എഴുത്ത്-ആത്മരതിയുടെ വാണിജ്യസാക്ഷാത്കാരം

27 Feb 2025
ഒരു എഴുത്തുകാരൻ എന്ന നിലക്ക്, എഴുത്തിനെ എന്നിൽ നിന്ന് വിലയിരുത്തേണ്ട ഒരു വൈകാരിക പ്രതിസന്ധിയിലാണ് ഞാനിന്ന്. കാരണം, എഴുത്തുകാരനിൽ നിന്നും പ്രൊഫഷണൽ വായനക്കാരനിൽ നിന്നും മാറി നിന്നുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വളരെ സെൻസിറ്റീവായ ചില നിരീക്ഷണങ്ങൾ നടത്തുന്നവനാണ് ഞാൻ. അതുകൊണ്ടുതന്നെ, എന്റെ നിരീക്ഷണങ്ങളിൽ ശ്വാസംമുട്ടി കഴിയുന്ന ചിലരെങ്കിലും എന്നോട് എന്റെ സ്വന്തമായ സർഗ്ഗാത്മക നിലപാട് ചോദിക്കാറുണ്ട്. അവർക്ക് വേണ്ടിയാണ് ഈ ശബ്ദലേഖനം. വീഡിയോ കാണാം
മലയാളത്തിലെ പുതിയ എഴുത്തുകാരുടെ, മിക്കവാറും എഴുത്ത്, ഒരുതരം വ്യവസായമോ, കൃഷിയോ ആണ്. അത്തരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അഥവാ ഫാമിങ്ങ് നടത്തുന്ന പ്രസാധകരാണ് ഇന്ന് കേരളത്തിലുടനീളം.
പ്രാരംഭത്തിൽ, മലയാള-സാഹിത്യ-കാവ്യ-സർഗ്ഗ- സാഹിതി-ഇത്യാദി പദസങ്കേതങ്ങളോടെ തുടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പുകളാണ്, കാലാന്തരത്തിൽ എഴുത്തുവ്യവസായമായി വളരുന്നത്. എഴുത്ത്, ഇക്കാലത്ത് ഏതാണ്ട് വൃത്തിയും വെടിപ്പുമില്ലാത്ത, ഒരു പബ്ലിക്ക് തൊഴുത്ത് പോലെയാണ്. പതിനായിരം രൂപയെങ്കിലും കൈവശമുള്ള ആർക്കും ഈ എഴുത്തുതൊഴുത്തിൽ ഇടമുണ്ടാവും. ഞാൻ നേരത്തെ സൂചിപ്പിച്ച പ്രസാധക വ്യവസായികളാണ്, ഈ തൊഴുത്തിന്റെ മുതലാളിമാർ.
ഈ വ്യവസായികൾ ഉദ്പാദിപ്പിക്കുന്ന എഴുത്തുല്പന്നങ്ങളത്രയും അവരുടെ വൃത്തിയും വെടിപ്പുമില്ലാത്ത തൊഴുത്തിൽ മാലിന്യങ്ങളായി ഉപേക്ഷിക്കപ്പെടുന്നു. എഴുത്തുമുതലാളിത്തത്തിന്റെ ചെട്ടിമിടുക്കിൽ, ചില മാലിന്യങ്ങൾ വില്പനച്ചരക്കാവുന്നു. എഴുത്തുമുതലാളിത്തവും പ്രാസാധകമുതലാളിത്തവും രാഷ്ട്രീയശക്തി പ്രാപിക്കുന്നിടത്ത് അവയിൽ ചില മാലിന്യങ്ങൾക്ക് പുഷ്പാഞ്ജലികളും പുരസ്കാരങ്ങളും തരപ്പെട്ടുവരുന്നതും സ്വഭാവികമാണ്. സർഗ്ഗാത്മകത നഷ്ടമായ, ഇന്നിന്റെ മലയാള സാഹിത്യം, ആത്മരതിയുടെ വാണിജ്യസാക്ഷാത്കാരമാവുന്നത്, ഇങ്ങനെയാണ്.