പുലിക്കെട്ട് മറക്കുന്ന തൃശൂർ പുലിക്കളി

പുലിക്കെട്ട് മറക്കുന്ന തൃശൂർ പുലിക്കളി

ഓണമായി. പതിവുപോലെ തശൂരിൽ പുലിക്കളിയുമൊരുങ്ങി. തപ്പൂണിത്തുറയിലെ അത്തചമയത്തിന് സമാനമായി തൃശൂരും അണിഞ്ഞൊരുങ്ങി.വീഡിയോ കാണാം.

അത്തം നാൾ ആരേയും അതിശയിപ്പിക്കുന്ന തരത്തിൽ തെക്കേ ഗോപുരനട നിറഞ്ഞൊരു അത്തപ്പൂക്കളമൊരുങ്ങി.

പിന്നെ തൃശൂർ ബാനർജ്ജി ക്ലബ്ബ് പവലിയനിൽ, തൃശൂർ പൂരത്തിന്റെ പ്രസിദ്ധമായ ആനച്ചമയത്തെ അനുസ്മരിപ്പിക്കുമാറ്, പുലിക്കളി ചമയവുമൊരുങ്ങി.

സംസ്കാരിക തൃശൂരിന്റെ ജനങ്ങൾക്കൊപ്പം എന്നും മേയറുണ്ടാവുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, അംഗീകരിക്കേണ്ടവരെ അംഗീകരിച്ചിരിക്കും എന്ന് പുലിഗർജ്ജനം മുഴക്കി, തൃശൂർ മേയർ എം.കെ. വർഗ്ഗീസ്, തൃശൂരിന്റെ സ്വന്തം പുലിക്കളി ചമയം ഓണാഘോഷത്തിന്റെ ഭാഗമായി, മേയർ, തൃശൂർക്കാർക്ക് സമർപ്പിച്ചു. തൃശൂരിൽ ഓണാഘോഷമായി.

തൃശൂരിലെ പുലിക്കളി സംഘങ്ങളുടെ പവലിയനുകളിൽ തൃശൂരിലെ പുലിക്കളി പ്രേമികൾ കാഴ്ചയുടെ വർണ്ണച്ചുവടുവച്ചുനീങ്ങി.

പുലിമടകളെ ഓർമ്മിപ്പിക്കുമാറ് അവിടെ പുലിമുഖങ്ങളും പുലിയരഞ്ഞാണങ്ങളും പുലിചിലങ്കകളും പുലിയാടയാഭരണങ്ങളും അക്ഷരാർത്ഥത്തിലും ഗർജ്ജിച്ചുകൊണ്ടിരുന്നു.

പുലികലാകാരന്മാരുടെ പുലിവരകളും പുലിയലങ്കാരങ്ങളും അവിടെ സാംസ്കാരിക കാഴ്ചയുടെ വിരുന്നൊരുക്കി.

ഇനി നാലോണത്തിന് തൃശൂർ നഗരത്തിൽ ഈ ചമയങ്ങളണിഞ്ഞ് നൂറുകണക്കിന് പുലികൾ ചവടുവക്കും.

അങ്ങനെ നാലോണമായി. തൃശൂരിൽ പുലിക്കളിയായി. തൃശൂർ പുലിക്കളമായി.

ഇവൾ അമേരിക്കക്കാരിയാണ്, പേരു് ബോണി. ഈ അമേരിക്കൻ പെൺപുലിയും ഇക്കുറി വേഷമിട്ടാടുന്നുണ്ട്. അവളുടെ സന്തോഷവും സീറ്റിവില്യംസ്കാനിനോട് പങ്കുവച്ചു.

ആഘോഷങ്ങൾ ഇങ്ങനെ ഒരു വഴിക്ക് പോകുന്നുണ്ടെങ്കിലും പുലിക്കളിയുടെ ശാസ്ത്രീയമായ അടിത്തറ എന്തെന്ന് ഇനിയും ആരും ഗവേഷണാത്മകമായി ആരാഞ്ഞിട്ടില്ല. തനത് പുലിക്കെട്ടിൽ നിന്ന് പുലിക്കളി മറ്റൊന്നായി പരിണമിച്ചിട്ട് കാലമേറെയായി.

എന്തായാലും ശക്തൻ തമ്പുരാന്റെ കാലത്താണ് ഈ കലാരൂപം ഉണ്ടാവുന്നതും അരങ്ങേറുന്നതും. അതായത് ഏതാണ്ട് 200 വർഷത്തെ പഴക്കമുള്ള ഒരു കലാരൂപമാണെന്ന് പുലിക്കളി എന്ന് ചുരുക്കം.

നാട്ടിലെ ഏതോ ഒരു പാവം മൃഗത്തെ വേട്ടയാടുന്ന പുലിയെ ഒരു നാട്ടുവേടൻ അമ്പെയ്ത് വീഴ്ത്തുന്ന ഒരു മാനിഷാദ ദൃശ്യമാണ് ഈ കലാരൂപത്തിന് ആധാരം.

കേരളത്തിന്റെ നെല്ല് കൊയ്തെടുത്ത് മലയാളപുതുവർഷമായ ചിങ്ങമാസത്തെ വരവേൽക്കുന്നതിന്റെ ഭാഗമായാണ് ഈ കലാരൂപം ഗ്രാമങ്ങളിൽ പ്രദർശിപ്പിക്കാറ്. അതായത് ഓണാഘോഷത്തിന്റെ ഭാഗമായി നാലോണം നാളിലാണ് പുലിക്കളി ഗ്രാമങ്ങളിൽ അരങ്ങേറുക.

മിക്കവാറും ഈ വിളവെടുപ്പ് കാലത്ത് ഗ്രാമങ്ങളിലേക്ക് ഇറങ്ങിവരാറുള്ള വന്യമൃഗങ്ങളായ പുലിയോ കടുവയോ ഒരുപക്ഷേ ഇരതേടുമ്പോൾ ഒരു ഗ്രാമ്യവേടൻ ആ പുലിയെ അമ്പെയ്ത് വീഴ്ത്തിയ ഒരു പുരാവൃത്തത്തിന്റെ തനിയാവർത്തനമായിരിക്കണം പുലിക്കളി അഥവാ കടുവക്കളി എന്ന് യുക്തായുക്തമായി നമുക്ക് വേണമെങ്കിൽ വ്യാഖ്യാനിക്കാം. അങ്ങനെ വ്യാഖ്യാനിക്കാനാണ് സിറ്റിവില്യംസ്കാനിന് ഇഷ്ടം. അത്രതന്നെ.

അന്നുകാലത്ത് പ്രകൃതിദത്തമായ ഛായങ്ങൾ കൊണ്ടാണ് പുലിവേഷം അണിയിച്ചൊരുക്കിയിരുന്നത്. പ്രധാനമായും പുലിവർണ്ണങ്ങളായ മഞ്ഞയും വെള്ളയും കറുപ്പുമായിരുന്നു ഇത്തരത്തിൽ തയ്യാറാക്കിയ ഛായക്കൂട്ടുകൾ.

വിവിധതരം പല വ്യഞ്ജനങ്ങളും പച്ചിലകളും വെളിച്ചെണ്ണയടക്കമുള്ള വിവിധയിനം എണ്ണകളും പാലും മുട്ടയുമെല്ലാം ഛായക്കൂട്ടുകൾക്ക് ചേരുവകളായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ, പ്രകൃതിയുടെ സൌമ്യവന്യതകളും മനുഷ്യന്റെ അഹിംസാത്മകമായ അതിജീവനവുമായിരിക്കണം പുലിക്കളി എന്ന കലാരൂപത്തിന്റെ പഴയ കാലത്തെ ആഖ്യാനവും അവതരണവും. ഇന്ന് അതൊക്കെ പോയിരിക്കുന്നു. ആ പഴയ പുലിക്കഥയുടെ ദൃശ്യാവിഷ്കാരം പോലും ഇന്നത്തെ പുലിക്കളിയിൽ നമുക്ക് കാണാനാവില്ല. ഇന്ന് സിന്തറ്റിക്ക് ഛായക്കൂട്ടുകളുടെ കഠിനവർണ്ണവിസ്മയം തീർക്കുകയാണ്, പണിക്കൂലിക്ക് ആടിത്തിമിർക്കുന്ന ആധുനിക പ്രാരാബ്ദങ്ങൾ പേറുന്ന പുലിക്കൂട്ടങ്ങൾ. ഇന്ന് പുലിക്കളി മറ്റൊരു അത്യന്താധുനിക കലാരൂപമായി പരിണമിച്ചിരിക്കുന്നു.

ഓണക്കാലവും ഇന്ന് കമ്പോളങ്ങളുടെ കമ്പക്കാലമല്ലേ. അതിലേക്ക് ഒരു കമ്പം കൂടി എന്ന നിലക്കാണ് ഇന്ന് പുലിക്കളി ചേർന്നുനിൽക്കുന്നത്.

കാലം കലകളെ പരിണമിപ്പിക്കുന്നതും കാലത്തോട്, കലയുടെ പുതുമകളെ ഇണക്കിച്ചേർക്കുന്നതിനേയും നമുക്ക് തെറ്റ് പറയാനാവില്ലല്ലോ. അതങ്ങനെതന്നെ പരിണമിക്കട്ടെ, പരിലസിക്കട്ടെ.

ഇവിടെയാണ് തൃശൂരിലെ അയ്യന്തോൾ ദേശക്കാർ പ്രസക്തമാവുന്നത്. അയ്യന്തോൾ ദേശം പുലിക്കളി സംഘമാണ് സത്യത്തിൽ ഈ കാലത്തേയും കലയേയും പരിണാമത്തേയും സത്യത്തിലും തിരിച്ചറിഞ്ഞത്. അവരാണ് ഈ കലാവിഷ്കാരത്തിന് ആധുനികഭാഷ്യം ചമച്ചത്.

അതേക്കുറിച്ചൊക്കെ അയ്യന്തോൾ ദേശക്കാരൻ തന്നെ സീറ്റിവില്യംസ്കാനിനോട് വിശദീകരിച്ചു. അവർ പുലിമട എന്നപേരിൽ ഒരു അക്കാദമിക പ്രസ്ഥാനത്തിന് രൂപം കൊടുത്തു. പുതിയ തലമുറക്ക് ആവശ്യമായ തൊഴിൽ പരിശീലനവും കൊടുത്തു. നൂറുകണക്കിന് അയ്യന്തോൾ യുവത ഇന്ന് സർക്കാർ സർവ്വീസിൽ ജോലി ചെയ്യുന്നതായി അയ്യന്തോൾ ദേശക്കാരനായ കൃഷ്ണപ്രസാദ് പറയുന്നു.വീഡിയോ കാണാം

നമുക്ക് അയ്യന്തോൾ ദേശത്തെ കാണാം, അയ്യന്തോളിന്റെ ആധുനിക പുലിക്കളി ദേശക്കാഴ്ചകൾ ആസ്വദിക്കാം, കേൾക്കാം. തൃശൂരിന്റെ പുലിക്കളിയുടെ അയ്യന്തോൾ പുനരാഖ്യാനം അനുഭവിക്കാം, ആസ്വദിക്കാം, ആഘോഷിക്കാം.വീഡിയോ കാണാം