പൂരപ്രേമികളെ ഇനിയും പീഡിപ്പിക്കരുത്
18 Apr 2024
ലോകപ്രസിദ്ധമാണ് തൃശൂർപൂരം. അതങ്ങിനെതന്നെ തുടരട്ടെ. എന്നാൽ ഓരോ വർഷം കഴിയുംതോറും പൂരപ്രേമികളെ വല്ലാതെ പീഡിപ്പിക്കുയാണ് പൂരപ്രമാണിമാർ. ഒരു കോൺസെൻട്രേഷൻ ക്യാമ്പിലെന്നോണം തൃശൂർ റൌണ്ടിൽ ഒരിടത്ത് പതിനായിരക്കണക്കിനോളം പൂരപ്രേമികളെ പൂട്ടിയിട്ട് പൂരച്ചൂടിൽ പൊരിച്ചെടുക്കുകയാണ് ഓരോ വർഷവും പൂരപ്രമാണിമാർ. വീഡിയോ കാണാം
പതിനായിരക്കണക്കിന് ഭക്തരുടെ നേർച്ചപ്പണവും സർക്കാരിന്റെ ധനസഹായവും തൃശൂരിലെ ചെറുതും വലുതുമായ കച്ചവടക്കാരുടെ സാമ്പത്തിക ഔദാര്യവുമുണ്ട് ഈ പൂരം നടത്തിപ്പിന്. പറഞ്ഞുവരുന്നത് പൂരം നാളിലെ ബുദ്ധിമുട്ടിനെക്കുറിച്ചല്ല. സാമ്പിൾ വെടിക്കെട്ട് നടക്കുന്ന ദിവസത്തെ ബുദ്ധിമുട്ടിനെ കുറിച്ചാണ്.
ഒരു കരക്കാരുടെ സാമ്പിൾ കഴിഞ്ഞ് ഏകദേശം 45 മിനിറ്റ് കഴിഞ്ഞാണ് രണ്ടാം കരക്കാർ വെടിക്ക് തീ കൊളുത്തുന്നത്. സുരക്ഷാപരിശോധനയുടെ ബുദ്ധിമുട്ടുകളെ വിസ്മരിക്കുന്നില്ല. എന്നാലും അതൊക്കെ മുന്നിൽ കണ്ടുകൊണ്ട് പുരപ്രേമികളെ ഏറെ പീഡിപ്പിക്കാതെ അല്പം കൂടി നേരത്തെയാക്കാമായിരുന്നു. പൂരപ്രേമികൾ അനവധി തവണ കൂവി ചോരതുപ്പിയിട്ട് വേണ്ട, രണ്ടാം കരക്കാരുടെ തീകൊളുത്തൽ.
ശ്വാസം വിടാനാവാതെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ സ്ത്രീകളടക്കമുള്ള ആബാലവൃദ്ധം പിരാകിപറയുന്ന കേട്ടൂ, ഇനി പൂരത്തിന് വരില്ലെന്ന്. ഈ പിരാക്ക് പൂരപ്രമാണികൾക്ക് പുത്തരിയാവില്ല.
എങ്കിലും പറയുകയാണ്, ഞങ്ങൾ നിങ്ങളെ പോലെ ശീതീകരിച്ച മുറികളിലിരുന്നല്ല തൃശൂർ പൂരം അനുഭവിക്കുന്നത്. സസുഖം അടുത്തിരുമല്ല പൂരം കാണുന്നത്. ഞങ്ങൾക്ക് അങ്ങിനെ പൂരം കാണണമെന്നുമില്ല. എന്നാലും ഞങ്ങളെ ഇങ്ങനെ പീഡിപ്പിക്കരുത്. വിദൂരമായ അർത്ഥതലങ്ങളിൽ നിന്ന് ചിന്തിച്ചാൽ ഇത് പൂരപ്രേമികളോടുള്ള ഒരുതരം മനുഷ്യാവകാശലംഘനമായും വ്യാഖ്യാനിക്കാവുന്നതാണ്, ഓർമ്മ വേണം.
വൈകികിട്ടിയത്– ഇക്കുറി പൂരം നാളിലെ സുപ്രധാന വെടിക്കെട്ട് പട്ടാപകൽ പൊട്ടിച്ച് പൂരപ്രമാണികൾ രാഷ്ട്രീയമിടുക്ക് കാണിച്ചു. ഇക്കുറി കുടമാറ്റം പോലത്തെ ആ ആചാരവും ഏറെ വഴിപിഴച്ചുപോയി. വരും നാളുകളിലെ തൃശൂർപൂരം ഇപ്പോൾ കോൺസെൻട്രേഷൻ ക്യാമ്പിൽ ശ്വാസം മുട്ടിക്കഴിയുന്ന പൂരപ്രേമികളെപോലെ ശ്വാസംമുട്ടി ചാവാനാണ് സാധ്യത.