ഈ പള്ളിയെ കടലെടുക്കുകയാണോ?
01 Aug 2023
ഇത് ഫോർട്ട് കൊച്ചിക്ക് അരഞ്ഞാണം ചാർത്തിയ വൈപ്പിൻ. കായലും കടലും ഇണചേരുന്ന ഈ തീരങ്ങൾ മുഴുവൻ ചീനവലകൾ മുങ്ങുന്നതും പൊങ്ങുന്നതും കാണാം. വളരെ പണ്ടുകാലം മുതൽ കപ്പലുകൾക്കും കപ്പിത്താൻമാർക്കും ഏറെ പ്രിയപ്പെട്ട ഒരു ദ്വീപായിരുന്നു വൈപ്പിൻ.
കപ്പലുകൾ, അത് മത്സ്യ ബന്ധനക്കപ്പലായാലും യാത്രാകപ്പലായാലും ഒരുവേള വള്ളങ്ങളായാലും കെട്ടുവള്ളങ്ങളായാലും പണ്ടത്തെ പത്തേമാരികളായാലും വൈപ്പിൻ അവക്കൊക്കെ ഒരു ഇടത്താവളമോ അഭയാഴിമുഖമോ ആയിരുന്നു. പോർച്ചുഗീസുകാരുടെ കാലത്തും അതങ്ങനെ തന്നെ ആയിരുന്നു. നാവികരുടെ ഈ അഭയാടയാളം കണക്കിലെടുത്താവണം, പോർച്ചുഗീസുകാർ ഇവിടെ കടലിൽ തുറമുഖം തുറക്കുന്നിടത്തായി ഒരു കുരിശ് നാട്ടിയത്.
വിശുദ്ധകുരിശ് അടയാളപ്പെടുത്തിയ വൈപ്പിനെ അവർ പിന്നീട് വിശുദ്ധകുരിശിൻറെ ദ്വീപ് എന്ന് വിളിച്ചുപോന്നു. ആ കുരിശൊക്കെ കാലമോ കടലോ എടുത്തുകൊണ്ടുപോയെങ്കിലും വൈപ്പിൻ ഇന്നും വിശുദ്ധകുരിശിന്റെ കടലടയാളമായി തിരയിളക്കുന്നുണ്ട്. ഇനിയും മുഴുവനായും കടലെടുക്കാത്ത ഈ പള്ളി ആ തിരയിളക്കത്തിൻറെ അനശ്വര തിളക്കമാണ്, ഓർമ്മയാണ്. വീഡിയോ കാണാം
ക്രിസ്ത്യൻ പള്ളികളുടെ ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് കൊച്ചിയിലെ സാന്താക്രൂസ് പള്ളിയായിരിക്കണം ആദ്യത്തെ പള്ളിയെന്നാണ്. ഫ്രാൻസിസ്കൻ പാതിരിമാരായിരിക്കണം,1560-ന് മുമ്പെങ്കിലും ഈ പള്ളി സ്ഥാപിച്ചതെന്നുള്ള രേഖകൾ കാണുന്നുണ്ട്. 1560-ൽ ഫാ. ഗാസ്പർ സൊസീറോ എഴുതിയ ഒരു കത്തിൽ ഈ പള്ളിയെ കുറിച്ച് പരാമർശം കാണുന്നുണ്ടെന്നതാണ് അതിന്നാധാരം. ഫ്രാൻസിസ്കൻ പാതിരിമാരാണ് ഈ പള്ളി നിർമ്മിച്ചതെന്ന് ഫാ. ഗാസ്പർ പറയുന്നുണ്ട്.
അതേസമയം 1503-ൽ ഫ്രാൻസിസ്കൻ പാതിരിമാർ ഇവിടെ എത്തിയതായാും രേഖകളുണ്ട്. അങ്ങനെ നോക്കുമ്പോൾ 1503-ലായിരിക്കണം ഇവിടെ സാന്താക്രൂസ് ദേവാലയവും അതിനോട് ചേർന്നൊരു ആശ്രമവും നിർമ്മിച്ചതെന്ന് അനുമാനിക്കാം. പിന്നീട് കോഴിക്കോട് സാമൂതിരി കൊച്ചി ആക്രമിച്ചപ്പോൾ കൊച്ചി രാജാവ് അഭയം പ്രാപിച്ചത് ഈ പള്ളിയിലാണെന്നും ചില ചരിത്രരേഖകൾ അവകാശപ്പെടുന്നുണ്ട്. ഇത്രയും ചരിത്രം.
ഞാനിപ്പോൾ നിൽക്കുന്നത് പക്ഷേ, വൈപ്പിനിലെ പ്രത്യാശാമാതാവിൻറെ പള്ളിയിലാണ്. ഈ പള്ളിയായിരിക്കണം വൈപ്പിനിലെ രണ്ടാമത്തെ പള്ളി. 1586-ലായിരിക്കണം ഫാ. ലൂയിസ് സെർപ്പ ആദ്യമായി ഇവിടെ ഒരു പള്ളി സ്ഥാപിച്ചിരിക്കുകയെന്നാണ് ഈ പള്ളിരേഖകൾ പറയുന്നത്. ഈ പള്ളിയിലെ സിമിത്തേരിയുടെ തെക്ക്-കിഴക്ക് ഭാഗത്തായിരിക്കണം ആ പള്ളി സ്ഥാപിച്ചിരിക്കാൻ സാധ്യതയെന്നാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ള ചരിത്രാവശേഷിപ്പുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.
എന്തായാലും ആ പള്ളി ഇന്നില്ല. പണ്ടുപണ്ടൊരു കാലത്ത് ഇവിടെയുണ്ടായിരുന്ന കുരിശ് കടലെടുത്തു പോയതുപോലെ ആ പള്ളിയും കടലെടുത്തുപോയെന്ന് വിശ്വസിക്കാനാണ് വൈപ്പിനിലെ ഭക്തർക്ക് ഇഷ്ടം. ഈ കാണുന്നത് മൂന്നാമത്തെ പള്ളിയാണ്. 1605-ലാണ് ഈ പള്ളിയുടെ കൂദാശ നടന്നതെന്ന് പള്ളിവൃത്തങ്ങൾ പറയുന്നു. മുമ്പുണ്ടായിരുന്ന രണ്ട് പള്ളികളും കടലെടുത്തുപോയതെന്ന് തന്നെയാണ് ഇന്നാട്ടുകാർ ഇന്നും വിശ്വിസിക്കുന്നത്. ഈ കാണുന്ന പള്ളിയും താഴ്ന്നുകൊണ്ടിരിക്കുക യാണെന്നാണ് വൈപ്പിനിലെ വിശ്വാസികളുടെ സാക്ഷ്യം.
ഈ പള്ളിയുടെ ജന്നലും തറയും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതായും വിശ്വാസികൾ പറയുന്നു. പള്ളിക്കുള്ള കടലിൻറെ സാമീപ്യവും പണ്ട് കടലെടുത്തുപോയ കുരിശിൻറെയും പള്ളിയുടേയും ചരിത്രം ഈ വിശ്വാസങ്ങളെയൊക്കെ വല്ലാതെ ബലപ്പെടുത്തുന്നുമുണ്ട്.
വേമ്പനാട്ട് കായലും അറേബ്യൻ കടലും സംഗമിക്കുന്ന ഫോർട്ട് കൊച്ചിയിലെ വൈപ്പിനിലെ ഈ പള്ളിക്ക് ലത്തീൻ കത്തോലിക്കാ സഭാചരിത്രമുണ്ടെങ്കിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും റോമൻ കത്തോലിക്കാ ശൈലിയിലാണ്.
മത്സ്യബന്ധനത്തിലേർപ്പെട്ടിട്ടുള്ളവർക്കും മറ്റു നാവികസഞ്ചാരം നടത്തുന്നവർക്കും പ്രത്യാശയുടേയും അഭയത്തിൻറെയും വിളക്കുമാടമാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ള പ്രത്യാശയുടെ മാതാവ്. അതുകൊണ്ടുതന്നെ പരിശുദ്ധമാതാവിനൊപ്പം ഇവിടെ ഒരു സ്വർണ്ണ നങ്കൂരവും പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരുപക്ഷേ നങ്കൂരപ്രതിഷ്ഠയുള്ള ലോകത്തിലെ തന്നെ ഏക പള്ളിയാവണം വൈപ്പിനിലെ പ്രത്യാശാമാതാവിൻറെ ഈ പള്ളി.
നാലു നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള ഈ പള്ളിക്ക് കീഴിൽ ഏകദേശം 500 കടുംബങ്ങളാണുള്ളത്. വലിയ നോമ്പുകാലങ്ങളിൽ തീർത്ഥാടന പ്രസക്തിയുള്ള ഈ പള്ളിയിലെ ക്രിസ്തുവിൻറെ കൈ രണ്ടും ബന്ധിച്ച രൂപം ക്രൈസ്തവ വിശ്വാസത്താൽ പ്രസിദ്ധമാണ്, ചരിത്രമാണ്.
ഈ പള്ളിയുടെ ശില്പചാതുര്യം വിസ്മയകരമാണ്. മദ്ധ്യകാല യൂറോപ്യൻ വാസ്തുകലയുടെ പ്രതിഫലനങ്ങളാണ് ഈ പള്ളി മുഴുവനും. ഈ പള്ളിയിലെ ശില്പങ്ങൾക്ക് പൌരാണികതയുടെ മരശില്പ ഗരിമയുണ്ട്. ഏതോ പെരുന്തച്ഛന്മാർ മരത്തിൽ കൊത്തിയെടുത്ത ഈ പള്ളിയിലെ ശില്പങ്ങൾക്ക് ഭാവാത്മകതയോടൊപ്പം ചലനാത്മകതയുമുണ്ട്.
കുറ്റവിചാരണ നേരിടുന്ന യേശുവിനേയും കൈകൾ രണ്ടും ബന്ധിച്ച യേശുവിനേയും നമുക്ക് ഈ ശില്പങ്ങളിൽ വിലാപകാവ്യങ്ങളായി വായിച്ചെടുക്കാം. നോമ്പുകാലങ്ങളിൽ പ്രത്യേകിച്ചും ദുഖവെള്ളിയാഴ്ചയും ഈസ്റ്റർ ഞായറാഴ്ചയും ഈ ശില്പങ്ങളെ കേന്ദ്രീകരിച്ചുള്ള പുരാതന ക്രിസ്ത്യൻ ആചാരങ്ങളുടെ നേർക്കാഴ്ച കാണാം, നമുക്ക് ഈ പള്ളിയിൽ. ക്രിസ്തുവിൻറെ പീഡാനുഭവചരിത്രം നാടകീയമായി അരങ്ങേറും ഈ ദിവസങ്ങളിൽ ഈ പള്ളിയങ്കണങ്ങളിൽ.
1663-ലെ ഡച്ച്-പോർച്ചുഗീസ് യുദ്ധകാലത്ത് കൊച്ചിയിലെ ക്രിസ്ത്യൻ പള്ളികൾക്ക് കഷ്ടകാലമായിരുന്നു. എന്നിരുന്നാലും ഈ പള്ളി യുദ്ധക്കെടുതികളെ അതിജീവിച്ചുതന്നെ ഇന്നും ചരിത്രത്തിന്റെ വിളക്കുമാടമായി ഇവിടെ നിൽക്കുന്നു.
അതേസമയം ഈ പള്ളിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നഷ്ടമായ ചില ചരിത്രാവശിഷ്ടങ്ങൾ വിവാദങ്ങളായി ആ വിളക്കുമാടത്തിൻറെ ശോഭ കെടുത്തുന്നുണ്ട്. എങ്കിലും പ്രത്യാശയുടെ ഒരു വിശുദ്ധ അമ്മ ഇവിടെ കുടികൊള്ളുന്നുണ്ട് ഇന്നും.