ലോകത്ത് വമ്പൻ പാലങ്ങൾ പലതുണ്ടെങ്കിലും ഉരുക്കുപാലങ്ങൾ വേറിട്ടുനില്ക്കുന്നവയാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നു ഉരുക്കുപാലങ്ങളും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതൊക്കെതന്നെ വിനോദസഞ്ചാരികൾക്ക് പലപ്പോഴും കൌതുകങ്ങളുമാണ്.
തെക്കൻ ചൈനയിലെ സ്വയംഭരണപ്രദേശമായ ഗ്വാങ്ഷി ഷുവാങ്ങിലെ പിഗ്നാനിലെ പാലമാണ് നീളം കൊണ്ട് വലുതെന്ന് പറയപ്പെടുന്നത്. 2018-ൽ പണിപൂർത്തിയാക്കിയ ഈ പാലത്തിന്റെ നീളം 1035 മീറ്ററാണ്.
ആർച്ച് ഘടനയിലുള്ള പാലങ്ങളിൽ വച്ച് നീളം കൂടിയ പാലം ചോങ്കിങ്ങിലെ ച്വോട്ടിയാൻമെൻ പാലമാണത്രെ. 552 മീറ്റർ നീളവുമായി ഈ പാലം ലോകത്ത് രണ്ടാമത് നില്ക്കുന്നു. യാങ്ങ്സി നദിയുടെ കുറുകെ സ്ഥിതി ചെയ്യുന്ന റോഡ്-റെയിൽ ഗതാഗത സൌകര്യമുള്ള ഈ പാലം 2009-ലാണ് നിർമ്മിച്ചത്. ആർച്ച് ഘടനകൂടി കണക്കിലെടുത്താൽ ഈ പാലത്തിന്റെ മൊത്തം നീളം 1741-മീറ്ററാണാണത്രെ.
ഷാങ്ങ്ഹായിലെ ഹുവാങ്ങ്പൂ നദിക്ക് കുറുകെയുള്ള പാലം 550 മീറ്റർ നീളവുമായി മൂന്നാം സ്ഥാനത്ത് നില്ക്കുന്നു. ലുവാൻ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ഈ പാലവും ആർച്ച് പാലമാണ്. ആർച്ച് ഘടനകൂടി കണക്കിലെടുത്താൽ ഈ പാലത്തിന്റെ മൊത്തം നീളം 3900-മീറ്ററാാണ്. 2003-ലാണ് ഈ പാലം ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ഇന്ത്യയിലെ ബീഹാറിലെ മഹാത്മ ഗാന്ഡി സേതു എന്നറിയപ്പെടുന്ന ഉരുക്കുപാലം 2022 ജൂൺ 7നാണ് നാടിന് സമർപ്പിച്ചത്. 1982-ൽ നിർമ്മിച്ച, 5750 മീറ്റർ നീളമുള്ള ഈ പാലം പുനരുദ്ധരിക്കുകയായിരുന്നു. ഒരുപക്ഷേ ഈ പാലവും ലോകോത്തര പാലങ്ങളുടെ കൂട്ടത്തിൽ ഇടം പിടിക്കുന്നുണ്ടാവണം.
ഇത്രയൊക്കെ മുഖവുരയായി പറഞ്ഞത് കൊച്ചുകേരളത്തിലെ തൃശൂരിലെ മണലൂരിലെ ഒരു ഉരുക്കുപാലത്തെകുറിച്ച് പറയാനായിരുന്നു. മണലൂർ- വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം പക്ഷേ വളരെ ചെറുതാണെങ്കിലും തൃശൂർക്കാരിൽ വലിയ കൌതുകമുണർത്തുന്നുണ്ട്. അതേസമയം ഈ പാലം കണ്ടവർ തൃശൂർക്കാരിൽ തന്നെ അപൂർവ്വമാണെന്നത് സത്യമാണ്. ഇവിടെ ആലപ്പുഴയിലേതുപോലെ കായൽ ടൂറിസം ഉള്ള കാര്യവും ഏറെ പേർക്ക് അറിയില്ല.
ആറു മീറ്റർ ഉയരത്തിലുള്ള ആറ് കോൺക്രീറ്റ് തൂണുകളിൽ ഇരുപ്പുറപ്പിച്ച ഈ ഉരുക്കുപാലത്തിന് കോവലം 117 മീറ്റർ നീളമേ ഉള്ളൂ. ഒന്നര മീറ്റർ നീളവും. കാൽനടക്കാർക്കുള്ളതാണ് ഈ പാലമെങ്കിലും ഈ പാലത്തിലൂടെ എപ്പോഴും ബൈക്കുകൾ ചീറിപ്പായുന്നുണ്ട്.
അകലെനിന്നും അടുത്തുനിന്നും പാലത്തിൽ നിന്നുമുള്ള കായൽ-പ്രകൃതി കാഴ്ചകൾ അതിശയിപ്പിക്കുന്നതാണ്. മണലൂർക്കാർക്കും വെങ്കിടങ്ങുകാർക്കും സാംസ്കാരികമായും ഗതാഗതപരമായും ആശ്വാസകരമാണ് ഈ ഉരുക്കുപാലം. എന്നാൽ ഇതുവഴിയുള്ള ബൈക്കുകളുടെ മിന്നലോട്ടം കാൽനടക്കാരുടെ കരൾകൂട്ടിലെ കിളിയെകൂടി ചിലപ്പോൾ പറപ്പിച്ചുകളയും.
2015-16 കാലഘട്ടത്തിലെ ഇവിടെ എംപിയായിരുന്ന സി.എൻ. ജയദേവന്റെ വികസനഫണ്ടിലെ 2 കോടി രൂപകൊണ്ടാണ് ഈ ഉരുക്കുശില്പം മണലൂർക്കാർക്കും വെങ്കിടങ്ങുകാർക്കും സ്വന്തമായത്. 2018 ഡിസംബർ 9 നാണ് ഈ ഉരുക്കുപാലം നാടിന് സമർപ്പിച്ചത്. 2023 വരെ ഈ പാലത്തിന്റെ അറ്റകുറ്റപണികൾ നടത്തേണ്ടത് ഈ പാലം നിർമ്മിച്ച കൊച്ചിയിലെ KEL (Kerala Electrical & Allied Engineering)എന്ന സ്ഥാപനമാണ്. എന്നിരുന്നാലും ഈ പാലത്തിന്റെ അറ്റകുറ്റപ്പണികൾ യഥാവിധം നടക്കുന്നില്ലെന്ന പരാതിയും ഈ നാട്ടുകാർക്കുണ്ട്.
ഓരോ പാലവും നിർമ്മിക്കപ്പെടുമ്പോഴും മനുഷ്യരുടെ ഹൃദയത്തിലേക്കുള്ള പാലങ്ങൾ ഇല്ലാതാവുക സ്വാഭാവികം മാത്രം. ഈ നാട്ടുകാരുടെ ഹൃദയത്തിൽ നിന്നും ഈ കടവിലെ തോണിക്കാരനായിരുന്ന ഉത്തമന്റെ ഹൃദയത്തിലേക്കുള്ള പാലവും മാഞ്ഞുപോയത് അങ്ങിനെയാണ്. പഴയകാലത്ത് ഈ കായലിന്റെ ഇരുകരയിൽ നിന്നും കൂവിയുണർത്തിയ ഉത്തമഹൃദയം 10 പൈസ കടത്തുകൂലി വാങ്ങി ജനങ്ങളെ പൂപോലെ സുരക്ഷിതരായി മറുകര കടത്തിയിരുന്നു.
കാലം മാറുകയാണ്. ഇന്നിവിടെ ഹൌസ് ബോട്ടുകൾ ഉല്ലാസ വില്ലകളായി ഈ കായലിലൂടെ ഇഴയുന്നുണ്ട്, ആലപ്പുഴയെ ഓർമ്മിപ്പിച്ചുകൊണ്ട്. ഒരു ഹൈടെക്ക് കള്ളുഷാപ്പ് ഒരുങ്ങുന്നുണ്ട് ഈ കരയുടെ അണിയറയിൽ. എന്നിരുന്നാലും കോവിഡ് മഹാമാരി തൽക്കാലം ഇവിടെ എല്ലാത്തിനും സുല്ലിട്ടിരികികുകയാണ് ഇപ്പോൾ.