സമൂഹമാധ്യമത്തിലെ മൈത്രേയ-കുളങ്ങര സ്വാധീനം

സമൂഹമാധ്യമത്തിലെ മൈത്രേയ-കുളങ്ങര സ്വാധീനം

സമൂഹത്തിന്റെ മേൽ സ്വാധീനമുള്ളവരെ ഇപ്പോൾ വിളിക്കുന്ന ഒരു പേരുണ്ട് സാമൂഹിക മേലാളന്മാർ. ഇംഗ്ലീഷിൽ സോഷ്യൽ ഇൻഫ്ലുവെൻസർ എന്നാണ് മംഗ്ലീഷ് സായ്പ്പന്മാർ പറയുന്നത്. സ്വാധീനം വല്ലാണ്ട് കയറിപ്പോയാൽ അവരെ സാമൂഹികമാധ്യമ ഗുണ്ടകൾ എന്നാണ് ചിലരെങ്കിലും വിളിക്കുന്നത്. പിന്നേയും പിന്നേയും മ്ലേച്ഛമായ വിളിപ്പേരുകളുണ്ട്, ഇത്തരക്കാർക്ക്. അതിവിടെ പ്രസക്തമല്ലാത്തതുകൊണ്ട് വെളിപ്പെടുത്തുന്നില്ല. വീഡിയോ കാണാം

ഒരു വ്യക്തിയുടെ വാക്കോ പ്രവൃത്തിയോ മറ്റ് സാമൂഹ്യ-രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തനങ്ങളോ സമൂഹത്തെ സ്വാധീനിക്കുക, സ്വാഭാവികം മാത്രമാണ്. സ്വാധീനിക്കാതിരിക്കുന്നതും സ്വാഭാവികമാണ്. ഇതിന്നായി അതേ സമൂഹമാധ്യമം ഉപയോഗപ്പെടുത്തി, സമൂഹത്തെ സ്വാധീനിക്കാനും സ്വാധീനിക്കാതിരിക്കാനും ശ്രമിക്കുന്നതും, നമ്മേ അതിശയിപ്പിക്കാനിടയില്ല. , കാരണം, അതൊക്കെ സമൂഹമാധ്യകച്ചവടത്തിന്റെ ഭാഗമാണ്. കച്ചവടം ഒരു കുറ്റമല്ലെന്ന സാമൂഹ്യനീതി നിലനിൽക്കുന്നിടത്തോളം കാലം അതൊക്കെ തുടരുകയും ചെയ്യും.

അത്തരം ഒരുപാട് ഉദാഹരണങ്ങൾ സമൂഹമാധ്യമ രംഗത്ത് ഉണ്ടെങ്കിലും, നമ്മേ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലോ, ശരി ധരിപ്പിക്കുന്ന തരത്തിലോ, ഇടപെടുകയോ, ആരൊക്കെയോ ഇടപെടുത്തുകയോ ചെയ്യുന്ന രണ്ട് പേരാണ് മൈത്രേയനും സന്തോഷ് ജോർജ്ജ് കുളങ്ങരയും. ഇപ്പറഞ്ഞ രണ്ടുപേർക്കും അവരുടേതായ സമൂഹമാധ്യമ സാമ്രാജ്യവുമുണ്ട്. ഇവരിൽ ആദ്യത്തെ വ്യക്തി അയാളുടെ തനത് ആർജ്ജിത തത്ത്വചിന്തകൊണ്ടും, രണ്ടാമത്തെ വ്യക്തി അയാളുടെ യാത്രാനുഭവം കൊണ്ടുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരാവുന്നത്.

ആദ്യമേ പറയട്ടെ, ഈ വിഷയത്തിലുള്ള എന്റെ പരാമർശം, ഒരു നിരീക്ഷണമാണ്, ആന്ത്യവിധി പ്രസ്താവമല്ല. എനിക്ക് ഈ രണ്ട് വ്യക്തിത്ത്വങ്ങളോടും വിരേധവുമില്ല.

മൈത്രേയന്റേത്, ജൈവ-കുടുംബ-സാമൂഹിക-ലൈംഗികതളിന്മേലുള്ള തികച്ചും പ്രതിലോമപരമായ തീർപ്പ് കല്പിക്കലുകളാണ്. മൈത്രേയന്റെ തീർപ്പുകളിൽ, ശ്രോതാക്കൾ അതൊരു വിഡ്ഡിത്തമാണെന്ന പൊതുധാരണയിൽ ഞെട്ടുന്നുണ്ട്. എങ്കിലും, ഏതോ അവ്യക്തമായ ഒരു ശരിയുടെ യുക്തിപരതയിൽ അവർ വട്ടം കറങ്ങുന്നത് കാണാം. ഈയൊരു ബോധ്യം മൈത്രേയനുമുണ്ട്. അത് അയാളുടെ ശരീരഭാഷയിൽ നിന്നുതന്നെ നമുക്ക് വായിച്ചെടുക്കാം. ഇത്തരം മൈത്രേയ കല്പനകൾ സമൂഹമാധ്യമങ്ങളിൽ ആരോഗ്യകരമായിതന്നെ പ്രചരിക്കയാൽ ഇവിടെ അതൊന്നും ഉദാഹരിക്കുന്നില്ല.

ഇവിടെ സംഭവിക്കുന്നത് പക്ഷേ, എന്താണ്? മൈത്രേയൻ, സൈദ്ധാന്തികമായി ഒരു ശരിയേയും, പൊതുബോധത്തിൽ ഉറപ്പിക്കുന്നില്ല. അതേസമയം, കാലാതീതമായ ഒരു നീതിബോധവ്യവസ്ഥയിൽ, ഏറെ പരിക്കില്ലാതെ കഴിയുന്ന ഒരു സമൂഹത്തെ, യുക്തിസഹമെന്ന് തോന്നിപ്പിക്കുന്ന, തന്റേത് മാത്രമായ, മറ്റൊരു പ്രതിലോമ നീതിബോധത്തെ അടിച്ചേല്പിച്ച് പരിക്കേല്പിക്കുകയാണ്, മൈത്രേയൻ. ഇത് അത്യന്തം അപകടകരമാണ്.

ഏതാണ്ട് ഇതൊക്കെ തന്നെയാണ്, സന്തോഷ് ജോർജ്ജ് കുളങ്ങരയും ചെയ്യുന്നത്. സന്തോഷ് ഒരു സഞ്ചാരിയാണ്. അതുകൊണ്ടുതന്നെ കാഴ്ചാനുഭവങ്ങളുടെ തമ്പുരാനുമാണ്. പക്ഷേ, സന്തോഷ് സഞ്ചാരം തുടങ്ങുന്ന കാലത്ത്, അയാൾ, സ്വന്തം ചാനലിന്റെ സഹായത്തോടെ, ആഘോഷിച്ചിരുന്ന ആ കുത്തകാധിപത്യം ഇന്നില്ല. ഇന്ന് അയാളേക്കാൾ സഞ്ചാരം നടത്തിയവർ ഇവിടെയുണ്ടെന്നതാണ് വാസ്തവം. എന്നുവച്ച് അയാളുടെ സഞ്ചാരാധിപത്യത്തെ ഞാൻ കുറച്ചുകാണുന്നുമില്ല.

എന്താണ് സന്തോഷ് പറയുന്നത്? അയാൾ ലോകരാഷ്ട്രങ്ങളെ നോക്കിയാണ്, കൊച്ചുകേരളത്തെയോ ഭീമൻ ഭാരതത്തേയോ, വിലയിരുത്തുന്നതും പരിഹസിക്കുന്നതും അപഹസിക്കുന്നതും. മൈത്രേയ കല്പനകൾ പോലെ ഇവിടേയും അവസ്ഥ വ്യത്യസ്ഥമല്ല തന്നെ. സന്തോഷ് പറയുന്നതുപോലെ, അങ്ങനെയൊന്നും ഇവിടെ സംഭവിക്കാനുള്ള സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-ജനാധിപത്യ പരിസരമില്ലെന്ന ഉറച്ച ബോദ്ധ്യമുണ്ട് ശ്രോതാക്കൾക്ക്. അതേസമയം യുക്തിപരമായി ചിന്തിക്കുമ്പോൾ ശരിയാണെന്ന ഒരുതരം മരീചികാവിസ്മയം ശ്രോതാക്കളിൽ സൃഷ്ടിക്കപ്പെടുകയും, അവർ അതിലകപ്പെട്ട്  വൈകാരികമായി കറങ്ങുകയും ചെയ്യുന്നു.

ഇത്തരം സമൂഹമാധ്യമ മേലാളിത്തം കൂടിക്കൂടി വരികയാണിന്ന്. പലരുടേയും പേരെടുത്ത പറയാൻ മാത്രം, അവർ അർഹരായിട്ടില്ല. എന്തായാലും, ഈ  സ്വപ്നസമാനമായ മേലാളിത്തവും യുക്തായുക്ത സ്വാധീനവും നമ്മുടെ സമൂഹത്തെ തെറ്റായ ദിശയിലേക്കും, ദേശീയതയിലേക്കും നയിക്കുന്നുണ്ട്. ഈ ദുരവസ്ഥയെ നാം തിരിച്ചറിയണം, പ്രത്യേകിച്ചും നമ്മുടെ പുതിയ തലമുറ.