മഹാത്ഭുതങ്ങളുടെ ലോക ദേവാലയം

മഹാത്ഭുതങ്ങളുടെ ലോക ദേവാലയം
15 Oct 2024

സീറ്റി സ്കാനിന്റെ പള്ളിപുരാണത്തിൽ ഇന്ന് ജർമ്മനിയിലെ കൊളോൺ ക്രിസ്ത്യൻ കത്തീദ്രലിന്റെ പുരാണമാണ് പറയുന്നത്. ഇതാണ് കൊളോൺ തെരുവ്. ഈ മക്നോൾഡ്സിന് സമീപമാണ് കൊളോൺ കത്തീദ്രൽ. ഈ നഗരത്തിന്റെ ഏതുഭാഗത്തുനിന്ന് നോക്കിയാലും കൊളോൺ കത്തീദ്രലിന്റെ ഇരട്ട ഗോപുരം കാണാം. വീഡിയോ കാണാം

ജർമ്മനിയിലെ വടക്കൻ റൈൻ-വെസ്റ്റ്ഫാലിയായിലെ, കൊളോൺ എന്നിടത്താണ് ഈ കത്തോലിക്കാ പള്ളി സ്ഥിതിചെയ്യുന്നത്. റൈൻ നദിയുടെ തീരത്താണ് ഈ പള്ളി നിർമ്മിച്ചിരിക്കുന്നത്.  ജർമ്മൻ ഭാഷയിൽ കോളൻ ഡോം എന്ന് വിളിക്കുന്ന ഈ പള്ളി, വിശുദ്ധ പത്രോസിന്റെ കത്തീദ്രൽ എന്ന് ലോകത്ത് അറിയപ്പെടുന്നു.

കൃത്യമായി പറഞ്ഞാൽ 632 വർഷമെടുത്തു ഈ പള്ളപ്പണി ഏതാണ്ട് പൂർത്തിയാക്കാൻ. അതായത് 1248-ൽ ഈ പള്ളിപ്പണി ആരംഭിച്ചെങ്കിലും യുദ്ധക്കെടുതികളും സാമ്പത്തിക പരാധീനതകളും അടക്കം പലവിധ കാരണങ്ങളാൽ പള്ളിപ്പണി വേണ്ടുംവിധം പൂർത്തിയാക്കാനായില്ല. പിന്നീട് 1880-ലാണ്, ഈ കത്തീദ്രലിന്റെ നിർമ്മിതി ഏതാണ്ടൊക്കെ പൂർത്തിയായത്.

ഈ കൽക്കുരിശാണ് കൊളോണിന്റെ ചരിത്രാടയാളം, ഈ കത്തീദ്രലിന്റെ പരിശുദ്ധ കുരിശടയാളുവും ഇതുതന്നെ. ഒരുപക്ഷേ കൊളോണിന്റെ ചരിത്രപേടകവും ഇതുതന്നെയാവണം. ഈ പശ്ചാത്തലത്തിൽ പടമെടുക്കാത്ത സന്ദർശകർ അപൂർവ്വമായിരിക്കും.

ഈ കത്തീദ്രലിന്റെ തിരുമുറ്റത്ത് കൊളോണിലെ തെരുവുകലാകാരന്മാരുടെ തത്സമയ കലാവിരുതുകൾ കാണാം. ഈ ടർക്കി കലാകാരിയെ കണ്ടോ, ഇവൾ  ലോകരാഷ്ട്രങ്ങളുടെ പതാകകൾ കൊണ്ട് ഒരു പ്രണയോപഹാരം തീർത്തിരിക്കുകയാണിവിടെ. ഈ കത്തീദ്രലുമായി ബന്ധപ്പെട്ടവരായിരിക്കണം, അവരെ വരച്ചു ഛായം തേച്ചെടുക്കുകയാണ് ഈ കലാകാരൻ. ചുരുക്കത്തിൽ കൊളോൺ കലോപാസകരുടെ, ക്യാൻവാസ് കൂടിയാണ് ഈ കത്തീദ്രലിന്റെ തിരുമുറ്റം. ഇവിടേയും ഫോട്ടോകൾക്ക് പോസ് ചെയ്യുന്ന സന്ദർശകരെ കാണാം.

വിശാലമായ ഈ തിരുമുറ്റത്തിനും ഭീമൻ കത്തീദ്രലിനും ചേരുന്ന കമാനമല്ല, ഈ കത്തീദ്രലിന്റെ പ്രധാന കമാനം എന്നത് നമ്മേ അതിശയിപ്പിക്കും. ഒരു വീടിന്റെ  വാതിലിനോളമേ ഉള്ളൂ ഈ കത്തീദ്രലിന്റെ പ്രധാന കവാടം. ഈ ഗോത്തിക്ക് കവാടത്തിന്റെ ശില്പചാരുത ആരേയും വിസ്മയിപ്പിക്കും.

കൊളോണിലെ ആർച്ച് ബിഷപ്പിന്റെ ആസ്ഥാനം കൂടിയായ ഈ പള്ളി, ജർമ്മൻ കത്തോലിക്കരുടെ, കരുത്താണ്, അഭിമാനനിർമ്മിതിയാണ്. ഗോത്തിക്ക് ശില്പചാതുരിക്ക് പ്രസിദ്ധമായ ഈ പള്ളിയും പരിസരങ്ങളും, 1996-മുതൽ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഈ കത്തീദ്രൽ നിറയേ ഗോത്തിക്ക് മാതൃകയിലുള്ള തൂണുകളും ആർച്ചുകളുമാണ്. എട്ടോ പത്തോ ചെറുതൂണുകൾ തീർക്കുന്ന ഭീമൻ സ്തൂപങ്ങളാണ് ഈ തൂണുകളെന്നും പറയാം. ഈ സ്തൂപങ്ങളിൽ അവിടവിടെ ഗോത്തിക്ക് ശില്പനിർമ്മിതികളും കാണാം.

ആർച്ചുകൾ ചേർത്തുവച്ച കുടകളാണ് ഈ കത്തീദ്രലിന്റെ മേലാപ്പ് നിറയെ. ഇവിടെയെത്തുന്ന തീർത്ഥാടകർ, ഇതെല്ലാം കണ്ട് അമ്പരക്കുന്നതിന്നിടെ പ്രാർത്ഥിക്കാൻ മറന്നുപോകുന്നുണ്ടാവണം.

ഈ പള്ളിയുടെ കിഴക്കേ ബലിപീഠം അഥവാ സക്രാരി പരിശുദ്ധ മറിയത്തിനും പടിഞ്ഞാറേ സക്രാരി വിശുദ്ധ പത്രോസിനുമായും അടയാളപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ പത്രോസിന്റെ അനുയായികളുടെ ഭൌതികാവശിഷ്ടവും, വിശുദ്ധ പത്രോസിന്റെ ആടയാഭരണങ്ങളും  ഇവിടെ സംരക്ഷിച്ചുപോരുന്നതായും അറിയുന്നു.

474 അടി നീളവും, 283 അടി വീതിയുമുള്ള ഈ ദേവാലയത്തിന്റെ ഇരട്ട ഗോപുരങ്ങൾക്ക് 515- അടി ഉയരമുണ്ട്. അതുകൊണ്ടുതന്നെ ഈ നിർമ്മിതി വിഭാഗത്തിലെ, ലോകത്തിലെ തന്നെ ഉയരംകൂടിയ വലിയ പള്ളിയാണ് ഇത്. എന്നിരുന്നാലും, ഇതിലും ഉയരം കൂടിയ മോബൈൽ ടവറുകൾ ഇന്ന് ജർമ്മനിയിലും, ലോകത്തും ഉണ്ടെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

റോമൻ ചക്രവർത്തിയുടെ ആരാധനാകേന്ദ്രം എന്ന നിലക്കാണ് ഈ പള്ളിയുടെ ആദ്യകാല നിർമ്മിതി ആസൂത്രണം ചെയ്തതെങ്കിലും, പിൽക്കാലത്ത് അതൊന്നും തന്നെ വേണ്ടുംവിധം നടന്നില്ല. മദ്ധ്യകാലങ്ങളിലെ ഏതോ മൂന്ന് രാജാക്കന്മാരുടെ ഭൌതികാവശിഷ്ടം ഈ പള്ളിയിൽ അടക്കം ചെയ്യാനായി, അക്കാലത്തെ ശില്പികൾ ആസൂത്രണം ചെയ്തതായും പറയപ്പെടുന്നു.

എന്തായാലും, ഇന്ന് ഈ പള്ളി ലോക ടൂറിസത്തിൽ ഇടം പിടിച്ചിരിക്കുന്ന ലോകപൈതൃക സ്മാരകമാണ്. പ്രതിവർഷം ഏതാണ്ട് 6 ദശലക്ഷം സന്ദർശകർ ഈ പള്ളി കണ്ട് മടങ്ങുന്നു.

ചരിത്രപരമായി പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ പള്ളിപരിസരങ്ങൾക്ക് പഴയകാല രാജകീയ പരിവേഷമുണ്ടെന്നാണ്. മൂന്നാം നൂറ്റാണ്ടിൽ ഇവിടെയാണത്രെ കൊളോണിലെ ആദ്യ ബിഷപ്പായ മെറ്റേണസ് താമസിച്ചിരുന്നത്. അന്നിവിടെ പള്ളിയൊന്നും ഉണ്ടായിരുന്നില്ല. ക്രിസ്ത്യാനികളും ഏറെപേർ ഉണ്ടായിരുന്നില്ല.

ഈ പള്ളിയുടെ വിശാലമായ ഉയരങ്ങളിലെ ജാലകങ്ങളിൽ 11500 സ്റ്റെയിന്റ് ഗ്ലാസ്സുകൊണ്ട് തീർത്ത വർണ്ണവിസ്മയം, അതിമനോഹരമായ ഒരു ആകാശ പരവതാനി പോലെ, ഇന്നും സന്ദർശകരെ അത്ഭുതപരതന്ത്രരാക്കുന്നു. ഈ കത്തീദ്രലിൽ സ്ഥാപിച്ചിട്ടുള്ള വർണ്ണാഭമായ സ്റ്റെയിൻ ഗ്ലാസ്സുകൾ, വേണ്ടുവോളം പ്രകൃത്യാലുള്ള ആകാശനീല വെളിച്ചം, സമ്മാനിക്കുന്നുണ്ട് ഈ പള്ളിയകം നിറയേ.

ഈ ചുവന്ന ലോഹധാരികൾ പുരോഹിതന്മാരാണോന്നാണ് ഞാൻ ആദ്യം കരുതിയത്. അങ്ങനെ ഇവരിൽ ഒരാൾക്ക് സ്തുതിയർപ്പിച്ചപ്പോഴാണ് അവർ എന്നെ തിരുത്തിയത്. അവർ പുരോഹിതരായിരുന്നില്ല.

ഈ കത്തീദ്രലിന്റെ വിശുദ്ധ പരിപാലനവും സുരക്ഷാപരിപാലനവും നിർവ്വഹിക്കുന്നവരാണിവർ. വിശുദ്ധ കുർബ്ബാനകൾക്ക് ശേഷം അതത് അൾത്താരകൾ ഈ ചുവന്ന പട്ടുകയർ കൊണ്ട് ബന്തവസ്സാക്കുകയാണ് ഇവരുടെ ജോലികൾ. ഇവിടുത്തെ വിശുദ്ധയിടങ്ങളും തിരുശേഷിപ്പുകളും തിരുശില്പങ്ങളും മറ്റും കമ്പിക്കൂടുകളാൽ ബന്തവസ്സാക്കിയിട്ടുണ്ട്. ഇടവിട്ടിടവിട്ട് ഇവിടെ നേർത്ത പിയാനൊ സംഗീതം പെയ്തിറങ്ങുന്നുണ്ട്.

ആറാം നൂറ്റാണ്ടിൽ, റോമാ സാമൃാജ്യത്തിന്റെ പതനത്തോടെ, മെറോവിഞ്ചിയൻ രാജാക്കന്മാരാണ് ഇവിടെ ഒരു കൊച്ചു പള്ളി പണിയുന്നത്. പള്ളി എന്നതിനേക്കാൾ രാജകുടംബാംഗങ്ങൾക്കായുള്ള ഒരു സിമിത്തേരിയായിരുന്നു, ആ പള്ളിയെന്ന് പറയാം.

മാത്രമല്ല, അക്കാലത്തെ ക്രിസ്ത്യാനികൾക്ക് മാമോദീസ മുങ്ങുന്നതിനായി ഒരു കുളവും ഉണ്ടായിരുന്നുവത്രെ, ഇവിടെ. കത്തീദ്രലിന്റെ പരിസരത്ത് ഇന്ന് കാണുന്ന മാമോദീസാ കുളിത്തൊട്ടിൽ, പഴയ കുളത്തിന്റെ ഭാഗമാണെന്നും വിശ്വസിച്ചുപോരുന്നു. പക്ഷേ, ഇതൊന്നും ചരിത്രകാരൻമാർ ശരിവക്കുന്നില്ലെന്നതും വസ്തുതയാണ്.

പിന്നീട് എട്ടാം നൂറ്റാണ്ടിലാണ് ഇവിടെ ശരിക്കും ഒരു കത്തീദ്രൽ ഉണ്ടാവുന്നത്. ഹിൽദേബോൾഡ് ബിഷപ്പിന്റെ സ്മരണാർത്ഥം, ഹിൽദേബോൾഡ് കത്തീദ്രൽ എന്നായിരുന്നു, ആ കത്തീദ്രലിന്റെ പേരു്. കേവലം 95 മീറ്റർ മാത്രം നീളമുള്ള ഈ കത്തീദ്രലിന്റെ മാതൃക റോമിലെ സെയിന്റ് പീറ്റേഴ്സ് ബസ്ലിക്കയുടേത് പോലെയെന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ ബസിലിക്കയെ വടക്കുള്ള സെയിന്റ് പീറ്റേഴ്സ് ബസ്ലിക്ക എന്നും വിളിച്ചുപോരുന്നു. 

പന്ത്രണ്ടാം നൂറ്റാണ്ടിലായിരിക്കണം, കൃത്യമായി പറഞ്ഞാൽ, 1164, ജൂലൈ 23- നാണത്രെ കൊളോണിലെ ആർച്ച് ബിഷപ്പും കൂട്ടരും, നേരത്തെ സൂചിപ്പിച്ച റോമാ രജാക്കന്മാരുടെ ഭൌതികാവശിഷ്ടങ്ങളും സ്വർണ്ണാഭരണങ്ങളും മറ്റും ഇറ്റലിയിൽ നിന്നും ഇങ്ങോട്ടേക്ക് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതെന്നും പറയുന്നു.

പിൽക്കാലത്ത്, പഴയ കത്തീദ്രൽ പൊളിച്ചുനീക്കുകയോ, അഗ്നിക്ക് ഇരയാവുകയോ ഉണ്ടായത്രെ. എന്തായാലും ഇന്ന് ഈ കത്തീദ്രൽ യൂറോപ്പിന്റെ അഭിമാനമാണ്. സപ്തനക്ഷത്ര പദവിയുള്ള ടൂറിസ്റ്റ് കേന്ദ്രമാണ്. ലോകപൈതൃക സ്മാരകമാണ്.

പന്ത്രണ്ടാം നൂറ്റാണ്ടോടെ പുതിയ കത്തീദ്രലിന്റെ പണി ആരംഭിച്ചെങ്കിലും പതിനെട്ടാം നൂറ്റാണ്ട് വരെ ഈ പള്ളിയുടെ നിർമ്മാണവേലകൾ നിന്നും, തുടർന്നും പോന്നു. 1820-ൽ ഹെൻറി വിങ്കിൾസ് ആണ് ഈ കത്തീദ്രലിന്റെ കൊത്തുപണികൾ നടത്തിയതും ഏറെക്കുറെ പൂർത്തീകരിച്ചതും.

തൂണുകളിൽ തൂങ്ങുന്ന ശില്പങ്ങളും ചുമരുകളോട് ചേർന്നിരിക്കുന്ന ഛായാചിത്രങ്ങളും റിലീഫുകളും ത്രിമാന ബിംബകല്പനകൾക്കും അപ്പുറമുള്ള മിഴിവും ജീവനും പകരുന്നുണ്ട്. അവയത്രയും തുറന്നുവച്ച ജീവനുള്ള ബൈബിൾ വാസ്തുശില്പങ്ങളാണ്.

പിന്നീട്, പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രഷ്യൻ കോടതി ഇടപെട്ടാണ് ഈ കത്തീദ്രൽ, ആധുനിക നിർമ്മാണ സങ്കേതങ്ങളോടെ, പൂർത്തീകരിച്ചത്. പ്ലാൻ ചെയ്ത ബജറ്റിനും അപ്പുറത്തേക്ക് പോയ സാഹചര്യത്തിൽ സാമ്പത്തിക സഹായം അനുവദിച്ചതും പ്രഷ്യ തന്നെയായിരുന്നു. അങ്ങനെ 1870-ൽ ഈ കത്തീദ്രലിന്റെ ഭീമൻ മണി മുഴങ്ങി.

വാഷിങ്ട്ടൺ സ്മാരകം വരുന്നതിന് മുമ്പ് ഈ കത്തീദ്രലായിരുന്നു യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ, നിർമ്മിതി. 1880-ൽ ഔദ്യോഗികമായി ഈ കത്തീദ്രലിന്റെ പണി പൂർത്തിയായെങ്കിലും പിന്നീടുള്ള 20 വർഷവും, നിർമ്മിതികളും കേടുപാട് തീർക്കലും നടന്നുകൊണ്ടിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിൽ ഈ കത്തീദ്രലിന്റെ കുറെയെങ്കിലും ഭാഗങ്ങൾ തകർക്കപ്പെടുകയുണ്ടായി. ഉയരം കൂടുതലുള്ളതുകൊണ്ട് പലപ്പോഴും ഈ പള്ളി കടുത്ത വ്യോമാക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നിരുന്നാലും 1956-ൽ ഈ കത്തീദ്രലിന്റെ കേടുപാടുകൾ തീർത്ത് പുതിയ പ്രൌഡിയിൽ നിലനിർത്തുകയുണ്ടായി.

2005-ൽ പോപ്പ് ബെനഡിക്ട് പതിനാറാമൻ ഈ കത്തീദ്രൽ സന്ദർശിച്ചത് ചരിത്രമായിരുന്നു. പത്ത് ലക്ഷം ലോക യവജനതയെ സാക്ഷിനിർത്തി അന്ന് ബിതോവന്റെ സിംഫണി മുഴങ്ങിയ, ഇവിടം അന്ന് സംഗീതസാന്ദ്രമാക്കിയിരുന്നു.

1996-ലാണ് യുനെസ്കൊ ഈ കത്തീദ്രൽ ലോക പൈതൃക സ്വത്തിലേക്ക് മുതൽ കൂട്ടുന്നത്. സമീപത്തെ മറ്റ് കൂറ്റൻ നിർമ്മിതികൾ ഈ കത്തീദ്രലിനെ അപകടപ്പെടുത്തുന്ന തരത്തിൽ ഭീഷണിയായിരുന്നു, അക്കാലത്ത്. അതുകൊണ്ടുതന്നെ “കത്തീദ്രൽ പൈതൃകം അപകടത്തിൽ” എന്ന യുനെസ്കൊ ജാഗ്രതയിലായിരുന്നു, ഈ പള്ളി കുറേ നാൾ. പിന്നീട്, 2006-ലാണ് അപകടസ്ഥിതി തരണം ചെയ്തതായി ലോക പൈതൃകാധികാരികളായ, യുനെസ്കൊ ലോകത്തെ അറിയിക്കുന്നത്.

ഏതുകാലത്തും നിർമ്മാണ-കേടുപാടു ജോലികൾ പുരോഗമിക്കയാൽ ഈ കത്തീദ്രലിനുചുറ്റും എപ്പോഴും നിർമ്മാണ സാമഗ്രികൾ പതിവായിരുന്നു. അതൊന്നും ഇല്ലാതെ ഈ പള്ളി കാണുകയും എളുപ്പമല്ലാതായിരിക്കുന്നു.

അമ്ലമഴയടക്കമുള്ള പാരിസ്ഥിതിക മലിനീകരണങ്ങളും-പ്രതികൂല കാലാവസ്ഥാ പ്രശ്നങ്ങളുള്ളതുകൊണ്ട് ഈ കത്തീദ്രൽ ഇങ്ങനെ കറുത്തുകരിവാളിച്ചുവരികയാണ്, എന്നും. ശില്പപഭംഗിയുള്ള കല്ലുകളുടെ സ്വതസിദ്ധമായ നിറങ്ങൾ നഷ്ടപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുമ്പുനിർമ്മിതികളും തുരുമ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതൊക്കെ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ ഇന്നും തിരയുകയാണ് ലോക ശാസ്ത്രജ്ഞരും യനെസ്കോയും. പക്ഷേ, പരിഹാരമാർഗ്ഗം ഇനിയും അകലെയാണ്.

1322-ൽ നിർമ്മിച്ച, 15 അടി നീളത്തിലുള്ള കറുത്ത ഒറ്റ മാർബിളിലാണ് ഈ കത്തീദ്രലിന്റെ പ്രധാന അൾത്താര തീർത്തിട്ടുള്ളത്. കിരീടം ചൂടിയ മാതാവാണ്, ഈ ഉയരം കൂടിയ അൾത്താരയിലെ പ്രധാന പ്രതിഷ്ഠ. 

ബൈബിളിലെ മുന്ന് രാജാകാകന്മാരെ പ്രതീകവൽക്കരിക്കുന്ന, മൂന്ന് രാജാക്കന്മാർക്കായുള്ള ശ്രീകോവിലും പ്രസിദ്ധമാണ്. ചെമ്പും വെള്ളിയും സ്വർണ്ണവും രത്നങ്ങളും ഈ കത്തീദ്രലിന്റെ നിർമ്മിതിയിൽ അവിടവിടെ കാണാം.

ഓക്ക് മരത്തിൽ കൊത്തിയെടുത്ത വർണ്ണാഭമായ കുരിശും, രത്നങ്ങൾ പതിപ്പിച്ച കുരിശും ഈ കത്തീദ്രലിന്റെ സവിശേഷതയാണ്. മിലാൻ മാതാവ് എന്നറിയപ്പെടുന്ന മാതാവിന്റേയും ഉണ്ണിയേശുവിന്റേയും, ഗോത്തിക്ക് ശില്പവും പ്രസിദ്ധമാണ്.

ഈ കത്തീദ്രലിന്റെ തിരുശരീരവും തിരുരക്തവുമായി കാലംചെയ്ത വിശുദ്ധരുടെ അന്ത്യവിശ്രമ ഭാവങ്ങളിലുള്ള, പൂർണ്ണകായ ശില്പങ്ങൾ കാണാം നമുക്ക് ഈ കത്തീദ്രലിനകത്ത്. അവരെ കുറിച്ചുള്ള ലഘുവിവരണങ്ങളും അവിടവിടെ ആലേഖനം ചെയ്തുവച്ചിട്ടുണ്ട്.

ഈ കത്തീദ്രലിന്റെ, ത്രിമാനതകളിൽ വരച്ചുവച്ച ബഹുവർണ്ണ മാർബിൾ പ്രതലങ്ങളിലൂടെ നടന്നുനീങ്ങുമ്പോൾ, കത്തീദ്രലിന്റെ തനത് സംഗീതോപകരണമായ പൈപ്പ് ഓർഗണുകളുടെ നാദസ്വരലയം അനുഭവിക്കാം.

ഈ പള്ളിയിലെ 11 മണികളും ലോകപ്രസിദ്ധമാണ്. 4 ടൺ മുതൽ 24 ടൺ വരെ ഭാരമുണ്ട് ഒരോ മണികൾക്കും. ഈ മണികളുടെ പരിശുദ്ധമായ മുഴക്കവും കേൾക്കാം, നമുക്ക്.

കത്തീദ്രൽ തീർത്ഥാടനവും കഴിഞ്ഞ് പുറത്തേക്ക് കടക്കുമ്പോൾ വീണ്ടുമൊരു ജ്ഞാനസ്നാനം മുങ്ങിയതിന്റെ കുളിരും ഉൾപുളകവും നമ്മേ കോൾമയിർ കൊള്ളിച്ചിരിക്കും.

റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, യുക്രൈനിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, 2022 മാർച്ച് 3-ന് ഈ കത്തീദ്രലിലെ 11 കൂറ്റൻ മണികളും ഒന്നിച്ച് ഒരേസമയം മുഴങ്ങിയത് ഈ കത്തീദ്രലിനെ മഹത്വപൂർണ്ണമാക്കുന്നു.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *