വാസ്കോ ഡ ഗാമ പള്ളിയും മൂന്ന് പുണ്യാളന്മാരും

04 Jun 2023
ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവദേവാലയമാണ് വിശുദ്ധ ഫ്രാൻസിസ് സി.എസ്.ഐ. പള്ളി. 1503-ൽ സ്ഥാപിച്ച ചരിത്രമുറങ്ങുന്ന ഈ ദേവാലയമാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ ദേവാലയം. ഒന്നാം ലോകമഹായുദ്ധ ത്തിൽ കൊല്ലപ്പെട്ട കൊച്ചിക്കാരുടെ സ്മാരകമായി ഒരു സ്തൂപം പള്ളിയുടെ മുന്നിൽ 1920-ൽ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോ കാണാം.
വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ, കോളനിഭരണത്തിനായി ഇന്ത്യയിൽ അരങ്ങേറ്റിയ പോരാട്ടങ്ങളുടെ നേർസാക്ഷ്യം പറയുന്ന ഈ പള്ളിക്ക് വലിയ ചരിത്രപ്രാധാന്യമാണുള്ളത്. വാസ്കോ ഡ ഗാമയുടെ ഭൌതികാവശിഷ്ടം ഏതാനും കാലം അന്ത്യവിശ്രമം കൊണ്ടത് ഇവിടെയാണെന്നതും ഈ പള്ളിയുടെ ചരിത്ര ഗരിമ കൂട്ടുന്നുണ്ട്.
പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമ 1524-ൽ തന്റെ മൂന്നാമത് കേരളസന്ദർശനത്തിനിടെ കൊച്ചിയിൽ വച്ച് മരിച്ചതായാണ് ചരിത്രം. അദ്ദേഹത്തിന്റെ ശരീരം ആദ്യം ഈ പള്ളിയിലായിരുന്നു അടക്കിയത്. പതിനാലു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ അഞ്ചാമത്തെ പുത്രൻ പേഡ്രോ ഡ സിൽവ ഗാമ കൊച്ചിയിലെത്തി അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പോർച്ചുഗലിലെ വിഡിഗ്വെട്രിയയിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീടത് ലിസ്ബണിലേക്ക് മാറ്റി.
എന്നിരുന്നാലും വാസ്കോ ഡ ഗാമയെ അടക്കം ചെയ്ത സ്ഥലത്ത് അദ്ദേഹത്തിന്റെ പേരുകൊത്തിയ ഒരു കൽഫലകം ഇപ്പോൾ വേർതിരിച്ച് സൂക്ഷിച്ചിട്ടുണ്ട്.
പോർച്ചുഗീസുകാരാണ് 1498-ൽ ഇന്ത്യയിലേയ്ക്കുള്ള ആദ്യ കടൽ മാർഗ്ഗം കണ്ടുപിടിച്ചത്. അങ്ങനെയാണ് വാസ്കോ ഗാമ കോഴിക്കോടി നടുത്തുള്ള കാപ്പാട് എന്നിടത്ത് കപ്പലിറങ്ങിയതെന്നാണ് ചരിത്രം. ഗാമക്ക് ശേഷം പെഡ്രോ അല്വറെസ് കബ്രാൾ, അൽഫോൻസോ ഡെ ആൽബുക്കർക്ക് എന്നിവരും കേരളത്തിലെത്തിയതായും ചരിത്രരേഖകളുണ്ട്.
തുടർന്ന് കൊച്ചി രാജാവിന്റെ അനുവാദത്തോടെ പോർച്ചുഗീസുകാർ ഉണ്ടാക്കിയ വ്യാപാര ഉടമ്പടിയുടെ ഭാഗമായി ഇവിടെ ഒരു കോട്ട പണിയുകയായിരുന്നു. ആ കോട്ട നിലനിന്നിരുന്ന ഈ പ്രദേശത്തെയാണ് നാമിന്ന് ഫോർട്ട് കൊച്ചി എന്ന് വിളിച്ചുപോരുന്നത്. അക്കാലത്ത് ഈ കോട്ടയ്ക്കുള്ളിൽ മരം കൊണ്ട് പണിത പള്ളിയായിരുന്നു നാമിന്ന് കാണുന്ന ഈ സെന്റ് ഫ്രാൻസിസ് പള്ളി. കാലാന്തരത്തിൽ മരനിർമ്മിതിയൊക്കെ പോയി. ഫ്രാൻസിസ്കൻ പാതിരിമാരായിരിക്കണം ഇത് നിർമിച്ചതെന്ന് അനുമാനിക്കുന്നു.
പിന്നീട് വൈസ്രോയിയുടെ ഉത്തരവിൻ പ്രകാരം 1506-ൽ മരം കൊണ്ടു നിർമിച്ച കെട്ടിടം, കല്ലും ഇഷ്ടികകളും സിമന്റ് ചാന്തും ഉപയോഗിച്ച് പുനർനിർമ്മിക്കുകയായിരുന്നു. ഈ പള്ളിക്ക് ഓടു മേഞ്ഞ ഒരു മേൽക്കൂര ഉണ്ടാവുന്നതും അപ്പോഴാണ്. വിശുദ്ധ ബർത്തലോമിയോ ആയിരുന്നു ഈ പള്ളിയിലെ പ്രഥമ പ്രതിഷ്ഠയെങ്കിലും, 1516-ൽ ഈ പള്ളി വീണ്ടും പുതുക്കി യതോയോടെ വിശുദ്ധ അന്തോണീസിനെ പുനപ്രതിഷ്ഠിക്കുകയായിരുന്നു.
അപ്പോഴും ഡച്ച്-പോർച്ചുഗീസ് യുദ്ധങ്ങൾ ഇവിടെ തുടരുകയായിരുന്നു. 1662 ഡിസംബർ 31-ന് കൊച്ചിയിലെത്തിയ ഡച്ച് പട്ടാളം 1663 ജനുവരി 8-ന് പോർച്ചുഗീസുകാരിൽ നിന്ന് കൊച്ചി പിടിച്ചെടുത്തു. പോർച്ചുഗീസുകാർ പൊതുവെ റോമൻ കത്തോലിക്ക വിശ്വാസികളാണ്. അതേസമയം ഡച്ചുകാർ പ്രൊട്ടസ്റ്റന്റ് വിശ്വാസികളുമായിരുന്നു. അതുകൊണ്ടാവണം ഈ പള്ളിയൊഴിച്ചുള്ള എല്ലാ പോർച്ചുഗീസ് പള്ളികളും കോൺവെന്റുകളും ഡച്ചുകാർ നശിപ്പിച്ചിരുന്നു. അതോടെ കത്തോലിക്കാ ആരാധനയ്ക്ക് പതുക്കെ തിരശ്ശീല വീണു. ഡച്ചുകാർ പിന്നീട് ഈ പള്ളിയെ ഒരു സർക്കാർ പള്ളിയാക്കി മാറ്റി. ഡച്ച് ശൈലിയിലുള്ള ഫര്‍ണിച്ചറുകളും ഒരു കൂട്ടായ്മ മേശയും സ്ഥാപിച്ച് അവർ ഇത് അവരുടേതാക്കി മാറ്റി. പള്ളിക്ക് സമീപത്ത് ഒരു ഡച്ച് സെമിത്തേരിയും അവർ നിർമ്മിച്ചു.
യുദ്ധത്തിന്റെ തുടർച്ചയിൽ, 1795 ഒക്ടോബർ 20-ന് ബ്രിട്ടീഷുകാർ, ഡച്ചുകാരിൽ നിന്നും കൊച്ചിയുടെ നിയന്ത്രണം പിടിച്ചെടുത്തുവെങ്കിലും ഈ പള്ളിയുടെ കൈവശാവകാശം ഡച്ചുകാർക്ക് തന്നെ വിട്ടുനൽകേണ്ടിവന്നു. പിന്നീട് 1804-ൽ ഡച്ചുകാർ ഈ പള്ളിയെ ആംഗ്ലിക്കൻ സഭയ്ക്ക് വിട്ടുകൊടുത്തു. അങ്ങനെ ഈ പള്ളി ഇന്ത്യൻ സർക്കാരിന്റെ എക്ലസ്റ്റിയാക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിലായി. ആംഗ്ലിക്കൻ വിശ്വാസികൾ കാലാന്തരത്തിൽ പള്ളിയുടെ മൂല പ്രതിഷ്ഠയായ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിൽ ഒരിക്കൽകൂടി പുനപ്രതിഷ്ഠിച്ചു.
1816-ൽ റവ. തോമസ് നോർട്ടൺ കൊച്ചി സന്ദർശിച്ചപ്പോൾ ഈ പള്ളിയുടെ ശോച്യാവസ്ഥ കണക്കിലെടുത്ത് അറ്റകുറ്റപ്പണികൾ നടത്തി. തുടർന്ന് ബിഷപ്പ് മിഡിൽട്ടണിനെക്കൊണ്ട് ഒരു കൺഫർമേഷൻ സർവീസ് നടത്തിക്കുകയും ചെയ്തു. പിന്നീട് കഴിവുള്ള ധാരാളം പുരോഹിത ശ്രേഷ്ഠന്മാർ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. കോട്ടയം സി.എം.എസ്. കോളേജിന്റെ വൈസ് പ്രിൻസിപ്പളായിരുന്ന റെവ. ബ്രാഗ്ഷാ ആയിരുന്നു ബ്രിട്ടീഷുകാരുടെ കീഴിലുണ്ടായിരുന്ന ഇവിടുത്തെ അവസാനത്തെ പുരോഹിതൻ.
1804 മുതൽ 1947 വരെ ബ്രിട്ടീഷ് ആംഗ്ലിക്കൻ സഭയുടെ മിഷണറി വിഭാഗമായ സി.എം.എസിന്റെ നിയന്ത്രണത്തിലായിരുന്നു ഈ പള്ളി. 1947-ൽ സി.എസ്.ഐ. സഭയുടെ രൂപീകരണത്തോടെ ഈ പള്ളി സഭയുടെ ഉത്തര കേരള മഹാ ഇടവകയുടെ ഭാഗമായി. ഞായറാഴ്ച്ചകളിലും വിശേഷദിവസങ്ങളിലും ഇവിടെ മതപരമായ ചടങ്ങുകൾ നടന്നിരുന്നു. മറ്റ് ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനവും അനുവദിച്ചിരുന്നു.
1923 ഏപ്രിലിൽ ഈ പള്ളിയെ, 1904-ലെ പ്രൊട്ടക്റ്റഡ് മോണ്യുമെന്റ്സ് ആക്ട് പ്രകാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇപ്പോൾ ഈ പള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകമാണ്.
വാസ്തുപരമായി നോക്കിയാൽ പടിഞ്ഞാട്ട് ദർശനമാണ് ഈ പള്ളിക്ക്. വാതിലുകളും ജനലുകളും കമാനാകൃതിയിലുള്ളവയാണ്. പള്ളിഭിത്തിക്ക് സാധാരണയിൽ കവിഞ്ഞ കനമുള്ളതായി കാണപ്പെടുന്നു. വലിയ തൂണുകളാണ് ഈ പള്ളിക്കുള്ളത്. പള്ളിയുടെ മുഖപ്പിലെ വാതിലിനു മുകളിലുള്ള ഫലകത്തിൽ 1779 എന്ന് ആലേഖനം ചെയ്തുവച്ചിട്ടുണ്ട്. 1779-ലായിരിക്കണം ഡച്ചുകാർ ഈ പള്ളി പുതുക്കിപ്പണിതതെന്ന് ചരിത്രകാരന്മാർ അനുമാനിക്കുന്നു. പടിഞ്ഞാറേ മുഖപ്പിന് മുകളിലാണ് പള്ളിമണി സ്ഥാപിച്ചിട്ടുള്ളത്. പള്ളിക്കുള്ളിൽ നിന്ന് തന്നെ ഈ മണി മുഴക്കാനുള്ള സംവിധാനവുമുണ്ടെന്നത് എടുത്തുപറയത്തക്കതാണ്.
പള്ളിയുടെ മുൻവശത്തുള്ള ഘടികാരം 1923-ൽ ആസ്പിൻവാൾ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്ന ഹാൽ ഹാരിസൺ ജോൺസിന്റെ സ്മരണയ്ക്കായി സ്ഥാപിച്ചതാണത്രെ. പള്ളിക്കുള്ളിൽ നേരത്തെ ബ്രിട്ടീഷുകാർ സ്ഥാപിച്ച പങ്കകൾ മനുഷ്യപ്രയത്നത്താൽ പ്രവർത്തിക്കുന്നവയായിരുന്നു. ഇന്നതൊക്കെ ഓർമ്മകൾ മാത്രം.
പള്ളിക്കായി പ്രവർത്തിച്ച പലരുടെയും ഓർമകൾ കൊത്തിവച്ച ഫലകങ്ങൾ പള്ളിയുടെ ഭിത്തികളിൽ സ്ഥാപിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞി പള്ളി സന്ദർശിച്ചതിന്റെ ഓർമഫലകവും ഈ പള്ളിയുടെ ഭിത്തിയിലുണ്ട്.
പള്ളിയുടെ ഓഫീസ് മുറിയിൽ ധാരാളം പുരാരേഖകൾ സൂക്ഷിച്ചിട്ടുണ്ടത്രേ. 1751-നും 1804-നും ഇടയിൽ നടന്നിട്ടുള്ള ജ്ഞാനസ്നാനം, വിവാഹം എന്നീ ചടങ്ങുകളുടെ രേഖകൾ ഡൂപ് ബുക്ക് എന്ന് വിളിക്കപ്പെടുന്ന പുസ്തകത്തിൽ പ്രെഡിക്കന്റ് കോർണേലിയസ് എന്നയാളുടെ കൈപ്പടയിൽ എഴുതി സൂക്ഷിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഈ പുസ്തകത്തിന്റെ പകർപ്പടക്കം എല്ലാം പള്ളി ഓഫീസിൽ ലഭ്യമാണത്രേ. 1829-മുതൽ ജ്ഞാനസ്നാനത്തിന്റെ രജിസ്റ്റർ ഇംഗ്ലീഷ് ഭാഷയിലാണെന്നും പറയുന്നു.
ഈ രേഖകളിൽ ജ്ഞാനസ്നാനത്തിന് വിധേയമായ ധാരാളം ഹിന്ദുക്കളു ടെയും, മുസ്ലീങ്ങളുടേയും, ജൂതന്മാരുടെയും രേഖകളുണ്ടത്രേ. റാണിയുടെ അനുവാദത്തോടുകൂടി രാമവർമ, റിസ് ഡേൽ സ്കൂളിൽ ഇംഗ്ലീഷ് പഠിക്കാൻ ചേരുകയും അവിടെ വച്ച് ക്രിസ്തുമതത്തിലേക്ക് ആകൃഷ്ടനാവുകയുമാണത്രേ ഉണ്ടായത്. അങ്ങനെയാണ് 1835 ഏപ്രിൽ അഞ്ചാം തീയതി കൊച്ചി രാജാവിന്റെ മകനായ രാമവർമ ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുമതം സ്വീകരിച്ചതെന്നും പറയപ്പെടുന്നു.
പള്ളിയുടെ ആധാരത്തിന്റെ യഥാർത്ഥ രേഖ രാജാവിന്റെ ഒപ്പോടും പോർച്ചുഗീസുകാരുടെ മുദ്രയോടും കൂടി പഴയ മലയാളത്തിൽ ഓലയിൽ എഴുതിയതും ഇവിടെ സൂക്ഷിച്ചിട്ടുണ്ടത്രേ.
ഇങ്ങനെയൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ വക ചരിത്രരേഖകളൊന്നും സാധാരണക്കാരായ സന്ദർശകർക്ക് കാണാനാവില്ല. മൊബൈൽ ഫോൺ ക്യാമറപോലും ഇവിടുത്തെ സുരക്ഷാജീവനക്കാർ ഈ പരിസരങ്ങളിൽ അനുവദിക്കുന്നില്ലെന്നത് സഞ്ചാരികളൊട് കാണിക്കുന്ന അനാദരവും അപഹാസ്യവുമാണെന്ന് പറയേണ്ടിവരുന്നു.
വാസ്കോ ഡ ഗാമയുടെ ശവകുടീരത്തിലെ സ്മാരകശില ഇപ്പോഴും ഇവിടെയുണ്ട്. പോർച്ചുഗീസുകാരുടെ ശവകുടീരങ്ങളിലെ സ്മാരകശിലകൾ വടക്കേ ഭിത്തിയിലും ഡച്ചുകാരുടെ ശവകുടീരങ്ങളിലെ ശിലകൾ പള്ളിയുടെ വടക്കേ ഭിത്തിയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
പള്ളിയുടെ വടക്കേഭിത്തിയിലെ ഒരു കൽഫലകത്തിൽ വാസ്കോ എന്ന് കൊത്തിയത് വാസ്കോ ഡ ഗാമയുടേതാണെന്ന് തെറ്റിദ്ധരിച്ചിരുന്നെങ്കിലും അത് 1564 മുതൽ 1567 വരെ കൊച്ചിയുടെ ഗവർണറായിരുന്ന വാസ്കോ ഫെർണാണ്ടസ് പൈമന്റൽ എന്നയാളുടേതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. വാസ്കോ ഡ ഗാമയുക്കു ശേഷമുള്ളതിൽ ഏറ്റവും പഴയ പോർച്ചുഗീസ് ശിലയിൽ രേഖപ്പെടുത്തിയിരിക്കുന്ന വർഷം 1562 ആണ്. ഏറ്റവും പഴയ ഡച്ച് ശവക്കല്ലറ 1664-ലേതുമാണ്. ചില ശിലകളിലെ ശില്പങ്ങൾ മാഞ്ഞുപോയിട്ടു ണ്ടെങ്കിലും പലതിലും മനോഹരമായ ശില്പചാതുരി ഇപ്പോഴും ദൃശ്യമാണ്. വംശസൂചകങ്ങളായ ആലേഖനങ്ങളും പദവികളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും സ്മാരകശിലകളിൽ പതിച്ചിട്ടുണ്ട്.