ഭാരതവും തരൂർ ഇഫക്ടും

ഭാരതവും തരൂർ ഇഫക്ടും

മാധ്യമ വർത്തമാനങ്ങളനുസരിച്ച് വിശ്വപൌരൻ എന്ന് ലോകം പ്രശംസിക്കുന്ന ഡോ. ശശി തരൂർ ഇന്ന് കോൺഗ്രസ്സിന്റെ പാളയത്തിൽ ഏതാണ്ട് നിഷ്പ്രഭനാണ്. അതേസമയം, ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ പാർട്ടികളും ഡോ. തരൂരിന്റെ, ആരേയും വിസ്മയിപ്പിക്കുന്ന, മോഹിപ്പിക്കുന്ന, രാഷ്ട്രമിമാംസക-ബൌദ്ധിക സാന്നിദ്ധ്യത്തിനായി ശ്രമിക്കുകയാണ്. എന്നാൽ, തികഞ്ഞ കോൺഗ്രസ്സുകാരനായ ഡോ.ശശി തരൂർ യാതൊരുവിധ രാഷ്ട്രീയ പ്രലോഭനങ്ങൾക്കും വഴങ്ങാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. വീഡിയോ കാണാം

അതുകൊണ്ടുതന്നെ, സർവ്വ രാഷ്ട്രീയ പാർട്ടികളിലേയും ശക്തരായ എതിരാളികളെ മത്സരിച്ചുതന്നെ തോൽപ്പിച്ച്, നാലുവട്ടം എംപി പട്ടം ചൂടിയ, തരൂരിന്റെ ജനപിന്തുണ ആരേയും അതിശയിപ്പിക്കുന്നതാണ്. ഇതൊന്നും പക്ഷേ, കോൺഗ്രസ്സ് കാണുന്നില്ലെന്ന് മാത്രമല്ല, അവർ തരൂരിനെ ഒളിഞ്ഞും ഒറ്റിയും തമസ്കരിക്കാൻ ശ്രമിക്കുകയാണെന്നതാണ് വാസ്തവം.

ഈയൊരു സാഹചര്യത്തിൽ ഒരു സാധാരണ രാഷ്ട്രീയനിരീക്ഷകനെന്ന നിലയിൽ, തരൂരിനു മുന്നിൽ എനിക്ക് കാണാൻ കഴിയുന്നത് രണ്ടേരണ്ട് മാർഗ്ഗങ്ങളാണ്. അവയിലൊന്ന് ബൌദ്ധിക മാർഗ്ഗവും, രണ്ടാമത്തേത് രാഷ്ട്രീയ മാർഗ്ഗവുമാണ്. ഞാനതിൽ പ്രഥമഗണനീയമായ ബൌദ്ധിക മാർഗ്ഗമായിരിക്കും ശിപാർശ ചെയ്യുക. അതായത്, തരൂർ ഈ അധാർമ്മിക രാഷ്ട്രീയമണ്ഡലം ഉപേക്ഷിച്ച്, ഒരു മുഴുവൻ സമയ എഴുത്തുകാരനാവുക.

രണ്ടാമത്തെ രാഷ്ട്രീയമാർഗ്ഗം, തരൂർ എത്രയും പെട്ടെന്ന് ബിജെപിയിൽ ചേരുകയെന്നതാണ്. അങ്ങനെ ചെയ്താൽ, തരൂർ, രാഷ്ട്രീയമായി അംഗീകരിക്കപ്പടുകയും, ഉയരങ്ങളിൽ എത്തുകയും ചെയ്യും. ഇതുകൊണ്ടുള്ള ഗുണം, കൂടുതലും ബിജെപിയെന്ന ദേശീയ പാർട്ടിക്കായിരിക്കും. കാരണം, ഇന്ന് ബിജെപി ദേശീയമായി നേരിടുന്ന വലിയ പ്രതിസന്ധി, ഹിന്ദുത്വ അജണ്ടയാണ്. തരൂരിന്റ രംഗപ്രവേശത്തോടെ ആ പ്രതിസന്ധി പരിഹരിക്കപ്പെടാം.

ഹൈന്ദവതയുടെ ഉള്ളറിഞ്ഞ ഡോ. തരൂരിന് ബിജെപി ഹിന്ദുത്വ അജണ്ടയെ, ദേശീയതയെ മുൻനിർത്തി പരിഭാഷപ്പെടുത്താനും ജനപ്രിയമാക്കാനും കഴിയും. ഒരു വിശ്വപൌരനിൽ നിന്ന് അത് കേൾക്കുമ്പോൾ ഭാരതം അത് ശരിവക്കുകയും ചെയ്യും. ബിജെപിയിലെ ഒരു നേതാവിനും ഇത് സാധ്യമല്ലെന്നതും പരമസത്യമാണ്. ഇനിയെല്ലാം ഡോ. ശശി തരൂർ തീരുമാനിക്കട്ടെ.