കാണാതെ പോവരുത് ഈ മധുരക്കാഴ്ച

കാണാതെ പോവരുത് ഈ മധുരക്കാഴ്ച
10 Dec 2024

ഞാനിപ്പോഴും സ്വിറ്റ്സർലണ്ടിലാണ്. മധുരമൊഴുകും ഹരിതാഭമായ സ്വിറ്റ്സർലണ്ടിൽ തന്നെ. ഇവിടെ പച്ചയുടെ രോമാഞ്ചവും മധുരത്തിന്റെ ഉന്മാദവും അനുഭവിക്കാം. സ്വിസ്സിലെ പച്ചയുടെ രോമഹർഷത്തെകുറിച്ച് ഞാൻ ഇതിനകം രണ്ടോ മൂന്നോ വീഡിയോ ചെയ്തിരുന്നു. നിങ്ങൾ അതൊക്കെ കണ്ടുകാണുമെന്ന് വിശ്വസിക്കട്ടെ. കണ്ടില്ലെങ്കിൽ താഴെയുള്ള ലിങ്കുകളെ പ്രാപിക്കുക. വീഡിയോ കാണാം

ദാ ഈ കാണുന്നതാണ് മധുരത്തിന്റെ ഉന്മാദഭൂമി. കൊക്കോയും പാലും വെണ്ണയും മധുരവും നാവിലേക്കും ഹൃദയത്തിലേക്കും ചൊരിയുന്ന മധുരോന്മാദഭൂമി. അതായത് ലിന്ഡ് ചോക്ലേറ്റ് ഹോം. അതേ, ചോക്ലേറ്റുകൾക്ക് മാത്രമായൊരു സ്വിസ്സ് വീട്.

കൃത്യമായി പറഞ്ഞാൽ, ഞാനിപ്പോൾ സ്വിറ്റസർലണ്ടിലെ കീച്ച്ബിർഗ്ഗിലാണ്. സ്വിറ്റസർലണ്ടിലെ ഹോർഗൺ ഡിസ്ട്രിക്ടിലെ ഒരു മുൻസിപ്പാലിറ്റിയാണ്, കീച്ച്ബിർഗ്ഗ്. ഇവിടെയാണ് ലോകപ്രസിദ്ധമായ, ഒരുപാടൊരുപാട് ചരിത്രമുള്ള ലിന്ഡ് ചോക്ലേറ്റ് ഹോം സ്ഥിതിചെയ്യുന്നത്. സൂറിക്ക് തടാകക്കരയിലാണ്, നാവിലേക്ക് തേൻനിലാവ് പെയ്തിറക്കുന്ന ഈ മധുരവീട്. ഇവിടെ നിന്നാൽ ആൽപ്സ് പർവ്വതനിരകൾ കാണാം. ഇവിടെയടുത്താണ് ചരിത്രപ്രസിദ്ധമായ എഴുത്തുകാരുടെ സിമിത്തേരിയും.

സ്വിസ്സ് പതാക പാറിപ്പറക്കുന്ന ഈ മധുരഹർമ്മ്യത്തിന് പറയാനുള്ളത് മധുരത്തിന്റെ കഥകൾ മാത്രമല്ല. മധുരത്തിന്റെ ലോകചരിത്രം കൂടിയാണ്. ഇത് അതിവിശാലമായൊരു ചോക്ലേറ്റ് ഫാക്ടറിയാണ്. മ്യൂസിയവുമാണ്. സന്ദർശകർ ഇവിടെ സെൽഫിയെടുക്കുന്നത് കണ്ടാൽ തോന്നും ഇതൊരു ഫിലിം സിറ്റിയാണെന്ന്.

ഈ ഫാക്ടറിയിലേക്ക് കടന്നുവരുമ്പോൾ തന്നെ ആദ്യം കാണുന്നത്, മധുരമൊഴുക്കുന്ന, ഉയരത്തിലുള്ള ഒരു മധുരധാരയാണ്. ഒമ്പത് മീറ്റർ ഉയരമുണ്ട് ഈ മധുരധാരായന്ത്രത്തിന്. ഈ മധുരധാരായന്ത്രത്തിന്റെ ഉയരങ്ങളിൽ നിന്ന് ഒഴുകുന്നത് 1400 ലിറ്റർ പാലും വെണ്ണയും മധുരവും ചേർന്ന ചോക്ലേറ്റാണ്. ഇവിടെ വരുന്ന സന്ദർശകർ അക്ഷരാർത്ഥത്തിലും കൊതിയൂറി, സ്തംഭിച്ചുനിൽക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക. ഈ മധുരധാരായന്ത്രത്തിന്നരികെ മധുരിക്കും ഓർമ്മകളെ സെൽഫിയാക്കാതെ ഒരു സന്ദർശകരും ഇവിടെനിന്ന് മടങ്ങാറില്ല.

ഇളംനീല കടലാസ്സിൽ പൊതിഞ്ഞ ഒരു ചോക്ലേറ്റുപോലെയാണ് ഈ ചോക്ലേറ്റുവിടിന്റെ ശില്പഘടന. ഈ വീടിന്റ ഒതുക്കുകൾ കയറി മുകളിലെത്തിയാൽ പിന്നെ ഒരു മധുര സഞ്ചാരമാണ്, അഥവാ ഒരു ചോക്ലേറ്റ് ടൂറാണ്, നാം നടത്തുക.

ദാ ഇവിടെ നിന്നാണ് നമുക്ക് ഈ മധുരഹർമ്മ്യത്തെ കേട്ടുകൊണ്ട് കാണാനുള്ള ഓഡിയോ ഗൈഡ് യന്ത്രം ലഭിക്കുന്നത്. ഇവിടെ ഈ ഫാക്ടറി കാണിക്കാൻ ഗൈഡുകളില്ല. ഈ യന്ത്രമാണ് നമ്മുടെ ഗൈഡ്. നാം സഞ്ചരിക്കുമ്പോൾ ഈ ശ്രാവ്യ ഗൈഡ് നമ്മുടെ കാതുകളിൽ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. സത്യത്തിൽ ഈ ചോക്ലേറ്റ് ടൂർ കഴിയും വരെ നാം ഈ യന്ത്രത്തിന്റെ കസ്റ്റഡിയിലായിരിക്കും. കസ്റ്റഡി തീരുന്നതോടെ ഈ മധുരവീടിന്റെ മുഴുവൻ ചരിത്രവും നാം കേട്ടിരിക്കു, അനുഭവിച്ചിരിക്കും.

സത്യത്തിൽ ഇതൊരു ഗ്രാമീണ കാർഷികോദ്യാനമോ പശുവളർത്തൽ കേന്ദ്രമോ എന്ന് തോന്നിപ്പോകും നമുക്ക് ഈ വീടിന്നകത്തുകൂടി സഞ്ചരിക്കുമ്പോൾ. ചോക്ലേറ്റ് മിഠായിയുടെ പ്രധാന ചേരുവയായ കൊക്കോ കൃഷിരീതികളെ കുറിച്ചും, കൊക്കോ സംസ്കരണത്തെ കുറിച്ചും വിശദമായ വിവരണങ്ങളും നേർക്കാഴ്ചകളും സമ്മാനിക്കുന്ന ഒരു കൃഷിപാഠശാലകൂടിയാണ്, ഈ ചോക്ലേറ്റ് ഹോം.

ചോക്ലേറ്റിന്റെ 5000 വർഷത്തെ ചരിത്രവും മധുരമായി പറഞ്ഞുപോകുന്നുണ്ട് നമ്മുടെ കാതുകളിൽ നാം സൂക്ഷിക്കുന്ന ഓഡിയോ ഗൈഡ്. ചോക്ലേറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിൽ പരിചയവും നമുക്ക് ഇവിടെനിന്ന് നേടാവുന്നതാണ്. കുട്ടികൾക്ക് പോലും കൌതുകമുണർത്തുന്ന തരത്തിലുള്ള പഠന സംവിധാനങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്.

ചോക്ലറ്റ് നിർമ്മാണത്തിന്റെ വിവിധങ്ങളായ ഘട്ടങ്ങളെ നന്നായി പരിചയപ്പെടുത്തുന്നുണ്ട് ഇവിടുത്തെ കൊച്ചുകൊച്ചു യന്ത്രസാമഗ്രികൾ. സ്വിസ്സ് ഗ്രാമങ്ങളെ കുറിച്ചും ഗ്രാമീണ ജീവിതത്തെ കുറിച്ചും സ്വിസ്സ് പശുപരിപാലനത്തെ കുറിച്ചും മനസ്സിലും ഹൃദയത്തിലും തൊടുന്ന തരത്തിലാണ് ഇതിനകത്തെ ഗ്രാഫിക്സ് പഠനപദ്ധതികൾ.

5000 വർഷത്തെ ചോക്ലേറ്റുകളുടെ പരിണാമ ചരിത്രവും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ഏറ്റവും ആദ്യമുണ്ടായ ചോക്ലേറ്റിന്റെ രൂപഭാവങ്ങളിലൂടെ ഏറ്റവും അവസാനമുണ്ടായ ചോക്ലേറ്റിന്റെ രൂപഭാവങ്ങളിലേക്ക് നമ്മേ അനുഭവിപ്പിച്ച് കൊണ്ടുപോകുന്നുണ്ട് ഈ ചോക്ലേറ്റ് മ്യൂസിയം. ചുരുക്കത്തിൽ ചോക്ലേറ്റിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കുകയാണ് ഈ പാഠശാല എന്നും പറയാം.

ചോക്ലേറ്റിന്റെ പരിണാമസിദ്ധാന്തം പഠിച്ചുകഴിഞ്ഞാൽ പിന്നെ നമുക്ക് ഈ മധുരവീട്ടിലെ മുഴുവൻ ചോക്ലേറ്റും മതിയാവോളം ആസ്വദിക്കാം, അനുഭവിക്കാം. ചോക്ലേറ്റിന്റെ സംസ്കരണ ഘട്ടങ്ങളിലെ കടിഞ്ഞൂൽ ദ്രവരൂപവും ഖരരൂപവും നമുക്ക് സൌജന്യമായി ആസ്വദിക്കാം, അനുഭവിക്കാം. സന്ദർശകർ മതിവരുവോളം അതൊക്കെ ആസ്വദിക്കും, ഇവിടെ. എത്ര ചോക്ലേറ്റാണ് നാം ഇവിടെ സൌജന്യമായി നുണഞ്ഞനുഭവിക്കുന്നതെന്ന് സത്യത്തിൽ നമുക്ക് പോലും അറിയില്ല,

അങ്ങനെ മധുരാലസ്യത്തിൽ നാമിങ്ങനെ മധുരസഞ്ചാരം പൂർത്തിയാക്കവെ ദാ ഇങ്ങനെ മധുരസ്മരണകളെ നമ്മുടെ ക്യാമറകളിലും പകർത്തിവക്കാം. അങ്ങനെ നാമും ഈ മിഠായിക്കൂടുകളിൽ മധുരഭദ്രരരാവും, എന്നന്നേക്കുമായി.

അതുകഴിഞ്ഞാൽ പിന്നെ ഈ ഫാക്ടറിയിലെ മുഴുവൻ ചോക്ലേറ്റും പ്രദർശിപ്പിക്കുന്ന ഹാളിലൂടെ സഞ്ചരിക്കാം. ഇവിടെനിന്നും തികച്ചും സൌജന്യമായിതന്നെ നമുക്ക് ആവശ്യമുള്ള ചോക്ലേറ്റുകളത്രയും സ്വന്തമാക്കാം.

അങ്ങനെ മിഠായിയും നുണഞ്ഞുനുണഞ്ഞ് നമുക്ക് ഈ ഫാക്ടറിയുടെ മിഠായി സംസ്കരണം കണ്ടുകണ്ടങ്ങനെ ചോക്ലേറ്റ് ടൂർ അവസാനിപ്പിച്ച് ഈ മധുരഹർമ്മ്യത്തിൽ നിന്ന് താഴേക്കിറങ്ങാം.

ഇനി നമുക്ക്, ലിന്ഡ് ആന്റ് സ്പ്രിങ്ക്ളിയുടെ ഇത്തിരി  ചരിത്രം കേൾക്കാം. ഈ മിഠായി കമ്പനിയുടെ തുടക്കം 1836-ലാണ്. ഡേവിഡ് സ്പ്രിങ്ക്ളിയും മകൻ റുഡോൾഫ് സ്പ്രിങ്ക്ളിയും കൂടി സൂറിക്കിലെ ഒരു കൊച്ചു മിഠായിക്കടയിൽ നിന്നാണ് തുടക്കം. അന്ന് ഈ കമ്പനിയുടെ ചോക്ലേറ്റിന്റെ പേര്, ഡോവിഡ് സ്പ്രിങ്ക്ളി ആന്റ് സൺ എന്നായിരുന്നു.

പിന്നീട് 1845-ൽ സൂറിക്കിലെ തന്നെ ഏറ്റവും കണ്ണായ പർഹാബ്ലിറ്റാസ് എന്നിടത്തേക്ക് ചേക്കേറി 1838-ൽ. അതേ വർഷം തന്നെ ഒരു തനി ചോക്ലേറ്റ് ഫാക്ടറി അവിടെ സ്ഥാപിക്കുകയായിരുന്നു.

1892-ൽ റുഡോൾഫ് സ്പ്രിങ്ക്ളി ബിസിനസ്സിൽ നിന്ന് വിരമിച്ചതോടെ, റുഡോൾഫിന്റെ രണ്ട് മക്കളായ ഡേവിഡ് റോബർട്ടിനും ജോഹാൻ റുഡോൾഫിനുമായി ബിസ്സിനസ്സ് പങ്കുവച്ചു. ജോഹാൻ പിന്നീട്, ചോക്ലേറ്റ് സ്പ്രീങ്ക്ളി എജി എന്നൊരു ഒരു സ്വകാര്യ കമ്പനി, 1899-ൽ സ്ഥാപിച്ചു. ശേഷം, അതേ വർഷം തന്നെ, ലിന്ഡ് ആന്റ് സപ്രിങ്ക്ളി എന്ന് കമ്പനിയെ പുനർനാമകരണവും നടത്തി. അങ്ങനെ 1934-ൽ ആദ്യമായി പാലുമിഠായി ഉത്പാദിപ്പിച്ച, ലിന്ഡ് ആന്റ് സപ്രിങ്ക്ളി, 1936-ൽ ലിയനാഡ് മോണീം എജി എന്ന ജർമ്മൻ കമ്പനിയുമായി ബിസിനസ്സ്  സഹകരണത്തിലാവുകയും ചെയ്തു. പിന്നീട് ലിയനാഡ് മോണീം എജിയെ ലിന്ഡ് സ്വന്തമാക്കുകയും ചെയ്തു.

പിന്നീടങ്ങോട്ട് ലിന്ഡ് ആന്റ് സ്പ്രിങ്ക്ളി പല ലോകാന്തര കമ്പനികളുമായി കൂട്ടുചേരുകയും കൂട്ട്  പിരിയുകയുമുണ്ടായി. പിന്നെ പ്പിന്നെ ഒരുപാട് കാലം പലപല കാരണങ്ങളാൽ ഈ കമ്പനിക്ക് കോടതി വ്യവഹാരങ്ങളുടെ പെരുമഴക്കാലമായിരുന്നു. പല കേസ്സിലും കമ്പനി ജയിച്ചെങ്കിലും ഒട്ടേറെ കേസ്സുകളിൽ കമ്പനി ദയനീയമായി പരാജയപ്പെടുകയുമുണ്ടായി.

ലിന്ഡ് ആന്റ് സ്പ്രിങ്ക്ളിയുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെ ചൊല്ലിയും പ്രമാദമായ അന്താരാഷ്ട്ര കോടതി വ്യവഹാരങ്ങളുണ്ടായിരുന്നു. അതിലൊക്കെ ലിന്ഡ് ആന്റ് സ്പ്രിങ്ക്ളി തോറ്റും ജയിച്ചും രക്ഷപ്പെട്ടുപോന്നു.

അതേസമയം ഒരുപാട് അന്താരാഷ്ട്ര അവാർഡുകളും പുരസ്കാരങ്ങളും നേടിയ ലിന്ഡ് ആന്റ് സ്പ്രിങ്ക്ളി, ഇതിനകം പല യൂറോപ്യൻ രാജ്യങ്ങളിലും ബിസിനസ്സ് ആധിപത്യം ഉറപ്പിച്ചു.

ഞാൻ എന്റെ ലിന്ഡ് ആന്റ് സ്പ്രിങ്ക്ളി ചോക്ലേറ്റ് ടൂർ അവസാനിപ്പിച്ച് ഈ മധുരഹർമ്മ്യത്തിൽ നിന്ന് താഴേക്കിറങ്ങുകയാണ്. താഴേ ലിന്ഡിന്റെ കൂറ്റൻ ചോക്ലേറ്റ് സ്റ്റോറുണ്ട്. സന്ദർശകർ അവരുടെ നാവിൽ കൂടുകൂട്ടിയ ചോക്ലേറ്റുകൾ വില കൊടുത്തു വാങ്ങി. ചോക്ലേറ്റുകളുടെ അതിമനോഹരമായൊരു സ്വർഗ്ഗമായിരുന്നു ഈ ചോക്ലേറ്റ് സ്റ്റോർ.

ചോക്ലേറ്റുകളെല്ലാം ഓർമ്മകളിലും ബാഗുകളിലുമായി സൂക്ഷിച്ച സന്ദർശകർ പിന്നെ ലിന്ഡിന്റെ കഫേയിലേക്ക് നീങ്ങി. അവിടേയും ലിന്ഡിന്റെ വ്യത്യസ്തമായ മധുരചേരുവകളുണ്ടായിരുന്നു. അതെല്ലാം ആസ്വദിച്ച് സന്ദർശകർ ആ മധുരഹർമ്മ്യത്തിൽ നിന്ന് പുറത്തുകടന്നു.

ഞാൻ പക്ഷേ, ഒന്നുകൂടി ആ മധരോദ്യാനത്തെ വലംവച്ചു. പിന്നെ മധുരസ്മരണകളുമായി ആ ചോക്ലേറ്റ് വിനോദസഞ്ചാരം അവസാനിപ്പിച്ചു. അപ്പോഴും വായിൽ ലിന്ഡ് ആന്റ് സ്പ്രിങ്ക്ളി അലിയാതെ മധുരം ചുരത്തിക്കൊണ്ടിരുന്നു.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *