നാഥുലയിറങ്ങി, ഇനി യാക്കുകളുടെ ചാങ്കു തടാകക്കരയിലേക്ക്

നാഥുലയിറങ്ങി, ഇനി യാക്കുകളുടെ ചാങ്കു തടാകക്കരയിലേക്ക്

ഞാൻ 14000 അടി മഞ്ഞുയരങ്ങളിൽനിന്ന് താഴേക്ക് ഇറങ്ങുകയാണ്. കാറിനോടൊപ്പം നാഥുലയും തണുത്ത ചൂളം വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴും മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. റോഡിന് ഇരുവശങ്ങളിലും മഞ്ഞുപരവതാനികൾ കണാമായിരുന്നു. പർവ്വതങ്ങളിൽ മഞ്ഞുഞരമ്പുകൾ തടിച്ചൊഴുകുന്നുണ്ടായിരുന്നു. അവിടവിടെ പച്ചവിരിപ്പിട്ട മേൽകൂരകളിൽ പട്ടാളബാരക്കുകൾ കാണാമായിരുന്നു. അവിടങ്ങളിലൊക്കെ ദേശീയപതാകകൾ പാറിപ്പറന്നു.വീഡിയോ കാണാം

മഞ്ഞുപെയ്ത്ത് കുറഞ്ഞു. ഇപ്പോൾ ചാറ്റൽമഴയുടെ സ്വകാര്യം കേൾക്കാം.  ഞാനിനി പോകുന്നത് ഒരു പട്ടാളക്കാരന്റെ ശ്രീകോവിലിലേക്കാണ്. ബാബ ഹർഭജൻ സിങ്ങിന്റെ ദീപ്തമായ സ്മരണകളുടെ നാമജപമുഖരിതമായ ഒരു മന്ദിരത്തിലേക്കാണ് ഞാൻ പോകുന്നത്.

ഇത് ഭൌതികമായി അത്ര വലിപ്പമുള്ള മന്ദിരമൊന്നുമല്ല. പക്ഷേ, ഭൌതികേതര ആത്മീയവലിപ്പമുണ്ട് ഈ മന്ദിരത്തിന്. സായുധീയമായ അനല്പമായ ഗരിമയുമുണ്ട്.

 ബാബ ഹർഭജൻ സിങ്ങിന്റെ മന്ദിരമെത്തി. ഞാൻ ഇറങ്ങി. ഒപ്പം എന്റെ സഹയാത്രികരും. ഒരു ഭീമൻ ത്രിവർണ്ണപതാകയുടെ ഛായാതലതത്തിലാണ് ഈ മന്ദിരം നിലകൊള്ളുന്നത്. ചുറ്റും പർവ്വതങ്ങളാണ്. അവിടവിടെ പർവ്വതങ്ങളിൽ അപ്പോഴും മഞ്ഞുപാളികൾ ഉടക്കികിടക്കുന്നുണ്ടായിരുന്നു. മന്ദിരത്തിന് സമീപം കാർ പാർക്കിങ്ങ് അനുവദിക്കുന്നില്ല.

ഒരു പടിപ്പുര കടന്നുവേണം ഈ മന്ദിരത്തിലേക്ക് പ്രവേശിക്കുക. അപ്പോഴും ദേശീയ പതാക ദൃശ്യമാണ്. ബാബ ഹർബജൻ സിങ്ങ് ടെമ്പിൾ എന്ന വലിയ ബോഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വാസ്തുപരമായി നോക്കിയാലും ക്ഷേത്രനിർമ്മിതി തന്നെ. വിശാലമായ ക്ഷേത്രമുറ്റമുണ്ട്. ഒരു ആലിന്റെ കുറവുണ്ട് എന്ന് ആദ്യ നോട്ടത്തിൽ തന്നെ നാം പറയും. സൈനികർക്കാണ് ഈ ക്ഷേത്രത്തിന്റെ മേൽനോട്ടവും നടത്തിപ്പുമെന്ന് തോന്നുന്നു.

ഞാൻ ആ ക്ഷേത്രത്തിനകത്ത് കടന്നു. നാമജപം മുഴങ്ങുന്നുണ്ട്. സഞ്ചാരികളുടെ നല്ല തിരക്കുണ്ട്. പതാക പാറുന്ന മേലാപ്പാണ് ഈ ക്ഷേത്രത്തിന്റെ വിശാലമായ അകങ്ങൾക്ക് അഴക്.  ശ്രീകോവിലിന് മുന്നിൽ സ്വാഗതം എന്ന് എഴുതിവച്ചിട്ടുണ്ട്. ഇന്ത്യൻ പട്ടാളക്കാരനായ ഭഗവാൻ സാക്ഷാൽ ബാബ ഹർബജൻ സിങ്ങ് ശ്രീകോവിലിലുണ്ട്, ഭക്തരെ കാണാൻ,കേൾക്കാൻ

എല്ലാ ക്ഷേത്രത്തിനുമെന്നപോലെ ഈ ക്ഷേത്രത്തിനുമുണ്ട് ഒരു കഥ പറയാൻ. നമുക്ക് ആ കഥ കേൾക്കാം.

ബാബ ഹർബജൻ സിങ്ങ് ജനിച്ചത്, 1946 ആഗസ്റ്റ് 30-ന്. പഴയ ഗുജ്രൻവാല ജില്ലയിലെ സദ്രാണ ഗ്രാമത്തിലാണ് ജനനം. ഇന്ന് ഈ പ്രദേശം പാക്കിസ്ഥാന്റെ കൈവശമാണ്. 1966 ഫെബ്രുവരി 9-നാണ് ബാബ ഹർബജൻ സിങ്ങ് പഞ്ചാബ് റെജിമെന്റിൽ ശിപ്പായിയായി സേവനം ആരംഭിക്കുന്നത്. പഞ്ചാബ് 23 ബറ്റാലിയനിൽ കിഴക്കേ സിക്കിമ്മിലായിരുന്നു കൂടുതലും സേവനമനുഷ്ടിച്ചിരുന്നത്. തുക്കുലാ ചുരത്തിൽ നിന്ന് ഡോംങ്ങച്ചിലാ ചുരമിറങ്ങുമ്പോൾ, 1968 ഒക്ടോബർ 4-നാണ്, ഒരു മലയിടിച്ചിലിനെ തുടർന്ന് ബാബ ഹർബജൻ സിങ്ങ് മരണപ്പെടുന്നത്. അതിശക്തമായ ഒഴുക്കിൽ പെട്ട ബാബയുടെ മൃതശരീരം രണ്ടു കിലോമീറ്റർ അകലെയാണ് കാണപ്പെട്ടത്.

കഥ തുടരുന്നതിങ്ങനെ, ബാബ ഹർബജൻ സിങ്ങിന്റെ ആത്മസുഹൃത്തായ ഒരു സൈനീകന് ബാബ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടുവത്രെ. തനിക്ക് ഒരു സമാധി സ്ഥാനം പണിതീർക്കണമെന്നും ബാബ നിർദേശിച്ചുവത്രെ. തൽഫലമായാണ് അത്തരത്തിലൊരു സമാധിസ്ഥാനം, സംഭവസ്ഥലത്തുനിന്ന് ഏകദേശം 9 കിലോമീറ്റർ ദൂരത്തായി, പണിതീർത്തത്. പിന്നീട് 1982-ലാണ് ഇത്തരത്തിലുള്ള ഒരു മന്ദിരം നിർമ്മിക്കുന്നത്.

ഈ മന്ദിരത്തിലെ വിശുദ്ധജലം 21 ദവസം മുടങ്ങാതെ സേവിച്ചാൽ എല്ലാ അസുഖങ്ങളും ഭേദമാവുമത്രെ. അതേസമയം ആ 21 ദിവസവും മത്സ്യ-മാംസാഹാരങ്ങൾ വർജ്ജിക്കുകയും വേണം. ഈയൊരു വിശ്വാസത്തെ മുൻനിർത്തി ഇവിടെ വരുന്ന സഞ്ചാരികൾ ഈ വിശുദ്ധജലം പാനം ചെയ്യുകയും കുപ്പിയിലാക്കി വിട്ടിലേക്ക് കൊണ്ടുപോവുകയും പതിവാണ്.

ഈ മന്ദിരത്തിന്റെ സമീപപ്രദേശങ്ങൾ അതിമനോഹരമാണ്. ഇവിടെ ഫോട്ടോഗ്രാഫി അനുവദിച്ചിട്ടുണ്ടെങ്കിലും, സൈനികരുടെ ഫോട്ടോ എടുക്കരുതെന്ന ശക്തമായ വിലക്കുണ്ട്.

ഈ മന്ദിരത്തിന് സമീപത്തായി, കുന്നിൻ മുകളിലായി ഒരു കൂറ്റൻ ശിവഭഗവാന്റെ പ്രതിഷ്ഠയുണ്ട്. കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾക്ക്, കഠിനമല്ലാത്ത ശിവതാണ്ഡവതാളമുണ്ട്,  ഒരു കുളിർമ്മയുമുണ്ട്.

ബാബ ഹർബജൻ സിങ്ങ് മന്ദിരവും ശിവഭഗവാനേയും കണ്ട് ഞാൻ ആ താഴ്വാരമിറങ്ങി. രാവിലെ എപ്പോഴോ ആണ് ഞാനും സംഘവും ഒരു കപ്പ് ചായയും ഒരു മൊമോസും കഴിച്ചത്. വിശപ്പ് സഞ്ചാരത്തിന് വഴിമാറുകയായിരുന്നു. മാത്രമല്ല, ഈ പ്രദേശത്തൊന്നും ഹോട്ടലുകളില്ല. നാം നേരത്തെ കണ്ടതുപോലെയുള്ള അപൂർവ്വം തട്ടുകടകൾ കാണാം.

ഇനിയും ഭക്ഷണം കഴിക്കണമെങ്കിൽ ഈ കുന്നുകളൊക്കെയിറങ്ങി താഴെ സിക്കിമ്മിൽ എന്റെ ഹോട്ടലിൽ എത്തണം.

അതിന്നിടെ ഒരു കാഴ്ചകൂടി കാണാമെന്ന് എന്ഠെ ഗൈഡ് പറയുന്നു. ചാങ്കു തടാകം. എന്റെ വാഹനം ചാങ്കു തടാകം ലക്ഷ്യമാക്കി ഓടിക്കിതച്ചു. അപ്പോഴും മഞ്ഞുപാളികൾ ചുറ്റുപാടും ഒളിഞ്ഞും തെളിഞ്ഞും കാണാമായിരുന്നു. ചാറ്റൽ മഴ മാഞ്ഞും മറഞ്ഞും നിന്നു. കാറിന്റെ സ്ഫടികജാലകങ്ങൾ ആ മഴത്തുള്ളികളെ ഉമ്മവച്ചുകൊണ്ടിരുന്നു.

ഈ തടാകത്തിന്റെ ശരിക്കുള്ള പേരു് സോങ്കോ തടാകം എന്നാണ്. ചാങ്കു തടാകം എന്നും പറയും. ഗാങ്ങ്ടോക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ഈ തടാകം. എന്നുവച്ചാൽ 40 കിലോമീറ്റർ താഴേക്കിറങ്ങിയാൽ എനിക്ക് ഗാങ്ങ്ടോക്കിലെത്താം. അതായത് 3700 അടി ഉയരത്തിലാണ് ഈ തടാകം.

60 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന് 2700 അടി നീളവും, 1400 അടി വീതിയുമുണ്ട്. മഞ്ഞുകാലത്ത് ഈ തടാകം മഞ്ഞിൽ മരവിച്ചുകിടക്കും. ബുദ്ധസന്യാസിമാരുടെ പ്രിയതടാകമാണ് ചാങ്കു. ഗുരുപൂർണ്ണിമയും രക്ഷാബന്ധനും ഇവിടെ ആഘോഷങ്ങളാണ്.

ചില സഞ്ചാരിക്കൂട്ടങ്ങൾ ഇവിടങ്ങളിലൊക്കെ ഇറങ്ങി പടമെടുക്കുന്നുണ്ട്. എന്റെ വിശപ്പും ഗൈഡിന്റെ പിടിപ്പുകേടും ഈ കാഴ്ചകളൊക്കെ എന്നിൽ നിന്ന് തട്ടിമാറ്റിക്കൊണ്ടുപോയി.

ദൂരെ ചാങ്കു തടാകം കണ്ടുതുടങ്ങി. മഞ്ഞുമൂടിയ ഏതോ ഒരു മുത്തപ്പന്റെ മഞ്ഞുവാർക്കുന്ന ഒറ്റക്കണ്ണുപോലെ തടാകം ഞങ്ങളെ വശീകരിച്ചുകൊണ്ടിരുന്നു. അതൊക്കെ ക്യാമറകളിലൊപ്പുന്നതിനായി സഞ്ചാരികൾ അവിടങ്ങളിലൊക്കെ ഇറങ്ങുന്നത് കാണാമായിരുന്നു.

ചാങ്കു തടാകം ഞങ്ങൾക്ക് അരികിലെത്തിത്തുടങ്ങി. ഇപ്പോൾ മഞ്ഞുമുത്തപ്പന്റെ ഒറ്റക്കണ്ണിന് കടുംപച്ചനിറം. ആ ഒറ്റക്കണ്ണിൽ സമീപത്തെ പർവ്വതങ്ങളുടെ പ്രതിഫലനം മരവിച്ചുകിടന്നു.

ഞങ്ങൾ ചാങ്കു തടാകമെത്തി. തടാകക്കരയിലെ യാക്കുകൾ പ്രത്യക്ഷമായി. ചാങ്കു തടാകത്തിൽ പർവ്വത ദിനോസറുകൾ കൂറ്റൻ ചീങ്കണ്ണികളെപോലെ മഞ്ഞുകണ്ണീരൊഴുക്കി കിടന്നു. അവരോടൊപ്പം നീലമേഘങ്ങളും ഒലിച്ചിറങ്ങിയിരുന്നു.

യാക്കുകളിവിടെ ബുദ്ധസന്യാസികളെ പോലെ ധ്യാനമിരിക്കുന്നത് കാണാം. ചുവന്ന പട്ടുകൊണ്ട് യാക്കുകളെ അലങ്കരിച്ചിരുന്നു. ഐ ലൌ ഇന്ത്യ എന്ന പ്രണയലേഖനം മിക്കവാറും എല്ലാ യാക്കുകളിലും തൂങ്ങിക്കിടന്നു.

ഈ യാക്കുകളുടെ പുറത്ത് കയറി ക്രൂരസഞ്ചാരം ആസ്വദിക്കുന്ന മൃഗതുല്യ സഞ്ചാരികളേയും നമുക്ക് ഇവിടെ കാണാം. 250 രൂപ മുതൽ 1000 രൂപ വരെയാണ് ഇത്തരം ക്രൂരസഞ്ചാരത്തിന് യാക്കുടമകൾ വസൂലാക്കുന്നത്. ഇക്കൂട്ടർ ഗൂഗിൾ പേ വഴി പണം സ്വീകരിക്കില്ല. കാരണം, മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതക്ക് അത് തെളിവാകുമല്ലോ.

പ്രിയപ്പെട്ട യാക്കുകൾക്ക് ഞാൻ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

അടുത്ത തട്ടുകടയിൽ കയറി ആവിപറക്കുന്ന മൊമോസും ചായയും കാഞ്ഞുകിടന്ന വയറിലേക്ക് എരിയാനിട്ടുകൊടുത്തു. ഇനിയും താഴ്വാരങ്ങളിലേക്ക്, സിക്കിമ്മിലേക്ക്, എന്റെ ഹോട്ടലിലേക്ക്, ആ ദിവസത്തിന്റെ കന്നിഭക്ഷണം കഴിക്കാൻ.