“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല”ദയാഭായി.
20 Mar 2024

“ഭരണഘടന ഇനിയും മരിച്ചിട്ടില്ല. ഭരണഘടനയിലും നീതിപീഠങ്ങളിലും വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. യൂറോപ്പിൽ കമ്മ്യൂണിസം മരിക്കുമ്പോൾ ഞാനവിടെ ഉണ്ടായിരുന്നു. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പൊതു ഗജനാവ് കൊള്ളയടിച്ചു. അവിടെ ജനം ഉണർന്നു. ഭരണകൂടം വീണു. ഇവിടേയും, അതുതന്നെയല്ലേ നടക്കുന്നത്? എന്നിട്ടും നാമെന്തേ ഉണരാത്തത്? ഒരു കാരണവുമില്ലാതെ ഇവിടുത്തെ യുവത (SFI & DYFI) വൈകാരിക ധിക്കാരം കാണിക്കുന്നു. ആരാണ് ഇവർക്ക് ഇത്തരത്തിൽ ലൈസൻസ് കൊടുക്കുന്നത്? എന്നെ ഇവർ തുണ്ടം തുണ്ടമായി കൊല്ലുമായിരിക്കും. പക്ഷേ, ഞാൻ മുന്നോട്ടുതന്നെ കുതിക്കും” കണ്ണിൽ രോഷാഗ്നിയുമായി ദയാഭായി സീറ്റി സ്കാൻ റിപ്പോർട്ടറോട് പറയുന്നു. വീഡിയോ കാണാം

കേരളം ജീവിക്കാൻ കൊള്ളില്ലെന്ന് ദയാഭായി. അങ്ങനെയൊക്കെ പറയാമോ? എങ്കിൽപിന്നെ എന്തിന് മദ്ധ്യപ്രദേശ് വിട്ട് കേരളത്തിലേക്ക് വരുന്നു, എന്ന് ഇടതുപക്ഷ യുവതയുടെ ആക്രോശം. അത് യുക്തിപരമായ ശരിയല്ലേ? പക്ഷേ, തനിക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് ദയാഭായിയുടെ യുക്തിയും. “ഇടതുപക്ഷ യുവതക്ക് (SFI & DYFI) ആരാണ് ഇത്തരത്തിൽ അധികാരം കൊടുത്തത്”. ദയാഭായി ജ്വലിക്കുകയാണ്.

“എന്റെ 18 കുട്ടികളാണ് ഈ അതിർത്തിയിൽ മരിച്ചത്. കൊറോണക്കാലത്ത് ചികിത്സ കിട്ടാതെയാണ്, നമ്മൾ മാറാരോഗികളാക്കിയ ആ കുട്ടികൾ മരിച്ചത്. അന്നത്തെ ആരോഗ്യമന്ത്രിക്ക് അവാർഡൊക്കെ തരപ്പെട്ടിട്ടുണ്ടാവാം, കുറച്ചുകാണുന്നില്ല. പക്ഷേ, എന്റെ ആ 18 കുട്ടികൾ മരിച്ചത് അവരുടേതായ കുറ്റം കൊണ്ടല്ല. അപ്പോൾപിന്നെ ആരാണ് ആ കുട്ടികളെ മരണത്തിന് വിട്ടുകൊടുത്തത്? ആരാണ് ഉത്തരവാദി? നിങ്ങൾ പറയൂ”. ദയാഭായി നിന്ന് കത്തുകയാണ്.

“എനിക്ക് നാടകത്തെകുറിച്ച് പറയാനറിയില്ല. ഞാൻ നാടകത്തെകുറിച്ച് പഠിച്ചിട്ടില്ല. എന്നാലും ഞാൻ നാടകം ചെയ്യുന്നുണ്ട്. ജീവിതത്തിൽ നാടകത്തെകുറിച്ച് ഒന്നുമറിയാത്തവരെ കൊണ്ട് നാടകം ചെയ്യുന്ന ആളാണ് ഞാൻ. ‘ഞാൻ കാസർഗോഡിന്റെ അമ്മ’. നാടകം എനിക്ക് ഒരു മാധ്യമമാണ്, എനിക്ക് പറയാനുള്ളത് പറയാനുള്ള ഒരു മീഡിയം”. ദയയിലെ നാടക പ്രവർത്തക ഉണരുകയാണോ?

ദയയുടെ ഈ അമ്മ പറയുന്നത് വല്ലതും പ്രാവർത്തികമാവുമോ? അമ്മ ഈ സമൂഹത്തിലേക്ക് വിക്ഷേപിക്കുന്ന ചോദ്യചിഹ്നങ്ങൾ നിന്ന് കത്തുമോ? ഈ അമ്മയുടെ കുഞ്ഞുങ്ങൾ എന്നെങ്കിലും രക്ഷപ്പോടുമോ? അമ്മ നയിക്കുന്ന ഈ നാടകശാല ലോകം അറിയുമോ? സീറ്റി സ്കാൻ റിപ്പോർട്ടർക്ക് നല്ലത് മാത്രം പ്രതീക്ഷിക്കാനാണ് ഇഷ്ടം.

Share

ct william

Leave a Reply

Your email address will not be published. Required fields are marked *