അതിരപ്പിള്ളിയുടെ ആയുസ്സ്
25 Aug 2024
സീറ്റിസ്കാൻ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് ലോകടൂറിസത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഗ്രാമത്തിലൂടെയാണ്. കേരളത്തിലെ ചാലക്കുടിയിലെ അതിരപ്പിള്ളി ഗ്രാമം. ഏകദേശം 500 ചതു.കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന അതിരപ്പിള്ളി ഗാമ പഞ്ചായത്ത് കേരളത്തിലെ ഒരു ഒന്നാം തരം ഗ്രാമ പഞ്ചായത്താണ്. ചാലക്കുടി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ വിനോദസഞ്ചാര കേന്ദ്രം തൃശൂരിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 60 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. വീഡിയോ കാണാം
ഹരിതാഭമായ ഈ വനസ്ഥലിയിലൂടെ കടന്നുപോകുമ്പോൾ, ഒരുകാലത്ത് ഏഴാറ്റുമുഖത്തിന് ഏഴഴക് പകർന്ന, നിലത്തോളം മുട്ടുന്ന മുടിയഴിച്ചിട്ട എണ്ണപ്പനകൾ കാണാം. വേണുഗാനം പൊഴിക്കുന്ന, മുളപൊളിയും ശബ്ദം ഉയർത്തുന്ന മുളംകാടുകൾ കാണാം. പക്ഷി-മൃഗാതികളുടെ പാട്ടും കൂത്തും ഇരമ്പലും കേൾക്കാം. പണ്ടെങ്ങോ പണിതീർത്ത വനപാതകളുടെ പ്രാരബ്ദങ്ങൾ കേൾക്കാം, പരിഭവങ്ങൾ അറിയാം, അനുഭവിക്കാം. ഈറനണിഞ്ഞ കുളിർകാറ്റും ആസ്വദിക്കാം. ഭാഗ്യമുണ്ടെങ്കിൽ ഇടയ്ക്കിടെ വന്യമൃഗങ്ങളേയും കാണാം. അത്തരം സാധ്യത ഉള്ളിടത്തൊക്കെ വനം വകുപ്പ് ബോഡുകളും തൂക്കിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിലേക്ക് വാതിൽ തുറക്കുന്ന ഷോളയാർ റേഞ്ചിൽ, സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ്, ചാലക്കുടി പുഴ അണിയിച്ചൊരുക്കുന്ന ഈ അതിമനോഹര അതിരപ്പിള്ളി വെള്ളച്ചാട്ടം. 145 കിലോമീറ്റർ നീളത്തിലൊഴുകുന്ന ചാലക്കുടി പുഴ ഈ യാത്രയിൽ അവിടവിടെ കാണാം. ഈ പുഴ അതിരപ്പിള്ളി പ്രവേശിക്കുന്നതോടെ കരുത്താർജ്ജിച്ച് ഗർജ്ജിക്കുന്നത് കാണാം. പിന്നെ ഏകദേശം 80 മീറ്റർ ഉയരത്തിൽ നിന്ന് പട്ടുറുമാൽ പാളികൾ പോലെ ഭൂമിയിലേക്ക് ആരവത്തോടെ ഒഴുകിവീഴുന്ന, ഈ പാലാഴി ആരേയും വിസ്മയിപ്പിക്കുന്നു. ഇതിന്റെ ഉള്ളൊഴുക്കിന്റെ കലി കുറയുന്നത് പിന്നെ ഒരു കിലോമീറ്ററും കടന്ന് കണ്ണംകുഴിയിലെത്തുമ്പോഴാണ്.
ഈ മനോഹര ഭൂമിക സസ്യ-പക്ഷി-മൃഗാതികളാൽ സമ്പുഷ്ടമാണ്, ഹരിതാഭമാണ്. ആരേയും അതിശയിപ്പിക്കുന്ന കേരളത്തിലെ, ഉയരം കൂടിയ, ജലധാര കൂടിയാണ് അതിരപ്പിള്ളി. ഇതിന്റെ വശ്യമനോഹര സൌന്ദര്യത്തിൽ മതിമറന്ന് ഇവിടെ ജലസമാധിയായവരുടെ എണ്ണം ഒരോ വർഷവും കൂടിക്കൂടി വരുന്നു. ഏകദേശം ഏഴ് ദശലക്ഷം സഞ്ചാരികൾ പ്രതിവർഷം അതിരപ്പിള്ളി-വാഴച്ചാൽ ജലധാരോത്സവം കണ്ടുമടങ്ങുന്നു.
എൺപത് രൂപ കൊടുത്ത് ടിക്കറ്റെടുക്കണം ഈ ജലധാരോത്സവം കാണാൻ. മലയാളികളെക്കാൾ കൂടുതൽ തമിഴരും ഹിന്ദിക്കാരും ഇംഗ്ലീഷുകാരുമാണ് ഈ പ്രകൃതിയുടെ ജലോത്സവം കാണാനെത്തുന്നത്. മലയാളികൾക്ക് ഇപ്പോൾ ഇതിലൊന്നും വലിയ താത്പര്യമില്ല. അവരൊക്കെ ഇപ്പോൾ തായ്ലന്ധും വിയറ്റ്നാമും ബാലിയും യൂറോപ്പും കറങ്ങിനടക്കുകയാണ്. സ്വന്തം നാട് മുഴുവനും കാണാതെ ലോകം ചുറ്റുന്ന ഈ മലയാളിയുടെ തൊലിക്കട്ടിയും ആഭാസപ്രഭാവവും പരമ പുച്ഛത്തോടെ കാണാനാണ് എനിക്കിഷ്ടം.
പ്രതിവർഷം ഏഴ് ദശലക്ഷം സഞ്ചാരികളിൽ നിന്ന് 80 രൂപ നിരക്കിൽ പണം സ്വരൂപിക്കുന്ന ഈ വിനോദസഞ്ചാരകേന്ദ്രത്തിന്റെ അവസ്ഥ പരിതാപകരമാണ്. പണ്ടെങ്ങോ മുളകൾകൊണ്ടും ഓലകൾകൊണ്ടും മോഡി പ്രദർശിപ്പിച്ച ഇവിടുത്തെ നിർമ്മിതികളെല്ലാംതന്നെ തേഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നു. ഒട്ടും വിനോദസഞ്ചാര സൌഹൃദമല്ല ഈ വിനോദസഞ്ചാര കേന്ദ്രം എന്ന് നമുക്ക് നിസ്സംശയം പറയാം. നേരത്തെ പറഞ്ഞ ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതിപ്രമാണിമാർക്ക് വേണ്ടി ബലി കൊടുക്കാനാണോ ഈ നിഷേധാത്മക നിലപാടെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റപ്പെടുത്തുകയും വയ്യ.
വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ സസ്യ-പക്ഷി-മൃഗാതികളുടെ അനുഗ്രഹീത ആവാസകേന്ദ്രം കൂടിയാണ് അതിരപ്പിള്ളി-വാഴച്ചാൽ വനമേഖല. പശ്ചിമഘട്ടിത്തിലേക്ക് തുറന്നുകിടക്കുന്ന ജൈവ വൈവിദ്യങ്ങളുടെ ഈ സ്വർഗ്ഗഭൂമി പക്ഷേ, ഇന്ന് വിവരദോഷികളായ ഒരുകൂട്ടം ഭരണകൂടമനുഷ്യരുടെ അറവുയന്ത്രങ്ങളുടേയും മണ്ണുമാന്തികളുടേയും ഭീഷണിയിലാണ്. കാരണം, ഇവിടെയാണ് 1200 കോടി രൂപ മുടക്കിയുള്ള അവരുടെ ഹൈഡ്രോ-ഇലക്ട്രിക്ക് പദ്ധതി വരാൻ പോകുന്നത്. കേരളത്തിലെ പാരിസ്ഥിതിക പ്രവർത്തകരുടേയും ശാസ്ത്രജ്ഞരുടേയും കയ്യും മെയ്യും നാക്കും അരിഞ്ഞുവീഴ്തിക്കൊണ്ട് ഇവിടെയാണ് അവർ പ്രകൃതിയെ കൊല ചെയ്യാൻ ഒരുമ്പെടുന്നത്. ഈ പദ്ധതി വരുന്നതോടെ അതിരപ്പിള്ളിയുടെ സിമിത്തേരിയിൽ പ്രകൃതി ചത്തുകിടക്കും.
ഇപ്പോഴുള്ള ജല-താപ വൈദ്യുതി പദ്ധതികൾ നേരെ ചൊവ്വേ നടത്തിക്കൊണ്ടുപോയാൽ തീർക്കാവുന്നതേയുള്ളൂ കേരളത്തിന്റെ വൈദ്യുതി ക്ഷാമ പ്രതിസന്ധി എന്നാണ് വിദഗ്ദരുടെ അഭിപ്രായം. മാത്രമല്ല, അതിരപ്പിള്ളി-വാഴച്ചാൽ ഹരിതഭൂമിയിൽ ഈ പദ്ധതി നടപ്പിലാക്കി കഴിയുമ്പോൾ കേരളത്തിന് നഷ്ടമാവുന്നത്, ടൂറിസം ഇനത്തിലെ കോടികളാണ്, പിന്നെ, പാരിസ്ഥിതിക-സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇനിയും തിട്ടപ്പെടുത്താനാവാത്ത വേറേയും കോടികളും വരും നഷ്ടത്തിന്റെ കോളത്തിലെന്ന് ഈ മേഖലയിലെ വിദഗ്ദർ ചുണ്ടിക്കാണിക്കുന്നു. മാത്രമല്ല, പദ്ധതിക്കായി കടം വാങ്ങുന്ന 1200 കോടിയുടെ, തിരിച്ചടവും കോടികൾ വരും. അത് കേരളത്തെ പാപ്പരാക്കുമെന്നും സാമ്പത്തികവിദഗ്ദർ പറയുന്നുണ്ട്.
തമിഴ് സംവിധായകൻ മണിരത്നമാണ് ഈ ഭൂമികയുടെ പ്രകൃതിവിസ്മയങ്ങളെ അതിമനോഹരമായി അഭ്രപാളികളിലേക്ക് അടയാളപ്പെടുത്തിയത്. മലയാളമടക്കം ഒട്ടേറെ തെന്നിന്ത്യൻ സിനിമകളും ഹിന്ദി സിനിമകളും ഈ ഭൂമികയുടെ രോമാഞ്ചം പകർന്നെടുത്തിട്ടുണ്ട്. ഒട്ടേറെ ഗാനരംഗങ്ങളും അനശ്വരത പ്രഖ്യാപിച്ചത് ഈ വനസ്ഥലിയിൽനിന്നാണ്.
അതിരപ്പിള്ളി-വാഴച്ചാൽ ഭൂസ്ഥലികളെ ആകമാനം വിഴുങ്ങിക്കളയുന്ന ഹൈഡ്രോ-ഇലക്ട്രിക്ക് പദ്ധതിക്ക് ആരംഭം കുറിച്ചത് 1982-ലാണ്. കേരളത്തിലെ പാരിസ്ഥിതിക പ്രവർത്തകരുടേയും ശാസ്ത്രജ്ഞരുടേയും നിരന്തരമായ ഇടപെടലുകളിൽ അതിനെ മരവിപ്പിച്ച് നിർത്തിയിരിക്കുകയാണ് നാളിതുവരെ. കണ്ണുള്ള കോടതികളും ദീർഘവീക്ഷണമുള്ള മാധവ് ഗാഡ്ഗിലും ഇതുവരെ ഈ ഭൂസ്ഥലിയെ നെഞ്ചോട് ചേർത്തുവച്ച് സംരക്ഷിച്ചുപോന്നു. എന്നിരുന്നാലും, ഇടപെടലുകളെ അതിജീവിച്ചുകൊണ്ട് ഭരണകൂടത്തിന്റെ അറവുയന്ത്രങ്ങളും മണ്ണുമാന്തികളും സ്ഫോടക സാമഗ്രികളും ഭാവിയിൽ ഏതുനിമിഷവും അതിരപ്പിള്ളി-വാഴച്ചാൽ ഭൂസ്ഥലികളേയും ഇവിടുത്തെ ഗോത്ര- സസ്യ-പക്ഷി-മൃഗാതികളെയും ഇല്ലാതാക്കാം എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത.
അതോടൊപ്പം, ഇനിയൊരു യാത്ര ഇങ്ങോട്ട് സാധ്യമാവുമോ എന്ന കടുത്ത ആശങ്കയിൽ സഞ്ചാരികളുടെ ഉള്ളുതുരക്കുന്ന ഒരു നൊമ്പരവും ഉള്ളിലെവിടെയോ എരിഞ്ഞുകൊണ്ടിരിക്കും..