മൈത്രേയ ബുദ്ധനെ കണ്ട്, ഞാൻ ആത്മസഞ്ചാരിയായി

23 Oct 2023
ലഡാക്കിലെ സമീപദൃശ്യക്കാഴ്ചകൾ ഏതാണ്ട് അവസാനിക്കാറായി. ഇനിയുള്ളതാണ് കാഴ്ചകൾ. ഹിമവാന്റെ ഉയരങ്ങളിലെ സാഹസിക കാഴ്ചകൾ. പ്രാണവായു കിട്ടാത്ത ഉയരങ്ങളിലെ കാഴ്ചകൾ. എന്റെ ശരീരവും മനസ്സും ഏതാണ്ട് അതിനുള്ള തയ്യാറെടുപ്പിലാണ്. അതിനുമുമ്പ് ഈ മൈത്രേയ ബുദ്ധന്റെ തപശക്തി കൂടി ആവാഹിച്ചെടുക്കാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. വീഡിയോ കാണാം
ലഡാക്കിൽ നിന്ന് 115 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് ദിസ്കിത്ത് ബൌദ്ധാശ്രമത്തിലെത്താം. എല്ലാ ആശ്രമങ്ങളേയും പോലെ ഇതുമൊരു പൌരാണികമായ ആശ്രമമാണ്. പതിനാലാം നൂറ്റാണ്ടിൽ രൂപം കൊണ്ട ജെല്യൂപ ബുദ്ധിസ്റ്റുകളുടെ ആശ്രമമാണിത്. ഇവിടെ കുടികൊള്ളുന്നത് മൈത്രേയ ബുദ്ധനാണ്. ഇവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളുണ്ട്, ഈ താഴ്വാരങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ.
ഇവിടെ നിന്ന് കുറച്ചുകൂടി മുന്നോട്ടുപോയാൽ കാണുന്നതാണ് ആ മനോഹരമായ നൂബ്ര താഴ്വാരങ്ങൾ. ഇതിനകം ഒരുപാട് ബൌദ്ധാശ്രമങ്ങൾ സന്ദർശിച്ചതുകൊണ്ടും ഇനിയും കാണാൻ ഒരുപാട് കാഴ്ചകൾ ബാക്കിയുള്ളതുകൊണ്ടും ഞാൻ ഈ ആശ്രമം വിസ്തരിച്ചു കാണുന്നില്ല. നിങ്ങളെ കാണിക്കുന്നുമില്ല. മാത്രമല്ല, ഞാൻ കാണാൻ ആഗ്രഹിക്കുന്നതും, നിങ്ങളെ കാണിക്കാൻ ആഗ്രഹിക്കുന്നതും ഈ മൈത്രേയ ബുദ്ധശില്പമാണ്.
ഭാരതത്തിന്റെ സംസ്കൃതി ഒഴുക്കുന്ന സിന്ധു നദിയും ഷ്യോക്ക് നദിയും ന്യൂബ്ര നദിയും ഭാരതീയത്തിന്റെ കുളിരിൽ കുളിച്ചു കുറി തൊട്ടുകിടക്കുന്ന താഴ്വാരമാണ് ന്യൂബ്ര താഴ്വാരം. ഏതാണ്ട് പതിനായിരം അടി മാത്രം ഉയരമുള്ള ഇവിടെ നല്ല പച്ചപ്പും സുഖകരമായ കാലാവസ്ഥയുമാണ്. ലഡാക്കിന്റെ പൂന്തോട്ടമെന്ന ഓമനപ്പേരുമുണ്ട് ഈ താഴ്വാരത്തിന്. ഈ പരിസരത്താണ് ഭാരതത്തിന്റെ ഉയരങ്ങളിൽ ധ്യാനനിരതനായ ഈ മൈത്രേയ ബുദ്ധശില്പം.
ഒരു കുന്നിൻ മുകളിലാണ് ഈ കൂറ്റൻ ബുദ്ധശില്പം സ്ഥാപിച്ചിട്ടുള്ളത്. നടന്നുകയറണം ഈ കുന്നിൻമുകളിലേക്ക്. വേണമെങ്കിൽ വാഹനത്തിന് പോകാം ഈ കുന്നിൻ മുകളിലേക്ക്. പക്ഷേ, അതിനുള്ള അനുമതി വാങ്ങണം. പ്രായാധിക്യമുള്ളവർക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും വാഹനങ്ങളിൽ പോകാനുള്ള അനുമതി ലഭിക്കും. എന്നാലും നടന്നുകയറുമ്പോഴാണ് ഈ കുന്നിന്റെ ദൃശ്യഭംഗിയും ആത്മീയാനുഭവവും നമുക്ക് ആസ്വദിക്കാനാവുന്നത്. മൈത്രേയ ബുദ്ധശില്പത്തിന്റെ വിദൂര ദൃശ്യം കണ്ടുകണ്ടങ്ങനെ കുന്നിൻമുകളിലെത്തുമ്പോൾ മൈത്രേയബുദ്ധൻ നമ്മുടെ ആത്മമിത്രമാവുന്നതിന്റെ അനുഭൂതി അവർണ്ണനീയമാണ്.
ഷ്യോക്ക് നദിയിലേക്ക് കണ്ണും നട്ട്, ധ്യാനനിരതനായ ഈ സുവർണ്ണ മൈത്രേയ ബുദ്ധന് 106 അടി ഉയരമുണ്ട്. പൂർണ്ണമായും മൈത്രേയ ബുദ്ധഭക്തരുടെ പങ്കാളിത്തത്തോടെയാണ് ഈ ബുദ്ധശില്പം ഇവിടെ സ്ഥാപിച്ചത്. 2006-ൽ തുടങ്ങി 2010-ൽ പൂർത്തിയാക്കിയ ഈ മൈത്രേയ ബുദ്ധശില്പം ഈ താഴ്വാരങ്ങൾക്ക് സമർപ്പിച്ചത് ദലായ് ലാമയാണ്. പാക്കിസ്താൻ യുദ്ധങ്ങളിൽ നിന്നും ഈ താഴ്വാരത്തെ സംരക്ഷിക്കുന്നതിനും ലോക സമാധാനത്തിനുമായാണ് ഈ ശില്പം ഇവിടെ സ്ഥാപിച്ചതത്രെ.
ഭൂമിയിൽ ബൌദ്ധ-ഹൈന്ദവ-ജൈന സരണികളിൽ പറയുന്ന ധർമ്മസ്ഥാപനത്തിനായി അവതരിച്ച അവസാന ബുദ്ധനാണത്രെ മൈത്രേയബുദ്ധൻ. സാക്ഷാൽ ഗൌതമനിൽ നിന്നെത്തിയ, ബോധിസത്തനായ ഈ ബുദ്ധൻ, ശരിയായ കർമ്മപഥത്തിലുടെ, ശരിയായ പാരസ്പര്യത്തിലൂടെ, നമ്മേ, ആത്മാവിന്റെ ശരിയായ തിരിച്ചറിവിലെത്തിക്കുകയാണ്.
അതുകൊണ്ടുതന്നെ ഈ ശില്പത്തിൽ, ബൌദ്ധ-ഹൈന്ദവ-ജൈന ബിംബങ്ങളുടെ കടുത്ത ഛായക്കൂട്ടിലുള്ള പ്രതിഫലനങ്ങൾ കാണാം. സ്വർണ്ണം ചാലിച്ച കടുത്ത വർണ്ണങ്ങളിൽ, പദ്മദളങ്ങളും ഇലച്ചാർത്തുകളും സർപ്പബിംബങ്ങളും കാണാം. ഇവിടെയൊന്നും അവസാനിക്കുന്നതല്ല, ഈ ഭാവികാല ബുദ്ധന്റ, മൈത്രേയ കഥകളും കല്പനകളും.
എത്ര കണ്ടാലും മതിവരാത്ത ആത്മഭാവങ്ങളാണ് ഈ മൈത്രേയന്. ഈ കടുത്ത ഛായക്കൂട്ടിനും ബിംബങ്ങൾക്കും അവ തീർക്കുന്ന അദൃശ്യ പ്രതിഫലനങ്ങൾക്കും അപ്പുറം ഒരു ഗൌതമൻ നമ്മോട് എന്തൊക്കേയോ സംസാരിക്കുന്നുണ്ട്. ആത്മതലങ്ങളിൽ ഒരു പ്രാർത്ഥനാചക്രം നേർത്ത മണികൾ മുഴക്കി നമ്മേ ഏതോ ഉയരങ്ങളിലെത്തിക്കുന്നുണ്ട്.
ഈ കുന്നിന്റെ അടിവാരത്തുനിന്ന് മൈത്രേയ ബുദ്ധനെറെ ഉയരങ്ങളെ പ്രാപിക്കമ്പോൾ നാമൊരു ജ്ഞാനസ്നാനം നടത്തിയതിന്റെ ആത്മഹർഷം അനുഭവിക്കുന്നുണ്ടാവണം. മൈത്രേയ ബുദ്ധശില്പക്കാഴ്ചയും അനുഭവിച്ച് ഞാൻ താഴോട്ടിറങ്ങുമ്പോൾ, ശരീരം നഷ്ടപ്പെട്ട ഒരവസ്ഥയിൽ ഞാൻ ആത്മസഞ്ചാരം നടത്തുകയായിരുന്നു. കാണേണ്ടത് മാത്രം കാണാൻ സീറ്റി സ്കാൻ സബ്സ്ക്രൈബ് ചെയ്യുക. ഭാരതത്തെ അറിയാൻ, ബെൽ ബട്ടൻ ക്ലിക്ക് ചെയ്ത് ഉറപ്പുവരുത്തുക.