ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ തച്ചുശാസ്ത്രം

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ തച്ചുശാസ്ത്രം
05 Jan 2022

കാലം മാറുകയാണ്, അതിവേഗം. നമ്മുടെ സാമ്പത്തിക വിനിമയ സംവിധാനങ്ങളും അതിനൊപ്പം മാറുകയാണ്, വികസിക്കുകയാണ്. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് കോവിഡ് മഹാമാരി ലോകത്തെ കീഴ്മേൽ മറിച്ചത്. സാമൂഹ്യഅകലവും പരസ്പരമുണ്ടായിരുന്ന സമ്പർക്കത്തിന്റെ അടുപ്പവും കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായി. നാണയവും കറൻസിയും കൈതൊടാത്ത കാലം വന്നതും അങ്ങനെയാണ്. എല്ലാവരും ഓൺലൈൻ സാമ്പത്തിക വിനിമയ സംവിധാനങ്ങളിലേക്ക് മാറി. സർക്കാരും ഓൺലൈൻ കുത്തകക്കാരും അത് നിർലോഭമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഓൺലൈൻ കോർപ്പറേറ്റുകൾക്ക് കോവിഡ് മഹാമാരി കൊയ്ത്തുകാലമായി.

ഇത്രയും ആമുഖമായി പറഞ്ഞത് നമ്മുടെ ഓൺലൈൻ സംവിധാനങ്ങൾ സാധാരണക്കാരിൽ ദുരന്തം വിതക്കുന്നതിനെ കുറിച്ച് പറയുന്നതിനുകൂടിയാണ്. അത്രക്ക് ഭീകരമാണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പുകൾ. ഓൺലൈൻ സാമ്പത്തിക സംവിധാനങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരോ അല്ലാത്തവരോ ആകട്ടെ സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടാക്കുന്ന ആഘാതം ഒരിക്കലും ചെറുതല്ല. നമ്മുടെ വിവര സാങ്കേതിക  സാമ്പത്തിക സംവിധാനങ്ങളും സർക്കാർ സംവിധാനങ്ങളും പൊലീസ് സംവിധാനങ്ങളും നോക്കുകുത്തികളെപോലെ നിസ്സഹായരായി കൈമലർത്തി നില്ക്കുന്നു എന്നതാണ് നമ്മേ അമ്പരപ്പിക്കുന്ന വസ്തുതയും സത്യവും.

ഇക്കഴിഞ്ഞ നാളുകളിൽ എനിക്ക് അനുഭവിക്കേണ്ടിവന്ന ഒരു ഓൺലൈൻ തട്ടിപ്പാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 11-12-2021 രാത്രി-19:52 എന്റെ ESAF BANK അക്കൌണ്ട് നമ്പർ 50180002272768-ൽ നിന്ന് OTP നൽകാതേയും അത് സ്ഥിരീകരിച്ചുകൊണ്ട് ബാങ്കിന് കൊടുക്കാതേയും 49900 രൂപ നഷ്ടപ്പെട്ടുവെന്നതാണ് ഈ ലേഖനത്തിന് ആധാരം. ഇത് ESAF BANK-ന്റെ സുരക്ഷാപാളിച്ച തന്നെ, തർക്കമില്ല.

തട്ടിപ്പിന്റെ തച്ചുശാസ്ത്രം

തട്ടിപ്പിന്റെ രീതി ഈ പറയും പ്രകാരമാണ്. KSEB-യുടെ ഔദ്യോഗിക ലിങ്ക് ഉപയോഗിച്ച് പണം തട്ടുന്ന ഒരു സംഘമാണ് ഇതിന്നു പിന്നിൽ എന്ന് ആദ്യമേ പറയട്ടെ. സംഘം ആദ്യം ഒരു SMS അയക്കും. അതിങ്ങനെയാണ്, നമ്മുടെ KSEB ബിൽ അടച്ചിട്ടില്ലെന്നും സർവ്വീസ് ഡിസ്കണക്ട് ചെയയ്യുന്നുവെന്നുമാണ് സന്ദേശം (ഇത്തരത്തിൽ വേറെ സന്ദേശവും വരാം). അതിൽ ഒരു നമ്പറിലേക്ക് വിളിക്കാൻ നിർദ്ദേശവുമുണ്ടാവും. എനിക്ക് തന്ന നമ്പർ 8467092529 ആണ്. ഈ നമ്പറിൽ വിളിക്കുമ്പോൾ അവർ പറയുന്നത് നിങ്ങൾ നെറ്റ് വഴി പണം അടച്ചിട്ടുണ്ടെങ്കിലും അത് KSEB അക്കൌണ്ടിൽ എത്തിയിട്ടില്ലെന്നും ഞങ്ങൾ ഈ അയക്കുന്ന ആപ്പിന്റെ ലിങ്ക് വഴി ഡീറ്റെയിൽസ് തന്നാൽ ക്രോസ് ചെക്ക് ചെയ്ത് ഉറപ്പിക്കാമെന്നും പറയും.

ഇതിന്നായി അവർ ഉപയോഗിക്കുന്നത് Electric bill quick support എന്നൊരു ആപ്പാണ്. ഈ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള സത്യസന്ധമായ ഒരു നല്ല ആപ്പാണ്.  പക്ഷേ ഈ ആപ്പിനെ വളരെ വിദഗ്ദമായി മറ്റൊരു അംഗീകൃത  ആപ്പായ Team Viewer എന്ന ആപ്പിലേക്ക് സന്നിവേശിപ്പിക്കുകാണ് തട്ടിപ്പുസംഘത്തിന്റെ അടുത്ത ദൌത്യം. ഈ ദൌത്യം വിജയിക്കുന്നതോടെ നിങ്ങൾ KSEB യുടെ ഒരു ഡ്യൂപ്ലിക്കേറ്റ് വെബ്ബ് പതിപ്പിലേക്ക് പ്രവേശിക്കപ്പെടും. ഇത്തരത്തിൽ ഏത് വെബ്ബ് സൈറ്റിലേക്കും അവർക്ക് നമ്മേ കൊണ്ടുപോകാനാവും.  വെബ്ബിന്റെ അഡ്രസ് ബാറിൽ നോക്കിയാൽ നമുക്ക് ഇത് കണ്ടുപിടിക്കാവുന്നതാണെങ്കിലും ആരും ആ സമയത്ത് അത് ശ്രദ്ധിക്കില്ല.  ഈ ആപ്പിൽ തട്ടിപ്പുസംഘത്തിനുവേണ്ടുന്ന ചില വിശദാംശങ്ങൾ നാം കൊടുക്കുന്നതോടെ ഞൊടിയിടയിൽ നമുക്ക് പണം നഷ്ടമാവുന്നു. കാരണം, നമ്മുടെ കമ്പ്യൂട്ടർ-മൊബൈൽ സംവിധാനം ഈ നിമിഷം നേരത്തെ അരങ്ങേറിയ പ്രക്രിയയിലൂടെ തട്ടിപ്പുസംഘത്തിന്റേതാവുന്നു. എന്തിനാണ് ഇത്തരത്തിലുള്ള ഫോൺ എടുത്തതെന്നും പ്രതികരിച്ചതെന്നും വേണമെങ്കിൽ തട്ടിപ്പിന്നിരയായവരെ ഒരു സാഡിസത്തിന്റെ ഭാഗമായി നമുക്ക് കുറ്റപ്പെടുത്താം.

പിഴക്കാത്ത പിഴവുകൾ

ഇവിടെ നാം ശ്രദ്ധിക്കേണ്ട വിഷയം ഇവയാണ്, 1. ഈ സംഘം KSEB യുടെ  ഡാറ്റ സെർവർ ദുരുപയോഗിക്കുന്നു. (ഇത്തരത്തിൽ ഏത് ഡാറ്റാ സെർവറും അവർക്ക് ദരുപയോഗപ്പെടുത്താം) 2. നാം പണമടക്കാൻ ഉപയോഗിക്കുന്ന APP-ഉം ദുരുപയോഗിക്കുന്നു (ഞാൻ AMAZON APP/KSEB/ GOOGLE PAY എന്നിവയാണ്  ഇതിന്നായി നേരത്തെ ഉപയോഗിച്ചത്). 3. എന്റെ ബാങ്കായ ESAF ബാങ്കിന്റെ സുരക്ഷ 100 ശതമാനവും ചോദ്യം ചെയ്യപ്പെടുന്നുണ്ടിവിടെ. കാരണം OTP യഥാർത്ഥ വ്യക്തിക്ക് കൊടുക്കാതെ തന്നെ അവിടെ നിന്ന് പണം പോകുന്നു. ഇതിനുപുറമെ ഗൂഗിൾ PLAY STORE-ഉം സുരക്ഷിതമല്ല എന്നും പറയേണ്ടിവരുന്നു. കാരണം, ഇതിന്നായി അവർ ഉപയോഗിക്കുന്നത് Electric bill quick support എന്ന ആപ്പ് GOOGLE PLAY STORE സമ്പൂർണ്ണമായും വെരിഫൈ ചെയ്യാതെയും ദുരുപയോഗപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്താതേയുമാണ് പ്ലേ സ്റ്റോറിൽ വരുന്നതെന്നതും സംശയാസ്പദമാണ്.  4. നമ്മുടെ മൊബൈൽ കുത്തക സേവനദാതാക്കളും ഈ തട്ടിപ്പുകളിൽ പ്രതിസ്ഥാനത്തുണ്ടെന്ന് നമുക്ക് നിസ്സംശയം പറയാം.

ബാങ്കിന്റെ ബാങ്കുവിളികൾ ഇങ്ങനെ

സാധാരണ രീതിയിൽ ഒരാളുടെ എക്കൌണ്ടിൽ നിന്ന് പണം അനുവദിച്ചുകിട്ടണമെങ്കിൽ ബാങ്കിന്റെ OTP നമുക്ക് വരേണ്ടതുണ്ട്. എന്നാൽ ഈ തട്ടിപ്പുവഴി അതുണ്ടാവില്ല, കാരണം ബാങ്ക് അയക്കുന്ന OTP ചെന്നുചേരുന്നത് തട്ടിപ്പുസംഘത്തിന്റെ കയ്യിലാണ്. അത് കിട്ടുന്നതോടെ സംഘം പണം കൈക്കലാക്കുന്നു.

ഇത്തരം തട്ടിപ്പുകൾ സാധാരണയായും നടക്കുക മിക്കവാറും ബാങ്ക് അവധി ദിനത്തിന് തൊട്ടുമുമ്പുള്ള വൈകുന്നേരങ്ങളിലാവും. പണം നഷ്ടപ്പെടുന്നവർ സ്വാഭാവികമായും പരാതിപ്പെടുക ബാങ്കിലാണ്. ആ നേരം ബാങ്കുമായി ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഒട്ടോമാറ്റിക്ക് പരാതി സംവിധാനത്തിൽ ഒന്നു മുതൽ പൂജ്യം അടിച്ചു ക്ഷീണിതരാവുന്ന സമയം കൊണ്ട് സംഘം നിയമപരമായും കൌശലപരമായും രക്ഷപ്പെട്ടിരിക്കും. എല്ലാം കഴിയുമ്പോൾ, എല്ലാം കത്തിത്തീർന്നതിനുശേഷം അഗ്നിശമനസേന തീയണക്കുന്നതുപോലെ നമ്മുടെ എക്കൌണ്ട് ബാങ്ക് മരവിപ്പിച്ചു തരും. ഈ ഒട്ടോമാറ്റിക്ക് പരാതി സംവിധാനത്തിന്റെ കാലതാമസവും പലപ്പോഴും തട്ടിപ്പുസംഘങ്ങൾക്ക് സഹായകരമാവുന്നത് എന്നതും ശ്രദ്ധേയമാണ്.

പിന്നെയാണ് സംഗതിയുടെ കോമഡി ആരംഭിക്കുന്നത്. ബാങ്ക് അധികൃതർ പരാതിക്കാരനോട് സൈബർ സെല്ലിൽ പരാതിപ്പെടാൻ നിർദേശിക്കും. സൈബർ സെല്ലിൽ പരാതി കൊടുക്കുന്നതോടെ നമ്മുടെ പണം നഷ്ടപ്പെട്ടത് പൂർണ്ണമായും നമ്മുടെ ഉത്തരവാദിത്തക്കുറവുമൂലമാണെന്ന ഒരു ഉത്തരവ് സൈബർ സെല്ലിൽ നിന്ന് ബാങ്കിന്  കിട്ടും. അതോടെ ബാങ്ക് രക്ഷപ്പെടും. തട്ടിപ്പുസംഘവും രക്ഷപ്പെടും. പരാതിക്കാരൻ തന്റേതല്ലാത്ത കാരണത്താൽ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇതാണ് ചുരുക്കത്തിൽ നമ്മുടെ ഐടി സിസ്റ്റം, മിന്നുന്ന സർക്കാർ സംവിധാനങ്ങൾ.

സ്വർഗ്ഗത്തിനും നരകത്തിനുമിടക്ക് ബ്രാഞ്ച് മാനേജർ

എന്റെ ബാങ്കിന്റെ തൃശൂരിലെ കാളത്തോട് ബ്രാഞ്ച് മാനേജർ നല്ലവനാണ്. അയാൾ പറഞ്ഞു, സാർ ഇക്കാര്യം തുറന്നെഴുതണം. അധികൃതർ അത് വായിക്കട്ടെ, എന്നാലെങ്കിലും അവർ കണ്ണു തുറക്കട്ടെ. ഞാൻ നിരപരാധിയും നിസ്സഹായനുമാണ് സാർ. എനിക്ക് ചെയ്യാവുന്ന ഏക സഹായം സാറിന്റെ എക്കൌണ്ട് ക്ലോസ് ചെയ്യുക മാത്രമാണ്.

ഇങ്ങനെയൊക്കെ ആ ബ്രാഞ്ച് മാനേജർ പറയുമ്പോൾ ആരും തെറ്റദ്ധരിക്കരുത്. അയാൾ ഒരിക്കലും ബാങ്കിന് എതിരല്ല. ബാങ്കിന്റെ നയങ്ങളോടും എതിരല്ല. മറിച്ച്, ബാങ്കിനെ ജനങ്ങളോട് കൂടുതൽ അടുപ്പിക്കാൻ ഹൃദയം കൊണ്ട് ശ്രമിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു നല്ല മാനേജരാണ്. മാത്രമല്ല, തന്റേതല്ലാത്ത കാരണത്താൽ പണം നഷ്ടപ്പെട്ട ഇടപാടുകാരനോട് സഹതാപവും ആശ്വാസവും പ്രകടിപ്പിക്കുകയായിരുന്നു ആ ബാങ്ക് മാനേജർ. ബാങ്ക് ചെയ്യേണ്ടത് ഈ മാനേജരെ കസ്റ്റമർ കെയർ അഥവാ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റിൽ വളരെ ഉയർന്ന പോസ്റ്റിൽ നിയമിക്കുകയാണ്. പക്ഷേ ബാങ്ക് അധികൃതർ ചെയ്തത് അതല്ല, ഇടപാടുകാരനോട് സന്മനസ്സ് കാണിച്ച അയാൾക്കെതിരെ ശിക്ഷാനടപടിക്ക് ഒരുങ്ങുകയാണ് ഉണ്ടായത്. പിന്നീട് ബാങ്ക് ഇടപാടുകാരൻ കൂടിയായ ഈ ലേഖകൻ ബാങ്ക് മാനേജർക്കും ബാങ്കിനും മനോവിഷമം ഉണ്ടാക്കിയതെന്ന് കരുതുന്ന, തികച്ചും നിഷ്കളങ്കമായെഴുതിയ അയാളുടെ ഫേസ് ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. അങ്ങനെയാണ് ആ പാവം ബാങ്ക് മാനേജർ ശിക്ഷാനടപടികളിൽ നിന്ന് രക്ഷപ്പെട്ടത്. ബാങ്കിന്റെ ഡയറക്ടർ ബോർഡിന് വേണ്ടത് പണമാണ്, പണമിടപാടുകാരനെയല്ല, മാനേജരെയുമല്ല എന്നുവേണം അനുമാനിക്കാൻ.

പിന്നീട് നല്ലവനായ ആ ബാങ്ക് മാനേജർ എന്റെ എക്കൌണ്ട് ക്ലോസ് ചെയ്തുതന്നു. മാനേജരുടെ കാബിനിൽ നിന്നിറങ്ങുമ്പോൾ ദുഖം പണം നഷ്ടപ്പെട്ട  എനിക്കല്ലായിരുന്നു, ആ പാവം ബാങ്ക് മാനേജർക്കായിരുന്നു. സ്വന്തം ഇടപാടുകാരനെ സംരക്ഷിക്കാനാവാത്ത നിസ്സഹായാവസ്ഥയിൽ, സമ്പൂർണ്ണ പരാജയത്തിന്റെ പര്യായമായ ഒരിടത്ത് ജോലി ചെയ്യണ്ടിവരുന്നതിൽ അയാൾ ദുഖിതനായിരുന്നു. ഒരു പോക്കറ്റ് ഡയറി കയ്യിൽ തന്നിട്ട് ആ ബാങ്ക് മാനേജർ ഒന്നുകൂടി ഒർമ്മിപ്പിച്ചു, സാർ ഈ കഥ എഴുതണം, അധികൃതർ ഇനിയെങ്കിലും കണ്ണുതുറക്കണം. കണ്ണുതുറക്കണം എന്നതുകൊണ്ട് ബാങ്ക് മാനേജർ ഉദേശിച്ചത് ബാങ്കുകളുടെ സുരക്ഷ കുറേക്കൂടി ശക്തമാക്കണമെന്നാണ്. അതായത് ഇനിയും ഇടപാടുകാരുടെ പണം ബാങ്കിന്റെ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ, അതുകൊണ്ട് നഷ്ടപ്പെടാതിരിക്കട്ടെ എന്നാണ്. ബ്രാഞ്ച് മാനേജരുടെ നല്ല മനസ്സിന് പ്രത്യുപകാരമോ പാരിതോഷികമോ ആയ എന്തെങ്കിലും സംഭവിക്കട്ടെ എന്ന സദുദേശം കൊണ്ട് മാത്രമാണ് ഞാനിത് എഴുതുന്നത്.

നമ്മുടെ സൈബർ സെല്ലും സിസ്റ്റവും

പിന്നീട്, ഈ ലേഖകൻ തൃശൂർ സൈബർ സെല്ലിലെ മിടുക്കന്മാരായ ഉദ്യോഗസ്ഥരുമായി ദീർഘമായി ഈ വിഷയം ചർച്ച ചെയ്തു.  അവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഒന്നുമാത്രം. ഇത് നമ്മുടെ ഐ.ടി. സംവിധാനത്തിന്റെ മഹത്തായ പരാജയം മാത്രമാണെന്നാണ്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടാൽ സൈബർ സെല്ലിന് കാര്യമായി ഒന്നും ചെയ്യാനില്ലെന്നാണ് അവരുടെ ഇന്നത്തേയും ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ എന്നത്തേയും നിസ്സഹായാവസ്ഥയോടെയുള്ള തീരുമാനം.

അവർ ഉറപ്പിച്ചു പറയുന്നത് ഇങ്ങനെ. ഇത് നമ്മുടെ സിസ്റ്റത്തിന്റെ തകരാറാണ്.  നമ്മുടെ മൊബൈൽ കുത്തക സേവനദാതാക്കൾ യാതൊരുവിധ നിയന്ത്രണവുമില്ലാതെ സിം കാർഡുകൾ വാരിക്കോരി കൊടുക്കുന്ന കാലത്തോളും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാവുകയില്ല. മാത്രമല്ല, നമ്മുടെ കടം കൊണ്ട സോഫ്റ്റ്വെയർ സംവിധാനങ്ങൾ കുറ്റമറ്റതുമല്ല.

വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചുകൊണ്ട് നടത്തുന്ന ഈ തട്ടിപ്പുസംഘം 1000 രൂപ മുതൽ 5000 രൂപ വരെ സാധാരണക്കാർക്ക് കൊടുത്തുകൊണ്ട് സിം കാർഡുകൾ വൻതോതിൽ ശേഖരിക്കുകയാണ്. ഇതൊക്കെ നമ്മുടെ സർക്കാരുകൾ അറിഞ്ഞുകൊണ്ടുതന്നെ നടക്കുന്ന ഏർപ്പാടാണ്. ഇങ്ങനെ ശേഖരിക്കുന്ന സിം കാർഡുകൾ വഴിയാണ് ഈ തട്ടിപ്പുസംഘം രാജ്യത്ത് വിലസുന്നത്. ഇവരെ പിടികൂടുക എളുപ്പമല്ലെന്നും പിടികൂടിയിട്ട് കാര്യമില്ലെന്നും നമ്മുടെ മിടുക്കരായ സൈബർ സെല്ലിലെ വിദഗ്ദർ പറയുന്നു.

പരിഹരിക്കപ്പെടാതെ പരിഹാരങ്ങൾ

ഇതെങ്ങനെ തടയാം എന്ന ചോദ്യത്തിനും നമ്മുടെ സൈബർ വിദഗ്ദർക്ക് വ്യക്തമായ മറുപടിയുണ്ട്. ഉപഭോക്താക്കളുടെ ബയോമെട്രിക്ക് അടക്കമുള്ള വ്യക്തമായ സ്വാകാര്യ രേഖകളുടെ ഉറപ്പിന്മേൽ മാത്രം ഐടി സംവിധാനങ്ങൾ പത്യേകിച്ചും സാമ്പത്തിക വിനിമയങ്ങൾ ലഭ്യമാക്കുക. അതോടൊപ്പം നാമിപ്പോൾ കടം വാങ്ങി ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ സംവിധാനങ്ങൾ ഉപേക്ഷിച്ച് സ്വന്തം സോഫ്റ്റ് വെയർ സംവിധാനങ്ങൾ കണ്ടത്തുകയും വേണം. ഇപ്പോഴത്തെ സാമൂഹ്യ ചുറ്റുപാടിൽ അത് സാധ്യവുമല്ല. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന സ്ഥിരം മുദ്രാവാക്യവുമായി സഞ്ചരിക്കുന്ന ഒരു ഭാരതീയ സമൂഹത്തിൽ ഇതൊന്നും നടക്കാൻ പോകുന്നില്ലെന്ന് നമ്മുടെ സൈബർ സെല്ലിലെ കൊച്ചുമിടുക്കന്മാർ പറയുന്നു.

തിരിച്ചറിയാത്ത തിരിച്ചറിവുകൾ

ബാങ്ക് ഇടപാടുകാരന്റെ പണം അയാളുടേതല്ലാത്ത കാരണത്താലാണ് നഷ്ടപ്പെട്ടതെന്നെ പൂർണ്ണമായ തിരിച്ചറിവ് ബാങ്കിനും സൈബർ സെല്ലിനും ഭരണകൂടത്തിനും ജുഡീഷ്യറിക്കും അറിയാമെങ്കിലും ഇവിടെ ശിക്ഷിക്കപ്പെടുന്നത് പാവം ബാങ്ക് ഇടപാടുകാരനാണ്. അവനെ ശിക്ഷിക്കുന്നത് നമ്മുടെ സിസ്റ്റമാണ്. ഇടപാടുകാരൻറെ പണം എവിടെ പോയെന്നും അത് അയാൾ ഉപയോഗിച്ചില്ലെന്നും ബാങ്കിന് നന്നായറിയാം. അതേസമയം, ഇടപാടുകാരൻറെ പണം നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാങ്കിനെ രക്ഷപ്പെടുത്തുന്നത് ജനദ്രോഹപരമായ നയങ്ങൾ സ്വീകരിക്കുന്ന നിസ്സഹായാവസ്ഥയിൽ കഴിഞ്ഞുകൂടുന്ന നമ്മുടെ സിസ്റ്റം തന്നെയാണ്. തിരുത്തപ്പെടേണ്ട ഒരു സിസ്റ്റത്തിന്റെ കഴിവുകേടിന്റെ മറവിൽ പൊതുജനത്തെ ശിക്ഷിക്കുകയാണ് നമ്മുടെ ഭരണകൂടം എന്നതാണ് സത്യം. പ്രതികരിക്കേണ്ടവർ ആ സിസ്റ്റത്തിന്റെ മറവിൽ സുഖമായി കഴിഞ്ഞുകൂടുകയുമാണ്.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *