മാമലകണ്ടം പ്രകൃതിരമണീയമാണ്. ഈ കാണുന്നത് ഒരു പുഴയാണ്. ഇന്ന് പെയ്ത മഴയിൽ ഈ പുഴയിൽ മലവെള്ളപാച്ചിലാണ്. പുഴ അല്പം ഗൌരവത്തിലുമാണ്. അല്ലെങ്കിൽ ഈ പുഴയിലിറങ്ങി ഒരു കുളിയൊക്കെ പാസ്സാക്കാമായിരുന്നു. പ്രവീണിന്റെ വിനോദസഞ്ചാര പ്രോഗ്രാമിലും അതുണ്ടായിരുന്നു. സത്യത്തിൽ കുളിക്ക് ശേഷമാണ് ആദിവാസികളോടൊപ്പമുള്ള സംഭാഷണങ്ങളും ഉച്ചഭക്ഷണവും. പക്ഷേ, പെട്ടെന്ന് പെയ്ത മഴ എല്ലാം മാറ്റിമറിച്ചു.

ഞാനിപ്പോൾ മാമലകണ്ടത്തെ രണ്ട് ആദിവാസികളോടൊപ്പമാണ്. രാധയും ശാന്തയും. വേഷം കൊണ്ടും സംസാരം കൊണ്ടും ഇവർ ആദിവാസികളാണെങ്കിലും, ഇത്തിരി പരിഷ്കൃതരാണിവർ. ഇവരുടെ കുടുംബങ്ങളിലും ഇപ്പോൾ അഭ്യസ്തവിദ്യരും പരിഷ്കൃത സംസ്കാരമതികളുമുണ്ടെന്ന് ഇവരെ എനിക്ക് പരിചയപ്പെടുത്തിയ പ്രവീൺ പറയുന്നു. വീഡിയോ കാണാം

ഈ കാണുന്നത് ആദിവാസികളുടെ കൂരയെന്നൊ കൂടാരമെന്നോ വിളിക്കാനാവില്ല. ഇത് പ്രവീണിന്റെ, മാമലകണ്ടം ടൂർ ഓപ്പറേറ്റേഴ്സായി ട്രോപ്പിൿ എന്നൊരു സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച വനകൂടാരമാണ്. ആദിവാസികളേയും അവരുടെ സംസ്കാരത്തേയും പരിചയപ്പെടുത്തുന്നതിനും, അവരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണത്രെ ട്രോപിൿ. ഈ പരിസരം നിറയേ റബ്ബറും കൊക്കോയും കൃഷി ചെയ്തുകാണുന്നുണ്ട്.
ആദിവാസികളുടെ ശീലിൽ മുളംപാട്ട് കേൾക്കുന്ന ഈ ഊരിലുള്ളവർ മുളകൊണ്ട് ഉപജീവനം നടത്തുന്നവരാണ്. മുള പൊളിച്ച് കണ്ണാടി പോലെ ചീകിമിനുക്കി, കണ്ണാടി പായയും കൊട്ടയും മുറവും മീൻകൂടും നെയ്തുജീവിക്കുന്നവരാണ് ഇവർ. ഇവർ ഭക്ഷണം പാകം ചെയ്തുകഴിക്കുന്നതും മുള ഉപയോഗിച്ചുതന്നെ. അതൊക്കെ കാണാനും പരിചയപ്പെടാനും പഠിക്കാനുമായാണ് പ്രവീൺ ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഇന്നത്തെ ഉച്ചഭക്ഷണവും ഇവിടെനിന്നാണ്.
ഈകൂടാരത്തിലേക്ക് വരുമ്പോൾ തന്നെ നമുക്ക് ആ ആദിവാസി ഈണം കേൾക്കാം. ഇവൾ ശാന്ത. ഇവളിപ്പോൾ ഒരു മുള കീറി പാളികളാക്കി നമ്മേ കാണിക്കും. എത്ര വിദഗ്ദമായാണ് ശാന്ത ഈ മുളം പാളികൾ ചീകിയുണ്ടാക്കുന്നതെന്ന് നോക്കൂ. ശാന്ത ചീകിയെടുത്ത മുളം പാളികൾ കൊണ്ട് രാധ ഇവിടെ അത്ഭുതങ്ങൾ നെയ്യുകയാണ്. അവൾ ഏതോ ഒരു വനസംഗീതം പൊഴിക്കുന്നുമുണ്ട്. അവൾ നെയ്തെടുക്കുന്ന കുഞ്ഞുമുറത്തിന് കണ്ണാടിതിളക്കമുണ്ട്, പ്രകാശമുണ്ട്.

രാധ ഈ പാടുന്ന പാട്ടിന് പിന്നിൽ, ഒരു വനവശ്യമായ കഥയുണ്ട്. ഏതോ മരത്തിന്റെ മറവിൽ ആരും കാണാതെ ആദിവാസികൾ ഇങ്ങനെ പാടുമത്രെ. അവളെ കണ്ടെത്തുന്ന മാരനുള്ളവളാണ് പിന്നെ ഈ വനഗായിക. ഏതോ ഭൂതകാലസ്മരണയെ അയവിറക്കിക്കൊണ്ട് രാധ ഇതുപാടുമ്പോൾ നാണം കൊണ്ടുകൂടിയാണ് അവൾ നമ്രശിരസ്കയാവുന്നതെന്നും നമുക്ക് ആലങ്കാരികമായി പറയാം. രാധയോടൊപ്പം ഏതോ സഞ്ചാരിയും നെയ്ത്തിന് കൂട്ടുകൂടുന്നുണ്ട്.

അപ്പോഴും ആ കൂടാരത്തിൽ ചില മുളം കംഭങ്ങൾ ചൂടുകായുന്നത് കാണാം. അത് പക്ഷേ വിറകല്ല, ഞങ്ങൾ സഞ്ചാരികൾക്കായി അവിടെ തയ്യാറാവുന്ന ആ ഊരിലെ ഭക്ഷണമാണ്. ശാന്തയാണ് അതിനൊക്കെ മേൽനോട്ടം വഹിക്കുന്നത്. അവൾ ഇടക്കിടെ ആ മുളം കുംഭങ്ങൾ കനലിലേക്ക് നീക്കിനീക്കി വക്കുന്നുണ്ട്. രാധ പാട്ടു നിർത്തുന്നില്ല, അവൾക്കത് ലഹരിയായെന്ന് തോന്നുന്നു. അവൾ നെയ്തുണ്ടാക്കുന്നതും ലഹരിയുള്ള മുളം ശില്പങ്ങൾ തന്നെ.
ഇടക്കിടെ പ്രവീണും കൂട്ടരും ആദിവാസികളെകുറിച്ചും അവരുടെ സംസ്കാരത്തെകുറിച്ചും ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു.
ഇനി നമുക്ക് ആദിവാസികളുടെ മുളംകുംഭപാചകം കണ്ടുപഠിക്കാം. കപ്പയും കോഴിയിറച്ചിയും കൊണ്ടാണ് ഇന്നത്തെ പാചകം.
ദാ ഇങ്ങനെ നല്ല ഇളം പച്ചമുളം കുംഭങ്ങളിൽ ഇവർ കിഴങ്ങും മാംസവും മറ്റു ചേരുവകളും ചേർത്ത് നിറക്കുന്നു. തീരെ ജലാംശമില്ലാതെയാണ് ഇവർ ഈ കുംഭങ്ങളിൽ കപ്പയും കോഴിയിറച്ചിയും നിറക്കുന്നത്. എന്നിട്ട് ആ മുളം കുംഭം കനലിൽ ചുട്ടെടുക്കുന്നു. ഈ സമ്പ്രദായത്തെ അവർ കുഭം കാച്ചൽ എന്ന് വിളിക്കുന്നു. ഈ മുളം കംഭങ്ങളിലെ ജലാംശം കൊണ്ടാണ് ഇവ വേവിച്ചെടുക്കുന്നത്.

ഇങ്ങനെ നിറച്ച കുംഭങ്ങൾ പിന്നീട് കനലിൽ ചുട്ടെടുക്കുന്നു. പ്രത്യേകസമയക്രമം അനുസരിച്ച് ഈ കുംഭങ്ങൾ പതുക്കെപ്പതുക്കെ കനലിനുമീതെ ഉരുട്ടിനീക്കുകയും വേണം. വേവിന്റെ പാകത ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ മുളംകുംഭപാചകം, ഞാൻ പണ്ട് മലേഷ്യയിലും കണ്ടിട്ടുണ്ട്.
അങ്ങനെ ഈ മുളം കംഭങ്ങൾ ഏതാണ്ട് കാഞ്ഞ് കാഞ്ഞ് പാകം വന്നാൽ അതി വിദഗ്ദമായി അവർ ആ കുംഭം പൊളിച്ചെടുത്ത് പ്രകൃതിദത്ത ഭക്ഷണവിഭവം പുറത്തെടുക്കുന്നു. മുള ചുരത്തിക്കൊടുക്കുന്ന മുളനീരിലാണ് ഈ വിഭവം പാകം ചെയ്യുന്നത്. അതുകൊണ്ട് സ്വാദിഷ്ടവുമാണ്. മലേഷ്യക്കാർ, പക്ഷേ, ഈ കുംഭങ്ങളിൽ ചില പച്ച മരുന്നുകളും ഇലകളുമൊക്കെ നിക്ഷേപിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടൊക്കെ പ്രകൃതി തന്നെയാണ് ഈ വിഭവത്തിന്റെ രുചിയെന്നും പറയാം.

പ്രവീൺ പുറത്തുനിന്ന് കൊണ്ടുവന്ന റെഡിമെയ്ഡ് ഭക്ഷണത്തോടൊപ്പം രാധ-ശാന്തമാരുടെ മുളംകുംഭ ഭക്ഷണവും കൂട്ടി മാമലകണ്ടത്തെ ഉച്ചഭക്ഷണം കുശാലാക്കി. ഇനി ഇത്തിരി പാട്ടും ആട്ടവും, രാധയോടും ശാന്തയോടുമൊപ്പം. പിന്നെ മാമലകണ്ടത്തെ മാസ്മരികമായ കുറേ വിനോദ സഞ്ചാര സ്മൃതികളുമായി നമുക്ക് മടങ്ങാം. മടക്കയാത്രയിൽ മാമലകണ്ടത്തെ, ഇന്നത്തെ വിനോദസഞ്ചാര മാമലകണ്ടമാക്കിയ ഒരു സരസ്വതീക്ഷേത്രം വലംവച്ചുകൊണ്ട് നമുക്ക് മാമലകണ്ടം യാത്ര അവസാനിപ്പിക്കാം.

സത്യത്തിൽ ഒരു സ്കൂൾ വഴിയാണ് ഈ പ്രദേശം അറിയപ്പെടാൻ തുടങ്ങിയത്. നാമിപ്പോൾ കാണുന്ന മാമലകണ്ടം സർക്കാർ സ്കൂളാണ് അതിന് വഴിയൊരുക്കിയത്. ഈ സ്കൂളിന് ചുറ്റും മലകളാണ്. ചെറു ചെറു വെള്ളച്ചാട്ടങ്ങളും ഈ സ്കൂളിന്റെ പശാചാത്തലത്തിലെ മലകളിൽ ദൃശ്യമാണ്. ഏതോ ഒരു വ്ളോഗ്ഗറുടെ ചിത്രീകരണമാണ്, ഈ സ്കൂളിനെ ഒരു സെലിബ്രിറ്റി സ്കൂളാക്കിയത്. അന്നുമുതലാണ് മാമലകണ്ടവും സെലിബ്രിറ്റിയായത്. ഒരു സർക്കാർ സ്കൂൾ ഒരു വിനോദ സഞ്ചാരകേന്ദ്രമാവുന്നത് ഇത് ചരിത്രത്തിലാദ്യം, ഒപ്പം ആ പ്രദേശവും. ഇപ്പോൾ ഈ സ്കൂൾ വഴി മാമലകണ്ടവും കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥലം പിടിച്ചിരിക്കുകയാണ്.
ഈ സ്കൂളും മാമലകണ്ടവും ഇപ്പോൾ നല്ല തിരക്കുള്ള ഒരു സിനിമാചിത്രീകരണ ലൊക്കേഷൻ കൂടിയാണ്. കുറേ തെന്നിന്ത്യൻ സിനിമകളും, പിന്നെ പുലിമുരുകൻ വരെ, ഇവിടെ ക്യാമറ വച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്കൂൾ പരിസരങ്ങളും മാമലകണ്ടം പരിസരങ്ങളും വിനോദസഞ്ചാര അലങ്കാര ബിംബങ്ങളാൽ സമൃദ്ധമാണ്.

വിനോദ സഞ്ചാരങ്ങളുടെ കൂടുതൽ വീഡിയോകൾക്കായി, ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

