക്. വികാരങ്ങളുടെ വെയിലിലേക്ക്. അപ്രിയസത്യങ്ങളുടെ ചുടുകാട്ടിലേക്ക്. ചിന്തകളുടേയും കല്പനകളുടേയും സർഗ്ഗാത്മക വിസ്മയതീരത്തേക്ക്.