തൃശൂരിലെ ആകാശപാത
19 Jan 2023
ഇതാണ് തൃശൂരിലെ ആകാശപാത. മാനം മുട്ടെ വിവാദങ്ങളുള്ള ആകാശപാത. തൃശൂർ മേയറുടെ സ്വപ്നപാത. വിവാദങ്ങൾക്കും സ്വപ്നങ്ങൾക്കും ഇടയിലുള്ള തൃശൂർക്കാരുടെ വിസ്മയപാത. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
ഈ ആകാശപാതയ്ക്ക് 2018-ലാണ് തറക്കല്ലിട്ടത്. തറക്കല്ലിടുമ്പോൾ മേയർ അജിത രാജൻ. അന്നത്തെ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർമ്മാണോദ്ഘാടനം നിർവഹിച്ച തൃശൂരിന്റെ ഈ സ്വപ്നപദ്ധതി 8 മാസത്തിനകം പൂർത്തിയാക്കുമെന്നാണ് അന്ന് അധികൃതർ പ്രഖ്യാപിച്ചതെങ്കിലും 2023-ലും സാക്ഷാത്കരിക്കപ്പെട്ടില്ല. അതേസമയം 2023 മാർച്ചിൽ കമ്മീഷൻ ചെയ്യുമെന്നാണ് ഇപ്പോഴത്തെ മേയർ എം.കെ. വർഗ്ഗീസ് പറയുന്നത്.
ഒട്ടേറെ വികസനോന്മുഖ പശ്ചാത്തലമുള്ള ഈ ആകാശപാത അമൃത് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചതാണ്. ഏകദേശം അഞ്ചര കോടിയാണ് ഇതിന്നായി കോർപ്പറേഷൻ വകയിരുത്തിയത്.
പഴയ പട്ടാളം-ശക്തൻ തമ്പുരാൻ നഗർ റോഡ്, വെസ്റ്റ്‌റിങ് റോഡ്, ശക്തൻ തമ്പുരാൻ നഗർ റോഡ്, ശക്തൻ തമ്പുരാൻ ഹൈറോഡ് കണക്ഷൻ റോഡ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് മാതൃഭൂമി റൗണ്ടിന് ചുറ്റുമായാണ് ആകാശപാത നിർമ്മിക്കുന്നത്.
വൃത്താകൃതിയിലുള്ള ഈ നിർമ്മിതിക്ക് റോഡ് നിരപ്പിൽ നിന്നും 6 മീറ്റർ ഉയരമുണ്ട്. 279 മീറ്റർ ചുറ്റളവിലുള്ള ഈ പാതക്ക് 3 മീറ്റർ വീതിയുണ്ട്. പാതയ്ക്ക് നാല് വശങ്ങളിൽ നിന്നായി 8 കവാടങ്ങൾ. പാതയിലേക്കുള്ള പടവുകൾക്ക് 2 മീറ്റർ വീതിയുണ്ട്. 60 സെന്റിമീറ്റർ വ്യാസമുളള 16 കോൺക്രീറ്റ് തുണുകളിലാണ് പാത നിലയുറപ്പിക്കുന്നത്.
ഇതൊക്കെയാണ് ഈ ആകാശപാതയുടെ ഏകദേശ സാങ്കേതിക വിവരമെങ്കിലും ഈ സ്വപ്നപാത ഇന്ന് തൃശൂരിന്റെ വിവാദപാതയാണ്. ഈ സ്വപ്നപദ്ധതി പൂർത്തിയാവുമ്പോൾ നിർമ്മാണ ചെലവ് മൂന്നിരട്ടിയാവുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതായത് അഞ്ചര കോടിയിൽ തുടങ്ങിയ സ്വപ്നപാത പൂർത്തിയാവുമ്പോൾ പതിനാറര കോടിയാവുമെന്നാണ് പ്രതിപക്ഷ കണക്ക്.
പ്രതിപക്ഷത്തിന്റെ ആരോപണം അവിടേയും അവസാനിക്കുന്നില്ല. അഴിമതി നടന്നെന്ന് ആരോപിക്കുന്ന ഈ സ്വപ്നപാത അനാവശ്യമാണെന്നും ധൂർത്താണെന്നും പ്രായോഗികമായി ജനങ്ങൾക്ക് ഉപകാരപ്രദമല്ലെന്നും അവർ ശക്തമായ ഭാഷയിൽ ആരോപിക്കുന്നു. പ്രതിപക്ഷ ആരോപണം ഒരു പടി കൂടി കടക്കുമ്പോൾ, ഈ ആകാശപാത കാക്കകൾക്ക് കാഷ്ടിക്കാനും വാഴക്കുലകൾ തൂക്കാനും മാത്രമെ ഉപകരിക്കൂ എന്ന് ഇതിനകം തന്നെ അവർ പ്രതീകാത്മകമായി ജനസമക്ഷം ചിത്രീകരിച്ചുകഴിഞ്ഞു.
അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ ഏറെ ശാസ്ത്രീയമായാണ് മേയർ എം.കെ. വർഗ്ഗീസ് പ്രതിരോധിക്കുന്നത്. തൃശൂരിന്റെ പശ്ചാത്തല വികസനത്തിന്റേയും സൌന്ദര്യത്തിന്റേയും പ്രതീകമാണ് ഈ ആകാശപാതയെന്നാണ് മേയറുടെ വാദം. ഈ ആകാശപാതയിലേക്ക് കയറാൻ ലിഫ്റ്റ് സൌകര്യം വരുന്നതോടെ ഇതിന്റെ പ്രയോജനം ആബാലവൃദ്ധം ജനങ്ങളിലേക്കും വ്യാപിക്കുമെന്നാണ് മേയറുടെ അവകാശവാദം. മാത്രമല്ല, ഈ പാത പൂർണ്ണമായും എയർകണ്ടീഷൻ ചെയ്യുകയും പാതയുടെ പാർശ്വങ്ങളിൽ കൊച്ചുകൊച്ചു ഷോപ്പുകളുമുണ്ടാവുമെന്നും മേയർ വാദിക്കുന്നു. സോളാർ പാനലുകൾ ഘടിപ്പിച്ചുകൊണ്ട് ആകാശപാതക്കാവശ്യമായ വൈദ്യുതി ഇദ്പാദിപ്പിക്കാനും പദ്ധതിയുണ്ട്. പദ്ധതി ഘട്ടംഘട്ടമായി പൂർണ്ണമാവുമ്പോൾ തൃശൂരിന്റെ പ്രധാനപ്പെട്ട എട്ട് കേന്ദ്രങ്ങളുമായി ആകാശപാത ജനങ്ങളുടെ ആശ്വാസപാതയാവുമെന്നും മേയർ വൃത്തങ്ങൾ അവകാശപ്പെടുന്നു.
അതേസമയം ഈ പരിസരത്തുള്ള കച്ചവടക്കാർ ആശങ്കയിലുമാണ്. റോഡിന് ഇരുവശവും ഉരുക്കുകമ്പി കൈവരി തീർത്തപ്പോൾ അവരുടെ കച്ചവടം നഷ്ടമായെന്ന് അവരിൽ ഒരു വിഭാഗം പരാതിപ്പെടുന്നു. അതേസമയം ഇത്തരം വികസനങ്ങളെ സ്വാഗതം ചെയ്യുന്നുണ്ട് അവരിൽ തന്നെ മറ്റു ചിലരും.
മൂന്നുമീറ്റർ മാത്രം വീതിയുള്ള ഈ പാതയുടെ പാർശ്വങ്ങളിൽ ശീതീകൃതസംവിധാനമുള്ള ഷോപ്പുകൾ അപ്രായോഗികമെന്ന് പറയുന്നവരുമുണ്ട്. മേയർ ലിഫ്റ്റ് സംവിധാനത്തെകുറിച്ചൊക്കെ പറയുന്നുണ്ടെങ്കിലും നിലവിൽ ഇവിടെ കാണുന്നത് കരട് പദ്ധതിയിൽ പറഞ്ഞപ്രകാരമുള്ള പടവുകളാണ്. അതേസമയം ഈ പരിസരങ്ങളിൽ വാഹനാപകടങ്ങൾ കൂടുന്നതായും ചില കച്ചവടക്കാർ ആശങ്കപ്പെടുന്നുണ്ട്.
ഒരു സഞ്ചാരിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ സീറ്റി സ്കാനിന് പറയാനുള്ളത് മറിച്ചാണ്. ഇത്തരം വികസനങ്ങൾ നഗരങ്ങൾക്ക് അനിവാര്യമാണ്. നമ്മുടെ നഗരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഇത്തരം നിർമ്മിതികൾ ഉണ്ടാവേണ്ടതുണ്ട്. അതോടൊപ്പം ഇത്തരം വികസനോന്മുഖ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ സാധാരണ ജനങ്ങൾക്കും സഞ്ചാരികൾക്കും സർക്കാരിനും പ്രയോജനപ്രദമാവുന്നുണ്ടോ എന്നുകൂടി പ്രായോഗികമായി പരിശോധിക്കണം. തൃശൂർ കോർപ്പറേഷൻ ഈ വഴിക്കൊക്കെ ചിന്തിക്കുമെന്നും പ്രവർത്തിക്കുമെന്നും പ്രത്യാശിക്കുന്നു.