ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ?

ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ?
06 Sep 2024

“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി:

അന്ധകാരഗിരികളും കട-

നെന്തിനോണമേ വന്നു നീ?”

പതിറ്റാണ്ടുകളുടെ ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ടതാണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്. പ്രളയവും, കൊറോണയും, ഉരുൾപ്പൊട്ടലും, ഹേമ കമ്മറ്റിയും ഈ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്ന പ്രഭാപ്രളയത്തിന്റെ ഈ കാലഘട്ടത്തിലെങ്കിൽ അഴീക്കോട് കുറേക്കൂടി കൃത്യതയോടെ ഓണദർശനം നടത്തുമായിരുന്നു. അതിനുള്ള ദൌർഭാഗ്യം പക്ഷേ അഴീക്കോടിന് അനുഭവിക്കേണ്ടിവന്നില്ല.

പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക് വന്നെത്തുക. തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും പിന്നെ മുറ്റത്ത് ബഹുവര്‍ണ്ണ പര്‍ണ്ണക്കൊടികളുമായി പാറുന്ന പ്രിന്‍സും കോഴിവാലനും ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോട്ടന്സും ചേര്‍ന്നൊരുക്കുന്ന ഒരു വര്‍ണ്ണഭംഗിയായിരുന്നു അന്നത്തെ ഓണം.

നാക്കിലകളില്‍ തുമ്പപ്പൂവും കാക്കപ്പൂവും പോലെ കുത്തരിച്ചോറ് കൂട്ടുകറി കളുടെ കൂട്ടായ്മയില്‍ സാമ്പാറിന്റെ രസക്കൂട്ടിലെരിയുന്ന, കോഴിയുടെ ദുർഗന്ധമില്ലാത്ത, ഓണസദ്യയെ ഓര്‍മ്മിപ്പിക്കുന്നു, അന്നത്തെ ഓണം. പൊന്നിന്‍ മഞ്ഞയില്‍, പഴങ്ങള്‍ നാട്ടിലെ നാക്കിലയിലും വീട്ടിലെ തട്ടിലും ഓണാലങ്കാരമാവും. അതുകൊണ്ടോക്കെയാണ് അന്നത്തെ ഓണത്തെ പൊന്നോണം എന്ന് വിളിച്ചത്.

ഇന്നതെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു. ഓണത്തിന്റെ സാംസ്കാരികതകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. പകരം ഓണത്തിന്റെ സാമ്പത്തിക മാനങ്ങള്‍ നമുക്ക് ലാഭമായിരിക്കുന്നു. ഓണം ലാഭേച്ഛയെ മാത്രം നട്ടുനനക്കുന്നു. പൂവ്വനും നെടുനേന്ത്രനും ചങ്ങാലിക്കോടനും കുലച്ചുകുനിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസൌജന്യങ്ങളുടെയും അവിശ്വസിനീയമായ വാഴ്ച്ചക്കുലകള്‍ കുലച്ചുതൂങ്ങുന്നു. അങ്ങനെയാണ് പഴയ പൊന്നോണം പോയതും വിപണിയുടെ കള്ളോണം വന്നതും. കള്ളോണം എന്ന് വെറുതെ പറഞ്ഞതല്ല. കള്ളിന്റെയും കള്ളത്തിന്റെയും ഓണത്തെതന്നെയാണ് ഇന്ന് ഓണം പ്രതിഫലിപ്പിക്കുന്നതും പ്രതിധ്വനിപ്പിക്കുന്നതും.

ഓണത്തിന് അവകാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക് പണ്ട്. നാമതിനെ ഓണക്കാലമെന്നും വസന്തകാലമെന്നും ഉത്സവകാലമെന്നും വിളിച്ചുപോന്നിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. കാലാന്തരത്തില്‍ ഓണത്തിന്റെ കാലം അവധിക്കാലവും അലസകാലവും കച്ചവടക്കാലവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

കര്‍മ്മോല്സുകമായിരുന്ന ഒരു കാലത്തിന്റെ പര്യവസാനത്തിലെ വിളവെടുപ്പു കാലമായിരുന്നു പഴയ ഓണക്കാലം. അക്ഷരാര്‍ത്ഥത്തിലും അരമുറുക്കി വായുമുറിച്ച് പണിയെടുത്തൊരു കാലത്തിന്റെ ഫലപ്രാപ്തിയുടെ കാലമായിരുന്നു അത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിയര്‍പ്പൊഴുക്കുകാലത്തിന്റെ അവസാനത്തെ വിയര്‍ക്കാത്ത കാലമായിരുന്നു നമുക്ക് പണ്ടൊക്കെ ഓണക്കാലം.

നമ്മുടെ ഭരണകൂടമാണ്‌ ഓണത്തെ ഇവ്വിധം സംസ്കാരശൂന്യവും വിപണി കേന്ദ്രീകൃതവുമാക്കിയത്. നമ്മുടെ ഭരണകൂടം ഓണത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇതിൽ മാധ്യമ കോർപ്പറേറ്റുകളും സിന്ഡിക്കേറ്റുകളും ഉൾപ്പെടും. അങ്ങനെ കുത്തകക്കാരുടെ പൊട്ടയെല്ലാം നല്ലതാക്കി സര്‍ക്കാര്‍ മുദ്രകുത്തിയ ഭാഗ്യക്കുറി ടിക്കറ്റുകൾ പോലെ വില്‍ക്കാനുള്ള കച്ചവടക്കാലമായി ഓണക്കാലത്തെ മാറ്റിയെടുക്കുകയായിരുന്നുനമ്മുട ഭാഗ്യക്കുറിഭരണകൂടങ്ങള്‍.

കോര്‍പ്പറേറ്റുകള്‍ക്ക് പണപ്പെട്ടി നിറക്കുന്നതിന്നായി ഭരണകൂടം ജനങ്ങള്‍ക്ക്‌ ഓണക്കാലത്ത് ബോണസ്സും ബത്തയും മുന്‍‌കൂര്‍ ശമ്പളവും കൊടുത്ത് കുത്തകകളെ സഹായിക്കുകയായിരുന്നു. കൂട്ടത്തിൽ ഭരണകൂടകുത്തകയെ സഹായിക്കാൻ കള്ള് കച്ചവടവും ഭാഗ്യക്കുറി ബംബർ കച്ചവടവും തിരുതകൃതിയാണ് ഇവിടെ. അങ്ങനെ കച്ചവടത്തിന്റെ കരാര്‍ പണവും ദല്ലാള്‍ പണവും പരിശുദ്ധമായ ഒരൂ ഉത്സവത്തിന്റെ പേരില്‍ ഭരണകൂട യന്ത്രങ്ങളിലേക്ക് ഒഴുകുകയാണ്. എന്നിട്ട് പാവം ജനത അടുത്ത ആറുമാസത്തെ ഓണമില്ലാ പഞ്ഞക്കാലത്തെ അബോധപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇത് ഭരണകൂടങ്ങളുടെ ബോധ പൂര്‍വ്വമായ കച്ചവടമാണ്. പ്രജാക്ഷേമമല്ല.

ഓണദര്‍ശനങ്ങളുടെ കൂടി തത്ത്വചിന്തകനായ ഡോ. സുകുമാര്‍ അഴീ ക്കോടിന്റെ തത്ത്വവിചാരങ്ങളില്‍ ഭരണകൂടങ്ങളുടെ ബോധപൂര്‍വ്വമായ ഈ കച്ചവടത്തെ വിശദീകരിക്കുന്നത് കാണാം. അതിങ്ങനെ.

*“ഇന്ന് ഓണം എന്തായി? എവിടെയെത്തി? ആഘോഷത്തിന്റെ ചിത്രത്തില്‍ നിന്ന് പ്രകൃതി അപ്രത്യക്ഷമായിരിക്കുന്നു. ശാരദാകാശത്തെയും മറ്റു ശരല്‍സൌഭാഗ്യങ്ങളെയും ഇന്ന് ആളുകള്‍ കാണുന്നില്ല. അവയുടെ സംഗമമില്ല, ഗമനമേയുള്ളൂ. പട്ടണത്തിന്റെ പ്രൌഡിയും അങ്ങാടിയുടെ ഇരമ്പവുമാണ് ഓണത്തെ നില നിര്‍ത്തുന്നത്. സംതൃപ്തിയുടെതല്ല, അത്യാര്‍ത്തിയുടെതാണ് ഓണം ഇപ്പോള്‍. പ്രജാക്ഷേമാര്‍ത്ഥനായ ഭരണസാരഥിയുടെ നിഴലോ നിശ്വാസമോ എവിടെയുമില്ല. നഗരങ്ങളില്‍ ആയിരമായിരം വിദ്യുദ്‌ ദീപങ്ങള്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ മഹാബലി വഴിയറിയാതെ ബലം കെട്ട് ഉഴലുന്നു.

ഇന്ന് ഓണം ആഘോഷിക്കുമ്പോള്‍ മനസ്സിലൂടെ കര്‍മ്മവിജയത്തിന്റെയോ സമൂഹബന്ധത്തിന്റെയോ ചെറിയ മിന്നാമിനുങ്ങുകള്‍ പോലും മിന്നുന്നില്ല. പ്രകൃതിയുമായി ബന്ധം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് ഋതുപരിവര്‍ത്തനത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ സാധ്യമല്ല. വേലയുടെ മാഹാത്മ്യം പ്രകൃതി നമുക്ക് തെളിയിച്ചുതരുന്നതിന്റെ ഒരു അടയാളവും ഇന്ന് നമ്മുടെ ജീവിതത്തില്‍ അവശേഷിച്ചിട്ടില്ല. ഓണത്തിന്റെ മാഹാത്മ്യം ഓണപ്രഭാഷണങ്ങളില്‍ നിര്‍ജീവമായി പ്രതിധ്വനിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ ഓണത്തിന്റെ ചരമപ്രസംഗങ്ങളാണ്. നമുക്ക് ഓണം വെറും ഊണും പട്ടണം കറങ്ങലും ഉപഭോഗവസ്തുക്കള്‍ വാങ്ങലുമായി ചുരുങ്ങുന്നു.

ഓണത്തിന്റെ ഈ അന്യമാക്കപ്പെടല്‍ മുടിചൂടുന്നത് ഗവണ്മെന്റ് വൈദ്യുത പ്രകാശം കൊണ്ട് നഗരം അലംകൃതമാക്കി ആഘോഷത്തിന് ഔദ്യോഗിക സ്വഭാവം നല്‍കുന്ന സന്ദര്‍ഭത്തിലാണ്. ഓണത്തിന്റെ പ്രാക്തനലാളിത്യവും പ്രഭവ വിശുദ്ധിയും ഇതോടെ അവസാനിക്കുന്നു.

ഇന്ന് ഓണം ‘വെക്കേഷന്‍’ ആണ്. സമൂഹക്ഷേമത്തിന്റെ ആഘോഷദിനമല്ല. ഒരു മാസത്തെ ശമ്പളം അധികവേതനമായി ലഭിച്ച ജോലിക്കാരുടെ വിപണി സന്ദര്‍ശന ബഹളത്തില്‍ ഒടുങ്ങുന്ന ഇന്നത്തെ ഓണം വെറുമൊരു ഔദ്യോഗിക ചടങ്ങാണ്. ഓണം ചിങ്ങത്തില്‍ ആണെന്നറിയാത്തവര്‍ പോലും ഓണാഘോഷം നടത്തുന്നവരില്‍ ഒന്നാംപന്തിയില്‍ നില്‍ക്കുന്നു. ജനങ്ങള്‍ എവിടെയെന്നറിയാതെ എങ്ങുനിന്നോ നോക്കുന്ന മഹാബലിയുടെ കണ്ണുകള്‍ പതറുന്നു!

ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല.”

*അവലംബം: ‘അഴീക്കോട് മുതല്‍ അയോധ്യ വരെ’ ഡോ. സുകുമാര്‍ അഴീക്കോട്‌            

Share

ct william

Leave a Reply

Your email address will not be published. Required fields are marked *