ഇത് ബാഗ് ദോഗ്ര വിമാനതാവളം. ഒരു യാത്രയും പ്ലാൻ ചെയ്യുന്നതുപോലെ നടക്കാറില്ല. ഞാൻ കശ്മീർ യാത്രയാണ് പ്ലാൻ ചെയ്തത്. അവസാനം ആ തീരുമാനം മാറ്റുകയായിരുന്നു. തുളിപ്പ് പൂക്കുന്ന കാലമായതിനാൽ, കശ്മീരിൽ ഇപ്പോൾ നല്ല തിരക്കാണ്. അത്രയ്ക്കും തിരക്ക് ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരിയല്ല ഞാൻ. അതുകൊണ്ട് യാത്ര സിക്കിമ്മിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. അത് ഒരു തരത്തിൽ ദൈവാനുഗ്രഹമായി. കാരണം, ഈ ദിവസങ്ങളിലാണ് കശ്മീരിൽ, പെഹൽഗാമിൽ ഭീകരർ സഞ്ചാരികൾക്ക് നേരെ നിറയൊഴിച്ചതും, 34 സഞ്ചാരികൾ കൊല്ലപ്പെട്ടതും. പ്രിയ സഞ്ചാരികൾക്ക് സീറ്റിവില്യംസ്കാനിന്റെ പ്രണാമം. വീഡിയോ കാണാം
അങ്ങനെയാണ് ഞാൻ കൊച്ചിയിൽ നിന്ന് പശ്ചിമ ബംഗാളിലെ, സിലിഗുരിക്ക് സമീപമുള്ള ബാഗ് ദോഗ്ര സൈനിക വിമാനതാവളത്തിലെത്തിയത്. ഇതൊരു കൊച്ചു വികസിത വിമാനതാവളമാണ്. ഇന്ത്യയിലെ ഗാങ്ടോക്ക്, ഡാർജിലിംഗ് തുടങ്ങിയ ഹിൽസ്റ്റേഷനുകളിലേക്കും, തായ്ലാന്ഡ് ഭൂട്ടാൻ എന്നിവടങ്ങളിലേക്കും ഇവിടെനിന്ന് വിമാനസർവ്വീസുകളുണ്ട്.
എവിടെക്കാണെങ്കിലും കൊച്ചുകാറുകളിൽ വേണം ഈ പരിസരങ്ങളിലെ ഹിൽ സ്റ്റേഷനുകളിലെത്തുക. കാരണം റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ആപൽകരമായി പൊട്ടിയും പൊളിഞ്ഞും കിടക്കുകയാണ് ഇവിടുത്തെ റോഡുകൾ. പശ്ചിമ ബംഗാളിന്റെ മഹത്തായ പരാജയമാണ് ഇവിടുത്തെ റോഡുകളും അടിസ്ഥാന പശ്ചാത്തല വികസനവും എന്നുവേണം പറയാൻ.
എയർപോർട്ടിൽ നിന്ന് ഏകദേശം അരമുക്കാൽ മണിക്കൂർ സഞ്ചരിച്ചാലെത്തുന്ന സിലിഗുരിയിലെ ഒരു ഹോട്ടലാണിത്. ഇവിടെനിന്നായിരുന്നു ഉച്ചഭക്ഷണം. ഇതൊരു ബാർ ഹോട്ടൽ കൂടിയാണ്. നട്ടച്ചയ്ക്ക് മദ്യപിക്കുന്ന ശീലമില്ലാത്തതുകൊണ്ട് അതൊഴിവാക്കി. ആരോ ഒരാൾ എനിക്ക് ബംഗാൾ ഭക്ഷണം പ്രദർശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്തു. ഉച്ചഭക്ഷണം തരക്കേടില്ലായിരുന്നു. ബംഗാളിന്റെ രുചിയോട് നമുക്ക് പൊരുത്തപ്പെടാതെ നിവൃത്തിയില്ല.
പിന്നേയും ഏതാണ്ട് നാലഞ്ച് മണിക്കൂർ നേരത്തെ കഠിനതരമായ യാത്രക്കുശേഷമാണ് ഞാൻ ഗാങ്ടോക്കിൽ എത്തുന്നത്. കാര്യമായ തണുപ്പെന്ന് പറഞ്ഞുകൂടാ. എവിടെയോ ഒരിടത്തുനിർത്തി മൺ ലോട്ടകളിൽ ഡാർജിലിങ്ങ് ചായ നുണഞ്ഞു. ഒരു റൊമാന്റിക്ക് ആവേശമായിരുന്നു ആ ചായ നുണയൽ. ചായയുടെ നിർമ്മിതിയും വിതരണവും പരമാവധി വൃത്തികേടാക്കാൻ ഗാങ്ടോക്ക് പരിസരം ശ്രദ്ധിച്ചിരുന്നു. യാത്രകൾ പലപ്പോഴും പൊരുത്തപ്പെടലിന്റെ സഹനം കൂടിയാണല്ലോ.
അങ്ങനെ അവസാനം ഗാങ്ടോക്കിൽ എത്തപ്പെട്ടു. ഏകദേശം 5400 അടി മുകളിലുള്ള ഒരു കുന്നിൻ പ്രദേശമാണ് ഗാങ്ടോക്ക്. പകൽ സമയങ്ങളിൽ ഏതണ്ടൊക്കെ ചൂടാണ്. ഉച്ചതിരിഞ്ഞാൽ കോടയിറങ്ങാം. രാത്രി തണുപ്പുണ്ടാവാം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. സത്യത്തിൽ അപ്രവചനീയമാണ് ഇവിടുത്തെ കാലാവസ്ഥ.
ഇവിടെ ഞാൻ താമസിക്കുന്ന ഹോട്ടലിന്റെ പേരു് ദി മാപ്പിൾ റെസിഡൻസി എന്നാണ്. ഇവിടങ്ങളിലെല്ലാം ബൌദ്ധവിശ്വാസങ്ങളും ആചാരങ്ങളും ഏറെ കൂടുതലാണ്. ബൌദ്ധാശ്രമങ്ങളും ഏറെയുണ്ട്. ഈ ഹോട്ടൽ നിറയേ ബുദ്ധ ശില്പങ്ങളാലും ബൌദ്ധ ബിംബങ്ങളാലും സമൃദ്ധമാണ്.
എന്തായാലും എന്റെ ഹോട്ടലിലെ ഗാങ്ടോക്ക് രാത്രിക്ക് നല്ല തണുപ്പുണ്ടായിരുന്നു. തണുത്തൊരു പ്രഭാതത്തിലേക്കാണ് ഞാൻ ഉണർന്നത്. പതിവുപോലെ ഹോട്ടൽ മുറിയിലെ ഡാർജിലിങ്ങ് ചായ തിളച്ചു. ചായകപ്പുമായി ജാലകതിരശ്ശീല മാറ്റിയപ്പോൾ നല്ല മഴ. പക്ഷേ, മഴ നീണ്ടുനിന്നില്ല. പ്രഭാതം വീണ്ടും വെയിലേറ്റുകിടന്നു.
പതിവുപോലെ ടൂർ മാനേജരുടെ ബഡ്ജറ്റ് ബ്രേക്ക്ഫാസ്റ്റ് വിളമ്പി. മുട്ട പുഴുങ്ങിയതും ബ്രെഡ്ഡും പിന്നെ ചില്ലറ അലങ്കാരങ്ങളും പാനീയങ്ങളും. സഞ്ചാരികൾ വിശപ്പിനെ വെല്ലുവിളിച്ചുകൊണ്ട് തിന്നും കുടിച്ചും യാത്രക്ക് പര്യാപ്തരായി. ഇനി യാത്ര.
എന്റെ ഗൈഡിന്റെ പേരു് വാങ്ങ് ബൂട്ടിയ എന്നാണ്. കൂടെ ടൂർ മാനേജർ കൊയിലാണ്ടിക്കാരൻ സനൂപും ഉണ്ട്. സനൂപിന് അധിക സംസാരമില്ല. ഒരു പാവം ടൂർ മാനേജരാണ്. ഇന്ന് നാഥുല ചുരത്തിലേക്കാണ് യാത്രയെന്ന് അവർ പറഞ്ഞു.
വാങ്ങ് ഒരു മൌണ്ടൻ ഗൈഡാണ്. സിക്കിമ്മിന്റെ ആരാധകനാണ്. സിക്കിമ്മിലെ ഭൂമികുലുക്ക സാധ്യതകളേയും മണ്ണിടിച്ചലുകളുടെ സാധ്യതകളേയും വാങ്ങ് തള്ളിക്കളയുകയാണ്. അതൊക്കെ പർവ്വതപ്രാന്തങ്ങളിൽ സാധാരണമാണെന്നാണ് വാങ്ങ് പറയുന്നത്.
എന്റെ വാഹനത്തിന്റെ ഡ്രൈവർ ഹമിശാണ്. അയാൾ കാർ തുടച്ചുമിനുക്കുകയാണ്. ഇവിടെ ഡ്രൈവർമാർക്ക് ഇംഗ്ലീഷ് അറിയുമെന്നാണ് ചാറ്റ് ജിപിടി അവകാശപ്പെടുന്നത്. പക്ഷേ, ഹമീശിന് ഇംഗ്ലീഷ് അത്ര വശമില്ലെന്ന് മനസ്സിലായി. ഞാൻ ഇംഗ്ലീഷ് പറയുമ്പോഴൊക്കെ ഹമീശ് അതിനെയൊക്കെ ഒരുമാതിരി ചിരികൊണ്ട് പ്രതിരോധിച്ചു.
വാഹനം കുന്നിറങ്ങി. താഴ്വാരങ്ങളിലും അവയുടെ മേലാപ്പുകളിലും സിഗററ്റുകൂടുപോലേയും തീപ്പെട്ടി കൂടുപോലേയും ഗാങ്ങ്ടോപ്പ് നിർമ്മിതികൾ കാണാമായിരുന്നു. കനത്ത കോടമഞ്ഞിന്റെ പുകാവരണം ഞങ്ങളുടെ വഴിയെ പലപ്പോഴും അദൃശ്യമാക്കിയിരുന്നു. 15000 അടി മുകളിലെ നാഥുല വിസ്മയങ്ങളുമായി ഞാൻ വരും അടുത്ത എപ്പിസോഡിൽ. അതുവരേക്ക് നന്ദി നമസ്കാരം.