അതിരാവിലെ ഏതാണ്ട് എട്ടുമണിയോടെ ഞങ്ങൾ നാഥുല ചുരം കാണാൻ പുറപ്പട്ടു. 55 കിലോ മീറ്റർ ദൂരമേ ഗാങ്ങ് ടോക്കിൽ നിന്ന് ഈ ചുരത്തിലേക്ക് ഉള്ളതെങ്കിലും, ഏകദേശം നാലഞ്ചു മണിക്കൂർ യാത്രകാണും. കൈസഞ്ചികളിൽ വിശപ്പടക്കാൻ എന്തെങ്കിലുമൊക്കെ കരുതാൻ ടൂർ മാനേജരുടെ മുന്നറിയിപ്പുണ്ടായിരുന്നു. അതുപ്രകാരം പലരും പലതും കരുതിവച്ചിരുന്നു. വീഡിയോ കാണാം
ഹിമാലയൻ ചുരങ്ങളിലേക്കുള്ള റോഡ് ഇങ്ങനെയാണ്. ഞാൻ 18854 അടി ഉയരത്തിലുള്ള കർദുങ്ങല ചുരം കയറിയിറങ്ങിയ സഞ്ചാരിയാണ്. അതുകൊണ്ട് ചുരം റോഡ് സഞ്ചാരത്തിന് പുതുമയില്ലായിരുന്നു. എന്നിരുന്നാലും കർദുങ്ങലയെ അപേക്ഷിച്ച് ഇത്തിരി പച്ചപ്പ് നാഥുല ചുരത്തിന് അവകാശപ്പെടാവുന്നതാണ്. അതും ഏറെ ദൂരം കാണില്ല. റോഡ് പൊതുവെ നല്ലതാണ്.
ഇവിടെ റോഡുകളുടെ ഇരുവശങ്ങളിലുമായി ഇങ്ങനെ ബഹുവർണ്ണങ്ങളിൽ പതാകകൾ പാറിപ്പറക്കുന്നത് കാണാം. കൂടുതലും ബൌദ്ധാചാരവിശ്വാസങ്ങളുടെ പതാകകളാണ് നാം കാണുക. റോഡ് പരിചരണവും സുരക്ഷയും ബോർഡർ റോഡ് ഓർഗനൈസേഷനും അഥവാ ബിആർഒ-യും ഇന്ത്യൻ പട്ടാളവും കൂടി മികവുറ്റതാക്കിയിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും മദ്ധ്യഭാഗങ്ങളിലും കാല്പനിക ഭാഷയിലെഴുതിയ ചൂണ്ടുപലകകളും ജാഗ്രതാ നിർദേശങ്ങളും കാണാം.
ദാ കോടമഞ്ഞിറങ്ങുന്നുണ്ട്. ഈ കാഴ്ച നയനമനോഹരമാണ്. കാണാനും അനുഭവിക്കാനും ഭാഗ്യം ലഭിക്കുന്നതും ഒരു അനുഗ്രഹമാണ്.
എന്തായാലും ഈ കാഴ്ചകളൊക്കെ കണ്ടുകൊണ്ട് നമുക്ക് നാഥുല ചുരത്തിന്റെ അല്പം ചരിത്രവും കേട്ടുപോവാം.
ചൈനയും ടിബറ്റും പശ്ചിമ ബംഗാളും തൊട്ടുതൊട്ടില്ല എന്നമട്ടിൽ ഇണചേർന്നുകിടക്കുന്ന ഒരു ഹിമാലയൻ ചുരമാണ് നാഥുല. ഏകദേശം 14140 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ചുരം ചുമ്പി താഴ്വരകളേയും കോലിംപോങ്ങ് ഗാങ്ങ്ടോക്ക് ഗ്രാമ്യ-നഗരപ്രദേശങ്ങളേയും തണുപ്പിച്ച് കഴിഞ്ഞുപോരുന്നു.
കഠിനമായ മഞ്ഞുമലകളിൽ താഴ് വാരങ്ങളിൽ നിന്ന് വീശിയെത്തുന്ന കാറ്റ് ഒരു തണുത്ത ചൂളംവിളി കാഴ്ചവക്കുന്നതുകൊണ്ട്, ചൂളം വിളിക്കുന്ന ചുരം എന്നൊരു പേരുകൂടിയുണ്ട് ഈ ചുരത്തിന്. അങ്ങനെതന്നെയാണത്രേ ഈ ചുരത്തിന്റെ ഭാഷാന്തരവും
ഈ റൂട്ടിൽ വണ്ടി നിറുത്തുക പ്രയാസമാണ്. അതേസമയം നിറുത്താൻ പറ്റുന്ന ഇടങ്ങളിൽ ടൂർ മാനേജർമാരുടെ നിരുത്തരവാദ ടൂറിസം നിലപാടുകൾ കാരണം ഡ്രൈവർമാർ വണ്ടി നിറുത്താറുമില്ല. ഈ ഗ്രൂപ്പ് ടൂറുകളുടെ ഒരു വലിയ പരാധീനത ഈ നിസ്സഹായാവസ്ഥയാണ്.
നമുക്ക് നാഥുല ചരിത്രം തുടരാം.
1873-ൽ അന്നത്തെ ഡാർജിലിങ്ങ് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ജെ.ഡബ്ല്യൂ. എഡ്ഗർ ആണ് ഈ ചുരം സർവ്വെ ചെയ്ത് അടയാളപ്പെടുത്തിയത്. അതിന് മുമ്പ് രാജവാഴ്ചയുണ്ടായിരുന്ന സിക്കിം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. അക്കാലത്ത് ചൈനയും ബ്രിട്ടണും ടിബറ്റും മറ്റ് രാജ്യങ്ങളും കച്ചവടം നടത്തിയിരുന്നത് ഈ ചുരം വഴിയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ചില ഔഷധങ്ങളും ഇന്ധനങ്ങളും മറ്റ് യന്ത്രസാമഗ്രികളുമാണ് ചൈനയിലേക്ക് കടത്തിയിരുന്നത്. പകരം കമ്പിളിയും സിൽക്കുമാണ് ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. അതുകൊണ്ടാണ് ഈ ചുരംവഴിയെ സിൽക്ക് റൂട്ട്, വൂൾ റൂട്ട് എന്നൊക്കെ വിളിച്ചുപോന്നിരുന്നത്. കഴുതകളും കുതിരകളുമായിരുന്നു ചരക്കുഗതാഗത മാർഗ്ഗങ്ങൾ.
നാമിപ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്ന ഗാങ്ങ്ടോക്ക്-നാഥുല റോഡിന്റെ പണി ആരംഭിച്ചത് 1954-ലായിരുന്നു. നാല് വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ഈ റോഡ് സഞ്ചാരികൾക്ക് സമർപ്പിച്ചത് 1958 സെപ്തംബർ 17-ന് ജവഹർലാൽ നെഹ്രുവാണ്. റോഡ് പണി തുടരുന്ന 1956-ലാണ് ദലായിലാമ ഇതുവഴി ശ്രീബുദ്ധന്റെ 2500-ാമത് ജന്മദിനാഘോഷങ്ങൾക്കായെത്തിയത്.
ദാ ഈ വലുതുവശത്ത് കാണുന്നത് സിക്കിം കമ്പളിയും, സ്വറ്ററുകളും, ഷോളുകളും, തൊപ്പികളും, മറ്റ് കൌതുകവസ്തുക്കളും വില്പനക്കായി പ്രദർശിപ്പിച്ചിട്ടുള്ള താൽക്കാലിക ഷെഡ്ഡുകളാണ്. സ്വകാര്യവാഹനങ്ങളിൽ വരുന്ന സഞ്ചാരികളൊക്കെ ഇവിടെ ഇറങ്ങും. നിരുത്തരവാദ ടൂറിസം മാനേജർമാർ കൊണ്ടുവരുന്ന സഞ്ചാരികൾക്ക് ഇതൊന്നും കാണാൻ അവകാശമില്ല. അതും ഗ്രൂപ്പ് ടൂറുകളുടെ മറ്റൊരു പരാധീനതയാണ്.
ദാ വീണ്ടും മൂടൽമഞ്ഞ് ഞങ്ങളുടെ വഴികളെ പുതപ്പിച്ചുകിടത്തുന്നു. ഈ വഴി വണ്ടി ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. അവർ വണ്ടി ഓടിച്ചുകൊണ്ടേയിരിക്കും.
ദാ ഇവിടെ ഞങ്ങളുടെ വാഹനം നിർത്തേണ്ടതായിവന്നു. ഈ വഴി ഇടുങ്ങിയതാണ്. എതിരെവരുന്നത് ബിആറോയുടേയോ പട്ടാളത്തിന്റേയോ വാഹനങ്ങളാണ്. നിവർത്തിയില്ല. പട്ടാളം ഫസ്റ്റ്, എന്നതാണ് ഇവിടുത്തെ ട്രാഫിക്ക് നിയമം. എന്റെ വാഹനം ദാ ഇപ്പോൾ ഈ എതിടവശത്തെ പാറക്കൂട്ടത്തെ തൊട്ടു, തൊട്ടില്ല എന്ന മട്ടിലാണ്. ഉള്ളിലെ കിളി പറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കിൽ നാം ആയിരക്കണക്കിന് അടി താഴേക്ക് നിലം പതിക്കും.
ഇവിടുത്തെ ഈ കാണുന്ന മഞ്ഞനിറം കലർന്ന പാറകൾക്ക് വേണ്ടത്ര ഉറപ്പില്ല. അത് ഏതുസമയത്തു വേണമെങ്കിലും നിലം പൊത്താം. ഈ വഴിയിലെ നിത്യ സംഭവങ്ങളാണ്, പാറയിടിച്ചലും മണ്ണിടിച്ചിലും, പെട്ടെന്നുള്ള മഴയും. പോരാത്തതിന് ഈ പ്രദേശം ഭൂമികുലുക്ക സാധ്യതകൾ കൂടുതലുള്ള പ്രദേശവുമാണ്.
നമുക്ക് നാഥുല ചരിത്രത്തിന്റെ ബാക്കി കൂടി കേൾക്കാം.
അറുപതുകളിലെ ഇന്തോ-ചൈന, ഇന്തോ-പാക്ക് യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഈ ചുരം ഏറെ അസ്വസ്ഥമായിരുന്നു. പിന്നീട് 2006-ലെ ചില ഉടമ്പടികളുടെ പശ്ചാത്തലത്തിൽ കൈലാസത്തിലേക്കും മാനസരോവറിലേക്കുമായി ചുരം തുറക്കപ്പെട്ടെങ്കിലും, സുഗമമായ സഞ്ചാരത്തിനായി 2015-വരെ കാത്തിരിക്കേണ്ടിവന്നു. അതോടെ അല്ലറചില്ലറ നിയന്ത്രിത വ്യാപാരവും നടന്നുതുങ്ങിയെന്ന് പറയാം. എന്നിരുന്നാലും ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് ഏഴോ എട്ടോ മാസം ഈ ചുരം അടഞ്ഞുതന്നെ കിടക്കും.
ദാ പോകുന്നത് ബിആറോ ജീവനക്കാരാണ്. റോഡിൽ മഞ്ഞ് വിരിപ്പിട്ടുതുടങ്ങി. മലകളിലും മഞ്ഞുമേഘങ്ങൾ ഒഴുകിയിറങ്ങാൻ തുടങ്ങി. ആകെക്കൂടി ഒരു കശ്മീർ ഫീലുണ്ട് ഇവിടം.
ദാ ഇതുപോലെ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും കാണാം. മഞ്ഞുപാളികളിലൂടെ മഞ്ഞിലേക്ക് പെയ്യുന്ന ജലധാരകളാണിവ. അതേസമയം ചിലേടങ്ങളിലൊന്നും മഞ്ഞ് കാണാനേയില്ല, പകരം മൂടൽമഞ്ഞിൽ മഴത്തുള്ളികളുടെ മർമ്മരവും കേൾക്കാം.
ഇനി വീണ്ടും നാഥുലയുടെ കഥ കേൾക്കാം, നമുക്ക്.
അറുപതുകളിലെ ഇന്തോ-പാക്ക്, ഇന്തോ-ചൈന യുദ്ധങ്ങളിൽ നാഥുല ചുരം സംഘർഷഭരിതമായിരുന്നു. ഒരുപാട് യുദ്ധക്കെടുതികൾക്ക് ഈ ചുരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അങ്ങനെ 1975-ലാണ് ഈ ചുരം ഇന്ത്യയുടെ അധീനതയിലാവുന്നത്. പിന്നീട് രാജീവ് ഗാന്ധിയുടേയും അടൽ ബിഹാരി വാജ്പേയിയുടേയും നിരന്തരമായ സന്ഡി-സംഭാഷണങ്ങളുടെ ഫലമായാണ് ഈ ചുരത്തിൽ സമാധാനാന്തരീക്ഷം കൈവന്നത്.
അപ്പോഴും ഇപ്പോഴും മിക്കപ്പോഴും, ഇടയ്ക്കിടെ ഇന്ത്യയുടേയും ചൈനയുടേയും തോക്കുകൾ ഈ മഞ്ഞുമൂടിയ ചുരങ്ങളിൽ പൊട്ടിക്കൊണ്ടേയിരിക്കുന്നു. വെടിപ്പുകയേത് മഞ്ഞേത് എന്നറിയാതെ നാഥുല ചുരം ചൂളം വിളിച്ചങ്ങനെ കഴിയുകയാണ്.
2020-ൽ കൊറോണ വൈറസ് കാലഘട്ടത്തിൽ ഈ ചുരം അടഞ്ഞുകിടന്നിരുന്നു.
ഈ വാഹനം ഓടിക്കുന്നത് ഗാങ്ങ്ടോക്കുകാരൻ ഹമീസാണ്. ഹമീസിനെ കൂടാതെ നാല് സഞ്ചാരികളാണ് ഈ വാഹനത്തിലുള്ളത്. വിന്ഡോ സീറ്റിലിരിക്കുന്ന കുട്ടി നീരജയാണ്. മെഡിസിന് പഠിക്കുന്ന ഈ കുട്ടി എപ്പോഴും ഉറക്കമാണ്. ഇപ്പോൾ അവൾ ഉണർന്നിരിക്കുന്ന സമയമാണ്. നീരജയുടെ അച്ഛൻ ബിജോയും അമ്മ സ്മിതയുമാണ് ഒപ്പം പിൻസീറ്റിൽ.
ഞങ്ങൾ നാഥുല എത്താറായി. ആകാശങ്ങളിലെ മുഴുവൻ മഞ്ഞും ഭൂമിയിൽ പതിച്ചുതുടങ്ങി. ഇടക്കിടെ മഴയും പൊടിയുന്നുണ്ട്. ഇനി ഇടക്കിടെ ബിആറോയുടേയും പട്ടാളത്തിന്റേയും പച്ചവിരിപ്പിട്ട കെട്ടിടങ്ങൾ കാണാം. സിക്കിം ചായയും മൊമോസും ഫ്രൈഡ് റൈസും കിട്ടുന്ന ചില തട്ടുകടകളും കാണാം. സഞ്ചാരികൾ അവിടങ്ങളിലൊക്കെ ഇറങ്ങിയൊന്ന് ഫ്രഷാവും. കാരണം നാഥുലയിൽ അതനൊന്നുമുള്ള സൌകര്യങ്ങൾ കാണില്ല.
ഞങ്ങളുടെ ടൂർ മാനേജർ ഏർപ്പാട് ചെയ്ത തട്ടുകട എത്തി. ഇനി അല്പം ചുടുചായ. ഇത്തിരി ഫോട്ടോഷൂട്ട്. പിന്നെ യാത്ര സമീപത്തെ നാഥല ചുരത്തിലേക്ക്.
ഈ കൊച്ചുശുനകനാണ് ഈ തട്ടുകടയിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത്. ഇവിടമൊക്കെ ഏതാണ്ട് മഞ്ഞുമൂടിക്കഴിഞ്ഞു. ഈ തട്ടുകടയിൽ മഞ്ഞിലണിയാനുള്ള കോട്ടും ബൂട്ടും സ്വെറ്ററും ഷാളും തൊപ്പികളും വാടകയ്ക്ക് കിട്ടും.
ഇവിടുത്തെ ഇരിപ്പിടം പരിമിതമാണ്. നീരജയാണ് ഞങ്ങളുടെ ഗ്രൂപ്പിന്റെ ഫോട്ടോഗ്രാഫർ. ഞാനും ആദ്യമായി എന്രെ ക്യാമറ അവൾക്ക് കൈമാറി.
നാഥുലയിലേക്കുള്ള വാഹനങ്ങൾ ഇങ്ങനെ പോയിക്കൊണ്ടിരുന്നു.
ഈ ഫ്രൈഡ് റൈസ് ഇവിടുത്തെ പ്രാദേശിക വിഭവമാണ്. ഞങ്ങളുടെ ഡ്രൈവർമാർ അതൊക്കെ കഴിക്കുന്നുണ്ട്. ഇതിനുള്ള കൂട്ടുകറി അച്ചാർ മാത്രമാണ്.
നീരജയാണ് എന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ആ മഞ്ഞുമുടി ചൂടിയ വനിത ഡോക്ടറാണ്. ഡോ. വിജയലക്ഷ്മി.
സത്യത്തിൽ ഇപ്പോൾ ഉച്ചയൂണിന്റെ സമയമാണ്. പക്ഷേ, ടൂർ മാനേജർ അതൊക്കെ മറന്ന മട്ടാണ്. ഞങ്ങൾ, ഞങ്ങൾക്ക് വിധിച്ച സിക്കിം ചായയും ഒഴിഞ്ഞവയറുമായി നാഥുലക്ക് പോവുകയാണ്. പല സഞ്ചാരികളും വഴിയരികിൽ മഞ്ഞനുഭവിക്കാൻ ഇറങ്ങുന്നുണ്ട്. റോഡിലെ മഞ്ഞുനീക്കാനായി ജെസിബികളും കാണാനായി.
നാഥുല എത്തി. സഞ്ചാരികൾ മഞ്ഞിന്റെ രോമാഞ്ചത്തിലേക്കിറങ്ങി. ഇത് മഞ്ഞിന്റെ കൈലാസം. മഞ്ഞിന്റെ മാനസരോവരം.
ഈ കൈലാസത്തിലെ മാനസരോവരത്തിലെ കൂടുതൽ കാഴ്ചകൾ, അടുത്ത എപ്പിസോഡിൽ കാണാം. അതുവരേക്ക് നന്ദി, നമസ്കാരം.