ചെമ്മാപ്പിള്ളിയിലെ ചെത്തുകള്ളും, ചെത്തുബോട്ടും

ചെമ്മാപ്പിള്ളിയിലെ ചെത്തുകള്ളും, ചെത്തുബോട്ടും
26 Dec 2024

ഇതാണ് തൃശൂർ ജില്ലയിലെ ചെമ്മാപ്പിള്ളി കടവ്. യാതൊരുവിധ വച്ചുകെട്ടലുകളും കൃത്രിമത്വവുമില്ലാത്ത തനി ഗ്രാമീണ കടവ്. ഈയടുത്തകാലം മുതൽ, ഇവിടം ഒരു വിനോദസഞ്ചാരകേന്ദമായി അറിയപ്പെട്ടുതുടങ്ങി. വീഡിയോ കാണാം

ഇവിടെ ജലകേളികളാണ് പ്രധാനം. കയാക്കിങ്ങും ബോട്ടുസവാരിയും ഇവിടെ കേമമാണ്. അതിന്റെ ബോഡുകളാണ് നാം ഈ കാണുന്നത്. തൃശൂർ ജില്ലയിലെ ഒരേയൊരു സോളാർ ബോട്ട് സവാരി നടത്താവുന്ന ഒരു കടവുകൂടിയാണ് ചെമ്മാപ്പിള്ളി. ഈ ബുക്കിങ്ങ് ഓഫീസിൽ നിന്നാണ് ബോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.

പച്ചച്ച പ്രകൃതിയും പച്ച മനുഷ്യരുമാണ് ഈ കടവ് നിറയെ. യാതൊരു വിധ പത്രാസ്സും ന്യൂജൻ സ്വഭാവവുമില്ലാത്ത ഒരു കൂട്ടം മനുഷ്യരാണ് ഇവിടെ മുഴുവനും.

പൂന്തോട്ടത്തിന്റെ അച്ചടക്കം തെറ്റിച്ച ഈ ചെടികൾ നമ്മേ കൊണ്ടുപോകുന്നത് ഗ്രാമ്യ പ്രകൃതിയുടെ അതിശയങ്ങളിലേക്കാണ്.  

തൃശ്ശൂരിൽ നിന്നും 23 കിമീ പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചെമ്മാപ്പിള്ളി. താന്ന്യം ഗ്രാമപഞ്ചായത്തിലാണ് ഈ അതിശയ ഗ്രാമം. പ്രശസ്തമായ ശ്രീരാമൻചിറ ഈ ഗ്രാമത്തിലാണ്. സീതാദേവിയെ വീണ്ടെടുക്കുന്നതിനു വേണ്ടി കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മക്ക് എല്ലാവർഷവും ഇവിടെ ചിറകെട്ടി സേതുബന്ധന സ്മരണ ആഘോഷിക്കുന്ന ഭൂമിയിലെ ഒരേഒരിടം ആണ് ശ്രീരാമൻ ചിറ.

താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജലസംഭരണിയാണ് ശ്രീരാമൻ ചിറയെന്നറിയപ്പെടുന്ന ഇവിടുത്തെ 900 പറ പാടശേഖരം.

ഞാനിപ്പോൾ നടന്നുപോകുന്ന ഈ തൂക്കുപാലമാണ് ഇന്നത്തെ ചെമ്മാപ്പിള്ളിയുടെ വശ്യമനോഹരമായ ചേലും ചേലയും.

കനോലി കനാലിനു കുറുകെ നാട്ടിക, താന്ന്യം ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലത്തിന്റെ നീളം 150 മീറ്ററാണ്. 2013 മെയ് 31-ന് അന്നത്തെ റവന്യൂമന്ത്രി അടൂർ പ്രകാശാണ് ഈ പാലം ഉദ്ഘാടനം ചെയ്തത്.

പിന്നീട് യഥാവിധം, യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതുകൊണ്ട്, ഈ പാലം സഞ്ചാരയോഗ്യമല്ലതായി. തുടർന്ന്, ഈ പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത്, തൃശൂർ ജില്ലാ കളക്ടർ ഈ പാലത്തിലൂടെയുള്ള സഞ്ചാരം നിരോധിക്കുകയും ചെയ്തു. അതോടെ നാട്ടിക-താന്ന്യം ഗ്രാമവാസികൾ ഒറ്റപ്പെടുകയായിരുന്നു.

പിന്നീട്, ഇന്നാട്ടുകാരുടെ നിരന്തര നിവേദനങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ഫലമായാണ്, 2021-ൽ ഈ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. ഫണ്ടിന്റെ ലഭ്യതകുറവുമൂലം അറ്റകുറ്റപ്പണികൾ പിന്നേയും പിന്നേയും നീണ്ടുപോയി.

ഏതാണ്ട് 30 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണികൾക്കായി വേണ്ടിയിരുന്നത്. ഇതിൽ ജില്ലാ പഞ്ചായത്ത് 20 ലക്ഷവും, സമീപ ബ്ലോക്ക് പഞ്ചായത്തുകളായ, അന്തിക്കാട്, തളിക്കുളം പഞ്ചായത്തുകളും, താന്ന്യം, നാട്ടിക പഞ്ചായത്തുകളും ചേർന്ന്, യഥാക്രമം 2.75 ലക്ഷം രൂപയും സ്വരൂപിച്ചാണ് ഇതിന്നുള്ള ഫണ്ട് കണ്ടെത്തിയത്.

എന്തായാലും ഇന്ന് ഈ തൂക്കുപാലം, കേരളത്തിന്റെ മാത്രമല്ല, വിദേശരാജ്യത്തിന്റേയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഒരുപാട് സഞ്ചാരികളാണ് ഇന്നിവിടെ വന്നുപോകുന്നത്. ശനി ഞായർ ദിവസങ്ങളിൽ നല്ല തിരക്കാണ്.

ഞാൻ ഏതാണ്ട് ഉച്ചതിരിഞ്ഞാണ് ഇവിടെയെത്തിയത്. സൂര്യൻ പടിഞ്ഞാട്ട് കത്തിയമരാൻ തുടങ്ങി. ആ കനൽവെളിച്ചം ഈ പാലത്തിന്റെ നടപ്പാതകളിൽ ചെമ്പാളികളാവുന്നുണ്ട്. ഇന്നിവിടെ വലിയ തിരക്കില്ല. ശനി, ഞായർ ദിവസങ്ങളിലാണത്രെ ഇവിടെ സഞ്ചാരികളുടെ തിക്കും തിരക്കും.

ദാ ഈ വലതുവശത്താണ് കനോലി ക്രൂയിസിങ്ങ് എന്ന ബോട്ട് ക്ലബ്ബ്. ഇവിടെയാണ് തൃശൂർ ജില്ലയിലെ ഏക സോളാർ ബോട്ട് സർവ്വീസ് നടത്തുന്നത്. ഇതുകൂടാതെ കയാക്കിങ്ങിനും പെഡൽ ബോട്ടിങ്ങിനുമുള്ള സൌകര്യങ്ങളുമുണ്ടിവിടെ.

ഈ സൌകര്യങ്ങളൊക്കെ ഇടതുവശത്ത് നാം ഈ കാണുന്ന ബോട്ട് ക്ലബ്ബിലുമുണ്ട്. നീലയും പച്ചയും ചുമപ്പും മഞ്ഞയും വെള്ളയും നിറങ്ങളിൽ ഇവിടം നിറയെ ഫൈബർ ബോട്ടുകളാണ്.

കനോലി കനാലിലേക്ക് ചാഞ്ഞാടുന്ന തെങ്ങുകളും ജലതരംഗം തീർക്കുന്ന കരിമ്പച്ച ജലപാളികളും തുരുത്തുകളും നമ്മുടെ കണ്ണുകളിൽ കുളിർമഴ പെയ്യിക്കും.

സൂര്യകിരീടം ഇവിടെ വീണുടയുകയല്ല, ഈ കരിമ്പച്ചയോളങ്ങളിൽ നീന്തിത്തുടിക്കുകയാണ്. ഈ പാലത്തിന്റെ ഇരുവശങ്ങളിൽ നിന്നുള്ള ജലമർമ്മരം നമ്മുടെ കർണ്ണപുടങ്ങളിൽ നേർത്ത സംഗീതമാവുന്നുണ്ട്. അതൊന്നും ആസ്വദിക്കാതെ ഇന്നാട്ടുകാർ ഈ പാലത്തിലൂടെ താളബദ്ധരായി യാത്ര ചെയ്യുന്നതും കാണാം.

ജലപാളികളിൽ അക്കരപച്ചയുടെ പ്രതിഫലനങ്ങൾ തെല്ലും ലജ്ജയില്ലാതെ  ഈ പുഴമുഖത്ത് ഉമ്മവക്കുന്നത് കാണാം. ദാ ഈ കാണുന്നത് ഒരു തുരുത്താണ്. അവിടെ സഞ്ചാരികൾക്കായി സ്വപ്നകൂടാരങ്ങൾ ഒരുങ്ങുകയാണ്. ഈ ഫ്രീക്കൻ സഞ്ചാരികൾ ഇവിടെ സെൽഫിയും ഫോട്ടോയും എടുത്ത് തിമിർക്കുകയാണ്.

ഞാൻ നടന്ന് നടന്ന് പാലത്തിന്റെ ഇക്കരെയെത്തി. ഇവിടെനിന്നുള്ള ദൃശ്യങ്ങളും ചോതോഹരമാണ്. അപ്പോഴും പാലത്തിലൂടെ ആരോ നടന്നുപോകുമ്പോഴത്തെ ആ താളം നമുക്ക് കേൾക്കാം. ഇക്കരയിലും വിനോദ സഞ്ചാരികൾക്കായി എന്തൊക്കെയോ നിർമ്മാണപ്പണികൾ നടക്കുന്നുണ്ട്.

ഈ കാണുന്നതാണ് ഈ പാലത്തിന്റെ ചേതോഹരമായ പൂർണ്ണകായ ശില്പം. ഈ ശില്പത്തിന്റെ പ്രതിഫലനം കനോലിക്കനാലിൽ മറ്റൊരു പാലം കൂടി എഴുതിവക്കുന്നത് കാണാം.

പണ്ടുപണ്ടൊരു കാലത്ത് ചെമ്മാപ്പിള്ളി, പരമ്പരാഗത തൊഴിൽ മേഖലയായ, ചകിരി സംസ്കരണത്തിന്റെ ഒരു പ്രധാന കടവായിരുന്നു. ഇപ്പോഴതൊക്കെ പോയി. പുതിയ കാലത്ത് ചകിരിസംസ്കരണത്തിനും, ചകിരി നാരുണ്ടാക്കുന്നതിനും, കയർപിരിക്കുന്നതിനുമൊക്കെ യന്ത്രങ്ങൾ വന്നു. കയർ സംസ്കരണസംഘങ്ങൾ വന്നു.

പഴയ കയർമേഖലയിലുണ്ടായിരുന്ന തൊഴിലാളികളൊക്കെ ഏതാണ്ട് അന്യം നിന്നുപോയി എന്നുതന്നെ പറയാം. യന്ത്രവൽക്കരണം ഒരു നാടിനേയും അവിടുത്തെ മനുഷ്യരേയും കൂടി യന്ത്രവൽക്കരിക്കുന്നതിന്റെ നേർസാക്ഷ്യമാണ് ഈ ചെമ്മാപ്പിള്ളി.

കയർ പിരിച്ച് വിരലുകളൊടിഞ്ഞ തൊഴിലാളികളുടെ സമരഭൂമി കൂടിയായിരുന്നു ചെമ്മാപ്പിള്ളി കടവ് അടക്കമുള്ള കനോലിക്കനാൽ പുഴയോരം മുഴുവനും, ഒരുകാലത്ത്. അക്കാലത്തെ കയർ സംസ്കരണ മേഖലയിലെ കുത്തകമുതലാളിമാരായിരുന്ന ഇയ്യാനി കറപ്പക്കുട്ടി മാഷും ഇയ്യാനി ധർമ്മനും കാലയവനികളാൽ മറഞ്ഞുപോയി.

ഇവിടെ ചിലേടങ്ങളിൽ, ഇപ്പോഴും നാമമാത്രമായ കയർ വ്യവസായമുണ്ട്. സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിലാണ് അത്തരം കൊച്ചു വ്യവസായങ്ങൾ ഇന്ന് മുൻപോട്ട് പോകുന്നത്.

ഈ പുഴയോരങ്ങളിൽ, ടൺ കണക്കിന് പച്ചചകിരി സംസ്കരിച്ചിരുന്നു, പണ്ട്. ഏകദേശം ഒരുവർഷക്കാലത്തോളം ഈ പുഴയുടെ തീരങ്ങളിൽ, പച്ചച്ചകിരി വെള്ളത്തിൽ മൂടിയിട്ട് ചീച്ചെടുക്കും. പിന്നെ അവ കല്ലേലും മരമുട്ടിമേലും വച്ച് തല്ലിത്തല്ലി ചകിരി നാരു വേര്പെടുത്തിയെടുക്കും. പിന്നെ വിദഗ്ദരായ, കഠിനാദ്ധ്വാനികളായ, തൊഴിലാളികൾ ആ നാര് പിരിച്ചെടുത്ത് കയറുണ്ടാക്കും. ഇന്നതിനൊക്കെ യന്ത്രങ്ങളായി.

പിരിച്ചെടുത്ത കയർ, പിന്നീട് വലിയ കെട്ടുകളാക്കി, കെട്ടുവള്ളത്തിൽ കയറ്റി, ഈ പുഴയിലൂടെ കൊച്ചിയിലേക്കൊഴുകുന്ന കാഴ്ച അതിമനോഹര മായിരുന്നുവെന്ന് ഇവിടുത്തെ പഴമക്കാർ പറയുന്നു. ഇന്നതൊക്കെ ഗൃഹാതുരതകൾ മാത്രം.

ചകിരി ചീച്ചെടുക്കുന്ന ചകിരിക്കുഴികളായിരുന്നു ഇവിടെ മുഴുവനും. ഈ കുഴികളിലെ ചകിരി ഒലിച്ചുപോകാതിരിക്കാൻ, കുഴിവക്കുകളിൽ, തെങ്ങോലകളും, മണ്ണും, ചേറും കൊണ്ട് തടയണ ഉണ്ടാക്കിയിരുന്നു.   ചെമ്മാപ്പിള്ളി കടവ് മുതൽ വടക്ക് മുറ്റിച്ചൂർ കടവ് വരെ അതുണ്ടായിരുന്നു.

നീണ്ട ഒരു വർഷക്കാലം ഇങ്ങനെ ഈ ചകിരിക്കുഴികളിൽ, ചകിരി ചീഞ്ഞൊലിക്കുമ്പോൾ, ഇവിടുത്തെ വെള്ളത്തിന് ഒരുതരം കരിഞ്ചുവപ്പ് നിറമുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാവാം, ഈ കടവിന് ചെമ്മാപ്പിള്ളി കടവ്, അഥവാ ചുവന്ന ഗ്രാമക്കടവ്, എന്ന പേരുണ്ടായതെന്ന് ചില സ്ഥലനാമകാരന്മാർ അഭിപ്രായപ്പെടുന്നു. ഇവിടങ്ങളിലെ വെള്ളത്തിന് ഇപ്പോഴും ആ ചെങ്കാളിമ കാണുന്നുണ്ട്.

അക്കാലത്ത് ചകിരി ഉണക്കി സംഭരിച്ചിരുന്ന ചെമ്മാപ്പിള്ളി കടവിലെ പഴയ പഴയ ഓലഷെഡ്ഡുകളാണ്, പിന്നീട് കള്ള് ഷാപ്പുകളായി മാറിയത്. ഈ പാലം ആരംഭിക്കുന്നിടത്തും അവസാനിക്കുന്നിടത്തും ഇന്ന് കള്ളുഷാപ്പുകളുണ്ട്. പഴയ കള്ളിന്റെ കാല്പനിക ലഹരിയും, ഷാപ്പുകറികളുടെ രുചിക്കൂട്ടുകളും ആസ്വദിക്കാനായി ഇന്നും ഇവിടെ സഞ്ചാരികൾ എത്തുന്നുണ്ട്.

ദാ പോകുന്നതാണ് ഇവിടുത്തെ ഏക സോളാർ ബോട്ട്. ഈ കാണുന്നത് ഒരു ആധുനിക മീൻ വളർത്തുകേന്ദ്രമാണ്. ഇതിന്നടുത്ത് ഒരു റസ്റ്റോറന്റ് പണി പുർത്തിയായിവരുന്നു. ഇവിടെ വരുന്ന സഞ്ചാരികൾക്ക്, ഇവിടെനിന്ന് മത്സ്യങ്ങളെ ചൂണ്ടിയെടുത്ത്, ഈ പുഴയേയും പുഴയോരങ്ങളേയും ആസ്വദിച്ച്, ഈ റസ്റ്റോറന്റിൽ വച്ച് പൊരിച്ചുകഴിക്കാം. സമീപത്തെ ഷാപ്പിലെ കള്ളും നുണയാം. ഇതൊക്കെ ഇവിടുത്തെ പുതിയ സംവിധാനങ്ങളാണ്.

ഇവിടെ ഇപ്പോൾ ഫ്രീക്കന്മാരുടെ സെൽഫി വിളയാട്ടം നടക്കുന്നുണ്ട്.

നാം നമ്മുടെ നാടിനെ കുറിച്ച് എന്തൊക്കെ പറഞ്ഞാലും, എത്രയൊക്കെ പുകഴ്ത്തിയാലും, നമ്മുടെ പുതിയ തലമുറ നന്നാവില്ല. പരസ്യം അരുതെന്ന് എഴുതിവച്ച ഈ പാലത്തിന്റെ മതിലുകളിൽ നമ്മുടെ അഴുകിയ പുതുതലമുറകളുടെ ആലേഖനകലകൾ സഞ്ചാരികളെ ലജ്ജിപ്പിക്കുന്നു.

ഞാനിനി ഈ പാലത്തിലൂടെ തിരിച്ചുനടക്കുകയാണ്. ദാ ഇവിടെ കുറച്ചു വിദ്യാർത്ഥിനികളെ കാണുന്നുണ്ട്. ഇവർ മലപ്പുറത്തുകാരാണ്. നാട്ടിക എസ്സെൻ കോളജിലെ കുട്ടികളാണ്. ഞാൻ അവരോട് അല്പം കശലം പറഞ്ഞു. നമുക്ക് ഈ രസക്കുട്ടികളെ കേൾക്കാം.

ഇനി ഇവിടുത്തെ കനോലി ക്രൂയിസിങ്ങ് ക്ലബ്ബ് നടത്തുന്ന പ്രവാസിയായ ദിലീപിനെ കേൾക്കാം, നമുക്ക്.

ദാ ഇപ്പോൾ കവി പാടിയതുപോലെ സൂര്യകിരീടം ഈ പുഴയിൽ എല്ലാ അർത്ഥത്തിലും വീണുടഞ്ഞിരിക്കുന്നു. ഈ പുഴയിൽ വീണുടഞ്ഞ് ചോപ്പലകൾ തീർക്കുന്ന സൂര്യൻ ഈ ഗ്രാമത്തിന്റെ ഗദ്ഗദമാവുന്നുണ്ട്. അപ്പോഴും ഇവിടുത്തെ യാനപാത്രങ്ങൾ, ഈ പുഴയുടെ കുഞ്ഞോളങ്ങളിൽ, സഞ്ചാരികൾക്കായി ദാഹിച്ചുകിടക്കുന്നത് കാണാം.  

കവിക്ക് തെറ്റിപ്പോയോ. ഇപ്പോൾ ആ സൂര്യകിരീടം ഉടഞ്ഞെന്ന് പറയാനാവില്ല. ദാ പുഴയുടെ നനുത്ത ഓളങ്ങളിൽ സൂര്യൻ ഇപ്പോൾ ഊഞ്ഞാലാടുകയാണോ. എത്ര മനോഹരമാണി തീരവും, തീരങ്ങളെ തഴുകുന്ന കുഞ്ഞുതിരകളും. ദിലീപ് വികാരവായ്പോടെ ചെമ്മാപ്പിള്ളിയുടെ വിവരണം തുടരുകയാണ്.

ഞാനിപ്പോൾ ദിലീപ് പറഞ്ഞ ആ സോളാർബോട്ടിലൂടെ കനോലിക്കനാലിന്റെ ഓളങ്ങളുടെ ലഹരിപ്പുറത്ത് ഒഴുകുകയാണ്. വല്ലാത്ത ഒരു ലഹരിയാണ് ഈ പുഴ നമുക്ക് തരുന്നത്. പുഴയോരങ്ങൾ നമ്മേ കൊണ്ടുപോകുന്നത് ഏതോ കാല്പനിക സ്വർഗ്ഗഭൂമിയിലേക്കാണ്. എന്തൊരു വശ്യമനോഹരമാണ് ചെമ്മാപ്പിള്ളിയും ഈ പുഴയുമെന്ന് ഞാനിപ്പോൾ അനുഭവിക്കുകയാണ്. എന്നെപ്പോലെ വേറേയും സഞ്ചാരികൾ ഈ പുഴപ്പരപ്പിലൂടെ ആനന്ദാതിരേകത്തോടെ ഒഴുകുന്നുണ്ട്.

എന്നോടൊപ്പമുള്ള രണ്ട് സഞ്ചാരികളാണിവർ. നമുക്ക് ഇവരെ കേൾക്കാം.

സമയം നേർത്ത ഇരുട്ടിലേക്ക് ഇഴയുകയാണ്. അപ്പോഴും ഈ പുഴയുടെ കരിമ്പച്ച ഛായച്ചേലിന് ഒരു മങ്ങലുമില്ല. ഈ പുഴ ഇങ്ങനെ സ്വച്ഛമായി ഒഴുകുകയാണ്. ദാ കാണുന്നതാണ് തൃപ്രയാൽ പാലം. ഈ പാലത്തിന് സമീപമാണ് ചരിത്രപ്രസിദ്ധമായ തൃപ്രയാർ ശ്രീരാമക്ഷേത്രം.

ദാ ക്ഷേത്രം നമ്മുടെ കാഴ്ഛയിലേക്ക് ഇഴഞ്ഞെത്തുന്നുണ്ട്. ക്ഷേത്രസംഗീതം പുഴയിൽ ഓളങ്ങളാവുന്നുണ്ട്. ദാ വെടിയും മുഴങ്ങി. ഹരേ രാമ. ആ പരിശുദ്ധമായ വെടിയൊച്ചയും പവിത്രമായ പുകപടലങ്ങളും നമ്മുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും ഒഴുകിയിറങ്ങുകയാണ്.

ഭക്തജനങ്ങൾ ശ്രീരാമനിൽ ആറാടുകയാണ്. അതോ ഈ ക്ഷേത്രത്തിലെ ഭക്തിനിർഭരമായ മീനൂട്ടിനെ ഓർമ്മിപ്പിക്കുകയാണോ എന്ന് തോന്നിപ്പോകും ഈ ക്ഷേത്രക്കടവ് ക്കാഴ്ചകൾ കാണുമ്പോൾ. ഇപ്പോൾ ഇതൊരു വിനോദസഞ്ചാരമല്ല, തീർത്ഥയാത്രയായി പരിണമിച്ചുവോ. അത്രമേൽ ഹൃദയത്തോട് ചേരുകയാണ് ഈ ബോട്ടുയാത്ര.

എന്നോടൊപ്പം സഞ്ചരിച്ച വിബിൻ ഒരു ഡാൻസറാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ബോട്ടിലെ സംഗീതത്തിനൊപ്പം അയാൾ ചടുലമായ ചുവടുവെപ്പിലൂടെ ചെമ്മാപ്പിള്ളിയെ ആനന്ദിപ്പിക്കുയാണ്. ഈ പുഴയെ പുളകം കൊള്ളിക്കുകയാണ്.

ഞാൻ ആ യുവ സഞ്ചാരികളോട് കൂട്ടായി, കളിയും തമാശകളും പങ്കുവച്ചു. എന്റെ ചെമ്മാപ്പിള്ളി സഞ്ചാരം ഇങ്ങനെ ഇവരോടൊപ്പം ശ്രീരാമലഹരിയിൽ സമംഗളം അവസാനിക്കുകയാണ്.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *