പരിശുദ്ധമായ ഐക്യത്തിന്റെ കോസ്റ്റ സെറീന
07 Dec 2023
ഇത് ആഡംബരകപ്പൽ സഞ്ചാരത്തിന്റെ കാലം. 1822-ലായിരുന്നു ആഡംബരകപ്പൽ സഞ്ചാരത്തിന്റെ തുടക്കമെങ്കിലും, 1980-തോടുകൂടിയാണ് നാം ഇന്നു കാണുന്ന തരത്തിലേക്ക് ആ വിനോദസഞ്ചാര മേഖല വികസിച്ചത്.
സാധാരണ ഗതിയിൽ 48 മണിക്കൂറിൽ കുറയാത്ത ആഡംബരകപ്പൽ സഞ്ചാരമായിരുന്നു ആരംഭത്തിലുണ്ടായിരുന്നത്. ഇപ്പോഴത് എണ്ണിയാലെടുങ്ങാത്ത രാത്രികളിലേക്കും പകലുകളിലേക്കും എത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആഡംബരകപ്പൽ വിനോദ സഞ്ചാര മേഖല ഏറെ മുന്നോട്ട് പോയിരിക്കുന്നു.
കോവിഡ് കാലത്തിനുമുമ്പ് ഏകദേശം 155 ബില്യൺ ഡോളറിന്റെ ബിസിനസ്സ് ഉണ്ടായിരുന്ന ഈ മേഖല കോവിഡിന്റെ പിടിയിൽ പെട്ട് ശ്വാസം മുട്ടുകയായിരുന്നു. അക്കാലത്ത് 30 മില്യൺ സഞ്ചാരികൾ ലോകത്തിന്റെ കടൽപ്പുറങ്ങളിൽ ആഡംബരസഞ്ചാരം നടത്തിയിരുന്നു. ഏകദേശം 2 മില്യൺ മാനവവിഭവ സമ്പത്തുമുണ്ടായിരുന്നു, ഈ മേഖലയിൽ അക്കാലത്ത്. ഇനിയും നീറ്റിലിറക്കാനുള്ള ആഡംബര കപ്പലുകളുടെ കണക്കെടുത്താൽ, ലോകത്ത് ഏകദേശം 500 വൻ ആഡംഭര കപ്പലുകൾ ഉള്ളതായി ചില കണക്കുകൾ പറയുന്നുണ്ട്. സഞ്ചാരികളുടെ കണക്കിലും ഈ മേഖലയിലെ മാനവവിഭവ സമ്പത്തും വരുംകാലങ്ങളിൽ കാര്യമായി വർദ്ധിക്കാനാണ് സാധ്യത.
നമുക്കറിയാം ഏറ്റവുമാദ്യം കടലിലേക്ക് കോവിഡ് കൊണ്ടുവന്നത് ആഡംഭരകപ്പലായിരുന്നു. ഡയമണ്ട് പ്രിൻസസ് എന്ന അമേരിക്കൻ ആഡംബരകപ്പലായിരുന്നു കോവിഡ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമയിൽ കാലങ്ങളോളം നങ്കൂരമിട്ടത്. ഇത് അക്കാലത്തെ അന്താരാഷ്ട്ര വിവാദവുമായിരുന്നു. അന്ന് ആ കപ്പലിലുണ്ടായിരുന്ന 3711 പേരിൽ 712 പേർക്കും കോവിഡ് ബാധിച്ചിരുന്നു. ഈയൊരു കോവിഡ് ദുരന്തവും, ആഡംബര കപ്പൽ സഞ്ചാരമേഖലയെ വല്ലാതെ ഉലച്ചിരുന്നു. എന്നിരുന്നാലും അനുദിനം വളർന്നുപന്തലിക്കുകയാണ് ഈ സാഗരോപരിതല വിനോദ സഞ്ചാര മേഖല.
ഞാനിപ്പോഴുള്ളത് അത്തരമൊരു ആഡംബരകപ്പലിലാണ്. ഇതൊരു ഇറ്റാലിയൻ കപ്പലാണ്. കോസ്റ്റ സെറീന. എന്നുവച്ചാൽ പരിശുദ്ധമായ ഐക്യത്തിന്റെ അഭയതീരം (An Coast For Harmonious Serenity). ഈ അഭയതീരത്ത് ഞാനെത്തുന്നത് സുഹൃത്ത് ജസ്വിന് ഒപ്പമാണ്. തൃശൂരിലെ പടിപ്പുരക്കൽ ട്രാവൽസ് ഉടമയാണ് ജസ്വിൻ. ആർക്കും കണ്ണടച്ച് വിശ്വസിക്കാവുന്ന ഒരു ക്രൂയിസ് സ്പെഷ്യലിസ്റ്റാണ് ജസ്വിൻ. ഈ യാത്രയിൽ എന്നോടൊപ്പം ജസ്വിന്റെ പപ്പയുമുണ്ടായിരുന്നു. ഏറെ ദൈവഭയമുള്ള തൃശൂരിന്റെ ജോർജേട്ടൻ. നിഷ്കളങ്കമായ, അതേസമയം കുറുമ്പുള്ള കുറേ മുഹൂർത്തങ്ങൾ എനിക്ക് സമ്മാനിച്ച വിസ്മയങ്ങളുടെ-കൌതുകങ്ങളുടെ ജോർജേട്ടൻ. ആ കഥകളൊക്കെ ഞാൻ പിന്നീടൊരിക്കൽ പറയാം. അതിന്നായി സീറ്റി സ്കാനിന്റെ അടുത്ത എപ്പിസോഡുകൾക്കായി കൺ തുറക്കുക, കാതോർക്കുക. വീഡിയോ കാണാം
1948-ൽ ആരംഭിച്ച ഈ മേഖലയിലെ ഒരു ഇറ്റാലിയൻ കമ്പനിയായ കാർണിവൽ കോർപ്പറേഷന്റെതാണ് ഈ കപ്പൽ. 2007 മേയ് 19-നാണ് ഈ കപ്പൽ ഫ്രാൻസിൽ നിന്ന് പച്ചക്കൊടി പാറിച്ചത്. ഫ്രാൻസ്, ചൈന, ജപ്പാൻ, തെക്കൻ കൊറിയ എന്നിടങ്ങളിൽ മാത്രം നീന്തിത്തുടിച്ച ഈ കപ്പലിന്റെ ബുക്കിങ്ങ് സംവിധാനങ്ങളുടെ കുത്തകാവകാശം ഈയടുത്തകാലം വരെ ചൈനക്കായിരുന്നു. കോവിഡ് കാല മാന്ദ്യത്തിനുശേഷം, 2023 നവംബർ നാലിനാണ് ഈ കപ്പൽ ഇന്ത്യയിലെത്തുന്നത്. അങ്ങനെ കൊച്ചിയിൽ നിന്നുള്ള ഈ കപ്പലിന്റെ കന്നിയാത്രയിലാണ് ഞാനിപ്പോൾ. ആ വിശേഷങ്ങളാണ് ഞാൻ നിങ്ങളോട് പങ്കുവച്ചുകൊണ്ടിരിക്കുന്നത്.
950 അടി നീളമുണ്ട് ഈ കപ്പലിന്. വീതി 116 അടിയും. ഉയരം 46 അടി. 1,14,147 ടൺ ഭാരമുള്ള ഈ കപ്പൽ മണിക്കൂറിൽ 20 നോട്ടിക്കൽ മൈൽ വേഗതയിലാണ് കുതിക്കുക. അതായത് മണിക്കൂറിൽ 37 കിലോമീറ്റർ വേഗതയിൽ. ഈ കപ്പലിൽ 3700 യാത്രക്കാർക്ക് സഞ്ചരിക്കാം. 1100 പേരോളം വരും കപ്പലിലെ ജോലിക്കാർ.
നക്ഷത്രങ്ങളുടെ പേരുള്ള 13 ഡക്കുകളുണ്ട്, ഈ കപ്പലിന്. വ്യത്യസ്ത രുചിഭേദങ്ങളുടെ അഞ്ച് കൂറ്റൻ റസ്റ്റോറന്റുകളുണ്ട്, ഈ കപ്പലിൽ. 13 ലോഞ്ചുകളും അത്രതന്നെ ബാറുകളുമുണ്ട്, ഈ കപ്പലിന്. 4 ഡി സംവിധാനമുള്ള തീയറ്ററുകളുണ്ട്. പല ഡക്കുകളിലുമായി നാല് നീന്തൽ കുളങ്ങളുമുണ്ട്. 18 അത്യന്താധുനിക ലിഫ്റ്റ് സംവിധാനമുള്ള കപ്പലിൽ ജിം, സ്പാ, ഷോപ്പിങ്ങ് മാൾ തുടങ്ങിയവയും കാണാം. പിന്നെ അത്യാധുനിക ചൂതാട്ടകേന്ദ്രമായ കണ്ണഞ്ചിക്കുന്ന കാസിനോകളും കാണാം. തീർന്നില്ല, ഈ ഒഴുകുന്ന സ്വർഗ്ഗയാനത്തിന്റെ വിവരണം. അതിന്നായി സീറ്റി സ്കാൻ സബ്സ്ക്രൈബ് ചെയ്യുക. അടുത്ത എപ്പിസോഡുകൾ കാണുക.
നാവിക ദിനത്തിന് മുന്നോടിയായി ഈ രാത്രി ഈ കടലിന് ഉത്സവമാണ്. ആകാശത്ത് വിമാനങ്ങൾ പറന്നുകളിക്കുന്നുണ്ട്. കടൽപരപ്പിൽ നാവിക കപ്പലുകൾ ആഹ്ളാദിക്കുന്നുണ്ട്. ഞങ്ങളും ഈ കപ്പലകങ്ങളിലും പുറങ്ങളിലും ആനന്ദിക്കുകയാണ്. ആഹ്ളാദിക്കുകയാണ്.