ഡിസ്നിലാന്ഡ് വിസ്മയകഥകൾ-ഭാഗം-1

ഡിസ്നിലാന്ഡ് വിസ്മയകഥകൾ-ഭാഗം-1
22 Dec 2024

ഇതാണ് ഫ്രാൻസിലെ ഡിസ്നിലാന്ഡ്. അതായത് അമേരിക്കയിലെ ഡിസ്നിലാന്ഡ് കഴിഞ്ഞാൽ പിന്നെ ലോകത്തിലെ രണ്ടാമത്തെതാണ് പാരീസിലെ ഈ ഡിസ്നിലാന്ഡ്. ഇതുകൂടാതെ ജപ്പാനിലും ചൈനയുലുമുണ്ട് ഡിസ്നിലാന്ഡുകൾ. ഇന്നത്തെ കണക്കനുസരിച്ച് ലോകത്ത് പന്ത്രണ്ട് ഡിസ്നിലാന്ഡുകൾ ഉള്ളതായറിയുന്നു. വീഡിയോ കാണാം

ഇതാണ് ഡിസ്നിലാന്ഡിന്റെ പ്രധാന ഗേറ്റ്. ഈ ഗേറ്റിലൂടെയാണ് വാഹനങ്ങൾ കടന്നുപോകേണ്ടത്. വാഹനങ്ങൾ യഥാവിധം പാർക്ക് ചെയ്തതിനുശേഷം ടിക്കറ്റെടുക്കണം. സീസൺ അനുസരിച്ച് 60 മുതൽ 90 യൂറോ വരെയാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക്. ചൊവ്വ, ബൂധൻ, വ്യാഴം ദിവസങ്ങളാണ് തരതമ്യേന തിരക്ക് കുറഞ്ഞ ദിവസങ്ങൾ. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണം ഡിസ്നിലാന്ഡ് ഒന്ന് വിസ്തരിച്ചുകാണാൻ.

ഡിസ്നിലാന്ഡിന്റെ അകത്ത് പ്രവേശിച്ചാൽ പിന്നെ ദാ ഇതുപോലെ എസ്കലേറ്ററുകൾ വഴി കുറേ ദൂരം പോകാനുണ്ട്. ദൂരം അധികമുള്ളതുകൊണ്ടാണ് അധികൃതർ ഇവിടെ എസ്കലേറ്ററുകൾ ഏർപ്പാടാക്കിയിരിക്കുന്നത്.

ഇന്ന് ഇവിടെ നല്ല കാലാവസ്ഥയാണ്. ഇളം മഞ്ഞും ഇളം വെയിലും സുലഭം. ഇയാൾ മലയാളിയാണ്. എന്റെ ക്യാമറക്ക് ഹായ് പറയുന്നുണ്ട്. മലയാളികളാണ് കൂടുതലും ക്യാമറ കണ്ടാൽ ഹായ് പറയുക.

ഡിസ്നിലാന്ഡ് അതിവിശാലമാണ്. ഒരുപാട് നടക്കാനുണ്ട്, ഒരുപാട് കാണാനുമുണ്ട്. നേരത്തെ എന്റെ ക്യാമറക്ക് ഹായ് പറഞ്ഞയാൾ ഇങ്ങനെ മൊബൈലിൽ വീഡിയോ ഷൂട്ട് ചെയ്യുന്നുണ്ട്.

എന്റെ മുന്നിൽ പോകുന്നത് തോമസ് കുക്കിന്റെ ട്രാവൽ ഗൈഡാണ്. അയാൾ സഞ്ചാരികൾക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുകയാണ്. മിക്കവാറും ഒരു പകലെങ്കിലും സഞ്ചാരികൾ ഡിസ്നിലാന്ഡ് കാണും. സാധാരണ നിലയിൽ ഗൈഡുമാർ സഞ്ചാരികളെ ഇവിടെ സ്വതന്ത്രരാക്കും. എന്നിട്ട് ഒരു സമയവും സ്ഥലവും നിർദേശിച്ചു കൊടുക്കും. ഇത്തരം സന്ദർഭങ്ങളിലാണ് ഗൈഡുമാരുടെ വിശ്രമസമയം.

ദാ നമ്മുടെ മലയാളികൾ വീണ്ടും മുന്നിലുണ്ട്. രണ്ടുപേരും കണ്ണൂർകാരാണ്. ആർക്കിടെക്ടായ സിറാജും പിന്നെ സദാനന്ദനും. രണ്ടുപേരും ഫുൾ ഹാപ്പിയാണ്.

ഡിസ്നിലാന്ഡിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പല പല ഗേറ്റുകളാണ്. എല്ലായിടത്തും ഇതുപോലെ ബാരിക്കേഡുകൾ വച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. തിരക്ക് കുറക്കാനും സന്ദർശനം സുഗമമാക്കുവാനുമാണ്, ഇതൊക്കെ.

ഇവിടെ നമ്മുടെ ടിക്കറ്റുകൾ സ്കാൻ ചെയ്യണം, ഡിസ്നിലാന്ഡിന്റെ പാർക്കിലേക്ക് പ്രവേശിക്കാൻ. ഞാനിപ്പോൾ പാർക്കിലേക്കാണ് പ്രവേശിക്കുന്നത്.

പാർക്കിനകത്ത് നമ്മുടെ കണ്ണൂർകാർ കാവലുണ്ട്. സിറാജും സദനന്ദനും. അവർ എന്നെ കാണുമ്പോഴൊക്കെ എന്റെ ക്യാമറക്ക് പോസ് ചെയ്തുതരുന്നുണ്ട്. വിദേശങ്ങളിലെ മലയാളികളെ നമുക്ക് എളുപ്പം തിരിച്ചറിയാനാവും. അവരെപ്പോഴും അവരുടെ മോബൈലിൽ ഫോട്ടോയോ വീഡിയോയോ എടുക്കുന്നുണ്ടാവും. അവർ കാഴ്ചകൾ കാണുന്നതുതന്നെ മോബൈലിന്റെ കണ്ണുകളിലൂടെയായിരിക്കും.

ഡിസ്നിലാന്ഡുകൾ പ്രധാനമായും കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിനോദ-വിനോദേതര തീം പാർക്കുകളാണ്. കുട്ടികൾക്കായുള്ള വണ്ടികൾ അഥവാ പെരാമ്പലേറ്റുറുകൾ ഒരുപാട് കാണാം നമുക്ക് ഈ ഡിസ്നിലാന്ഡിൽ.

ഞാനിപ്പോൾ നിൽക്കുന്നത് പാരീസിലെ മാർനെ ലാ വാലീ എന്നൊരു റിസോർട്ടിലാണ്. എന്നുവച്ചാൽ, ഫ്രാൻസിലെ, പാരീസിന് കിഴക്ക് 32 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഡിസ്നിലാന്ഡിലാണ് ഞാനിപ്പോൾ. അക്ഷരാർത്ഥത്തിലും പ്രകൃതിരമണീയമാണ് ഇവിടം. ചങ്ങമ്പുഴ കവിത പോലെ എവിടെതിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ മാത്രം.

കുട്ടികളുടെ ഡിസ്നിലാന്ഡ് കൌതുകങ്ങളും ശില്പങ്ങളും കൊട്ടാരങ്ങളും ഗോപുരങ്ങളും മിക്കിയും മൌസും കൂട്ടുകാരും എല്ലായിടത്തും നിറഞ്ഞാടുകയാണ്. അവയൊക്കെ പീലിക്കാവടികളോ പൂക്കാവടികളോ പോലെ തിരിഞ്ഞാടുന്നതും കാണാം.

ഡിസ്നിലാന്ഡിൽ എല്ലാവരും കുട്ടികളെപോലെയാണ്. നിഷ്കളങ്കമായ സൌഹൃദത്തിന്റെ കൂടിച്ചേരലുകളും ഇണചേരലുകളും കാണാം, നമുക്ക് അത്ഭുത കുട്ടിസ്വർഗ്ഗത്തിൽ.

ഇവിടെ നിറയെ വഴികളാണ്. എല്ലാ വഴികളും ഒരോരോ അത്ഭുതങ്ങളിലേക്കാണ് നമ്മേ കൊണ്ടുപോവുക. ഏതുവഴി തിരഞ്ഞെടുക്കണമെന്നത് ആദ്യമൊക്കെ നമ്മേ കുഴക്കിക്കളയുമെങ്കിലും അവസാനം നാം തോന്നിയ വഴികളിലൂടെയൊക്കെ സഞ്ചരിക്കും. മിക്കവാറും എല്ലായിടത്തും ഇതുപോലെയുള്ള ജലധാരായന്ത്രങ്ങൾ കാണാം, പല രൂപത്തിലും ഭാവത്തിലും, അതേസമയം പ്രകൃതിയോട് ഇണങ്ങിയും വല്ലാതെ ചേർന്നും. ഇവിടങ്ങളിലൊക്കെ സെൽഫികളും റീലുകളും സ്റ്റോറികളും പൂത്തുലയുന്നതും കാണാം, അനുഭവിക്കാം.

കുഞ്ഞിളം സൂര്യനും കുളിരിടും മഞ്ഞും കൂടി സഞ്ചാരികളുടെ നിഴലുകളെ ആറ്റുകയും കുറുക്കുകയും നീട്ടുകയും ചെയ്യുന്നു.

പാർക്കുകളിലെ കറങ്ങുന്ന അത്ഭുതങ്ങളിൽ കുട്ടികളും മുതിർന്നവരും നിർന്നിമേഷരായി നിൽക്കുന്ന കാഴ്ചകൾ കാണാം. സഞ്ചാരികളുടെ കൈകളിലെ മൊബൈൽ ഫോണുകൾ പോലും അന്തരീക്ഷങ്ങളിൽ ഉറഞ്ഞുകിടക്കുന്നതുപോലെ തോന്നും നമുക്കിവിടെ.

മഴവിൽ വർണ്ണങ്ങളിൽ ഡിസ്നിലോകത്തെ സ്വപ്നഗോപുരങ്ങൾ നൃത്തം വക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടും, അവക്കുതാഴെ നൃത്തം വക്കുന്ന കുട്ടികളേയും മുതിർന്നവരേയും കാണുമ്പോൾ.

വർണ്ണവെളിച്ചത്തിൽ കുളിച്ചുകിടക്കുന്ന ഈ സ്വപ്നഭൂമി നിറയേ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാലും മിഠായികളാലും തൊപ്പികളാലും സ്വെറ്ററുകളാലും സമൃദ്ധമാണ്. അതത്രയും കാലവും പ്രായവും മറന്ന് നുണഞ്ഞനുഭവിക്കുന്ന കുട്ടികളെപോലുള്ള മുതിർന്നവരേയും നമുക്കിവിടെ കാണാം. ക്രിസ്മസ്സ് ട്രീകൾ പോലെ മരങ്ങൾ കാണാം, പുൽക്കൂടുകൾ കാണാം, നക്ഷത്രങ്ങൾ കാണാമിവിടെ.

 ഇവിടെ രണ്ട് തീം പാർക്കുകളും, ഏഴ് ഹോട്ടലുകളും, രണ്ട് കൺവെൻഷൻ സെന്ററുകളും, ഒരു ഗോൾഫ് മൈതാനവും, നിരവധി ഷോപ്പിങ്ങ് മാളുകളും, യൂറോപ്യൻ റസ്റ്റോറന്റുകളും, മറ്റു വിനോദകേന്ദ്രങ്ങളും കാണാം. 1992-ലാണ് വാൾട്ട് ഡിസ്നി കമ്പനിയുടെ ഈ ഡിസ്നിലാന്ഡ് പാരീസിൽ സ്ഥാപിച്ചത്. കൂടാതെ 2002-ൽ ഒരു സ്റ്റുഡിയോ പാർക്കും ഇവിടെ സ്ഥാപിക്കുകയുണ്ടായി.

5200 ഏക്കർ ഭൂമിയിലാണ് ഈ അത്യാധുനിക വിനോദകേന്ദ്രം പ്രവർത്തിക്കുന്നത്. 17000 ജോലിക്കാരുണ്ടിവിടെ. യൂറോപ്പിലെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ കയറിയിറങ്ങുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഈ ഡിസ്നിലാന്ഡ്. നാളിതുവരെ ഏകദേശം 38 കോടി സന്ദർശകർ ഈ വിനോദോല്ലാസകേന്ദ്രം സന്ദർശിച്ചതായറിയുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 343 ദശലക്ഷം അമേരിക്കൻ ഡോളർ ലാഭത്തിലാണ് ഈ അതിശയോദ്യാനം പ്രവർത്തിക്കുന്നത്.

ദാ ഇതൊരു സെൽഫിക്കൂടാണ്. എല്ലാവരും ഇവിടെ നിന്ന് സെൽഫിയെടുക്കുന്നുണ്ട്. അകലെ ദാ ഒരു ഡിസ്നി സ്വപ്നവണ്ടി പോവുന്നത് കാണാം. ഇവിടെ ഈ വെയിലിന് വല്ലാത്ത തണുപ്പാണ്. ഒരുതരം ആഘോഷത്തണുപ്പ്. ഇവിടെ എല്ലാ കൈകളും കുട്ടികളോട് ചേർന്നുനിൽക്കുന്നു. കുട്ടികളോട് ചേരാതെ ചേർത്താതെ നിൽക്കുന്ന തയ്യും മെയ്യുമില്ലിവിടെ.

ഈ പൂക്കളുടെ സ്വർഗ്ഗഭൂമിയിൽ മഴവിൽ സ്ഫടികഗോളങ്ങലെ ഊതിവീർപ്പിച്ചുവിടുന്ന കുട്ടികൾ മാലാഖമാരെ പോലെ ഇവിടം നിറയെ ചിറകടിച്ചു പറക്കുകയാണ്.

ദാ ഈ സ്വപ്നഗോപുരത്തിന് മുകളിൽ നിന്ന് നൃത്തം ചെയ്യുകയാണ് മിക്കിയും മൌസും. താഴെ അതുകണ്ട് കുട്ടികളും മുതിർന്നവരും നൃത്തം ചെയ്യുന്നുണ്ട്. കുട്ടികൾ അവരുടെ കൈകളിലെ കളിപ്പാട്ടങ്ങളും മധുരവും ആകാശത്തേക്ക് നീട്ടിപ്പിടിച്ച് മിക്കിയേയും മൌസിനേയും ഭൂമിയിലേക്ക് ക്ഷണിക്കുന്നത് കാണാം.

ഡിസ്നിലോകത്തെ കാഴ്ചകൾ അവസാനിക്കുന്നില്ല. തുടങ്ങിയതേ ഉള്ളൂ. കൂടുതൽ വിശേഷങ്ങൾ അടുത്ത ലക്കം സീറ്റി സ്കാനിൽ കാണാം. കാത്തിരിക്കുക, ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട. കാരണം സീറ്റി സ്കാനിന്റെ ഡസ്നിലോകം കാണാതെ പോവരുത്.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *