കാണാം, നിങ്ങൾ കാണാതെ പോയ മലമ്പുഴയോരം

കാണാം, നിങ്ങൾ കാണാതെ പോയ മലമ്പുഴയോരം

പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു അണക്കെട്ടാണ് മലമ്പുഴ അണക്കെട്ട്. ഈ അണക്കെട്ട് കാണാത്തവർ ഉണ്ടാവില്ല. അതേസമയം അവരാരും തന്നെ മലമ്പുഴ കണ്ടിട്ടുമുണ്ടാവില്ല. അവർക്കുള്ളതാണ് ഈ കൊച്ചു വീഡിയോ. കാണാം വീഡിയോ

നിങ്ങൾ മലമ്പുഴ അണക്കെട്ട് കണ്ടിട്ടുണ്ടാവാം. മലമ്പുഴയിലെ യക്ഷിയെ കണ്ടിട്ടുണ്ടാവാം. മലമ്പുഴ പൂന്തോട്ടവും പാറത്തോട്ടവും കണ്ടിട്ടുണ്ടാവും. മലമ്പുഴയിലെ മത്സ്യകാഴ്ച ബംഗ്ലാവും കണ്ടിട്ടുണ്ടാവാം. ഇതിന്റെയൊക്കെ ആകാശകാഴ്ചകളും ആകാശ കയർ തൊട്ടിലിരുന്നും കണ്ടിട്ടുണ്ടാവും. അപ്പോഴും നിങ്ങൾ ഈ മലമ്പുഴ കണ്ടിട്ടുണ്ടാവില്ല. അവർക്കുള്ളതാണ് ഈ കൊച്ചു വീഡിയോ.

മലമ്പുഴയിലെ ആകാശകാഴ്ചക്ക് ടിക്കറ്റെടുക്കുന്ന കൌണ്ടർ ജംഷനിൽ നിന്ന് ഇടത്തോട്ട് ഏകദേശം എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കാണുന്ന അതിമനോഹരമായ കാഴ്ചകളാണ് സത്യത്തിലും മലമ്പുഴ കാഴ്ചകൾ. അതാണ് ഞാൻ നിങ്ങളെ കാണിക്കുന്നത്. ഇവിടെ വാഹനം പാർക്ക് ചെയ്ത് ഈ എട്ട് കിലോമീറ്ററും നടന്നനുഭിക്കുമ്പോൾ മാത്രമേ നമുക്ക് മലമ്പുഴ സ്വന്തമാവുകയുള്ളൂ.

ഹരിതാഭമെന്നൊക്ക പറയുന്നത് ഈ കാഴ്ചയെയാണ്. വീഡിയോയും ഫോട്ടോയും ചിത്രീകരിച്ചാൽ പിന്നെ നമ്മുടെ ടൂർ കമ്പനിക്കാരും വ്ളോഗ്ഗർമാരും കാഴ്ചക്കാരെ വഞ്ചിക്കുംപോലെ, പച്ചയിൽ കുളിപ്പിച്ചെടുക്കേണ്ട ആവശ്യം ഇവിടേയില്ല. ഈ പച്ചയാണ് പച്ച. ഈ കുളിരാണ് കുളിരു്.

പശ്ചിമഘട്ട മലനിരകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന ജലപാളികളെ മെടഞ്ഞും മെനഞ്ഞും പ്രകൃത്യാൽ മലകൾ നിർമ്മിക്കുന്ന ഒരു പുഴ തന്നെയാണ് മലമ്പുഴ. പച്ചയുടെ കച്ചകെട്ടിയ ഈ പുഴക്ക് ആവാഹിച്ചെടുക്കാൻ മാത്രം വെള്ളം ഇനിയും ഇവിടെ ഒഴുകിയെത്തിയിട്ടില്ല.

മൂടൽമഞ്ഞ് മുലക്കച്ച കെട്ടിയ ഈ മുത്തണികുന്നുകളുടെ പച്ചച്ച താഴ്വരകളിൽ കുഞ്ഞുങ്ങൾക്കായുള്ള കുഞ്ഞുകുഞ്ഞു വെള്ളച്ചാട്ടങ്ങൾ കാണാം. 

ഈ കുഞ്ഞുവെള്ളച്ചാട്ടങ്ങളിൽ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ വളരെ സുരക്ഷിതമായി ജലകേളികൾക്കായി പറഞ്ഞുവിടാം. നമുക്കും ആ ജലകേളികളിൽ പങ്കുചേരാം. ചളിയില്ല, അഴുക്കില്ല. ഈ സ്പടിക ജലധാരകളിൽ, നമ്മുടെ കുട്ടികൾ, തുള്ളിക്കളിക്കുമ്പോൾ അവിടെ കുഞ്ഞോളങ്ങൾ അനേകം ജലപൂക്കളങ്ങൾ ഉണ്ടാക്കുന്നു.

ഈ മനോഹര ശിലാപാളികളിൽ, സുന്ദരന്മാരും സുന്ദരികളും സെൽഫികളും റീൽസും ഇട്ട് തിമിർക്കുകയാണ്. നമ്മുടെ കുട്ടികളൊക്കെ ഇവിടെ വ്ളോഗ്ഗർമാരാവുന്നതും നമുക്ക് കാണാം.

പേരറിയാത്ത ചെടികളും, പൂക്കളും, കാമുകി-കാമുകന്മാരും ഈ പുഴയോരങ്ങളിലും ശിലാപാളികളിലും പ്രണയവീണകൾ മീട്ടുന്നത് കാണാം.

പിന്നേയും പിന്നേയും വെള്ളച്ചാട്ടങ്ങൾ കാണാം. കുട്ടികളോടൊപ്പം അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും മാമനും മാമിയും ഈ ജലകേളികളിൽ ആർമാദിക്കുന്നത് കാണാം.

കഴിഞ്ഞവേനലുണക്കിയ ഈ ശുഷ്കശാഖികൾ ഈ പുഴയെ നോക്കി നെടുവീർപ്പിടുന്നത് കാണാം. ഈ ശിലാപാളികളിൽ തളിരിട്ട മരങ്ങൾക്ക് താഴെ തളിരിട്ട കിനാക്കളെ പങ്കുവക്കുന്നുണ്ട്, പ്രണേതാക്കൾ. മാനത്തിന്റെ വെൺകണ്ണാടിയിൽ അവരുടെ പ്രണയകേളികൾ പ്രതിഫലിക്കുന്നുണ്ടാവണം.

എത്രകണ്ടാലും മതിവരാത്ത ഈ മായാ പശ്ചാത്തലങ്ങളിൽ മേഘങ്ങളും പുകമഞ്ഞും പ്രണയദൂതുകൾ കൈമാറുന്നത് കാണാം.

ഈ പച്ചയുടെ പാദസരകിലുക്കം കേൾക്കൂ. ആ പാദസരകിലുക്കം സാക്ഷിയാക്കി അവിടെ കമിതാക്കൾ പ്രണയിക്കുകയാണ്. ഈ പളുങ്കുപാളികൾ ഒഴുക്കുന്നതത്രയും പ്രണയകിന്നാരങ്ങളാണ്. ഇവിടെ മാനവും പുഴയും ഉമ്മവച്ചു കൈമാറുന്നതും പ്രണയ സീൽക്കാരങ്ങളാണ്.

ഈ കുളിരൊഴുക്കിൽ വാഹനം ഓടുകയല്ല, ഒഴുകുകയാണ്. പിന്നേയും പിന്നേയും ജലതരംഗങ്ങളും ജലമർമ്മരങ്ങളും കേട്ടുകൊണ്ടേയിരിക്കാം. വീണ്ടും വീണ്ടും പച്ചയുടെ പകർന്നാട്ടം, തിരനോട്ടം. പച്ചമരതെയ്യങ്ങൾ ആടിത്തിമിർക്കുകയാണ് ഇവിടെ.

മലമ്പുഴയും മാനവും ഒഴുകുന്നതുപോലെയാണ് എന്റെ ക്യാമറ ഒഴുകുന്നത്. ഒരു ദൃശ്യത്തേയും നോവിക്കാതെ എന്റെ ക്യാമറ ഒഴുകുകയാണ്. ആ മനോഹര ദൃശ്യങ്ങളും എന്നോടൊപ്പം നങ്ങളോടൊപ്പം ഒഴുകുകയാണ്.

ജലധാരകൾ അവസാനിക്കുന്നില്ല. ഇത് സഞ്ചാരികളുടെ ആത്മസംഘർഷനാശിനിയാണ്. ആത്മാതിരേകത്തിന്റെ രോമാഞ്ചമാണ്. ഹരിതവനങ്ങളും അവസാനിക്കുന്നില്ല. ഈ പുഴയും അവസാനിക്കുന്നില്ല.

ശരീരത്തേയും ആത്മാവിനേയും കഴികിതണുപ്പിച്ച് സഞ്ചാരികൾ മടങ്ങുകയാണ്. ഈ കരിമ്പച്ച കാടുകൾ സഞ്ചാരികളെ വീണ്ടും വീണ്ടും രോമാഞ്ചമണിയിക്കുന്നു. ഈ പുഴയും പുഴയോരങ്ങളും ഏതോ മരതക കിനാവുകൾ കണ്ടുറങ്ങുകയാണ്.

ഈ പ്രണേതാക്കൾക്ക് പ്രണയം ഇനിയും മതിയായില്ല. അവർ ആർത്തിയോടെ പതുക്കെപ്പതുക്കെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. പഴയ ടൈറ്റാനിക്ക് പ്രണയത്തെ അവർ തിരിച്ചുവിളിക്കുകയാണോ. ഇനി അതെല്ലാം ഈ മലമ്പുഴയോരങ്ങൾ തന്നെ പറയട്ട.