ഡിസ്നിലാന്ഡ് സഞ്ചാരകഥകൾ-ഭാഗം-2
07 Jan 2025
ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ഡില്നിലാന്ഡ് കഥാപാത്രങ്ങളേയും അവരുടെ ഭൂമികയേയും പഠിക്കാത്ത ആരും തന്നെ ഇവിടെ വന്നിട്ട് വലിയ പ്രയോജനമില്ല. കാരണം, ഈ ഭൂമിയും ചുറ്റുപാടുകളും അവരുടേതാണ്. വീഡിയോ കാണാം.
ഞാൻ ഡിസ്നിലാന്ഡ് കാഴ്ചകളിൽ ആറാടുകയാണ്. ഇപ്പോൾ നിങ്ങളും എന്ന് ഞാൻ കരുതട്ടെ. അപ്പോഴും ഒരു കാര്യം വ്യക്തമാണ്. ചുരുങ്ങിയപക്ഷം മിക്കിമൌസ് കാർട്ടൂൺ സിനിമ ഒരു വട്ടമെങ്കിലും നാം കണ്ടിരിക്കണം ഡിസ്നിവേൾഡ് കാണും മുമ്പ്. പണ്ടൊക്കെ നമ്മുടെ കുട്ടികൾ ഈ കാർട്ടൂൺ കാണുമ്പോൾ ഞാൻ സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല, ഒരുനാൾ ഞാൻ ഈ കാർട്ടൂൺ ലോകത്ത് വരുമെന്ന്.
ഇവിടെ നിറയേ പച്ചയാണ്, മഞ്ഞുപൂത്ത പുൽത്തകിടുകളാണ്. മഞ്ഞുപതയുന്ന സ്ഫടിക തടാകങ്ങളാണ്. അവിടവിടെ വിളക്കുമരങ്ങൾ കാണാം. കൊച്ചുകൊച്ചു പാലങ്ങൾ കാണാം. ഓരോ പാലങ്ങളും നമ്മേ കൊണ്ടുപോകുന്നത്, ഓരോ സ്വപ്നഗോപുരങ്ങളിലേക്കോ കാല്പനിക കൊട്ടാരങ്ങളിലേക്കോ അല്ലെങ്കിൽ സ്വപ്നങ്ങളിലേക്ക് തന്നെയാവാം.
ഇവിടമൊക്കെ ഡില്നിലാന്ഡ് കഥാപാത്രങ്ങൾ, അവരുടെ പാദമുദ്രകൾ പതിപ്പിച്ച ഇടങ്ങളാണ്. ഡില്നിലാന്ഡിൽ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടെങ്കിലും, പ്രധാന കഥാപാത്രങ്ങളായ മിക്കിമൌസും അവന്റെ കൂട്ടുകാരിയായ മിന്നി മൌസും, ഗൂഫിയും, ഡൊണാൾഡ് ഡക്കും, പ്ലൂട്ടോ തുടങ്ങിയവരെയെങ്കിലും ചുരുങ്ങിയപക്ഷം നാം അറിഞ്ഞിരിക്കണം, ഡിസ്നിലാന്ഡ് ആസ്വദിക്കാൻ.
ഇവിടെ ഈ കാണുന്ന മനോഹര ഗോപുരങ്ങൾ സ്റ്റെയിൻലസ്സ് സ്റ്റീലിൽ തീർത്തതാണ്. ശാസ്ത്രീയമായാണ് ഈ ഗോപുരങ്ങൾക്ക് വെള്ളിയും ചെമ്പും കലർന്ന നിറം പകർന്നിട്ടുള്ളത്. Sleeping Beauty Castle അഥവാ ഉറങ്ങുന്ന സുന്ദര കൊട്ടാരം എന്നാണ് ഈ ഗോപുര സമുച്ഛയത്തെ വിളിക്കുന്നത്. 1992 ഏപ്രിൽ 12-നാണ് ഈ കൊട്ടാരം നിർമ്മിച്ചത്. ഞാൻ ഈ ഉറങ്ങുന്ന കൊട്ടാരത്തെ വല്ലാത്തൊരു ആവേശത്തോടെ വാരിവാരി പുൽകുകയാണ്. ആസ്വദിക്കുകയാണ്.
ഇവിടെ എവിടേയും കുട്ടികൾക്കുള്ള വണ്ടികൾ അഥവാ പെരാമ്പുലേറ്ററുകൾ കാണാം. മാനവും പ്രകൃതിയും കണ്ട് ഈ കുഞ്ഞുവണ്ടികളിൽ കുഞ്ഞുകണ്ണുകൾ വട്ടം പിടിച്ച് കുസൃതി കാണിക്കുന്ന കുട്ടികളെ കാണാം. അച്ഛനോ അമ്മയോ ആയിരിക്കും, ഈ വണ്ടികൾ, ഇവിടെ വല്ലാത്ത ആഹ്ളാദത്തോടെ, ഉന്തിക്കൊണ്ടിരിക്കുന്നത്.
കുട്ടികളുടെ വണ്ടികൾ ഇങ്ങനെ പാർക്ക് ചെയ്യുന്ന ഇത്തരം കാഴ്ചകൾ ഇവിടെ സാധാരണമാണ്. ഒരുപക്ഷേ ഇവിടെയല്ലാതെ ലോകത്ത് എവിടേയും ഈ കാഴ്ചകൾ കാണാനാവില്ലെന്ന് തോന്നുന്നു,
ഈ ഭൂമികയുടെ ഭൂപടബോധമില്ലാതെ ഈ ഡിസ്നിലാന്ഡ് ആസ്വദിക്കുക എളുപ്പമല്ല. മോബൈലും ഗൂഗിളും വന്നിട്ടും ഇന്നും ഇംഗ്ലീഷുകാർ ഭൂപട പര്യവേക്ഷകരാണ്. എന്റെ യാത്രകളിൽ ഞാനിന്നും കണ്ടുമുട്ടുന്ന മിക്കവാറും യൂറോപ്യൻ സഞ്ചാരികളും ഭൂപടങ്ങളുമായി സഞ്ചരിക്കുന്നവരാണ്.
നമ്മളിൽ പലർക്കും ഇന്നും ഭൂപടം നോക്കാനറിയില്ല. ഭൂപടം സ്വന്തമായുള്ളവരും നമ്മളിൽ അധികം പേരുണ്ടാവില്ല. ഭൂപടം കൈവശം ഉണ്ടായിട്ട് കാര്യമില്ല, ഭൂപടം നോക്കാനറിയണം. ഭൂപടം നോക്കി ഒരു കോമ്പസ്സിന്റെ അഥവാ വടക്കൻ നോക്കി യന്ത്രത്തിനേക്കാൾ കൃത്യതയോടെ നമുക്ക് ഭൂസ്ഥലികളിലെത്താം. എന്നാൽ പുതിയ തലമുറ ഗൂഗിളിൽ ഉടക്കിക്കിടക്കുയാണ് ഇന്നും.
ഇവിടെ നിറയേ കൊച്ചുകൊച്ചുവെള്ളച്ചാട്ടങ്ങൾ കാണാം. അവ തീർക്കുന്ന നീലജലാശയങ്ങളും കാണാം. നീലജലാശയങ്ങളിലെ അരയന്നങ്ങളേയും കാണാം. ഇവിടങ്ങളിലൊക്കെ സെൽഫികൾ പൂത്തുലയുന്നതും കാണാം.
ഞാനൊരു കൊട്ടാരത്തിനകത്ത് കടന്നു. ഓരോ കൊട്ടാരപ്രവേശവും ആനന്ദകരമാണ്. ഇരുട്ടും വെളിച്ചവും മുത്തമിട്ടുകളിക്കുന്ന കൊച്ചുകൊച്ചു ഗോവണികൾ കറിയിറങ്ങിവേണം കൊട്ടാരത്തിനകത്ത് പ്രവേശിക്കുക. അകത്ത് പ്രവേശിച്ചാൽ പിന്നെ വീണ്ടും വീണ്ടും പ്രവേശിക്കാനുള്ള പിന്നേയും പിന്നേയും കൊട്ടാരങ്ങൾ കാണാം.
ഇവിടെ പിനോഷ്യയുടെ താവളം കാണാം. പിനോഷ്യ മറ്റൊരു ഡില്നിലാന്ഡ് കഥാപാത്രമാണ്. ഇറ്റാലിയൻ ബാലസാഹിത്യകാരനായ കാർളോ കൊള്ളോഡിയുടെ ഒരു സാഹസിക കഥാപാത്രമാണ്, പിനോഷ്യോ. കാർളോ കുട്ടികൾക്കായി എഴുതിയ പ്രോട്ടഗോണിസ്റ്റ് എന്ന നോവലിലെ കഥാപാത്രമാണ്. പിനോഷ്യയുടെ സാഹസിക യാത്രാപഥങ്ങളുടെ ലോകമാണ് ഇവിടെ തുടങ്ങുന്നത്.
ഒരുപാട് കുട്ടിവണ്ടികളൊണ് ഇവിടെ പാർക്ക് ചെയ്തിരിക്കുകയാണ്. മാതാപിതാക്കളും കുട്ടികളുമെല്ലാം പിനോഷ്യയുടെ സാഹസിക യാത്രയിൽ പങ്കുചേരാൻ പോയിരിക്കുകയാണ്.
ഇവിടെ അച്ഛന്മാരൊക്കെ ഒരുപാട് നടന്ന് നടന്ന്, ഡിസ്നിപാർക്ക് തടാകക്കരയിൽ കാണാം. അവർ ഈ തടാകക്കരയിൽ, അവരുടെ കുട്ടിവണ്ടികൾക്ക് കാവൽ നിൽക്കുകയാണ്. കുട്ടികളേയും കൊണ്ട് അമ്മമാർ ഈ പാർക്കിലെവിടേയോ അലഞ്ഞുതിരിയുകയായിരിക്കണം. കുഞ്ഞുങ്ങളുടെ വഴിയും ജീവനും സത്യവും അറിയാവുന്നവർ എന്നും അമ്മമാരല്ലേ.
സീസൺ അനുസരിച്ചാണ് ഇവിടുത്തെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. 62 യൂറോ മുതൽ 99 യൂറോ വരെയാണ് നിരക്ക്. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണം ഈ ഡിസ്നിലാന്ഡ് മുഴുവനും കാണാനും ആസ്വദിക്കാനും.
ഏകദേശം 6000 പേർക്ക് ഇവിടുത്തെ ഹോട്ടൽ റൂമുകളിൽ താമസിച്ച് ഈ അതിശയോദ്യാനം ആസ്വദിക്കാം. നാലു പേർക്കുള്ള താമസച്ചെലവ് രണ്ട് ലക്ഷം രൂപയോളം വരും. അതായത് ഒരാൾക്കുള്ള താമസച്ചെലവ് ഏകദേശം 50000 രൂപ. അത്തരത്തിലുള്ള എട്ടോളം ലക്ഷ്വറി ഹോട്ടലുകളുണ്ടിവിടെ.
കുട്ടികളുടെ ഈ കൊട്ടാരനിർമ്മിതികൾക്കെല്ലാം കുട്ടികളെ ത്രസിപ്പിക്കും വിധം ഒരു കാല്പനികസ്വഭാവമുണ്ട്. ചുവരുകൾക്കും നിലങ്ങൾക്കും മേലാപ്പുകൾക്കും അനുപമസുന്ദരമായ ഒരു വശ്യഭംഗിയുണ്ട്. വെളിച്ചത്തിന്റെ വർണ്ണസങ്കലനത്തിനും സംവിധാനങ്ങൾക്കും സവിശേഷമായൊരു ചാരുതയുണ്ട്.
മെഴുകുതിരിയുടെ തണുത്ത പ്രകാശത്തിൽ ഡിസ്നികഥകളുടെ അകവും പുറവും നമുക്കിവിടെ വായിച്ചെടുക്കാം. മിക്കിയുടേയും മിന്നിയുടേയും ഡൊണാൾഡ് ഡക്കിന്റേയും അവിസ്മരണീയ മുഹൂർത്തങ്ങളേയും ഇവിടുത്തെ ചുമരുകളിൽനിന്ന് കണ്ണുകളിലേക്ക് പകർത്താം.
ഇവിടെ വെളിച്ചവും നിഴലും ചോതോഹരമായ കാല്പനികബിംബങ്ങളും ഏതോ ദിവാസ്വപ്നത്തിലെന്നോണം ഇണചേരുന്നത് കാണാം.
ഇത് കിനാവ് പോലൊരു കൊട്ടാരമോ, കൊട്ടാരം പോലൊരു കിനാവോ ആണെന്ന് നമുക്ക് തോന്നിപ്പോകും.
ഇത് കുട്ടികളുടെ കല്പകോദ്യാനമോ ഏദൻ തോട്ടമോ അതോ സ്വർഗ്ഗമോ എന്ന് തോന്നിപ്പോകും ഈ അകത്തളങ്ങളിൽ ആഹ്ളാദിക്കുന്ന കുഞ്ഞുുങ്ങളെ കണ്ടാൽ. അവരുടെ മാതാപിതാക്കളും ആഹ്ളാദതിമിർപ്പിലാണ്. ഞാൻ എത്രയെത്ര കൊട്ടാരങ്ങളാണ് ഇങ്ങനെ കയറിയിറങ്ങിയതെന്ന് അറിഞ്ഞുകൂട. കുട്ടികൾക്കുള്ള എന്തും ഇവിടെ ലഭ്യമാണ്. കുട്ടികൾക്കുള്ള ആടയാഭരണങ്ങളും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും പിന്നെ അവരുടെ ബാല്യത്തിന്റെ സ്വപ്നസാക്ഷാത്കാരങ്ങളും ഇവിടെ നിറവേറ്റപ്പെടുന്നു.
ഞാൻ ഈ കുഞ്ഞുവണ്ടികൾക്കിടയിലൂടെ പോകവേ, കുഞ്ഞുങ്ങളെ സാക്ഷിനിർത്തി, ഈ അച്ഛനും അമ്മയും ഉമ്മ പങ്കുവയ്ക്കുന്ന അതിമനോഹരമായ സ്നിഗ്ദ മുഹൂർത്തത്തിനും സാക്ഷിയായി.
ഇവിടം മുതൽ ഇനി കുട്ടികളുടെ വിനോദകേളികൾക്കുള്ള ഉദ്യാനമാണെന്ന് തോന്നുന്നു. ഇവിടെ പലതരം കുഞ്ഞുകേളീസങ്കേതങ്ങൾ കാണാനുണ്ട്.
ഇനിയുള്ളതൊക്കെ ഈ കുട്ടികളുടെ മുഖത്തുനിന്ന് നമുക്ക് വായിച്ചെടുക്കാം. ശബ്ദത്തിൽ നിന്നും. കാരണം ഭാഷ ഇവിടെ വലിയൊരു പ്രശ്നമാണ്. പലർക്കും ഇംഗ്ലീഷ് അറിയില്ല. മറ്റു യൂറോപ്യൻ ഭാഷകൾക്കാണ് ഇവിടെ മേൽക്കൈ. ഇംഗ്ലീഷ് കൊണ്ട് ഇവിടെ വലിയ പ്രയോജനമില്ലെന്ന് ഞാൻ എന്റെ യാത്രയിൽ ആദ്യമായി അറിഞ്ഞു.
ഇവൾ ക്രിസ്റ്റ്യാനോ. എന്തായാലും ഈ പോർച്ചുഗൽ പെൺകുട്ടിക്ക് ഇംഗ്ലീഷ് അറിയാം. ഞാൻ വെറുതെ അല്പം കുശലം പറഞ്ഞുനോക്കി. അവൾക്ക് വല്യേ സന്തോഷമായി.
മണിക്കൂറിൽ 14000 പേർക്ക് ഈ പാർക്ക് ആസ്വദിക്കാനാവും. പ്രതിദിനം ഏകദേശം 60000 വിനോദസഞ്ചാരികളെങ്കിലും ഈ പാർക്ക് കയറിയിറങ്ങും. ഏകദേശം 3000 പേർക്ക് ഈ പാർക്കുകളിൽ ഇരുന്ന് യൂറോപ്യൻ രസമുകുളങ്ങളെ ആസ്വദിക്കാം.
ഇവിടെ ജോലി ചെയ്യുന്നവർക്ക് ചുരുങ്ങിയത് രണ്ട് ഭാഷ അറിഞ്ഞിരിക്കണം. ഫ്രഞ്ച് ഭാഷ അനിവാര്യമാണ്, പിന്നെ ഏതെങ്കിലും ഒരു യൂറോപ്യൻ ഭാഷാ പരിജ്ഞാനവും അത്യാവശ്യമാണ്. ഏകദേശം 25000 പേരെങ്കിലും പ്രതിവർഷം ഇവിടെ ജോലിക്കായി അപേക്ഷകൾ സമർപ്പിക്കുന്നു. ഇവിടുത്തെ ജോലിക്കാർക്ക് പരിശീലനം കൊടുക്കുവാൻ മാത്രമായി ഇവിടെ ഒരു സർവ്വകലാശാല പ്രവർത്തിക്കുന്നുണ്ട്. വാൾട്ട് ഡിസ്നി സർവ്വകലാശാല. സ്ഥിരവും അസ്ഥിരവുമായ ഏകദേശം 63000 പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
നമ്മുടെ കണ്ണൂർക്കാരൻ സദാനന്ദൻ ഇവിടെയൊക്കെ കറങ്ങുന്ന കണ്ടു. എന്റെ ക്യാമറ കണ്ടതും സദാനന്ദൻ ഓടിയെത്തി, ഹായ് പറഞ്ഞു..
പല അമ്മമാരും കുഞ്ഞിന് പാൽ കൊടുക്കുകയാണ്. കുഞ്ഞിന്റെ വീഡിയോ എടുക്കുന്നത് ഇഷ്ടമല്ലെന്ന് അവർ ആംഗ്യഭാഷയിൽ സൌമ്യമായി എന്നോട് പറഞ്ഞു.
എത്രയെത്ര കുഞ്ഞുങ്ങളുടെ പാൽചിരിയാണ്, ഞാനും എന്റെ ക്യാമറയും നെഞ്ചേറ്റിയത്. അതത്രയും പുണ്യം. ഡിസ്നിലാന്ഡ് കുഞ്ഞുകഥകൾ അവസാനിക്കുന്നില്ല. ഞാൻ ഇനിയും വരും. ഈ കുഞ്ഞുങ്ങളോടൊപ്പം, പാരീസിൽനിന്ന്.
കുഞ്ഞുങ്ങളുടെ കൊഞ്ചലുകളുടെ പശ്ചാത്തലത്തിൽ ഇപ്പോഴും എപ്പോഴും എന്നന്നേയ്ക്കുമായി ഇവിടെ ഡിസ്നി സംഗീതം ശാന്തസുന്ദരമായി ഒഴുകുന്നുണ്ട്.