അതിരപ്പിള്ളിയോളം വരില്ല, സ്വിസ്സിലെ റൈൻ വെള്ളച്ചാട്ടം.
29 Oct 2024
ഞാൻ സ്വിറ്റ്സർലണ്ടിന്റെ അതിർത്തിയിലേക്ക് പ്രവേശിക്കുകയാണ്. ജർമ്മനിയുടെ പതാകക്കാഴ്ചകൾ ഇനിയില്ല. ഇനി സ്വിസ്സ് പതാകകൾ പാറിപ്പറക്കും, ഈ പച്ചപ്പുകളിൽ. സ്വിസ്സ് പുൽത്തകിടുകൾ കണ്ടുതുടങ്ങി. സ്വിസ്സ് വെളിച്ചത്തെ മറയ്ക്കുന്ന കരിമ്പച്ചക്കാടുകളും പ്രത്യക്ഷമായി. സ്വിസ്സ് ഹൈവേകളും പാലങ്ങളും മെട്രോ ട്രെയിനുകളും നിർമ്മിതികളും അരിച്ചിറങ്ങുന്ന വാഹനങ്ങളും കണ്ടുതുടങ്ങി. വാഹനങ്ങളിൽ ഘടിപ്പിച്ച സൈക്കിളുകളും കാണാം. ലക്ഷ്യസ്ഥാനത്ത് എത്തിയാൽ പിന്നെ സ്വിസ്സുകാർ വാഹനങ്ങൾ ഉപേക്ഷിക്കും. പിന്നെ ഈ സൈക്കിളുകളിലായിരിക്കും അവരുടെ യാത്ര. വീഡിയോ കാണാം
യൂറോപ്പിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നാണ് റൈൻ നദി. മറ്റുനദികളിൽ, ഡാന്യൂബ്, ഡോൺ, റോൺ, എൽബ്, ഓഡർ, ടാഗസ്, തെംസ് എന്നിവയും എടുത്തുപറയത്തക്കതാണ്. എന്നാലിവിടെ ഞാൻ പറയുന്നത് റൈൻ നദിയെകുറിച്ചാണ്. ആ നദിയാണ്, ഞാൻ കണ്ടുകൊണ്ടിരിക്കുന്നതും അനുഭവിക്കുന്നതും.
ഡാന്യൂബ് കഴിഞ്ഞാൽ പിന്നെ പടിഞ്ഞാറൻ യൂറോപ്പിലെ നീളം കൂടിയ നദി റൈനാണ്. നീളം, 1230 കിലോമീറ്റർ. നദികളുടെ നീളം അളക്കാനുള്ള അളവിനെ പോലും യൂറോപ്പിൽ “റൈൻ കിലോമീറ്റർ” എന്ന് പറയാറുണ്ടത്രെ. ഈ രണ്ട് നദികളും വാണിജ്യവുമായി ബന്ധപ്പെട്ട് കിടക്കയാൽ യൂറോപ്പിലെ പ്രധാനപ്പെട്ട പല കെട്ടിടങ്ങളും, സ്ഥാപനങ്ങളും, പള്ളികളും, കൊട്ടാരങ്ങളും, ഗോപുരങ്ങളും, പാലങ്ങളും ഈ നദിയോരങ്ങളിൽ കാണാം. അവയത്രയും ടൂറിസ്റ്റ് കേന്ദ്രങ്ങളുമാണ്.
സ്വിറ്റ്സർലണ്ടിലെ തെക്ക് കിഴക്കൻ ആൽപ്സ് പർവ്വതങ്ങളോട് ചേർന്ന് കിടക്കുന്ന ഒരു പ്രവിശ്യയാണ് ഗ്രോബണ്ടൻ. ഈ പ്രവിശ്യയിൽ നിന്നാണ് റൈൻ നദി ഉത്ഭവിക്കുന്നത്. ഈ നദി സ്വിസ്സ് അതിർത്തിയായ ലീക്ക്ടെൻസ്റ്റീൻ ചുറ്റി, ഓസ്ട്രിയ, ജെർമ്മനി, ഫ്രാൻസ് എന്നീ ഭൂസ്ഥലികളെ നനച്ച്, അവസാനം നെതർലണ്ടിനേയും തണുപ്പിച്ച് വടക്കൻ കടലിൽ ചെന്ന് ചേരുന്നു.
വ്യത്യസ്തമായ ഭൂമികയിലൂടെ കടന്നുപോകയാൽ, ഈ നദിയുടെ ഉച്ഛാരണവും വ്യത്യസ്തമാണ്. റൈൻ, റിനോ, റെയിൽ, റീൻ, റിൻ എന്നൊക്കെ പല രാജ്യങ്ങളിലായി ഈ നദിയെ വിളിച്ചുപോരുന്നു. അങ്ങനെ റൈൻ നനച്ചെടുക്കുന്നത് ഏകദേശം 10000 ചതുരശ്ര കിലോമീറ്ററാണെന്ന് പറയാം.
യൂറോപ്യൻ രാജ്യങ്ങളിലുടെ ഞാൻ സഞ്ചരിക്കവേ അവിടവിടെ റൈൻ നദിയേയും അതിന്റെ കൈവഴികളേയും കണ്ടിരുന്നു, അതത്രയും ആസ്വദിച്ചിരുന്നു,അനുഭവിച്ചിരുന്നു.
റൈൻ വെള്ളച്ചാട്ടഗ്രാമം എന്നിടത്താണ് റൈൻ നദിയും വെള്ളച്ചാട്ടവും. സഞ്ചാരികൾ ഫോട്ടോ മോഡിലും സെൽഫി മോഡിലുമായി ഉല്ലസിക്കുകയാണ്. നദീതീരത്തുതന്നെ ബോട്ടുസവാരി നടത്താനായുള്ള ടിക്കറ്റ് എടുക്കേണ്ട കൌണ്ടറുണ്ട്.
അവിടെ നിന്നാണ് ബോട്ടുസവാരിക്കുള്ള ടിക്കറ്റുകൾ എടുക്കേണ്ടത്. 6 ഫ്രാങ്കാണ് ടിക്കറ്റ് വില. പലപ്പോഴും യൂറോപ്പ് സഞ്ചാരികളുടെ കയ്യിലുണ്ടാവുക യൂറോ ആയിരിക്കും. അതുകൊണ്ട് ഇവർ യൂറോ സ്വീകരിക്കും. പക്ഷേ, ബാക്കി കിട്ടുന്നത് ഫ്രാങ്കിലായിരിക്കുമെന്ന് മാത്രം. ഈ ഫ്രാങ്കാണെങ്കിൽ സ്വിറ്റസർലണ്ടിൽ തന്നെ ചെലവാക്കുന്നതാണ് ഉത്തമം. അല്ലെങ്കിൽ അതൊരു കാഴ്ചവസ്തുവായി നമ്മളിലിരിക്കും.
ഈ പരിസരത്തുനിന്നൊക്കെ തന്നെ റൈൻ വെള്ളച്ചാട്ടത്തിന്റെ ആരവം കേൾക്കാം.
റൈൻ ഫാൾസ് അഥവാ റെയിൻ ഫാൾസ് അതായത് റൈൻ വെള്ളച്ചാട്ടം യൂറോപ്പിലെ ഒരു പ്രധാന വെള്ളച്ചാട്ടമാണ്. അതിമനോഹരവും വ്യസ്തൃതവുമായ വെള്ളച്ചാട്ടമാണിത്. റൈനിന്റെ ആരോഹണാവരോഹണങ്ങളെ കണക്കിലെടുത്ത് ലോ റൈൻ (Low Rhine), മീഡിയം റൈൻ (Medium Rhine), ഹൈ റൈൻ (High Rhine) എന്നൊക്കെ വിഭാഗീകരിച്ചിട്ടുണ്ട്. ഇവയിൽ, വടക്കൻ സ്വിറ്റ്സർലണ്ടിലെ ഷാഫൌസനന് താഴെ റൈൻ വെള്ളച്ചാട്ട ഗ്രാമം (Rhine Falls Village) എന്ന പേരിൽ ഒരിടമുണ്ട്. അവിടെയാണ് റൈൻ വെള്ളച്ചാട്ടം. ഞാനിപ്പോൾ നിൽക്കുന്നത് ആ ഗ്രാമത്തിലാണ്.
ഇവിടെ നിറയെ ടൂറിസ്റ്റ് ഗൈഡുമാരെ കാണാം.. സഞ്ചാരികൾക്ക് നിർദേശങ്ങൾ കൊടുക്കുകയാണവരിൽ പലരും. സഞ്ചാരികൾക്ക് അവർ ഒരു നിശ്ചിതസമയം അലോട്ട് ചെയ്യും. പിന്നെ ഈ ഗൈഡിന്റെ പണി കഴിഞ്ഞു. ആ നിശ്ചിതസമയത്ത് ഇനി അയാളെത്തും. ആട്ടിൻപറ്റങ്ങളെ പോലെ അയാൾ സഞ്ചാരികളെ മറ്റൊരിടത്തേക്ക് ആട്ടിത്തെളിക്കും. ഇതാണ് ഗ്രൂപ്പ് ടൂറിന്റെ ഒരു സ്റ്റൈലും പരിമിതിയും.
റൈൻ നദിയിലെ വെള്ളത്തിന് നീലയുടെ വർണ്ണഭേദങ്ങൾ കാണാം. ഇവിടെയാണ് ബോട്ടുകളുടെ അഴിമുഖം. ഞാൻ 6 ഫ്രാങ്ക് കൊടുത്ത് ടിക്കറ്റെടുത്തു. ഞാൻ കയറുന്ന ബോട്ടിന്റെ ഡ്രൈവർ, സ്വിറ്റ്സർലണ്ടുകാരനാണ്, അധികം സംസാരമില്ല.
ബോട്ട്, വെള്ളച്ചാട്ടം ലക്ഷ്യം വച്ച് ഓടാൻ തുടങ്ങി. തിരയിളക്കത്തിൽ ബോട്ട് ആടിയുലയുന്നുണ്ട്. റൈൻ നദിയിലെ വെള്ളത്തിന്റെ നിറം മാറിമറയാൻ തുടങ്ങി. ഇപ്പോൾ, ഇവിടെ, ഈ നദിയിലെ വെള്ളത്തിന് പച്ചനിറം.
ഇതൊരു തുറന്ന ബോട്ടാണ്. ചെറിയൊരു മേൽകൂര കാണാം. ബോട്ടിന്റെ എല്ലാ വശങ്ങളും തുറന്നുകിടക്കുന്നു. സഞ്ചാരികൾക്ക് കാഴ്ചക്ക് തടസ്സമുണ്ടാവരുതല്ലോ.
ഈ വെള്ളച്ചാട്ടത്തിന് സമീപം ഒരുപാട് കെട്ടിടങ്ങളും കൊട്ടാരങ്ങളും ഗോപുരങ്ങളും കാണാം. പാറക്കെട്ടുകളിലൂടെ വെള്ളം ഇരച്ചുപായുന്നത് കാണാം. ചിലരൊക്കെ ആ പാറക്കെട്ടുകളിലിരുന്നും ജലപ്രവാഹം ആസ്വദിക്കുന്നതും കാണാമായിരുന്നു.
ഞങ്ങൾ ഏതാണ്ട് വെള്ളച്ചാട്ടത്തിന് അടുത്തെത്തിക്കഴിഞ്ഞു. ബോട്ട് മാരകമായി ആടിയുലയാൻ തുടങ്ങി. അവിടെ വേറേയും ബോട്ടുകൾ കാണാം. ഫോട്ടോയും വീഡിയോയും എടുക്കാൻ മോഹിച്ചവരുടെ മുഖത്ത് നിരാശ വീണു. മൊബൈലും ക്യാമറയൊന്നും ഫോക്കസ്സ് ചെയ്യാനാവില്ല. ബോട്ട് ഊഞ്ഞാലാടുകയാണ്. വെള്ളം ബോട്ടിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങി. നല്ലൊരു റൈൻ നദീസ്നാനം കൈവന്നുവെന്ന് പറയാം.
മറ്റൊരു ബോട്ടിന് സൈഡ് കൊടുത്തതാവാം, ഞങ്ങളുടെ ബോട്ട് കുറച്ചുനേരം റൈൻ നദിയിൽ കിടന്നു. അതുവരെ ഞങ്ങൾക്ക് ഈ നദിയുടെ സംഗീതം കേൾക്കാം. നദിയുടെ മടിയിൽ ആ പാട്ട് കേട്ടിരിക്കാം. ചുറ്റുവട്ട കാഴ്ചകളും കാണാം. പിന്നെ വെള്ളച്ചാട്ടത്തിലേക്ക് നീങ്ങി.
ഞങ്ങളിപ്പോൾ ശരിക്കും ആ വെള്ളച്ചാട്ടത്തിന് അരികെയെത്തി. ബോട്ടിലേക്ക് വെള്ളം ഇരച്ചുകയറി. ക്യാമറ ലെൻസിലേക്കും വെള്ളം കയറി. എന്റെ വീഡിയോയിൽ, നിങ്ങൾക്ക് ഈ ഫ്രെയിമിലെ ആ ബാഷ്പകണങ്ങളുടെ മങ്ങിയ ദൃശ്യം കാണാം. വളരെ കഷ്ടപ്പെട്ടാണ് ഞാൻ ഈ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത്.
ഏകദേശം 150 മീറ്റർ വീതിയിലാണ് ഇവിടെ വെള്ളം ഒഴുകുന്നത്. വെള്ളം ഒഴകിവീഴുന്നിടത്ത് ഏകദേശം 13 മീറ്റർ താഴ്ചയെ കാണൂ. വെള്ളച്ചാട്ടത്തിന്റെ പ്രവാഹവേഗതയും ഏറെക്കുറേ മിതമാണ്. അതുകൊണ്ടുതന്നെ ഇവിടെ അപകടസാധ്യത വളരെ കുറവാണ്. മാത്രമല്ല, സഞ്ചാരികൾക്ക് ബോട്ടുകളിൽ പോയി ഈ വെള്ളച്ചാട്ടം വളരെ അടുത്തുനിന്ന് ആസ്വദിക്കാൻ ഒരു പ്രയാസവുമില്ല, അതിന് നിയന്ത്രണങ്ങളുമില്ല.
പഴയകാല സെൽടിക്ക് അഥവാ ഇന്തോ-യൂറോപ്യൻ ഭാഷയുമായി ബന്ധപ്പെട്ട റിനോസ് എന്ന വാക്കിൽ നിന്നാണ് റൈൻ ഉണ്ടായത്. ഈ നദിയുടെ പേരുമായി ബന്ധപ്പെടുത്തി യൂറോപ്പിൽ ഒട്ടനവധി സ്ഥലനാമങ്ങളുണ്ട്. റൈൻ വെസ്റ്റ്ഫാലിയ, റൈൻലാന്റ്, റിൻ, റീനൌ, റീനെക്ക്, റീൻഫീൾഡ് അങ്ങനെ പോകുന്നു, ആ സ്ഥലനാമങ്ങൾ. റൈൻ വെസ്റ്റ്ഫാലിയായിലെ കൊളോൺ കത്തീദ്രലിനെ കുറിച്ച് കഴിഞ്ഞ ലക്കം ഞാൻ പറഞ്ഞിരുന്നല്ലോ.
ഏകദേശം 15000 വർഷത്തെ പഴക്കമുണ്ട് ഈ വെള്ളച്ചാട്ടത്തിന്. ജലപ്രവാഹം കൂടുതലുള്ള മെയ് മുതൽ ജൂൺ വരെയാണ് ഇവിടെ സന്ദർശനത്തിന് പറ്റിയ സമയം. സ്വിസ്സ് ദേശീയദിനമായ ആഗസ്റ്റ് ഒന്നിന് ഇവിടെ ജലോത്സവമാണ്. ഈ വെള്ളച്ചാട്ടത്തിന് സമീപമുള്ള സ്വിസ്സ് കൊട്ടാരങ്ങളും റസ്റ്റോറന്റുകളും അന്ന് അത്ഭുതപ്പെടുത്തുന്ന കാഴ്ചകളുടെ കൂടി ഉത്സവകേന്ദ്രങ്ങളാവും.
ബോട്ടുസവാരി തീരുകയാണ്. ഞങ്ങൾ ഇറങ്ങുകയാണ്. ആ ബോട്ട് ഡ്രൈവറോട് നന്ദി പറഞ്ഞു, ഞങ്ങളെ സുരക്ഷിതമായി തീരത്തെത്തിച്ചതിന്. അയാൾ ഞങ്ങളെ അനുഗ്രഹിച്ചുവോ. സഞ്ചാരികളിൽ ചിലരൊക്കെ ഇവിടുത്തെ റസ്റ്റോറന്റുകളിലിരുന്ന് കോഫി കഴിച്ചു. മറ്റുചിലരൊക്കെ അപ്പോഴും റൈൻ നദിയെ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നു.
ഞാനും എന്റെ ക്യാമറയും റൈൻ നദിയെ പ്രദക്ഷിണം വച്ചുകൊണ്ടിരുന്നു. അപ്പോഴും സ്വിസ്സ് കെട്ടിടങ്ങളും കൊട്ടാരങ്ങളും, അവയ്ക്ക് മുകളിൽ തൂവൽപോലെ കാറ്റിലിളകിക്കൊണ്ടിരുന്ന സ്വിസ്സ് പതാകയും എന്നോട് ടാറ്റ പറയുകയായിരുന്നു.
ഈ വെള്ളച്ചാട്ടത്തിന് അരികെയുള്ള പാറക്കെട്ടിലിരുന്നും നമക്ക് ഈ ജലപ്രവാഹം ആസ്വദിക്കാം. ഫോട്ടോ എടുക്കാം, സെൽഫിയെടുക്കാം. ഇവിടെ യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ഈ വെള്ളച്ചാട്ടത്തിന്റെ ഉയരമല്ല, വീതിയാണ് അതിന്റെ അഴക്. ജലപ്രവാഹത്തിന്റെ ശക്തമായ വേഗതയും അതിന്റെ അഴകാണ്. ഈ നീലജലപാളികളും നുരയും പതയും ഈ വെള്ളച്ചാട്ടത്തിന്റെ അഴക് കൂട്ടുന്നുണ്ട്. ഈ പരിസരങ്ങളിലെ വൃത്തിയും വെടിപ്പും ഈ ടൂറിസ്റ്റ് കേന്ദ്രത്തിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നുണ്ട്.
കേരളത്തിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടാസ്വദിച്ചവർക്ക് ഈ വെള്ളച്ചാട്ടം ഒരു വഴിപാട് പോലെ ആസ്വദിക്കേണ്ടിവരും. അതിരപ്പിള്ളിയോളം ഒട്ടും ഗൌരവമില്ല, ഈ വെള്ളച്ചാട്ടത്തിന്. അതിരപ്പിള്ളിയുടെ സൌന്ദര്യത്തോടും ഉരയത്തോടും പ്രകൃതിഭംഗിയോടും കിടപിടിക്കാൻ ഈ റൈൻ വെള്ളച്ചാട്ടത്തിന് സാധ്യമല്ല. ഇവിടുത്തെ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും വൃത്തിയിലും വെടിപ്പിലുമായിരിക്കും നമ്മുടെ അതിരപ്പിള്ളി തോറ്റുകൊടുക്കേണ്ടിവരിക.
ഈ നദിയുടെ ഈ പരിസരത്ത് റസ്റ്റോറന്റുകളൊക്കെ ഉണ്ട്. പ്രസിദ്ധമായ സ്കോളസ്ലി വർത്ത് റസ്റ്റോറന്റ് ഇവിടെയാണ്. അവിടെയിരുന്നും, തിന്നും കുടിച്ചും നമുക്ക് ഈ നദിയെ ആസ്വദിക്കാം.
കേരളത്തിലെ അതിരപ്പിള്ളിയും, തമിഴ് നാട്ടിലെ കുറ്റാലവും കണ്ട എനിക്ക് ഇതൊരു വെള്ളച്ചാട്ടമൊന്നുമല്ല. എന്നാലും കാണണം. ഈ ടൂർ കമ്പനികൾ ഇതൊക്കെ പരസ്യപ്പെടുത്തുന്നതിൽ വല്ല കാര്യവുമുണ്ടോ എന്ന് എന്റെ പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തണ്ടേ. ഈ ടൂർ കമ്പനികൾ പ്രചരിപ്പിക്കുന്ന കച്ചവടനുണകളിൽ മലയാളി ദുരഭിമാനികൾ പെട്ടുപോകുകയാണ്. അതാണ് സത്യം.
പക്ഷേ, ഇവിടെ എത്തുന്ന ദുരഭിമാനികളായ മലയാളികൾ അതൊന്നും സമ്മതിച്ചുതരില്ല. മലയാളികൾ അങ്ങനെയാണ്, അവർ സായിപ്പിനെ കാണുമ്പോൾ കവാത്തല്ല, എല്ലാം മറക്കുന്നു, മറയ്ക്കുന്നു, സ്വന്തം നാടിനെപോലും.
അതേസമയം നമ്മേ അമ്പരപ്പെടുത്തുന്ന വസ്തുതയെന്തെന്നാൽ, അന്താരാഷ്ട്ര ജലശാസ്ത്ര കമ്മീഷൻ പറയുന്നത്, റൈൻ നദിയുടെ ആയുസ്സ് കുറഞ്ഞുകുറഞ്ഞുവരുന്നു എന്നാണ്. ആഗോളതാപനത്തിന്റെ ദുരന്തങ്ങളിൽ പെട്ട് ഈ നദി മരിക്കാൻ ഇനി കഷ്ടി മുന്ന് പതിറ്റാണ്ടേ കാണൂ എന്നാണ് ഈ മേഖലയിലെ ശാസ്ത്രജ്ഞന്മാർ പറയുന്നത്.