സൃഷ്ടിയുടെ നവമാധ്യമ പരിണാമം
12 Dec 2022
ഈ ഭൂമിയിലെ സർവ്വസ്വവും പരിണാമത്തിന് വിധേയമാണ്. അറിഞ്ഞും അറിയാതേയും അവ പരിണമിച്ചുകൊണ്ടേയിരിക്കും. നാം അറിയുന്ന പരിണാമത്തേക്കാൾ ആശ്ചര്യകരമായിരിക്കും എപ്പോഴും നാമറിയാതെ പോകുന്ന പരിണാമങ്ങൾ.
അതുകൊണ്ടുതന്നെ എഴുത്തും എഴുത്തുകാരനും, ചിത്രവും ചിത്രകാരനും, പാട്ടും പാട്ടുകാരനും എല്ലാം തന്നെ കാലാകാലങ്ങളിൽ പരിണാമങ്ങൾക്ക് വിധേയമാണ്. സമകാലിക സാമൂഹ്യ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവമാധ്യമങ്ങൾ നമ്മുടെ സർഗ്ഗസംഭാവനകളെ മുമ്പെങ്ങുമില്ലാത്തവിധം പരിണാമങ്ങൾക്ക് വിധേയമാക്കുന്നുണ്ട്.
ഏതൊരു പരിണാമത്തിലും സംഭവിക്കുന്നതുപോലെത്തന്നെ നവമാധ്യമജന്യമായ പരിണാമ ദശകളിലും സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ പ്രകടമാണ്. സമൂഹം അന്നോളം വരെ ശരിയെന്ന് അടയാളപ്പെടുത്തിയ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് പരിണാമം കൊള്ളുമ്പോൾ സ്വാഭാവികമായും കലഹങ്ങളും കലാപങ്ങളും ഒഴിവാക്കാനാവുന്നതല്ല. മാനേജ് മെന്റിൽ ഇതിനെ മാറ്റത്തിനെതിരെയുള്ള ചെറുത്തുനില്പ് (Resistance to change) എന്ന് പറയും. ഇത്തരമൊരു ചെറുത്തുനില്പ് അനിവാര്യവുമാണ്. ഈ ചെറുത്തുനില്പുകളെ അതിജീവിക്കുമ്പോഴാണ് പരിണാമം ഒരു അംഗീകൃത സാമൂഹ്യപാഠമായി നിലകൊള്ളുന്നത്.
എഴുത്ത്, കല, ചലച്ചിത്രം, നാട്യം, സംഗീതം എന്നീ സൃഷ്ടിപരമായ സർഗ്ഗാത്മക നിർമ്മിതികളെല്ലാം ഇത്തരം പരിണാമ പ്രക്രിയകളുടെ ഭാഗമായി, സമൂഹമാധ്യമങ്ങളുടെ തിരയിളക്കത്തിൽ, സാങ്കേതികതയുടെ കൃത്രിമ നിർമ്മിതികളായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു. പേനകളുടേയും ബ്രഷുകളുടേയും സ്ഥാനത്ത് ചൂണ്ടുവിരൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. കടലാസ്സും ക്യാൻവാസും മോബൈൽ സ്ക്രീനിന്റെ ഡിസ്പ്ലെ പാനലുകളായി മാറി. ക്യാമറകളും ശബ്ദലേഖന സംവിധാനങ്ങളും മോബൈൽ ഫോണുകളിലേക്ക് ചേക്കേറി. നാട്യവും ആട്ടവും പാട്ടും സംഗീതവും വീടുകളിലെ ഉറക്കുമുറികളെ സ്റ്റൂഡിയോകളാക്കി. അവയിൽ പലതും ഉപജീവനോപാധികളുമായി. അങ്ങനെ നവമാധ്യമങ്ങൾ നമ്മുടെ നവരസങ്ങളെ വിവരസാങ്കേതിക കച്ചവട പതിപ്പുകളാക്കി മാറ്റി.
നവമാധ്യമങ്ങളിൽ പത്രാധിപ സമിതിയില്ല, പത്രാധിപരില്ല. സ്റ്റുഡിയോകളില്ല. സംവിധായകരില്ല. കലാസംവിധായകരില്ല. സംഗീത സംവിധായകരില്ല. ചിത്രസംയോജകരില്ല. ശബ്ദലേഖകരില്ല. സംഗീതോപകരണങ്ങളില്ല. എല്ലാം നവമാധ്യമ സങ്കേതം വളരെ കൃത്യമായി നിർവ്വഹിക്കും. സാധാരണ മനുഷ്യന്റെ ബുദ്ധിപോലും വേണ്ട ഇവിടെ. കൃത്രിമ ബുദ്ധി എല്ലാം കൃത്യമായി നോക്കിക്കോളും. അസംസ്കൃതമായതെന്തും ഈ കൃത്രിമ ബുദ്ധിസങ്കേതത്തിലുടെ കടത്തിവിട്ടാൽ സാക്ഷാൽ സംസ്കൃതമായവ പുറത്തുവരും. അത്തരത്തിലുള്ള കൃത്രിമ സർഗ്ഗാത്മകോത്പന്നങ്ങളെ നാം എഴുത്തെന്നും കലയെന്നും ചലച്ചിത്രമെന്നും സംഗീതമെന്നും വിളിക്കാൻ തുടങ്ങി.
ഇത്തരത്തിലുള്ള പരിണാമദശകളിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോഴാണ് എഴുത്തുകാരന്റേയും കലാകാരന്റേയും ചലച്ചിത്രകാരന്റേയും സംഗീതജ്ഞന്റേയും ഉത്തരവാദിത്തം മുമ്പെങ്ങുമില്ലാത്തവിധം ക്ലേശകരമാവുന്നതും, ഒരു പ്രഹേളികയാവുന്നതും. അവരാരും നേരത്തേതുപോലെ സംസ്കൃതരല്ല, മറിച്ച് അസംസ്കൃതരാണ്. അതുകൊണ്ടുതന്നെ അവർ അസംസ്കൃത പദാർത്ഥങ്ങളെ മാത്രം സമ്പാദിക്കുന്നവരും സംഘടിപ്പിക്കുന്നവരുമാകുന്നു. ഇതെന്തുകൊണ്ടെന്നാൽ, അവരുദ്പാദിപ്പിക്കുന്ന ഇത്തരം അസംസ്കൃത പദാർത്ഥങ്ങളെ അവരുടെ മുന്നിലുള്ള നവമാധ്യമ സാങ്കേതിക വിദ്യകൾ യഥാവിധം പാകപ്പെടുത്തി സംസ്കൃത ഉദ്പന്നങ്ങളാക്കി മാറ്റുമെന്ന് അവർക്ക് ഉറപ്പുള്ളതുകൊണ്ടാണ്. ചുരുക്കത്തിൽ പുതിയ കാലത്തെ സർഗ്ഗാത്മക മനുഷ്യർ അസംസ്കൃതാവസ്ഥകളുടെ മാത്രം ശില്പികളാണെന്നു പറയാം.
ഈ അവബോധത്തിൽ നിന്നുവേണം, പുതിയ സർഗ്ഗാത്മക മനുഷ്യൻ അവന്റെ സർഗ്ഗസപര്യകളിൽ വ്യാപൃതരാവാൻ. കാരണം, ഈ മനുഷ്യൻ അവന്റെ അസംസ്കൃത പദാർത്ഥങ്ങളെ നവമാധ്യമ സങ്കേതങ്ങളിലൂടെ കടത്തിവിട്ടുകൊണ്ട് സംസ്കൃത ഉദ്പന്നങ്ങളാക്കി പുറത്തേക്ക് തള്ളുന്നു. പക്ഷേ വസ്തുതയെന്തെന്നാൽ, നവമാധ്യമ സങ്കേതങ്ങൾ പുറത്തുവിടുന്നതത്രയും സർഗ്ഗാത്മക സംസ്കൃത സൃഷ്ടികളല്ല, മറിച്ച് സാങ്കേതിക സ്വഭാവമുള്ള സംസ്കൃത ഉദ്പന്നങ്ങളാണെന്നതാണ്.
അതുകൊണ്ട്, പുതിയ സർഗ്ഗാത്മക മനുഷ്യന്, സർഗ്ഗാത്മക സൃഷ്ടികളല്ല, മറിച്ച് സാങ്കേതിക സ്വഭാവമുള്ള സംസ്കൃത ഉദ്പന്നങ്ങളാണ് താൻ പടച്ചുവിടുന്നതെന്ന കൃത്യമായ ബോധം ഉണ്ടാവേണ്ടതുണ്ട്. അതോടൊപ്പം, നവമാധ്യമ സങ്കേതങ്ങൾ പുറത്തുവിടുന്നതത്രയും സാങ്കേതികമായ കൃത്യതയുള്ള ശരിയും സൌന്ദര്യവുമാണെന്ന ബോധവും. ഈയൊരു അവബോധത്തിൽ നിന്നുകൊണ്ട് അഥവാ തിരിച്ചറിവിൽ നിന്നുകൊണ്ട് പുതിയ സർഗ്ഗാത്മക മനുഷ്യന് സൃഷ്ടിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. നവമാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ സർഗ്ഗാത്മക മനുഷ്യരുടെ സൃഷ്ടിയുടെ പാതയിൽ അത്തരത്തിലുള്ള പ്രകാശം പരത്താൻ കഴിയട്ടേ എന്നും പ്രത്യാശിക്കുന്നു.