പ്രേക്ഷകർ ക്ഷമിക്കണം. ഞാനിപ്പോൾ നില്ക്കുന്നത് തൃശൂരിലെ വെറുപ്പിന്റെ സ്നേഹതീരത്താണ്. ഒരുകാലത്ത് സഞ്ചാരികളെ ഒരുമയോടെ ഈ തീരത്തെത്തിച്ചപ്പോൾ ഇതൊരു സ്നേഹതീരമായിരുന്നു.
ഇന്നതെല്ലാം പോയിരിക്കുന്നു. ഇന്ന് ഈ തീരം വെറുപ്പിന്റെ സ്നേഹതീരമായി മാറിയിരിക്കുന്നു. വീഡിയോ കാണാം
കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിൽ തീരദേശങ്ങളിൽ തീരം വർദ്ധിക്കുന്നതായും പതിമൂന്നിടത്ത് തീരം ശോഷിക്കുന്നതായുമുള്ള പ്രതിഭാസം ശക്തമാവുകയാണെന്ന് ഈയടുത്ത് റിപ്പോർട്ടുണ്ടായിരുന്നു.
തൃശൂരും കണ്ണൂരും തീരവർദ്ധന സംഭവിച്ചപ്പോൾ, തിരുവനന്തപുരത്ത് തീരശോഷണവും സംഭവിച്ചതായാണ് പഠനറിപ്പോർട്ട്. നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റാണ് (എൻസിഎസ്‌സിഎം) ഇതുസംബന്ധിച്ച പഠനം നടത്തിയത്.
കേരളത്തിൽ കണ്ണൂരും തൃശൂരും ഇതുവഴി കാര്യമായ തീരവർദ്ധന സംഭവിച്ചിട്ടുണ്ട്. തൃശൂരിലാണ് ഏറ്റവും വലിയ തീരവർദ്ധന ഉണ്ടായത്. ഇവിടെ ഒമ്പത് ലക്ഷം ചതുരശ്ര മീറ്ററോളം പുതുതീരമുണ്ടായത്രെ. കണ്ണൂർ ജില്ലയിൽ അഞ്ചര ലക്ഷം ചതുരശ്ര മീറ്റർ പുതുതുതീരമുണ്ടായതായും കണക്കാക്കപ്പെടുന്നു. കണ്ണൂരിൽ മീങ്കുന്ന് ബീച്ചും, തൃശൂരിൽ സ്നേഹതീരം ബീച്ചും തീരവർദ്ധനയിലാണ്.

വിനോദസഞ്ചാരത്തെ സംബന്ധിച്ച് ഇത് നല്ലതാണ്. വിനോദസഞ്ചാരികൾക്കായി അത്രയും തീരം വിനോദത്തിനായി ലഭിക്കുമല്ലോ.
വസ്തുതകൾ ഇതൊക്കെയാണെങ്കിലും തൃശൂരിന്റെ സ്നേഹതീരകാഴ്ചകളോട് നമുക്ക് സ്നേഹരഹിതമായേ ഇപ്പോൾ പ്രതികരിക്കാനാവൂ.
ഒരുകാലത്ത് കേരളത്തിലെ, പ്രത്യേകിച്ചും തൃശൂർക്കാരുടെ വാത്സല്യതീരമായ സ്നേഹതീരം ഇന്ന് വെറുക്കപ്പെട്ട തീരമായി മാറിയോ എന്ന് നമുക്ക് ന്യായമായും സംശയിക്കാവുന്നതാണ്. അത്രയ്ക്കും അധികൃതരാൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ് ഇന്ന് സ്നേഹതീരം.
ആയതുകൊണ്ട്, കേരള സർക്കാരിനും തൃശൂരിലെ നിയമസഭാ സമാജികർക്കും പിന്നെ ബന്ധപ്പെട്ട തദ്ദേശഭരണകർത്താക്കൾക്കും കൂടാതെ, കേരള സംസ്ഥാന വിനോദസഞ്ചാര വികസന കോർപ്പറേഷനും ഞാൻ ഈ വീഡിയോ ബഹമാനപുരസ്സരം സമർപ്പിക്കുന്നു.
തൃശൂരിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ, തളിക്കുളം എന്ന സ്ഥലത്തെ തളിക്കുളം കടപ്പുറമാണ് സ്നേഹതീരം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കേരള സംസ്ഥാന വിനോദസഞ്ചാര വികസന കോർപ്പറേഷനാണ് ഈ സ്നേഹതീരം ബീച്ച് പരിപാലിക്കുന്നതിന്റെ ചുമതല.
തൃശ്ശൂരിൽ നിന്നും പടിഞ്ഞാറേക്കോട്ട – ഒളരി – കാഞ്ഞാണി – വാടനപ്പിളി വഴി തളിക്കുളം എന്ന സ്ഥലത്തിറങ്ങുക. അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സ്നേഹതീരം ബിച്ച്. എറണാകുളം – ഗുരുവായൂർ റോഡിലൂടെയും ഈ സ്നേഹതീരത്തെത്താം. പറവൂർ – കൊടുങ്ങല്ലൂർ – തൃപ്രയാർ വഴിയും തളിക്കുളം ബീച്ചിലെത്താവുന്നതാണ്. അല്ലെങ്കിൽ സ്നേഹതീരത്ത് എത്താവുന്നതാണ്.
ഒരു സാധാരണ കടപ്പുറം എന്ന നിലയിൽ നിന്ന്, സ്നേഹതീരം എന്ന പേര് നൽകി ഇന്ന് കാണുന്ന തരത്തിലുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയത് കേരളത്തിന്റെ ടൂറിസം വകുപ്പാണ്.
2005-ലാണ് അക്കാലത്തെ ടൂറിസം വകുപ്പ് മന്ത്രി കെ.സി. വേണുഗോപാലനും നാട്ടിക എംഎൽഎ പ്രതാപനും കൂടി ഈ പദ്ധതിയുടെ നിർമ്മാണം ഉദ്ഘാടനം നടത്തിയത്. കിറ്റകൊ (KITCO) എന്ന നിർമ്മാണസ്ഥാപനത്തിനായിരുന്നു, ഈ പദ്ധതിയുടെ നിർമ്മാണചുമതല.
രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ വിനോദസഞ്ചാര കേന്ദ്രം, അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രീ കോടിയേരി ബാലകൃഷ്ണനാണ്, 2007 മെയ് ആറാം തിയതി, സ്നേഹതീരമായി സഞ്ചാരികൾക്ക് സമർപ്പിച്ചത്.
2009-ൽ അന്നത്തെ ഗവർണർ ആർഎൽ ബാട്ടിയയും കേന്ദ്ര സഹമന്ത്രിയായിരുന്ന ഇ. അഹമദും, സംഘവും സ്നേഹതീരം സന്ദർശിച്ചതായി ഇവിടുത്തെ ശിലാഫലകങ്ങൾ പറയുന്നുണ്ട്. കൂടാതെ, 2009-2010 കാലഘട്ടത്തെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രത്തിനുള്ള അവാർഡ് കിട്ടിയതിന്റെ ശിലാഫലകവും നമുക്കിവിടെ കാണാം.

ഇവിടെ ഇപ്പോൾ സഞ്ചാരികളോട് മിണ്ടാനും പറയാനുമൊക്കെ ഈ ശിലാഫലകങ്ങൾ മാത്രമേ ഉള്ളൂ. എന്തുകൊണ്ടാണ് നമ്മുടെ സർക്കാരുകൾ ഇത്തരം ശിലാഫലകങ്ങൾ മാർബിളുകളിലും ഗ്രാനൈറ്റുകളിലും നിർമ്മിക്കുന്നതിന്റെ രാഷ്ട്രീയരഹസ്യം സീറ്റിവില്യംസ്കാനിന് ഇപ്പോഴാണ് ബോദ്ധ്യം വന്നത്.
അതായത് നമ്മുടെ രാഷ്ട്രീയക്കാരുടെ ഇത്തരം വികസനപദ്ധതികളൊക്കെ കാറ്റെടുത്താലും കടലെടുത്താലും കാലമെടുത്താലും ഈ ശിലാഫലകങ്ങൾ ഇവിടെ ചരിത്രസൂക്ഷിപ്പുകളായി അനശ്വരങ്ങളായി ഇവിടെതന്നെ നിലനില്ക്കണം. എന്തായാലും അതിലൊക്കെ ഈ ശിലാഫലകങ്ങളിലൂടെ അമരത്വം പ്രഖ്യാപിച്ചവർക്ക് ആനന്ദിക്കാം, ആഹ്ളാദിക്കാം.
ഈ ശിലാഫലകങ്ങൾ ഇവിടെ നിക്ഷേപിച്ചതിനുശേഷം, ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ, ഇന്നിവിടെ സ്നേഹതീരം കാണാനില്ല. സഞ്ചാരികളേയും കാണാനില്ല. ഇവിടങ്ങളിലെ ശിലാഫലകങ്ങൾ മാത്രം നമ്മേ വല്ലാതെ തുറിച്ചുനോക്കുന്നത് കാണാം.
അപ്പോഴും ഇവിടങ്ങളിലെ രാഷ്ട്രീയഭൂപടങ്ങൾ ഒളിമങ്ങാതെ മാനത്ത് വിരിപ്പിട്ട് മിന്നുന്നത് കാണാം. ഇതുവഴി, വഴിതെറ്റിയെത്തുന്ന സഞ്ചാരികൾക്ക്. ഇനിയും കെട്ടുപോകാത്ത വർണ്ണങ്ങളിൽ ഇവിടുത്തെ പാർക്കുകൾ അമ്പരന്നുനിൽക്കുന്നതും കാണാം.
ഏതോ പ്രേതാലത്തിലെന്നോണം ഇവിടുത്തെ കളിയൂഞ്ഞാലുകൾ ഇങ്ങനെ കടൽകാറ്റിലാടുന്നത് കാണാം. ആരോ ഊരിക്കൊണ്ടുപോയ ഊഞ്ഞാലുകളുടെ അനാഥമായ കഴുത്തുകളും കാണാം നമുക്കിവിടെ.

പാമ്പുകൾ പോലെ ഇവിടെ ഇഴയുന്ന ജലാശയങ്ങളിലെ മീനുകൾ ഭ്രാന്തികളെപോലെ കൈകാലുകളിട്ടടിക്കുന്നത് കാണാം. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവയുടെ തലകൾ ആരോ തല്ലിപ്പൊളിച്ചിട്ടതുപോലെ കാണാം. അവയിൽ ചിലവ ജീവനുള്ള അസ്ഥികൂടങ്ങൾ കണക്കെ ഒഴുകുന്നത് കാണാം.
അപ്പോഴും കടലിലെ തിരമാലകളെ വെല്ലുവിളിച്ചുകൊണ്ട് ഏതൊക്കെയോ രാഷ്ട്രീയക്കാരുടെ പേരുകൊത്തിയ, കത്താത്ത വിളക്കുമരങ്ങൾ പോലെ, ഹൈമാസ്റ്റുകളുടെ അഹങ്കാരം കാണാം. താഴെ ആളൊഴിഞ്ഞ അരങ്ങും കാണാം. കടലിന് അതിരിട്ടവരെ ഇളിച്ചുനോക്കുന്ന പല്ലുകൾ നഷ്ടപ്പെട്ട അഴികളളികിയ ചുണ്ടുകൾ കാണാം. അട്ടഹസിക്കുന്ന കടലിന്റെ ഒടുങ്ങാത്ത ആരവം കേൾക്കാം.
സഞ്ചാരികളൊഴിഞ്ഞ ചാരുബഞ്ചുകളും വിശ്രമകേന്ദ്രങ്ങളും കാണാം. അവിടങ്ങളിലെല്ലാം തിരകളെണ്ണിക്കഴിയുന്ന സ്നേഹതീരത്തെ നിദ്രയിലാണ്ട തെരുവുനായ്ക്കളെ കാണാം. മരുന്നിനുപോലും സഞ്ചാരികളില്ലാത്ത സ്നേഹതീരങ്ങൾ കാണാം. തിരമാലകളെ കാണാം, കേൾക്കാം.
ഭരണതമ്പുരാക്കന്മാരുടെ അവഗണന മുലം അന്യാഥീനമാക്കപ്പെട്ട സഞ്ചാരികൾക്ക് മാത്രം അവകാശപ്പെട്ട കെട്ടിടങ്ങളുടെ അസ്ഥിക്കൂടങ്ങൾ കാണാം. സഞ്ചാരികൾക്കുള്ള, അധികാരികളുടെ അപകട മുന്നറിയിപ്പ് ബോഡുകളും കാണാം.
സ്നേഹതീരങ്ങളിലേക്ക്, നേർത്ത പട്ടുറുമാലുമായെത്തുന്ന തിരകൾ, അപ്പോഴും സ്നേഹതീരങ്ങളോട് പറയും, നിങ്ങൾ പോയി നിങ്ങളുടെ അഹങ്കാരികളായ യജമാനന്മാരോട് പറയണം, ഈ തിരമാലകൾ പ്രക്ഷുബ്ദരാവാൻ ഇനിയും അധികം സമയം വേണ്ടെന്ന്. ഈ തിരകളുടെ, തീരങ്ങളുടെ ദുരിതം ആരറിയാൻ. അങ്ങനെയാണ് ഈ സേനേഹതീരങ്ങൾ വെറുപ്പിന്റെ തീരങ്ങളായത്.

ഈ തെങ്ങിൻ തലപ്പുകളും കാറ്റാടികളും ഒരുകാലത്ത് ഈ സ്നേഹതീരങ്ങളോട് കളിതമാശകളും കാര്യവിചാരങ്ങളും പങ്കുവച്ചതാണ്. ഇന്ന് ഈ തെങ്ങുകളിലും കാറ്റാടികളിലും വെറുപ്പിന്റെ കാറ്റ് വീശുന്നു. അധികാരികളോടുള്ള തീരാവെറുപ്പിന്റെ തീകാറ്റിൽ അവ സ്വന്തം വേരുകൾക്ക് പോലും തീ കൊളുത്തുന്നു. ഈ തിരകൾ അവക്ക് ശേഷക്രിയ നടത്തുന്നു.
ആരോ അടച്ചിട്ട ഈ സ്നേഹതീരത്തിൽ ഈയൊരു ബോഡുമാത്രം തൂക്കിയിട്ടവൻ ആരായിരിക്കും. ഈ പണിതീരാത്ത വീട് ഇനി എന്ന് പണി തീർക്കും. അല്ലെങ്കിൽ തന്നെ, ഇത് പണിതീർത്ത വീടെന്നായിരുന്നല്ലോ ഇവന്മാരൊക്കെ പണ്ട് വീരവാദം മുഴക്കിയതും ഇവിടെ ഈ തിളങ്ങുന്ന ശിലാഫലകങ്ങൾ, പുരപ്പുറത്തെ കോണകം പോലെ എറിഞ്ഞിട്ടതും. എന്നിട്ടും സഞ്ചാരികൾ ഇതൊക്കെ കാണാൻ ഇവിടെ എത്തുന്നുണ്ട്.
ഇവിടെ എത്തുന്ന സഞ്ചാരികളൊക്കെ ഈ സ്മാരക ശിലകളെ നോക്കി പുച്ഛിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും ഈ ഭരണകർത്താക്കൾക്ക് ഇനി എന്നാണ് ഉണ്ടാവാൻ പോകുന്നത്.
ഒരു നിയോഗം പോലെ ഈ ഐസ്ക്രീം വണ്ടി ഇവിടെ എന്നും വരാറുണ്ടത്രെ. ഈ വണ്ടിക്ക് ഈ വഴി മാത്രമേ അറിയൂ. പഴയ വണ്ടിക്കാളയെപോലെ ഈ വണ്ടിയും ഇവിടെ ഇങ്ങനെ വന്നുപോയിക്കൊണ്ടിരിക്കും. കരക്ക് പിടിച്ചിട്ട മീനിനെപോലെ ഈ വണ്ടിയും ഇവിടെ പിടഞ്ഞുമരിക്കുമായിരിക്കും.
ദൂരെനിന്ന് ഒരു ശബ്ദം കേൾക്കുന്നുണ്ട്. ആരോ ഇവിടെ തല്ലിപൊളിക്കുകയാണ്. പുനർനിർമ്മിതിക്കായി കരാർ തൊഴിലാളികളുടെ ഉപജീവനബഹളമാണ്. ഈ ഭൂമിക ഈ കോപ്രായങ്ങളെല്ലാം കാണുന്നുണ്ട്.
കുറേ നേരമായി ഞാനും എന്റെ ക്യാമറയും ഇവിടെ തീ കായുന്നു. ഇത്തിരി വെള്ളം കുടിക്കാമെന്ന് വിചാരിച്ചാൽ ഈ വെള്ളം ടാങ്ക് നമ്മേ നോക്കി കളിയാക്കി ചിരിക്കും. ഇതത്രെ കുടിവെള്ളം. കൂമ്പടഞ്ഞുപോയ ഈ ഭരണഭരണി ഇനി എന്നാണാവോ ഒന്ന് മുള്ളുക.
ദാഹിക്കുന്ന സഞ്ചാരികൾക്ക് ഇനിയിവിടെ ഈ കടലിലെ ഉപ്പുവെള്ളം കുടിച്ച് ദാഹം തീർക്കാം. സഞ്ചാരികളുടെ അന്തർദാഹവും തീർക്കാം. അവർ എല്ലാം തീർത്തുകൊണ്ടിരിക്കുന്നു.
ഈ മരങ്ങൾ ഇവിടെ കഴിഞ്ഞ കാലവർഷത്തിൽ കാലം ചെയ്തവയാണ്. ഇതൊന്ന് മറവുചെയ്യാൻ പോലും ഇവിടുത്തെ ശിലാഫലകങ്ങളിൽ പേരു കൊത്തിവച്ചവർക്ക് സമയമില്ല. ഇനി ഇതൊക്കെ കടലെടുത്ത് മറവുചെയ്യുന്നതും കാത്ത് കഴിയുകയാണവർ. എന്നിട്ടുവേണം അവർക്ക് ഈ കടൽതീരത്ത് ഒരു ശേഷക്രിയ നടത്താൻ. അപ്പോൾ കടലിന്റെ പേരിലും എഴുതും അവർ ഒരു വൌച്ചർ. അങ്ങനെ ഈ മരിച്ച മരവും അവർക്ക് പണം കായ്ക്കുന്ന മരമാവും.
ഇതൊക്കെ ഒരു കാലത്ത് ഇവിടെ പരിഷ്കരിച്ചവരുടെ സിമിത്തേരികളാണ്. മരണം കാത്തു കഴിയുന്ന സിമിത്തേരികളാണ്, ഇതൊക്കെ. ഇനി ഈ സിമിത്തേരികൾ പുനർനിർമ്മിക്കാനായെത്തും ചിലർ, കാറ്റ് അവർക്ക് അനുകൂലമായെത്തുമ്പോൾ.
അപ്പോഴും സഞ്ചാരികൾ ജലകേളികളിൽ അഭിരമിച്ചുകഴിയുകയുന്നുണ്ട് ഇവിടെ. ദൂരെ നിന്ന് കോസ്റ്റ് ഗാഡിന്റെ വിസിൽ കേൾക്കുന്നുണ്ട്. കടൽ പ്രക്ഷുബ്ദമാണ്. എല്ലാരും കടലിൽ നിന്ന് കയ്യും മെയ്യും ക്യാമറയും എടുത്തുമാറ്റണം. ഞാനും ഈ സ്നേഹതീരത്തെ അനുസരിക്കട്ടെ.

