വാൾട്ട് ഡിസ്നിയുടെ ധീരതയുടെ സൌന്ദര്യം കാണാം-ഭാഗം-3
15 Jan 2025
ഞാനിപ്പോഴും ഈ ഡിസ്നിലാന്ഡ് തടാകക്കരയിലാണ്. ഈ നീലജലാശയത്തിൽ ഹംസങ്ങൾ നീന്തിക്കളിക്കുന്നുണ്ട്. ചുറ്റും കുളിർചൊരിയുന്ന പച്ചപരവതാനിയും പൂക്കളും കാണാം. ഈ പച്ചച്ചെടികളിലെല്ലാം ഇവിടുത്തെ ശില്പികൾ മരതകശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ആ ശില്പങ്ങളിൽ ഈ ജലാശയങ്ങൾ പ്രതിഫലിക്കുന്നുണ്ട്. ദൂരെ ഡിസ്നിലാന്ഡ് ഗോപുരങ്ങൾ തിളങ്ങുന്നുണ്ട്. വീഡിയോ കാണാം.
ഈ സുന്ദരനായ ചെറുപ്പക്കാരൻ ഇവിടെ കുട്ടികൾക്കുള്ള തൊപ്പികളും സ്വെറ്ററുകളും കളിപ്പാട്ടങ്ങളും വില്ക്കുകയാണ്. ഡിസ്നിലാന്ഡിൽ ഇവരെയൊക്കെ ചിത്രീകരിക്കുകയും കേൾക്കുകയും മാത്രമാണ് എന്റെ ജോലി.
ഞാൻ എന്നെ അവന്, ഇഗ്ലീഷിൽ പരിചയപ്പെടുത്തി. ഞാൻ ഇന്ത്യയിൽനിന്നാണ്, പേരു് വില്യം എന്നൊക്കെ. എന്റെ പേരു് കേട്ടതും അവൻ സന്തോഷവാനായി. അവന് ഇംഗ്ലീഷ് അറിയാമായിരുന്നു. അവൻ സന്തോഷത്തോടെ, അവന്റെ കോട്ട് വകഞ്ഞുമാറ്റി, ഷർട്ടിലെ നെയിം പ്ലേറ്റ് കാണിച്ചു. അവന്റെ പേരും വില്യം എന്നായിരുന്നു. പിന്നെ ഞാനും അവനും കുറച്ചുനേരത്തേക്ക് പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ക്രിസ്റ്റ്യാനോയെ പോലെ ഇവനും സന്തോഷവാനാണ്. ജീവിതം നന്നായി പോവുന്നെന്ന് അവൻ എന്നോട് പറഞ്ഞു. ഞാൻ ഇവരുടെയൊക്കെ ചിരിയും സന്തോഷവും ശ്രദ്ധിക്കുകയായിരുന്നു. എന്തൊരു മധുരതരമാണ് ഈ കുട്ടികളുടെയൊക്കെ ചിരിയും കളിയും.
ഈ അമ്മയും കുഞ്ഞും എനിക്ക് ടാറ്റ തന്നു. പക്ഷേ ഇവിടുത്തെ പല അമ്മമാർക്കും കുട്ടികളെ ക്യാമറയിൽ പകർത്തുന്നത് ഇഷ്ടമല്ലെന്ന് തോന്നുന്നു. ഈ അമ്മയും അല്പം നിരസം കാണിച്ചു. എങ്കിലും ഈ കുഞ്ഞ് എനിക്ക് ടാറ്റ തന്നുകൊണ്ടേയിരുന്നു.
ഇവിടെ നിറയെ കോഫി ഷോപ്പുകളാണ്. ഇവിടുത്തെ പല ഭക്ഷ്യവിഭവങ്ങളും എനിക്ക് പരിചയപ്പെടുത്താനാവില്ല. ഭാഷയുടെ പരിമിതികൾ മൂലം പലതും ചോദിച്ചുമനസ്സിലാക്കാനും കഴിഞ്ഞില്ല.
ഈ കാണുന്ന തവിട്ടുനിറത്തിലുള്ളത് ഒരുതരം ബ്രഡ്ഡാണ്. ഇതിന്റെ ഭംഗികണ്ട് ഞാനും ഒന്നുവാങ്ങി രുചിച്ചുനോക്കി. എനിക്ക് ഇഷ്ടപ്പെട്ടില്ല. ഇവിടെയൊക്കെ കൂടുതലും ബേക്ക് ചെയ്തവയാണ്. പിന്നെ പലതരം പാസ്തകളും കാണാമായിരുന്നു.
ഇതെന്താണെന്ന് അറിയില്ല. വലിയ ചപ്പാത്തിപോലെ എന്തോ ഒന്ന്. എന്നാൽ ചപ്പാത്തിയല്ല. ഒരുതരം ബ്രഡ്ഡോ പാൻകേക്കോ ആയിരിക്കണം. അതിന്മേലും പാസ്തയും ചീസും പഴങ്ങളുമൊക്കെ വച്ച് അലങ്കരിക്കുന്നത് കാണാമായിരുന്നു. ഇതൊക്കെ കാണുന്ന കുട്ടികൾ വല്ലാത്ത സന്തോഷത്തിലാണ്.
ഞാൻ ഈ തടാകക്കരയിലൂടെ എത്രയോ വട്ടം കടന്നുപോയോ എന്തോ. ഇവിടെ നിറയെ ഇത്തരം തടാകക്കരകളാണ്. അതുകൊണ്ട് തടാകക്കരകൾ തിരിച്ചറിയുക പ്രയാസമാണ്. ഇവിടെയും മരതക ശില്പങ്ങൾ കാണാം.
ഈ അമ്മ കുഞ്ഞിന് ഭക്ഷണം കൊടുക്കുകയാണ്.ഇവിടെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുക വളരെ എളുപ്പമാണ്. കാരണം, കുട്ടികൾ ഇവിടെ ഏറെ സന്തോഷത്തിലാണ്. ഈ പ്രകൃതിയും അരുവികളും ജലധാരകളും കുട്ടികളെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്. അതുകൊണ്ട് സന്തോഷത്തോടെ അവർ ഭക്ഷണവും കഴിക്കുന്നു. പിന്നെ ഭക്ഷണവും അവർക്ക് ഡില്നിലാന്ഡിൽ നിന്നുള്ള ഇഷ്ടഭക്ഷണമാണല്ലോ.
ഞാൻ നേരത്തേയും പറഞ്ഞല്ലോ, ഇത്തരം കുഞ്ഞുവണ്ടികളുടെ പാർക്കിങ്ങ് ഗ്രൌണ്ട് ലോകത്ത് ഈ ഡിസ്നിലാന്ഡിൽ മാത്രമേ കാണാൻ കഴിയൂ. ഇവിടെ എല്ലാ മുതിർന്ന കൈകളിലും നമുക്ക് ഒരു കുഞ്ഞുകൈ കൂടി കാണാം. ഈ കാഴ്ച തന്നെ എത്ര നിഷ്കളങ്കവും ആനന്ദകരവുമാണെന്നോ.
ദാ ഈ മനോഹര ഫ്രെയിമുകളൊക്കെ മിക്കി മൌസ് കാർട്ടൂൺ സിനിമക്ക് മാത്രം സ്വന്തം. മിക്കി മൌസ് കാർട്ടൂൺ സിനിമ കാണാത്തവർ നിർഭാഗ്യവാന്മാരാണെന്ന് നമുക്ക് ഇവിടെ വരുമ്പോൾ മനസ്സിലാവും.
ഈ അമ്മമാർ ആകെ ഒരു സംശയത്തിലാണ്, എന്നെപോലെ തന്നെ. ഇനിയെങ്ങോട്ട് പോകണം, എന്നതാണ് ഇവിടെ എത്തുന്നവരുടെ എപ്പോഴത്തേയും ശങ്ക. കാരണം അത്രയ്ക്കും വിശാലമാണിവിടം. അത്രയ്ക്കും പ്രകൃതിസാമ്യവുമുണ്ട് ഇവിടെ എല്ലായിടത്തും.
ഇവിടെ പ്രേംജർ ആക്സസ്സ് എന്ന് എഴുതിവച്ചിരിക്കുന്നു. ഞാൻ ഈ പൂന്തോട്ടത്തിലേക്ക് കടന്നു. ഈ പൂന്തോട്ടങ്ങളുടെ ഏതുഭാഗത്തുനിന്നായാലും നമുക്ക് ഇവിടുത്തെ അതിശയഗോപുരങ്ങൾ കാണാം.
ഇവിടേയും സ്ഫടിക അലമാരകളിൽ കുട്ടികൾക്കുള്ള ആകർഷകമായ വർണ്ണാഭമായ മധുരപലഹാരങ്ങൾ കാണാം. ഒന്നിന്റെയും പേരോ സ്വാദോ എനിക്കറിയില്ല.
നമ്മുടെ കണ്ണൂർക്കാരൻ സദാന്ദൻ ഇവിടെ മോബൈലിൽ കുത്തിക്കുറിച്ച് ഇവിടെ ഇരിപ്പുണ്ട്. പതിവുപോലെ ഒരു ഹായ് തന്നു.
ഈ കാണുന്നതാണ് ഇവിടുത്തെ അഡ്വെഞ്ചർ പാർക്ക്. ഇനി ഞാൻ ഈ പാർക്കിലേക്കാണ് പോകുന്നത്. അതിമനോഹരമാണ് ഈ പാർക്കും ഇവിടുത്തെ കലാസംവിധാനങ്ങളും. മിക്കി മൌസ് കാർട്ടൂൺ സിനിമ കണ്ടിട്ടുള്ളവർക്ക് ഈ പാർക്കും പരിസരങ്ങളും മനപ്പാഠമാണ്. ഈ പാർക്ക് കാണുമ്പോൾ ഏറെ സന്തോഷിക്കുന്നത് കുട്ടികളാണ്. കാരണം, അവരാണ് മിക്കി മൌസ് കാർട്ടൂൺ അനവധി തവണ കണ്ടിട്ടുള്ളവർ.
ഇവിടെ വരുന്ന കുട്ടികളെ സന്തോഷിപ്പിക്കാനായിരിക്കണം ഇങ്ങനേയും ചില രസിക കഥാപാത്രങ്ങളെ കാണാനായി.
ഇവിടെ നിറയെ പാറക്കൂട്ടങ്ങളും, പാറമേൽ കൊത്തിവച്ച രാക്ഷസരൂപങ്ങളും, കൊച്ചുകൊച്ചു പാലങ്ങളും, അരുവികളും, ആറുകളും, ബോട്ടുകളും, പായ്കപ്പലുകളും, കുറ്റിക്കാടുകളും, കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളുമാണ്. അവിടവിടെ ആകർഷകമായ വിളക്കുകളും കാണാം.
മിക്കി മൌസ് കാർട്ടൂണിലെ കരീബിയൻ കൊള്ളക്കാരുടെ താവളങ്ങൾ ഇവിടെ പ്രത്യേകമായും ഒരുക്കിയിട്ടുണ്ട്. ഇതൊക്കെ കാണുന്ന കുട്ടികളുടെ മുഖത്ത് വിരിയുന്നത് അതിശയങ്ങൾ മാത്രം. എന്തൊരു മനോഹരമാണ് ഇവിടങ്ങളിലെ പ്രകൃതിക്ക്. വാൾട്ട് ഡിസ്നി കൃത്രിമമായി ഉണ്ടാക്കിയതാണിതൊക്കെ എന്ന് നമുക്ക് വിശ്വസിക്കാൻ പ്രയാസമാണ്.
വാൾട്ട് ഡിസ്നി കമ്പനി ഇതൊക്കെ ഉണ്ടാക്കിയെടുക്കാൻ നന്നേ പാടുപെട്ടിട്ടുണ്ട്. ഇവയുടെ ഭൌതികമായ നിർമ്മാണം നടത്തുന്നതിനേക്കാൾ ഏറെ ബുദ്ധിമുട്ടായിരുന്നു, ഫ്രാൻസിൽ ഈ ഡിസ്നിലാന്ഡ് സ്ഥാപിക്കാനായി കമ്പനിക്ക് അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും. നമുക്ക് അത്തരം കുറച്ച് ചരിത്രം കൂടി കേൾക്കാം ഇനി, ഇതൊക്കെ കണ്ടുകൊണ്ട്.
അമേരിക്കൻ സാമ്രാജ്യത്വം അടിച്ചേല്പിക്കുന്ന സാംസ്കാരിക സാമ്രാജ്യമാണ് ഡിസ്നിലാന്ഡ് എന്നാണ് ഫ്രാൻസിലെ കർഷകരും ബുദ്ധിജീവികളും ആരോപിച്ചിരുന്നത്. അതുകൊണ്ട് തന്നെ അവർ പലപല ഘട്ടങ്ങളിലായി ഈ ഡിസ്നിലാന്ഡിനെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. പല പല തവണകളിലായി അവർ ഈ ഡിസ്നിലാന്ഡിനെതിരെ ഉപരോധങ്ങൾ സംഘടിപ്പിച്ചിരുന്നു. പക്ഷേ, അവിടെയെല്ലാം ഡിസ്നിലാന്ഡ് കമ്പനി വിജയിക്കുകയായിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി, ഏതോ ഒരു ഫ്രഞ്ച് പത്രപ്രവർത്തകൻ ഈ ഡിസ്നിലാന്ഡ് തീവച്ചുകളയാൻ വരെ ആഹ്വാനം ചെയ്തിരുന്നു. മറ്റൊരു നാടക പ്രവർത്തകൻ ഈ ഡിസ്നിലാന്ഡിനെ വിശേഷിപ്പിച്ചത്, സാംസ്കാരിക ചെർണോബിൽ എന്നായിരുന്നു.
അതേസമയം, ഫ്രഞ്ച് ഫിലോസഫർ മൈക്കിൾ സെറസ് പറഞ്ഞത്, ഡിസ്നിലാന്ഡ്, ഒരു കാരണവശാലും അമേരിക്കൻ സാമ്രാജ്യവൽക്കരണമല്ല, മറിച്ച്, ഫ്രാൻസുകാരുടെ അമേരിക്കയോടുള്ള ഒരുതരം ആരാധനാ വൽക്കരണത്തിന്റെ ഭാഗമാണെന്നാണ്.
1992-ൽ ഡിസ്നിലാന്ഡ് ഉദ്ഘാടനദിവസം തന്നെ ഫ്രഞ്ച് ആക്ടിവിസ്റ്റുകൾ ഡിസ്നിലാന്ഡ് ഉപരോധിച്ചിരുന്നു. ഡിസ്നിലാന്ഡിലേക്കുള്ള എല്ലാ വഴികളും ട്രാഫിക്കും അവർ തടഞ്ഞിരുന്നു.
ആദ്യഘട്ടങ്ങളിൽ ഡിസ്നിലാന്ഡ് നഷ്ടത്തിലായിരുന്നു. ഡിസ്നിലാന്ഡിനെതിരെ ബാങ്കുകളുടെ സമ്മർദ്ദങ്ങളുണ്ടായി. ഒടുവിൽ, ഡിസ്നിലാന്ഡ് പൂട്ടുമെന്നുള്ള ഭീഷണിവരെ വാൾട്ട് ഡിസ്നി മുഴക്കി. അതേ തുടർന്ന്, ഫ്രാൻസിൽ സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും വരെ ഉണ്ടായി.
എല്ലാ പ്രതിഷേധങ്ങൾക്കും, പക്ഷേ, വാൾട്ട് ഡിസ്നി, ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു. ഞങ്ങൾ, ഞങ്ങൾ മാത്രമാണ്. നിങ്ങൾ ആവശ്യപ്പെട്ട പ്രകാരം ഞങ്ങൾ മിക്കി മൌസിനെ, ഞങ്ങളുടെ സംസ്കാരവുമായി ഇങ്ങോട്ട് കൊണ്ടുവന്നെന്നേ ഉള്ളൂ. ഞങ്ങളുടെ സംസ്കാരവും ഭാവവും ഇല്ലെങ്കിൽ പിന്നെ മിക്കി മൌസില്ല, ഡിസ്നിലാന്ഡുമില്ല.
ആ മിക്കി മൌസിന്റെ കുടുംബത്തിന്റെ ആവാസഭൂമിക യിലൂടെയാണ് നാമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വാൾട്ട് ഡിസ്നി വരച്ചിട്ട ആ സാംസ്കാരിക ഭൂപടമാണ് നാമിപ്പോൾ വലം വക്കുന്നത്.
സഞ്ചാരികൾ ഇങ്ങനെ നടന്നുനടന്ന് ക്ഷീണിതരാവുമ്പോൾ ഇത്തരം കോഫി ഹൌസുകൾ കാണാം. നല്ല ചൂടുള്ള കോഫിയും സ്നാക്സും കഴിക്കാം, ഇവിടെനിന്നൊക്കെ. വിലയ്ക്കും നല്ല ചൂടുണ്ടാവുമെന്ന് മാത്രം.
അഡ്വെഞ്ചർ പാർക്ക് സന്ദർശനം കഴിയാറായി. ഈ ഫ്രെയിമുകളൊക്കെ നാം മിക്കി മൌസ് കാർട്ടൂണുകളിൽ കണ്ടവയാണ്. കാണാത്തവർ നിർഭാഗ്യവാന്മാർ.
ഈ കുട്ടി അഡ്വെഞ്ചർ പാർക്ക് കണ്ട് നന്നേ ക്ഷീണിച്ചിരിക്കുന്നു. അവൻ അമ്മയുടെ കൈകളിലേക്ക് വീണ്ടും വീഴുന്നു. അതേസമയം ഊർജ്ജം തീരെ നഷ്ടപ്പെടാത്ത മിടുക്കികളേയും മിടുക്കന്മാരേയും കാണാമിവിടെ. ഈ പാലവും കടന്നാൽ പിന്നെ ഉറങ്ങന്ന കൊട്ടാരമായി.
ഞാൻ ഡിസ്നിലാന്ഡിന്റെ സാഹസിക ഭൂമി കണ്ടുമടങ്ങി. വീണ്ടും ഈ ഉറങ്ങുന്ന സുന്ദര കൊട്ടാരമുറ്റത്തെത്തി.
ഈ സഞ്ചാരികളെപോലെ ഞാനും ഇനി ഈ അത്ഭുതലോകത്തിലെ മറ്റ് അതിശയവഴികൾ തേടട്ടെ.