ഞാനിപ്പോൾ നാഥുല പാസ്സിലാണ്. നാഥുല ചുരത്തിന്റെ ചരിത്രം ഞാൻ നേരത്തെ രണ്ട് എപ്പിസോഡുകളിലായി വിശദീകരിച്ചിരുന്നു. വീഡിയോ കാണാം
വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം മഞ്ഞുകാഴ്ചകൾ ഒരു ഭാഗ്യമാണ്. എനിക്കിന്ന് ആ മഹാഭാഗ്യം കൈവന്നിരിക്കുകയാണ്. നാഥുല പാസ്സിനെ കുറിച്ച് പറയുകയാണെങ്കിൽ അങ്ങോട്ടേയ്ക്കുള്ള പാസ്സ് അഥവാ അനുമതിയും ഒരു ഭാഗ്യമാണ്. ദേശസുരക്ഷയുടെ ഭാഗമായും പ്രകൃതിദുരന്തത്തിന്റെ ഭാഗമായും ഈ ചുരം പലപ്പോഴും അ.ഞ്ഞുകിടക്കുക പതിവാണ്.
നാഥുലയിലേക്കുള്ള വഴിയിലുടനീളം ദാ ഇതുപോലുള്ള കൊച്ചുകൊച്ചു കച്ചവടസ്ഥലികൾ കാണാം. തൊപ്പിയും കമ്പളിക്കുപ്പായങ്ങളും പിന്നെ മഞ്ഞിനെ പ്രതിരോധിക്കാനുള്ള എല്ലാമെല്ലാം ഇവിടെ ലഭ്യമാണ്. ശ്വാസതടസ്സം അനുഭവിക്കുന്നവർക്കായി ഓക്സിജൻ കുറ്റികളും ലഭ്യമാണിവിടെ.
ഈ കസേരകളിലിരിക്കുന്ന രണ്ടുപേരും ഓക്സിജൻ മാസ്ക് വഴി ശ്വാസതടസ്സത്തെ നേരിടുകയാണ്.
മഞ്ഞുതാഴ്വാരങ്ങളിലൂടെ ഈ ഒതുക്കുകൾ കയറിവേണം ഉയരങ്ങളിലെത്താൻ. അവിടെയാണ് ഇന്തോ-ചീനാ അതിർത്തി. രണ്ടുരാജ്യങ്ങളുടേയും അതിർത്തിഗോപുരങ്ങളും യുദ്ധസ്മാരകങ്ങളും കാണാം അവിടെ. പിന്നെ മഞ്ഞിന്റെ താഴ്വാരങ്ങളിൽ മഞ്ഞുകേളികളിൽ നിർവൃതിയടയാം. ഉയരങ്ങളിൽ ഫോട്ടോഗ്രാപി നിരോധിച്ചിട്ടുണ്ടെങ്കിലും വിനോദസഞ്ചാരികൾ നിരോധനത്തിന്റെ ഗൌരവം മനസ്സിലാക്കാതെ മോബൈലിൽ ചിത്രീകരണം നടത്തുന്നുണ്ട്. അവരെയൊക്കെ വിലക്കിക്കൊണ്ടുള്ള സുരക്ഷാഭടന്മാരുടെ വിസിലുകളും മുഴങ്ങുന്നുണ്ട്.
ചൈനയും ടിബറ്റും പശ്ചിമ ബംഗാളും തൊട്ടുതൊട്ടില്ല എന്നമട്ടിൽ ഇണചേർന്നുകിടക്കുന്ന ഒരു ഹിമാലയൻ ചുരമാണ് നാഥുല. ഏകദേശം 14140 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ചുരം ചുമ്പി താഴ്വരകളേയും കോലിംപോങ്ങ് ഗാങ്ങ്ടോക്ക് ഗ്രാമ്യ-നഗരപ്രദേശങ്ങളേയും തണുപ്പിച്ച് കഴിഞ്ഞുപോരുന്നു.
കഠിനമായ മഞ്ഞുമലകളിൽ താഴ് വാരങ്ങളിൽ നിന്ന് വീശിയെത്തുന്ന കാറ്റ് ഒരു തണുത്ത ചൂളംവിളി കാഴ്ചവക്കുന്നതുകൊണ്ട്, ചൂളം വിളിക്കുന്ന ചുരം എന്നൊരു പേരുകൂടിയുണ്ട് ഈ ചുരത്തിന്.
ഇന്നിവിടെ നല്ല തിരക്കാണ്. ഞാൻ വളരെ ബുദ്ധിമുട്ടിയാണ് ഈ തിരക്കിലൂടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. ഇവിടുത്തെ ശബ്ദകോലാഹലങ്ങൾ കാരണം ലൈവ് വോയ്സ് ഓവർ സാധ്യമല്ല. മാത്രമല്ല ഈ ഒതുക്കുകളിലൂടെയുള്ള സഞ്ചാരവും സുഖകരമല്ല.
ഞാൻ നേരത്തെ പറഞ്ഞല്ലോ, 1873-ൽ അന്നത്തെ ഡാർജിലിങ്ങ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ജെ.ഡബ്ല്യൂ. എഡ്ഗർ ആണ് ഈ ചുരം സർവ്വെ ചെയ്ത് അടയാളപ്പെടുത്തിയത്. അതിന് മുമ്പ് രാജവാഴ്ചയുണ്ടായിരുന്ന സിക്കിം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. അക്കാലത്ത് ചൈനയും ബ്രിട്ടണും ടിബറ്റും മറ്റ് രാജ്യങ്ങളും കച്ചവടം നടത്തിയിരുന്നത് ഈ ചുരം വഴിയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ചില ഔഷധങ്ങളും ഇന്ധനങ്ങളും മറ്റ് യന്ത്രസാമഗ്രികളുമാണ് ചൈനയിലേക്ക് കടത്തിയിരുന്നത്. പകരം കമ്പിളിയും സിൽക്കുമാണ് ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. അതുകൊണ്ടാണ് ഈ ചുരംവഴിയെ സിൽക്ക് റൂട്ട്, വൂൾ റൂട്ട് എന്നൊക്കെ വിളിച്ചുപോന്നിരുന്നത്. കഴുതകളും കുതിരകളുമായിരുന്നു ചരക്കുഗതാഗത മാർഗ്ഗങ്ങൾ. ഇന്നതൊന്നുമില്ല.
ഇവിടെ ഇതുപോലുള്ള യുദ്ധസ്മാരകങ്ങളും അതുമായി ബന്ധപ്പെട്ട ചരിത്രരേഖാഫലകങ്ങളും കാണാം.
കൊടുംതണുപ്പിനെ ചുടുചായകൊണ്ട് നേരിടാൻ ഇവിടെ ഒരു കൊച്ചു തട്ടുകട സംവിധാനമുണ്ടെങ്കിലും തിരക്കുമൂലം ചായ ലഭിക്കുക പ്രയാസകരമാണ്.
അങ്ങ് ദൂരെ കാണുന്നത് സഞ്ചാരികൾ വന്നിറങ്ങിയ വാഹനവ്യൂഹങ്ങളാണ്. ഏകദേശം ഒരു കിലോമീറ്റർ ദൂരത്താണ് സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. അതുകൂടാതെ റോഡിന്റെ വശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്.
മഞ്ഞുവാരി മുകളിലേക്കെറിയുന്നത് ചിത്രകരിക്കലാണ് ഇവിടുത്തെ പ്രധാന ഫോട്ടോഗ്രാഫി ആകർഷണം. കുറേ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഇവിടങ്ങളിൽ റീൽസ് ചിത്രീകരിക്കുന്നത് കാണാം. ഞാനും വിട്ടുകൊടുത്തില്ല. അത്തരം ദൃശ്യങ്ങൾ ഞാനും സ്വന്തമാക്കി.
സിക്കിമ്മിലെ ഡോങ്ക്യാ റേഞ്ചിലാണ് നാഥുല പാസ്സ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നാൽ ബൂട്ടാനിലെ ജോമാൽഹാരി പർവ്വതനിരകൾ കാണാം. കാഞ്ചൻജുംഗയുടെ പ്രിയസഖിയാണത്രെ ജോമാൽഹാരി പർവ്വതനിരകൾ. ലോകത്തിലെ തന്നെ ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ് കാഞ്ചൻജുംഗ.
ഗംഗാനദിയുടെ തീരത്ത് കാഞ്ചനതിളക്കത്തോടെ തല ഉയർത്തിനിൽക്കുന്ന പർവ്വതമായതുകൊണ്ടാണ് ഈ പർവ്വതനിരകളെ കാഞ്ചൻജുംഗ എന്ന് വിളിച്ചുപോന്നത്. കാഞ്ചൻജുംഗ പർവ്വത നിരകൾക്ക് പന്ത്രണ്ടോളം കൊടുമുടികളാണ് ഉള്ളത്. അതിൽതന്നെ ഉയരംകൂടിയ മൂന്ന് കൊടുമുടികൾ ഇവിടെ നിന്ന് കാണാവുന്നതാണ്, കാലാവസ്ഥ അനുകൂലമെങ്കിൽ.
സഞ്ചാരികളുടെ തിരക്ക് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. പലസഞ്ചാരികളും മഞ്ഞുതാഴ്വാരമിറങ്ങിതുടങ്ങി. പലരും എന്റെ ക്യാമറക്ക് ഹായ് തരുന്നുണ്ട്. പുകമഞ്ഞ് കൂടിക്കൂടി വരുന്നുണ്ട്. സഞ്ചാരികൾ പലരും അവരവരുടെ വാഹനങ്ങൾ തേടി താഴ്വാരമിറങ്ങാൻ തുടങ്ങി.
ദാ ദൂരെ കാണുന്ന ഗോപുരങ്ങളിൽ ഒന്നാണ് ചീനപട്ടാളത്തിന്റെ അതിർത്തി ഗോപുരം.
ഈ കാണുന്ന ത്രികോണനിർമ്മിതിയും ചൈനീസ് പട്ടാളത്തിന്റേതാണ്.
കൊൽക്കത്തയിലെ സഞ്ചാരികളുടേതാണ് ഈ ശുനകൻ. അവൻ ശ്വസിക്കുന്നതും ഉച്ചസിക്കുന്നതും മഞ്ഞാണ്. അവൻ എന്റെ ക്യാമറക്ക് പോസ് ചെയ്തുതന്നു. ദിഗു എന്നാണ് ഇവന്റെ പേരു്.
ടൂറിസ്റ്റ് ഗൈഡുകൾ അവരുടെ സഞ്ചാരികളെ സംഘടിപ്പിച്ചുതുടങ്ങി. ഇനി ഗ്രൂപ്പ് ഫോട്ടോയും എടുത്ത് അവർ അവരവരുടെ വാഹനങ്ങളിലേക്ക് മടങ്ങും.
ബുദ്ധനെ സാക്ഷിയാക്കി, കാഞ്ചൻജുംഗയെ അടയാളപ്പെടുത്തി ഇനി സഞ്ചാരികൾ നാഥുല താഴ്വാരമിറങ്ങും.
ഭാരതത്തിന്റെ അഭിമാനത്തിന്റെ 14140 അടി തൊട്ടതിന്റെ ദേശീയചൂടനുഭവിച്ച് സഞ്ചാരികൾ ഈ ചൂളം വിളിക്കുന്ന ചുരമിറങ്ങും. എത്ര കണ്ടാലും മതിവരാത്ത ഈ താഴ്വാരമിറങ്ങാൻ മടിയോടെ സഞ്ചാരികൾ അപ്പോഴും അവിടവിടെ തങ്ങിനിൽക്കും.
ഈ സമയത്താണ് സഞ്ചാരികളെ വിസ്മയിപ്പിച്ചുകൊണ്ട് കുറേ ശുനകന്മാർ ഈ കാണുന്ന പർവ്വതം ഓടികീഴടക്കുന്ന അതിശയകരമായ കാഴ്ച കണ്ടത്.
കുട്ടികളിൽ ചിലരൊക്കെ കരഞ്ഞ് വാശിപിടിക്കുന്നുണ്ട്. വേറെ ചില കുട്ടികൾ അവിടം വിട്ട് പോകാനും സമ്മതിക്കുന്നില്ല.
പോണ്ടിച്ചേരിക്കാരൻ അച്ഛനാണ്, ഈ കുഞ്ഞും വാശിയിലാണ്.
എന്റെ വണ്ടിയുടെ ഡ്രൈവർ ഹമീസിനെ കണ്ടു. ഇനി നാഥുല താഴ്വാരമിറങ്ങാം.
എന്റെ കാറും നാഥുല വലംവച്ച് ചൂളം വിളിച്ചുകൊണ്ട് ആ സ്വപ്നസമാന ചൂളംവിളിക്കുന്ന ചുരമിറങ്ങി.