ഗുരുവചനം മഴയായ് പെയ്യുന്ന ശിവഗിരി

ഗുരുവചനം മഴയായ് പെയ്യുന്ന ശിവഗിരി

ഞാനിപ്പോൾ വർക്കലയിലാണ്. വർക്കലയിലെ ശാന്തിതീരങ്ങളിലാണ്. ഇവിടുത്തെ ശാന്തമായ തിരമാലകൾ ഏതോ ഗുരുമന്ത്രം ജപിക്കുകയാണ്. ഇവിടെനിന്ന് അധികം ദൂരത്തല്ലാത്ത ശിവഗിരിയിൽ നിന്നായിരിക്കണം ആ ശാന്തിമന്ത്രം ഓളങ്ങളായെത്തുന്നത്. വീഡിയോ കാണാം

അതേ ഞാൻ ആ ശിവഗിരിയിലാണ്. വർക്കല നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ ദാർശനിക സ്പന്ദനം മന്ത്രിക്കുന്ന സമാധിമന്ദിരം സ്ഥിതി ചെയ്യന്നത് ഇവിടെയാണ്.

ശ്രീ നാരായണഗുരു സ്ഥാപിച്ച ശാരദാമഠം അഥവാ മഹാസരസ്വതി ക്ഷേത്രവും ശിവഗിരിയിലാണ്. ഗുരുവരേണ്യ സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ കാണാം.

ശിവഗിരി ആശ്രമവും, ശിവഗിരിക്കുന്നിലെ ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം ശ്രീനാരായണീയർ ഇവിടെയെത്തുന്നുണ്ട്. ഈ ശിവഗിരിക്കുന്ന് അക്ഷരാർത്ഥത്തിലും ഹരിതാഭമാണ്. ഗുരുവചനങ്ങളാൽ ഈ ഹരിതവനിക പൂത്തുലയുന്നുണ്ട്.

നിഴലും വെളിച്ചവും ശ്രൂതിമീട്ടുന്ന ഇവിടം ഗുരുദേവപാദതാളം പതിയേ കേൾക്കുന്നുണ്ട്. ആ കണ്ഠനാളത്തിൽ നിന്ന് സദ് വചനങ്ങൾ കവിതകളായി ജ്വലിക്കുന്നുണ്ട്.

ദാ ഇവിടെ ഒരിടത്ത് ദൈവദശകം കറുപ്പും വെളുപ്പുമായി ഭക്തരുടെ മനോമണ്ഡലത്തിലേക്കും ഹൃത്തടങ്ങളിലേക്കും ഒഴുകിയിറങ്ങുന്നുണ്ട്.

ഓടുമേഞ്ഞ ഈ ഗുരുവീടിന്റെ അകത്തളങ്ങളിൽ നിന്ന് ഗുരുവിന്റെ മന്ത്രം കേൾക്കുന്നുണ്ട്. അതേ, നാം ഇവിടെ ഗുരുവിനെ കാണുന്നുണ്ട്.

ഗുരുവിന്റെ റിക്ഷയുടെ ചക്രമുരുളുന്ന നേർത്ത ശബ്ദവും നാം ഇവിടെ കേൾക്കുന്നുണ്ട്. ഗുരുവിരുന്ന ഈ കസേരകളിൽ നമുക്ക് ഗുരു ഇരിക്കുന്നത് കാണാം. ഗുരു പറയുന്നത് കേൾക്കാം. ഞാനിവിടെ അക്ഷരാർത്ഥത്തിലും ഗുരുവിനെ വലം വക്കുകയാണ്. ഒപ്പം ബോധാനന്ദസ്വാമികളുടെ ബോധാബോധ മണ്ഡലങ്ങളിലൂടേയും സഞ്ചരിക്കുകയാണ്.

ശിവഗിരിക്കുന്നിലെ ഓരോ ഒതുക്കുകൾ കയറുമ്പോഴും നമ്മേ കൈപിടിച്ച് കയറ്റുന്നത് ഓരോ ഗുരുവചനങ്ങളാണ്. ഞാൻ ആ വചാനാമൃതം മതിവരാതെ നുണഞുനുണഞ്ഞ് ശിവഗിരിക്കുന്ന് കയറിയിറങ്ങുകയാണ്.

റിക്ഷാമണ്ഡപവും കടന്ന് ശാരദാ മഠത്തിലേക്കും വൈദിക മഠത്തിലേക്കും പർണ്ണശാലയിലേക്കുമുള്ള ചൂണ്ടുപലകകളെ കണ്ട് ഗുരുസമാധി മണ്ഡപത്തിന്നരികെയാണ് ഞാനിപ്പോൾ. നീലാകാശത്തിന്റെ നിശ്ശബ്ദപശ്ചാത്തലത്തിൽ സമാധിമണ്ഡപം സമാധിയെ ഓർമ്മിപ്പിക്കാതെ എന്നിൽ ഗുരുവിനെ ജനിപ്പിച്ചുകൊണ്ടിരുന്നു. പിന്നെ പതുക്കപ്പതുക്കെ ശിവഗിരിക്കുന്നിറങ്ങി ഞാൻ ഗുരുവിനെ പ്രാപിച്ചു.

ഇനി ഞാൻ ഇത്തിരി ഗുരുചരിതം പറയട്ടെ.

ശിവഗിരി തീർത്ഥാടന കാലത്ത് ശ്രീ നാരായണഗുരുവിന്റെ നിർദ്ദേശപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങളൊടു കൂടിയാണ് ഗുരു ഭക്തർ ഇവിടേയ്ക്ക് തീർത്ഥാടനത്തിനെത്തുന്നത്. ഡിസംബർ മാസാവസാന ദിവസങ്ങളിൽ തുടങ്ങി ജനവരി ആരംഭദിവസങ്ങളാണ് ശിവഗിരി തീർഥാടനകാലം.“ശിവഗിരി തീർത്ഥാടകർക്ക് മഞ്ഞവസ്ത്രം ആയിക്കൊള്ളട്ടെ. ശീകൃഷ്ണന്റേയും ശ്രീബുദ്ധന്റേയും മുണ്ട്. അത് കൊള്ളാം നന്നായിരിയ്ക്കും.” എന്നാണതെ അക്കാലത്ത് ഗുരു അഭിപ്രായപ്പെട്ടത്. “നീണ്ട വൃതവും കഠിനവ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്ന് വരില്ല. അതുകൊണ്ട്, പത്ത് ദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോട് കൂടി ആചരിച്ചാൽ മതിയാകും.” എന്നും ഗുരു നിർദേശിച്ചത്രേ.

ഈ മഞ്ഞപ്പട്ട് വാങ്ങിയ്ക്കാൻ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗത്തിലിരിയ്ക്കുന്ന വെള്ളവസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതി.പിന്നീട് അലക്കിത്തെളിച്ച് എടുത്ത്കൊള്ളാമല്ലോ.

യാത്ര ആർഭാടരഹിതമാക്കണം. വിനീതമായിരിയ്ക്കണം. ഈശ്വരസ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിയ്ക്കുന്നത് കൊള്ളാം. തീർത്ഥയാത്രയുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്.

ശിവഗിരി തീർത്ഥയാത്രയുടെ ഉദ്ദേശങ്ങളും ഗുരു മുന്നോട്ട് വച്ചിരുന്നു. അതിങ്ങനെ:-ഒന്ന് : വിദ്യാഭ്യാസം, രണ്ട്: ശുചിത്വം, മൂന്ന്: ഈശ്വരഭക്തി, നാല്: സംഘടന, അഞ്ച്: കൃഷി, ആറ്: കച്ചവടം, ഏഴ്: കൈത്തൊഴിൽ, എട്ട്: സാങ്കേതിക പരിശീലനങ്ങൾ.

ഇവിടെ ഈ ശിവഗിരി മഠാധിപതി സ്വാമി സച്ചദാനന്ദയാണ്. ഒരിക്കൽ തൃശൂരിൽ വച്ച് കണ്ടിട്ടുണ്ട്. എങ്കിൽ ഒന്ന് നേരിൽ കാണാമെന്ന് കരുതി മഠത്തിലെ ഒന്നാം നമ്പർ മുറിയിലെത്തി. കുറച്ചുനേരം സംസാരിച്ചു. ഗുരുദേവ ദർശനത്തെ ഗൌരവതരമായ രീതിയിലാണ് സ്വാമി അവതരിപ്പിച്ചത്. കളവംകോട് കണ്ണാടി പ്രതിഷ്ഠയ്ക്കും അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠയ്ക്കും സ്വാമി വിപ്ലവാത്മകമായ ഗവേഷണവ്യാഖ്യാനങ്ങൾ തന്നു. കേരളം ഗുരുവിനെ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നും സ്വാമി പറഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഗുരുവിനെ വോട്ടിനുമാത്രമായി വിറ്റുതുലച്ചെന്നും സ്വാമി പറയുന്നു. എല്ലാത്തിനും മാപ്പുസാക്ഷിയെ പോലെ ഏതോ ഒരു നിസ്സഹായതയിൽ സ്വാമി നെടുവീർപ്പിടുന്നുണ്ട്. ഞാനും എന്റെ ക്യാമറയും സ്വാമിയുടെ നിസ്സഹായതയ്ക്കും നെടുവീർപ്പിനും ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ശിവഗിരി കുന്നിറങ്ങി. 

ഗുരു പിന്നേയും തുടർന്നു. ഓരോരോ വിഷയത്തിലും വൈദഗ്ദ്ധ്യം ഉള്ളവരെ ക്ഷണിച്ച് വരുത്തി പ്രസംഗം പറയിക്കണം. ജനങ്ങൾ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിയ്ക്കണം. അതിൽ വിജയം പ്രാപിയ്ക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും. ഈഴവർക്ക് മാത്രമല്ല ഈഴവരിലൂടെ എല്ലാ സമുദായക്കാർക്കും അഭിവൃദ്ധിയുണ്ടാകണം. അങ്ങനെ ജീവിതം മാതൃകാപരമാകണം. ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിയ്ക്കണമെന്നും ഗുരു ഓർമ്മിപ്പിക്കുന്നുണ്ട്.

1933 ജനുവരി 1-നാണ് ആദ്യത്തെ തീർത്ഥാടനം നടന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അന്ന് ആകെ അഞ്ചുപേരാണത്രേ പങ്കെടുത്തതത്രെ

വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിച്ചത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം ശിവഗിരി.

1928 സെപ്റ്റംബർ ഇരുപതാം തീയതി ശിവഗിരിയിലെ ആശ്രമത്തിൽ വച്ചാണ് ശ്രീ നാരായണഗുരു സമാധിയായത്. അദ്ദേഹത്തിന്റെ ഭൌതികശരീരം സ്പന്ദിക്കുന്നിടത്താണ് ഗുരുദേവ സമാധിമന്ദിരം സ്ഥിതി ചെയ്യുന്നത്.

വർക്കലയിലെ ശിവഗിരിക്കുന്നിൽ 1903 മുതൽ ശ്രീനാരായണഗുരു  സന്ദർശിക്കാൻ തുടങ്ങിയതായി ഗുരുവിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിക്കാണുന്നു. കുന്നിന്റെ മുകളിൽ ഗുരുവും ശിഷ്യരും ചേർന്ന് ഒരു പർണ്ണശാല കെട്ടിയുണ്ടാക്കി താമസിച്ചുവരികയായിരുന്നു.

അങ്ങനെയാണ് ഗുരുവിനെ സന്ദർശിക്കാനായി ഭക്തർ പലയിടത്തു നിന്നായി എത്താൻ തുടങ്ങിയത്. പിന്നീട് പർണ്ണശാല ഒരു ആശ്രമമായി വികസിച്ചപ്പോൾ നാരായണഗുരു ആ കുന്നിനെ സർക്കാരിൽ നിന്ന് നിയമാനുസൃതം സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല, കുന്നിനോട് ചേർന്ന കുറേ ഭൂമി ഭൂവുടമകൾ ഗുരുവിന് ദാനമായി നൽകുകയും ചെയ്തു.

ശിവഗിരി കുന്നിന്നടുത്താണ് പാപനാശം കടപ്പുറം. കർക്കടക മാസത്തിലെ കറുത്തവാവു ദിവസം ധാരാളം പേർ ഈ പാപനാശം കടപ്പുറത്ത് മരിച്ചുപോയവർക്കായി ശ്രാദ്ധമൂട്ടാനായെത്തുന്നു. ആ ആചാരം ഇന്നും നിലനിൽക്കുന്നുണ്ട്.

1904 ലെ കർക്കിടകവാവു ദിവസം, അതായത്, മലയാള മാസം 1079 കർക്കിടകം 28-ന്  ഗുരു തന്റെ അനുയായികളോട്, കടൽ‌പ്പുറത്ത് ശ്രാദ്ധമൂട്ടുന്നതിനു പകരം ശിവഗിരി മഠത്തിൽ വരാനായി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ അവിടെ എത്തിയവരുടെ പൂർവികർക്കായി ശ്രാദ്ധകർമ്മങ്ങളെല്ലാം ഗുരുവിന്റെ നേതൃത്ത്വത്തിൽ തന്റെ ശിഷ്യന്മാരെക്കൊണ്ട് യഥാവിധി നിർവ്വഹിച്ചു. അങ്ങനെയാണ് ശിവഗിരി കുന്ന് അനുയായികൾക്കും ശിഷ്യന്മാർക്കും ഗുരുകുലമായി മാറിയത്.

പിന്നീട്, അവിടെ പാവപ്പെട്ട കുട്ടികൾക്ക് പഠിയ്ക്കാനായി ഒരു വിദ്യാലയമുണ്ടായി. ആ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ദളിത് ജനവിഭാഗങ്ങളിലെ മുതിർന്നവർക്കായൊരു നിശാപഠനശാലയും സ്ഥാപിച്ചു.

1907-ലാണ് അവിടെ ഒരു ശിവക്ഷേത്രത്തിന്റെ പണി ആരംഭിച്ചത്. 1908-ൽ ചിങ്ങമാസത്തിലെ ചതയദിനത്തിൽ, അതായത് മലയാള വർഷം 1084-ലെ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനത്തിനാണ് അവിടെ ഒരു മഹാ സരസ്വതീ ക്ഷേത്രത്തിനുള്ള പണി ആരംഭിച്ചത്. ഈ സരസ്വതീ ക്ഷേത്രമാണ് ഇന്നത്തെ ശാരദാമഠം.

1912-ൽ, മലയാള വർഷം 1087, മേടം 19, 20, 21 തീയതികളിലാണ് വർക്കല ശിവഗിരിയിൽ വച്ച് എസ് എൻ ഡീ പീ യുടെ ഒമ്പതാം വാർഷികയോഗവും, ശാരദാമഠത്തിലെ മഹാസരസ്വതി പ്രതിഷ്ഠയും നടന്നത്. അനേകായിരങ്ങൾ ആ പ്രതിഷ്ഠാ കർമ്മത്തിലും സമ്മേളനത്തിലും സംബന്ധിയ്ക്കുകയുണ്ടായി. ഇന്ന്‌ കേരളത്തിലെ ഒരു പ്രസിദ്ധമായ നവരാത്രി വിദ്യാരംഭ കേന്ദ്രം കൂടിയാണ് വർക്കല ശിവഗിരിയിലെ ശാരദാമഠം.