ഞാനിപ്പോൾ മാമലകണ്ടത്തേക്ക് പോവുകയാണ്. എറണാകുളത്തു നിന്നാണ് രാവിലെയുള്ള ഈ യാത്ര. എന്റെ കൂടെ വേറേയും സഞ്ചാരികളുണ്ട്.
മാമലകണ്ടം കേരളത്തിലാണ്. എറണാകുളത്താണ്. കോതമംഗലം താലൂക്കിലാണ്. ആലുവഴിയാണ് ഈ യാത്ര. കേവലം 500 മീറ്റർ ഉയരത്തിലാണ് മാമലകണ്ടം. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട ഒരു മാമലക്കോട്ടയാണ് മാമലകണ്ടം എന്ന് പറയാം. ഈ കോട്ടക്ക് മദ്ധ്യേ ഉണ്ടായിരുന്ന ഒരു കണ്ടം വഴിയാണ് ഈ പ്രദേശത്തിന് ആ പേരു് വീണതെന്ന് പറയപ്പെടുന്നു. ഇന്ന് ആ കണ്ടത്തിന്റെ പ്രസക്തിയൊക്കെ പോയി. വീഡിയോ കാണാം

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 64 കിലോമീറ്ററാണ് മാമലകണ്ടത്തേക്ക്. എറണാകുളത്തുനിന്ന് 84 കിലോമീറ്ററും കോതമംഗലത്തുനിന്ന് 32 കിലോമീറ്ററുമാണ് മാമലകണ്ടത്തേക്കുള്ളത്. മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് 52 കിലോമീറ്റർ സഞ്ചരിച്ചാലും മാമലകണ്ടം പ്രിയപ്പെട്ടതാക്കാം.
ഞാനിപ്പോൾ കടന്നുപോകുന്നത് മൂന്നാർ വഴിയാണ്. ഹരിതാഭമാണ്, പ്രകൃതിരമണീയമാണ് ഈ വഴിക്കുള്ള യാത്ര. ഇന്ന് ഇവിടെയൊക്കെ നല്ല മഴയുമാണ്. മഴയുടെ സംഗീതവും കേട്ട്, കുളിരും അനുഭവിച്ചുള്ള ഒരു വനയാത്രയാണിത്. മഴനനഞ്ഞ ചിത്രീകരണമാണ്, ഈ യാത്ര മുഴുവനും.
ദാ പ്രസിദ്ധമായ തട്ടേക്കാട് ശ്രി മഹാദേവ മഹാവിഷ്മുക്ഷേത്രം അടുത്തുതുടങ്ങി. നല്ല മഴയാണ്, ഇവിടെ ഇറങ്ങുക വയ്യ. കുട്ടമ്പുഴയുടെ തീരത്താണ് ഈ കഥകളുറങ്ങുന്ന ക്ഷേത്രം. ഇവിടുത്തെ ആയില്യം ഉത്സവ പൂജക്ക് പതിവായി ഒരു സർപ്പം ഈ പുഴ നീന്തികടന്നു വരാറുണ്ടത്രെ. എന്റെ വാഹനത്തിന്റെ ഡ്രൈവർ അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

രാവിലെ ബ്രേക്ക് ഫാസ്റ്റ് ഇവിടെ ഒരു ഹോം സ്റ്റേയിലാണ്. ഈ വാഹനം പോകുന്നത് ആ ഹോം സ്റ്റേയിലേക്കാണ്. ഈ പരിസരങ്ങളൊക്കെ മനോഹരമാണ്. ഇവിടെ വേറേയും കുറേ ഹോം സ്റ്റേകളുണ്ട്. പ്രഭാതഭക്ഷണം തുടങ്ങി, മാമലകണ്ടം കാഴ്ചകളും കാര്യവിചാരങ്ങളുമൊക്കെ ഈ ഹോം സ്റ്റേയിലെ പ്രവീണാണ് സൌകര്യപ്പെടുത്തിയിരിക്കുന്നത്. കാരണം, ഈ വനഭൂമിയിലേക്കും ഇവിടുത്തെ ആദിവാസി ഊരിലേക്കും വനംവകുപ്പിന്റെ അനുമതിയില്ലാതെ പോകാനാവില്ല. അത്തരം കാര്യങ്ങളൊക്കെ പ്രവീണാണ് ഏർപ്പാട് ചെയ്തിരിക്കുന്നത്.
യാത്രയിൽ ഉടനീളം കുട്ടമ്പുഴയും കുട്ടമ്പുഴയോരങ്ങളും കാണാം. വനനിബിഡമായ ഈ കാട്ടുപാതകളിയൂടെയുള്ള യാതയിൽ നിറയേ ആറുകളും അരുവികളും കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും കാണാം. തട്ടേക്കാട് പക്ഷികുടുംബങ്ങളിലെ പക്ഷികളെ കാണാം, അവയുടെ കൊഞ്ചലുകളും കേൾക്കാം.
അങ്ങനെ നാം കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ജംഷനിലെത്തും. ഇനി ഇവിടെ നിന്നുള്ള യാത്രയാണ് യാത്ര. സഞ്ചാരികൾക്കായി, ഇവിടെ ഒരു ജീപ്പ് കാത്തിരുപ്പുകേന്ദ്രമുണ്ട്. ഇവിടമെല്ലാം വനഭൂമിയാണ്. വശ്യമനോഹരമാണ് ഈ പ്രദേശങ്ങളൊക്കേയും.

ഇതുവഴി കുറച്ചങ്ങ് പോയാൽ പിന്നെ, ഓഫ് റോഡാണ്. ജീപ്പുകൾ മാത്രമേ ഈ വഴി പോകൂ. അതിന് വനംവകുപ്പിന്റെ അനുമതിയും വേണം.
ഞങ്ങൾക്കുള്ള ജീപ്പുകൾ എത്തിതുടങ്ങി. ഞാൻ ഈ ചുവന്ന ജീപ്പിൽ കയറി. അനന്തുവാണ് ഈ ജീപ്പിന്റെ ഡ്രൈവർ. ഒരു കൊച്ചുപയ്യനാണ്. നാലു വർഷമായി അനന്തുവും ജീപ്പും ഇവിടെയുണ്ട്. ജീപ്പ് മാമലകണ്ടത്തേക്ക് കുതിക്കാൻ തുടങ്ങി. അനന്തു എന്നോട് മാമലകണ്ടത്തിന്റെ കഥകൾ പറയാൻ തുടങ്ങി. മാമലകണ്ടം വനപാതകൾ, ഹരിതാഭമായ പശ്ചാത്തലദൃശ്യങ്ങളും കാണിച്ചുപോന്നു.
അപ്പോഴും മഴ പെയ്തുകൊണ്ടേയിരുന്നു. മഴയുടെ സംഗീതവും ജീപ്പിന്റെ ആരവവും ലയിച്ചുചേർന്ന് മറ്റൊരു ഹാർമണി എനിക്ക് പങ്കുവച്ചു. നമുക്കിനി ഇത്തിരി മാമലകണ്ടം ചരിത്രം പറഞ്ഞുപറഞ്ഞുപോകാം. ഒപ്പം അനന്തുവിന്റെ മാമലകണ്ടം വിശേഷങ്ങളും കേട്ടുപോകാം.

തട്ടേക്കാട് പക്ഷിസങ്കേതവും, പിണ്ടിമേട് വെള്ളച്ചാട്ടവും, ആനക്കയം നദീതടവും, ഭൂതത്താൻകെട്ടും, ചീയപ്പാറ വെള്ളച്ചാട്ടവുമാണ് മാമലകണ്ടം യാത്രയിലെ പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രങ്ങൾ.
ഈ പ്രദേശത്തെ മുനിപ്പാറ, കൊയ്നിപ്പാറ, ഉരുളിക്കുഴി, മാവിഞ്ചോട്, ബ്ലാവന, പിണവൂർകുടി എന്നിടങ്ങളാണ് ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വിനോദ സഞ്ചാരികൾ ഏറ്റെടുത്തിരിക്കുന്നത്. ട്രെക്കിങ്ങിനും ഓഫ് റോഡ് സഫാരിക്കും ക്യാമ്പിങ്ങിനും പക്ഷിനിരീക്ഷണത്തിനും സാഹസിക സാധ്യതകളുള്ള, ഈ പ്രദേശങ്ങളെ മികവുറ്റ വിനോദ സഞ്ചാരകേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങൾ ടൂറിസം വകുപ്പ് ആരംഭിച്ചാതായാണ് അറിയാൻ കഴിയുന്നത്.
ഈ ജീപ്പ് ഇടയ്ക്കിടെ നീർച്ചാലുകളും കുഴികളും വലിയ പാറക്കല്ലുകളും സാഹസികമായി താണ്ടുന്നത് കാണാം. പുറത്ത് മഴയായതുകൊണ്ടാണ് ആ ദൃശ്യങ്ങൾ എനിക്ക് പകർത്താൻ കഴിയാത്തത്.

ഈ വനപാതകൾക്ക് വീതി നന്നേ കുറവാണ്. എതിരെനിന്ന് ഒരു വാഹനം വന്നാൽ പണി പാളും. ഇവിടുത്തെ ജീപ്പ് ഡ്രൈവർമാർക്ക് മാത്രമേ ഈ പണി പാളാതെ നോക്കാൻ പറ്റൂ.
നമുക്ക് മാമലകണ്ടം കഥ തുടരാം. ഏതോ കോർപ്പറേറ്റുകൾ ഇവിടം ചില വികസന പദ്ധതികളുമായി രംഗത്ത് വരുന്നതിന്റെ ചില ദുരൂഹ സൂചനകളും ഇവിടുത്തെ നാട്ടുകാർ അടക്കം പറയുന്നുണ്ട്. അതുകൊണ്ടൊക്കെയാണ് ടൂറിസം വകുപ്പ് ഇവിടെ കാര്യമായി ഒന്നും ചെയ്യാത്തതെന്നും നാട്ടുകാരുടെ ആരോപണങ്ങളുണ്ട്.
മൂന്നാർ പോകുന്ന വഴികൂടിയും നമുക്ക് മാമലകണ്ടം എത്താം. അതുകൊണ്ടുതന്നെ മൂന്നാർ പ്രകൃതിരമണീയതയുടെ ഒരു വൈബും നമുക്ക് മാമലകണ്ടം യാത്രയിൽ ആസ്വദിക്കാവുന്നതാണ്. പശ്ചിമഘട്ട താഴ്വര ഭൂമികയായതുകൊണ്ട് വനവശ്യതകൊണ്ട് ഹരിതാഭമാണ് മാമലകണ്ടത്തിലേക്കുള്ള യാത്ര. ആനത്താരകൾ നിറഞ്ഞ വഴിയായതുകൊണ്ട് ആനകളെ കാണാനുള്ള സാധ്യതകളും കൂടുതലാണ്. ഇവിടം നിറയെ നീർച്ചോലകളാണ്. നീരരുവികളാണ്. കുട്ടമ്പുഴയിലേക്കും പെരിയാറിലേക്കും ചെന്നുപതിക്കുന്ന മനോഹരങ്ങളായ പട്ടുജലപാളികളാണ് ഇവിടങ്ങളിലെ ചോലകളും, അരുവികളും, പുഴകളും. ഈ പട്ടുജലപാളികളുടെ കിങ്ങിണികിലുക്കം കേൾക്കാതെ നമുക്ക് മാമലകണ്ടം കാണാനാവില്ല.
ദാ ഇവിടം മുതൽ ഓഫ് റോഡ് ആരംഭിച്ചതായി കണക്കാക്കാം. ഇനി റോഡില്ല. ഇനി ഈ ജീപ്പാണ് റോഡ്. ചളിയും കുഴിയും കല്ലും വെള്ളച്ചാട്ടങ്ങളുമാണ് ഇനി ഈ ജീപ്പിന് റോഡ്. ഇനി അനന്തുവാണ് താരം. അവൻ ജീപ്പുകൊണ്ട് കാവടിയാടുകയാണ്. ഒന്ന് തെന്നിയാൽ മതി, ഈ ജീപ്പ് ഈ വനത്തിന്റേയോ കാട്ടാറുകളുടേയോ ഒരു ഭാഗമാവും, നാമും. ചിലേടങ്ങളിലൊക്ക റബ്ബറും വാഴയും പൈനാപ്പിളും കൊക്കോയും കൃഷി ചെയ്ത് കാണുന്നുണ്ട്. ഇടയ്ക്കിടെ ചില റിസോർട്ടുകളും കാണാനുണ്ട്.
ദാ ഇവിടം മുതൽ ഇനി റോഡിന്റെ നിഴലുപോലും കാണില്ല. കൂറ്റൻ പാറകളിലൂടെ വേണം ജീപ്പിന് സവാരി നടത്താൻ. ജീപ്പ് കുത്തനെ പാറപ്പുറങ്ങൾ കയറിയിറങ്ങുകയാണ്. ജീപ്പിനകത്തെ സഞ്ചാരികൾ കഥ പറച്ചിൽ പതുക്കെപ്പതുക്കെ നിർത്താൻ തുടങ്ങി. സ്വന്തം ജീവനോട് കൊതി തോന്നുന്ന ഒരു അവസ്ഥയിലാണ് ഇപ്പോൾ സഞ്ചാരികൾ. ഇതുതന്നെയാണ് മാമലകണ്ടം സഫാരി വൈബ്. അങ്ങ് ദൂരെ മാമലകൾ കണ്ടുതുടങ്ങി.
അവിടേക്ക് കൂറ്റൻ പാറക്കെട്ടുകൾ ചാടിക്കടന്നുവേണം എത്താൻ. ഇനി വഴിയില്ല. പാറക്കൂട്ടങ്ങൾ മാത്രം. ദാ ഇപ്പോൾ ഈ ജീപ്പ് ഒരു പുഴ ചാടിക്കടക്കുകയാണ്. ആ ദൂരെ കാണുന്ന മലയില്ലെ, അതാണ് മുനിപ്പാറ. അവിടെക്കാണ് ഈ അനന്തു ജീപ്പ് ചാടിച്ച് ചാടിച്ച് പോകുന്നത്. ഇവിടെയൊക്കെ ഒന്ന് തെന്നിപ്പോയാൽ കഥ കഴിഞ്ഞു. ദാ ജീപ്പ് വീണ്ടും ഒരു പുഴ ചാടിക്കടന്നു. നോക്ക് ഈ ജീപ്പ് ഇപ്പോൾ 90 ഡിഗ്രി കുത്തനെയാണ് കയറുന്നത്. ഇത് സഫാരിയല്ല, സത്യത്തിലും പർവ്വതാരോഹണമാണ്.

നമ്മളിപ്പോൾ മുനിപ്പാറയെത്തി. ഇനി മുനിപ്പാറ കാഴ്ചകൾ കാണാം. ഇനി ഇവിടെനിന്ന് വീണ്ടും മലകൾ കയറിയാൽ നമുക്ക് കൊയ്നിപാറ എത്താം. ഇന്ന് ഇവിടെ കാലാവസ്ഥ മോശമാണ്. മഴ നിർത്താതെ പെയ്തുകൊണ്ടിരിക്കുയാണ്. കൊയ്നിപ്പാറ ദൌത്യം ഇന്ന് സാധ്യമല്ല.
ഇവിടെയൊക്കെ ആയിരിക്കണം ഏതോ മുനികൾ ധ്യാനനിരതരായതും ഈ ഭൂമികയെ മുനിപ്പാറ ആക്കിയതും.
മുനിപ്പാറയിലേക്കും കൊയ്നിപ്പാറയിലേക്കുമുള്ള ഓഫ് റോഡ് ജീപ്പ് സഫാരിയാണ് ഇവിടുത്തെ സാഹസിക വിനോദസഞ്ചാരം. 2000 രൂപ കൊടുത്താൽ നാല് പേരടങ്ങുന്ന സാഹസിക സഞ്ചാര സംഘത്തിന് ഏതാണ്ട് 1200 മീറ്റർ ഉയരത്തിലേക്ക് ജീപ്പ് സഫാരി നടത്താം. ഇതൊരു കിടിിലൻ അനുഭവമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. ഇവിടെ ഇപ്പോൾ അമ്പതോളും ജീപ്പുകളുണ്ട്. ഉയരങ്ങളിൽ നമുക്ക് രാപ്പാർക്കാൻ ഹോം സ്റ്റേകളുമുണ്ട്.

മാമലകണ്ടത്ത് ഇപ്പോഴും ആദിവാസികളുണ്ട്. അന്യം നിന്നുപോയ ഒരു ആദിവാസി സംസ്കാരത്തിന്റെ ഉയർത്തെഴുന്നേല്പുഭൂമി കൂടിയാണ് മാമലകണ്ടം. ഈ ആദിവാസികുടുംബങ്ങളുടെ പവിത്രമായ ആദി കല്പനകളുമുണ്ട്.
ഇന്നിവിടെ അധികം സഞ്ചാരികളില്ല. ഇനി ജീപ്പിറങ്ങുന്നത് അത്തരമൊരു ആദിവാസി നിർമ്മിത കൂടാരത്തിലേക്കാണ്. അതൊക്കെ ഹോം സ്റ്റേക്കാരനായ പ്രവീൺ ഏർപ്പാട് ചെയ്യുന്നതാണ്.
സത്യത്തിൽ ഈ ആറ് ഇപ്പോൾ ഈ മഴക്ക് ഉണ്ടായതാണ്. അല്ലെങ്കിൽ ഈ ജീപ്പ് ഇതുവഴി പോകേണ്ടതായിരുന്നു. മഴക്ക് മുമ്പ് എത്തിയ ജീപ്പുകൾ ദൂരെ കിടക്കുന്നത് നമുക്ക് കാണാം. അതുകൊണ്ട് ജീപ്പ് ഇവിടെ ഉപേക്ഷച്ച് ഈ കാട് കയറിവേണം ആദിവാസി ഊരിലെത്താൻ.
ഞാൻ ഈ വനപാതയിലൂടെ നടന്ന് നടന്ന്, ആദിവാസികളേയും അവരുടെ സംസ്കാരത്തേയും പരിചയപ്പെടുത്താനും പഠിപ്പിക്കാനുമായി ഉണ്ടാക്കിയ വനകൂടാരത്തിലെത്തി. ഇവിടെ നിറയെ റബ്ബറും കൊക്കോയും കൃഷി ചെയ്യുന്നത് കാണാം. തൊട്ടരികെ മലവെള്ളപാച്ചിലും കാണാം. അതിന്റെ ഗർജ്ജനവും കേൾക്കാം.
ദാ കാണുന്നതൊക്കെ ഹോം സ്റ്റേകളാണ്. താമസവും ഭക്ഷണവും അടക്കം 10000 മുതൽ 15000 രൂപയൊക്കെ ദിവസവാടക ഉണ്ടെന്ന് പറയുന്നു. അങ്ങനെ വനകൂടാരത്തിനകത്തെത്തി. ഇത് ഹോം സ്റ്റേക്കാരുടെ നിർമ്മിത വനകൂടാരമാണ്. ഇവിടെയാണ് ഇന്ന് എനിക്ക് ഉച്ചഭക്ഷണം. ഉച്ചഭക്ഷണത്തോടൊപ്പം ഇവിടെ ആദിവാസികളായ രാധയും ശാന്തയും സഞ്ചാരികൾക്കായി ഉണ്ടാക്കുന്ന സ്പെഷ്യൽ ഭക്ഷണവും ഉണ്ടാവും. സഞ്ചാരികൾക്കുള്ള ഭക്ഷണം ഇവിടെ തയ്യാറായി വരുന്നുണ്ട്.
നമുക്ക് ആദിവാസികളായ രാധയേയും ശാന്തയേയും കേൾക്കാം.

ഈ ഊരിലെ ആദിവാസികളുടെ കുഭം കാച്ചലിലൂടെ എനിക്ക് വിളമ്പിയ വിഭവങ്ങളുടെ കഥകളും കാഴ്ചകളും നമുക്ക് അടുത്ത എപ്പിസോഡിൽ കേൾക്കാം കാണാം.
