തൃശൂർ ചാർത്തി കാനഡയിൽ രാജേഷിന്റെ കാർ

തൃശൂർ ചാർത്തി കാനഡയിൽ രാജേഷിന്റെ കാർ

നമ്പർ പ്ലേറ്റിൽ തൃശൂർ എന്ന് എഴുതിവച്ച ഒരു മിറ്റ്സുബിഷി കാർ കാനഡയിലെ വിക്ടോറിയ പ്രോവിൻസിൽ ഇപ്പോൾ പറക്കുകയാണ്. സാംസ്കാരിക തൃശൂർ അങ്ങനെ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തൃശൂർ, നടത്തറ സ്വദേശി രാജേഷ് രാഘവ് ആണ് ഈ കാറിന്റെ ഉടമ. വീഡിയോ കാണാം 

രാജേഷ് രാഘവ് ഒരു മാധ്യമ പ്രവർത്തകനാണ്. നല്ലൊരു ന്യൂസ് ഫോട്ടോഗ്രാഫറാണ്, വീഡിയോഗ്രാഫറാണ്. നേരത്തെ മനോരമ ന്യൂസിലായിരുന്നു. ഇപ്പോൾ കാനഡയിലാണ്. തൃശൂർ നടത്തറ സ്വദേശിയായ രാജേഷ് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിലേക്ക് കുടിയേറിയത്.

എങ്കിലും ജന്മനാടിനെ മറക്കാത്ത ശുദ്ധ മലയാളിയാണ് രാജേഷ്.. കൂടുതലും തൃശൂർകാരനാണ്. അതുകൊണ്ടുതന്നെ എവിടെ പോയാലും രാജേഷ് രാഘവ് തൃശൂരിനേയും കൂടെ കൂട്ടും. കാനഡയിലും അങ്ങനെ തന്നെ.

കാനഡയിലെ രാജേഷിന്റെ കാറിന്റെ ലൈസൻസ് പ്ലേറ്റിലും തൃശൂർ എന്നു തന്നെ. ഇങ്ങനെ സ്വന്തം നാടിന്റെ പേരിൽ ലൈസൻസ് പ്ലേറ്റ് ലഭ്യമാക്കുക അത്ര എളുപ്പമല്ല.

ഇഷ്ടമുള്ള നമ്പറോ പേരോ വാക്കുകളോ കാനഡയിൽ നാം സ്വന്തമാക്കുന്ന വാഹനങ്ങളുടെ പ്ലേറ്റ് നമ്പർ ആയി എടുക്കാൻ കാനഡയിൽ സംവിധാനമുണ്ട്. ആറ് അക്ഷരങ്ങൾ, അല്ലെങ്കിൽ നമ്പറുകൾ, അതുമല്ലെങ്കിൽ രണ്ടും ചേർന്ന കോംബിനേഷൻ ആണ് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ലൈസൻസ് പ്ലേറ്റിൽ അനുവദിക്കുക.

താൽപര്യമുള്ള ഇത്തരം കോമ്പിനേഷനുകൾ ലിസ്റ്റ് ചെയ്ത്, അവയുടെ വിശദീകരണം അടക്കം വേണം പ്രൊവിൻസിലെ ലൈസൻസിങ് അതോറിറ്റിക്ക് അപേക്ഷ കൊടുക്കാൻ.

നാം ആവശ്യപ്പെടുന്ന ലൈസൻസ് പ്ലേറ്റോ അതിന് സമാനമായ മറ്റൊരു പേരോ പ്രവിശ്യയിൽ മറ്റാർക്കും ഉണ്ടാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. അങ്ങനെ നാം ആവശ്യപ്പെട്ടിരിക്കുന്ന പേരുകളോ നമ്പറുകളോ മറ്റാർക്കും ഇല്ലാത്ത പക്ഷം നമ്മുടെ അപേക്ഷ പരിഗണിക്കുകയും ലൈസൻസ് പ്ലേറ്റ് അനുവദിക്കുകയും ചെയ്യും.

അങ്ങനെ രാജേഷ് അപേക്ഷയിൽ കൊടുത്തത്, “തൃശൂർ, പാലക്കാട്, കേരള” എന്നിങ്ങനെ മൂന്ന് പേരുകളാണ്. അതിൽ ആദ്യത്തെ ഓപ്ഷൻ തൃശൂർ തന്നെ രാജേഷിന് അനുവദിച്ച് കിട്ടുകയായിരുന്നു.

എന്തുകൊണ്ട് തൃശൂർ, എന്ന ചോദ്യം കനേഡിയൻ അധികൃതർ ചോദിച്ചുകൊണ്ടേയിരുന്നു. അതിനൊക്കെയുള്ള രാജേഷിന്റെ ഒറ്റ മറുപടി, അതെന്റെ ജന്മനാടാണെന്ന് തന്നെയാണ്. രാജേഷ് തൃശൂരിന്റെ പാരമ്പര്യവും സംസ്കാരവും തൃശൂർപൂരപ്പെരുമയും മഹത്വവുമൊക്കെ വിശദീകരിച്ചിരുന്നു.

അവസാനം കനേഡിയൻ മോട്ടോർ വകുപ്പ് രാജേഷിന് തന്റെ മിറ്റ്സുബിഷി ഔട്ട് ലാന്ഡറിന് മാമോദീസ അനുവദിച്ചു. അവർ രാജേഷിന്റെ മിറ്റ്സുബിഷി ഔട്ട് ലാന്ഡറിന് തൃശൂർ എന്ന് പേരു് വിളിച്ചു.

അങ്ങനെയാണ് കാനഡയിൽ തൃശൂർ പിറന്നത്. ഇനി അവൻ കാനഡയിൽ കുതിച്ചുപറക്കും. അങ്ങനെ തൃശൂരും ലോകത്തിന്റെ നെറുകെയിൽ തല ഉയർത്തി നില്ക്കും. തൃശൂരിനെ ലോകത്തിന്റെ നെറ്റിപ്പട്ടമാക്കിയ രാജേഷ് രാഘവിന് അഭിമാനിക്കാം. തൃശൂരിനും.

തൃശൂരും തൃശൂർക്കാരും വീട്ടുകാരും തൃശൂർ സൗഹൃദങ്ങളും അത്രയേറെ പ്രിയപ്പെട്ട രാജേഷ് ആ ആഹ്ളാദത്തിലാണ് “And thus, “Trissur” will cruise the roads of Victoria” എന്ന് രാജേഷ് വികാരാധീനനായി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. രാജേഷിന്റെ Mitsubishi Outlander plug in hybrid എസ് യു വി ഇനി തൃശൂർ എന്ന നമ്പർ പ്ലേറ്റോടെ വിക്ടോറിയയിൽ കുതിച്ചുകൊണ്ടിരിക്കും.