ശാന്തിസ്തൂപം- ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം
21 Aug 2023
ഇത് ചാങ്സ്പ ഗ്രാമം. ലഡാക്കിന്റെ അഭിമാനഗ്രാമം. 11800 അടി മുകളിൽ പർവ്വതങ്ങളെ ഉമ്മവച്ചുകിടക്കുന്ന ശാന്തിയുടെ, സമാധാനത്തിന്റെ ഒരു സ്തൂപഗ്രാമം. ഒരു വിളിപ്പാടകലെ നിന്ന് നംങ്യാൽ സീമോ ബൌദ്ധാശ്രത്തിൽ നിന്ന് പ്രാർത്ഥനാ മണിയൊച്ച കേൾക്കാം. അതേ ഇവിടെയാണ് ബൌദ്ധമന്ത്രങ്ങളുടെ സ്നിഗ്ദമർമ്മരം പൊഴിക്കുന്ന ശാന്തിസ്തൂപം. ലഡാക്കിലെത്തി കാലാവസ്ഥയുമായി പൊരുത്തപ്പെട്ടുകഴിഞ്ഞാൽ പിന്നെ നാം കാണുന്ന മനോ-ജൈവോർജ്ജങ്ങളുടെ, അതിശയിപ്പിക്കുന്ന വിശുദ്ധകലയുടെ കലവറയാണ് ഈ സ്പന്ദിക്കുന്ന ശില്പം.
ഈ ശില്പത്തിന് ലഡാക്കിന്റെ സ്ഥായിയായ വാസ്തുശീലില്ല. ഈ തൂമഞ്ഞിൻ വെൺമയുള്ള സ്തൂപം ബൌദ്ധനിർമ്മിതിയിൽ നിന്നുതന്നെ വേറിട്ടുനില്ക്കുന്നത് കാണാം. ഈ സ്തൂപത്തിൽ ആലേഖനം ചെയ്ത റിലീഫ് കലാസങ്കേതത്തിനും ഭാരതീയേതരമായ വ്യത്യസ്തതകളുണ്ട്. കൂടുതലും ബൌദ്ധവിചാരങ്ങളുടെ സ്പർശമുള്ള ജാപ്പനീസ് ചിത്രകലയുടെ സാന്നിദ്ധ്യം കാണാം. യുദ്ധവും സമാധാനവും ബിംബങ്ങളായുള്ള കലാസങ്കേതമാണ് ജാപ്പനീസ് കലക്കുള്ളത്. ശാന്തിസ്തൂപത്തിലെ ചിത്രമെഴുത്തിലും ഈ കലാസങ്കേതം പ്രകടമാണ്. വീഡിയോ കാണാം
സമാധാനത്തിന്റെ ദൈവദൂതനായ അശോകമഹാരാജാവിന്റെ ആശയസാന്നിദ്ധ്യം കൊണ്ട് ധന്യമാണ് ഈ ശില്പം. എന്നാൽ ഈ ശില്പത്തിന്റെ ആധുനികാഖ്യാനം നടത്തിയത് 1914-ൽ ജാപ്പനീസ് ബുദ്ധഭിക്ഷുവായ നിഷിതാത്സു ഫ്യൂജിയാണ്. അങ്ങനെയാണ് സമാധാനത്തിന്റെ ഈ സാർവ്വലൌകിക ശില്പം ചാങ്സ്പയിൽ ജനിക്കുന്നത്.
പതിനാലാമത് ദലായിലാമ, ടെൻസിൻ ജിയാറ്റ്സോയുടെ കാലത്ത്, ജാപ്പനീസ് ബുദ്ധഭിക്ഷുവായ ജ്യോമിയോ നാകമുറയും ലഡാക്കി ബുദ്ധഭിക്ഷുവായ കുഷോക് ബകുളോയും കൂടി പണികഴിപ്പിച്ചതാണ് ഈ വിശ്വസ്തൂപം.
1983-ൽ നിർമ്മാണം ആരംഭിച്ചതെങ്കിലും നിർമ്മാണം പൂർത്തീകരിക്കുന്നത് 1991-ലാണ്. റോഡടക്കമുള്ള അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര വേഗത ഇല്ലാതിരുന്നത്. പിന്നീട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ സ്തൂപസ്ഥലിയിലേക്ക് ഒരു റോഡ് നിർമ്മിക്കാനുള്ള നടപടിയെടുത്തത്. അതേസമയം ഈ സ്തൂപനിർമ്മിതിക്കായി ജാപ്പനീസ് ബുദ്ധിസ്റ്റുകളുടെ നിർലോഭമായ സാമ്പത്തിക സഹകരണങ്ങളും ഉണ്ടായിരുന്നു. ഇന്ത്യൻ പട്ടാളത്തിന്റെ കായികമായ സേവനങ്ങളും പഴയ ജമ്മു-കശ്മീർ സർക്കാരുകളുടെ പിൻതുണയും വിസ്മരിക്കതക്കതല്ല.
ചാങ്സ്പ ഗ്രാമത്തിലെ ഒരു കുന്നിൻമുകളിലാണ് ഈ സ്തൂപം നിലകൊള്ളുന്നത്. 500 ചവിട്ടുപടികളുള്ള ഈ സ്തൂപത്തിന്റെ ഓരോ ഉയരങ്ങളിലും ഗ്രാമക്കാഴ്ചയും ചുറ്റപ്പെട്ടുകിടക്കുന്ന മഞ്ഞുമൂടിയ പർവ്വതക്കാഴ്ചകളും അപാരമാണ്. എന്നിരുന്നാലും വളരെ സാവധാനം വേണം ഈ സ്തൂപത്തിന്റെ ഉയരങ്ങളെ പ്രാപിക്കാൻ. നംങ്യാൽ സീമോ ബൌദ്ധാശ്രത്തിന്റെ അകലത്തല്ലാത്ത കാഴ്ചയും ആനന്ദകരമാണ്. ഇവിടെ നിന്നുള്ള ഉദയാസ്തമന കാഴ്ചകളും രാത്രികാലത്തെ ദീപാലംകൃത കാഴ്ചകളും വിസ്മയകരമാണ്.
രണ്ടു തട്ടുകളായി സ്ഥാപിച്ചിരിക്കുന്ന ഈ സ്തൂപത്തിന്റെ അടിവാരക്കാഴ്ചകളിൽ ദലായി ലാമയോടൊപ്പം ബുദ്ധന്റെ സ്മാരകസ്മൃതികൾ വർണ്ണാഭമായി നിറഞ്ഞുനില്ക്കുന്നതുകാണാം. പിന്നെ ഒന്നാം നിലയിൽ കൃഷ്ണമൃഗാലങ്കാരത്തോടെ ധർമ്മചക്രവും കാണാം. മദ്ധ്യേ പ്രാർത്ഥനാചക്രമുരുട്ടുന്ന സുവർണ്ണ ബുദ്ധനേയും കാണാം. ബുദ്ധിസ്റ്റ് ചിത്ര-ശില്പ കലാസങ്കേതങ്ങളിലെ കടുത്ത ചായക്കൂട്ടുകളിൽ ഈ സ്തൂപശില്പം വർണ്ണാഭമാണ്.
രണ്ടാം നിലയിൽ ബുദ്ധന്റെ ജനിമൃതികളുടെ, മഹാനിർവ്വാണത്തിന്റെ ചരിത്രക്കാഴ്ചകൾ കാണാം. പൈശാചിക ശക്തികളെ തോല്പിച്ച ബുദ്ധനേയും കാണാം. ചുരുക്കിപ്പറഞ്ഞാൽ ബുദ്ധചരിത്രം കൊത്തിവച്ച ഒരു ഭീമൻ ധ്യാനശില്പമാണ് ഈ സ്തൂപമെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ടിവരും നമുക്ക്.
2500 വർഷത്തെ ബൌദ്ധസ്മരണകളുടെ ഓർമ്മപ്പെടുത്തലാണ് ഈ ഇന്തോ-ജപ്പാൻ ലോകസമാധാനത്തിന്റെ സ്തൂപമെന്നും പറയേണ്ടിവരും നമുക്ക്. അതുകൊണ്ടുകൂടിയാണ് പുരാതനമായ ലേ കൊട്ടാരത്തിന് അഭിമുഖമായി നിലകൊള്ളുന്ന ഈ വിശ്വസമാധാനത്തിന്റെ സ്തൂപം വിശ്വരൂപകാഴ്ചയായി മാറുന്നത്.