തുർതുക്കിലെ കാഴ്ചബംഗ്ലാവുകളും സോളാർ വാട്ടർ ഹീറ്ററും

തുർതുക്കിലെ കാഴ്ചബംഗ്ലാവുകളും സോളാർ വാട്ടർ ഹീറ്ററും
01 Jan 2024

തുർതുക്കിന്റെ തനത് രുചിയായ മോസ്കയും പിന്നെ  രജ്മയും ചോറും ആസ്വദിച്ച ഞങ്ങൾ തുർതുക്കിന്റെ മറുപാതിയിലേക്ക് പര്യവേക്ഷണം നടത്തുകയായിരുന്നു.

വീണ്ടും ഷ്യോക്ക് നദിയുടെ ആരവം കേട്ടുകേട്ടുവേണം ഞങ്ങൾക്ക് തുർതുക്കിന്റെ മറുപാതിയിലേക്ക് കടക്കാൻ. ഇവിടേയും നിറയേ ആപ്രിക്കോട്ടുമരങ്ങളും പച്ചച്ച കൃഷിയിടങ്ങളും കാണാം. അതേസമയം, തുർതുക്കിന്റെ പോയകാല തിരുശേഷിപ്പുകളുടെ കാഴ്ചബംഗ്ലാവുകളും കാണാം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഗതകാല കാഴ്ചബംഗ്ലാവുകളുടെ കാഴ്ചബംഗ്ലാവ് കൂടിയാണ്, തുർതുക്കിന്റെ ഈ മറുപാതി. വീഡിയോ കാണാം

ഇത് തുർതുക്കിന്റെ മാത്രം സവിശേഷതയല്ല, മറിച്ച്, ലഡാക്കിന്റെ ഒരു പൊതുസ്വഭാവമാണെന്നും പറയാം. ഇവിടെ നിറയേ ചരിത്രമ്യൂസിയങ്ങളുടെ വിസ്മയങ്ങളാണ് അഥവാ കച്ചവടസ്ഥലികളാണ്. ഈ പർവ്വതഭൂമിയുടെ പോയകാല ചരിത്രാവശേഷിപ്പുകളെ മുഴുവനും ഇവിടെ അവിടവിടെയായി പ്രദർശിപ്പിക്കുകയാണ്. ഇവിടെ പ്രദർശനം ഒരുതരം വൈജ്ഞാനിക കച്ചവടമാണ്. പൊതുവെ പറഞ്ഞാൽ, ലഡാക്കിലെ ബൌദ്ധാശ്രമങ്ങളും ഇതുപോലെയുള്ള മ്യൂസിയങ്ങളുമായിരിക്കണം ഇന്നാട്ടുകാരുടെ പ്രധാന വരുമാനമാർഗ്ഗവും സഞ്ചാരികളുടെ ബലഹീനതയും.

ഏകദേശം നാലു നൂറ്റാണ്ടുകൾക്ക് മുമ്പ് ഈ ഗ്രാമപ്രദേശങ്ങളും, ഏറെക്കുറെ കാശ്മീരും, പാക്കിസ്ഥാന്റെ അധീനതയിലായിരുന്നു. അതുകൊണ്ടുതന്നെ, ഈ ഭൂമികയെ പൊതുവായി ബാൾട്ടിസ്ഥാൻ എന്ന് വിളിച്ചുപോന്നിരുന്നു. ടിബറ്റൻ സംസ്കാരവും ടിബറ്റൻ ഭാഷയോട് ചേർന്നുനിന്നിരുന്ന ബാൾട്ടി ഭാഷയുമാണ് ഇവിടെ നിലനിന്നിരുന്നത്. ബുദ്ധിസത്തിന്റെ സ്വാധീനം ഏറെ അനുഭവിച്ചാവരായിരുന്നു ഇവിടുത്തെ മനുഷ്യരെങ്കിലും, കാലാന്തരത്തിൽ ഇവർ ഇസ്ലാമിൽ ലയിച്ചുചേരുകയാണുണ്ടായത്. അപ്പോഴും അവരുടെ ഇസ്ലാമിക വിശ്വാസപ്രമാണങ്ങളിലെവിടെയോ ബൌദ്ധവിചാരങ്ങളുടെ മണിയൊച്ചകൾ കേൾക്കാമായിരുന്നു.

ഇരുവശങ്ങളിലും കല്ലുകൾ പാകിയ, ആപ്രിക്കോട്ടുമരങ്ങൾ പച്ചത്തണൽ വീഴ്ത്തിയ ഈ ഇടനാഴികളിലൂടെ ഇഴഞ്ഞിഴഞ്ഞ് പോകുമ്പോൾ കാണാം കാഴ്ചബംഗ്ലാവുകൾ. ഈ പ്രദർശനശാലകൾ കാണുന്നതിനായുള്ള ടിക്കറ്റുനിരക്കുകളും മുഖദാവിൽ പ്രദർശിപ്പിച്ചിട്ടുണ്ടാവും. ടിക്കറ്റെടുക്കും മുമ്പേ പുമുഖത്തെ സ്വീകരണമുറിയിലെ കച്ചവടക്കാർ റൊബോട്ടുകളെപോലെ കഥ പറഞ്ഞുകൊണ്ടിരിക്കും. സൊനാൻ എന്നാണ് ഈ പയ്യന്റെ പേരു്. ഇതൊരു രാജകൊട്ടാരമാണെന്നാണ് ഇയാൾ പറയുന്നത്. യാബ്ഗൊ രാജവംശത്തിന്റെ കൊട്ടാരം. മഹാരാജാവ്, യാബ്ഗൊ ടുറാബ് ഖാന്റെ കൊട്ടാരം. 15-ാം നൂറ്റാണ്ടു മുതലുള്ള ചരിത്രാവശേഷിപ്പുകൾ ഇവിടെ ഉണ്ടെന്നാണ് സോനാൻ പറയുന്നത്. നമുക്ക് സൊനാൻ പറയുന്ന കഥകൾ കേൾക്കാം.

ഞാൻ ഈ മ്യൂസിയം കാണുന്നില്ല, കാരണം ലഡാക്കിൽ വന്നതിൽ പിന്നെ ഒന്നുരണ്ട് മ്യൂസിയം കണ്ടതാണ്. എല്ലാം തഥൈവ. ഈ മ്യൂസിയത്തിലെ പയ്യന്റെ യാന്ത്രികഭാഷണവും കേട്ട് പുറത്തുകടന്നപ്പോഴാണ് ഈ കുസൃതിച്ചെക്കന്റെ ആട്ടവും കൂത്തും. ഈ പയ്യൻ ഏതാണ്ട് സഞ്ചാരികളെ കളിയാക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. എന്തോ ഈ പ്രകടനവും ഒരുപക്ഷേ ഈ പർവ്വതഗ്രാമത്തിന്റെ നിഷ്കളങ്കതയാവാം എന്ന് സമാധാനിച്ചു.

പത്തടി മുന്നോട്ട് വച്ചില്ല അപ്പോഴേക്കും ദാ മറ്റൊരു കുഞ്ഞ്. തുർതുക്കിന്റെ നിഷ്കളങ്കത മുഖത്ത് വാരിപ്പൂശിയ ഈ കുഞ്ഞുകാഴ്ച ശരിക്കും ഒരു അനുഭൂതിയായിരുന്നു. ഞാനും സ്റ്റാൻസിനും കൂടി ഈ കുഞ്ഞിനെ ഒന്ന് ചിരിപ്പിക്കാൻ പാടുപെട്ടു. പക്ഷേ, ഈ കുഞ്ഞ് ചിരിക്കുന്നില്ല, ച്ചിരി ഗൌരവക്കാരനാണെന്ന് തോന്നുന്നു. അപ്പോഴേക്കും കുഞ്ഞിന്റെ അമ്മ വന്നു. കുഞ്ഞിന്റെ പേരു് വെളിപ്പെട്ടു. അക്ബർ. അമ്മ പറഞ്ഞിട്ടും അക്ബർ ചിരിച്ചില്ല. ഈ ഗ്രാമം നിങ്ങൾക്ക് മുന്നിൽ ചിരിക്കാൻ മാത്രം വിധിക്കപ്പെട്ട ഗ്രാമമല്ലെന്ന് അക്ബർ എന്നെ ബോധ്യപ്പെടുത്തുകയായിരിക്കണം.

വീണ്ടും കുറച്ചുകൂടി മുന്നോട്ടുപോയപ്പോൾ ദാ മറ്റൊരു മ്യൂസിയം കൂടി കാണാനായി. ഈ മ്യൂസിയം കാണാവുന്നതാണെന്ന് സ്റ്റാൻസിനും അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഞാൻ ഈ മ്യൂസിയം കാണാൻ തീരുമാനിച്ചു. ഈ മ്യൂസിയത്തെ പരിചയപ്പെടുത്തിയവൻ നേരത്തെ കണ്ട റൊബോട്ടുകുട്ടിയെക്കാൾ മിടുക്കനാണെന്ന് തോന്നി. ഗുലാബ് ഹുസൈൻ എന്നാണ് ഈ മിടുക്കന്റെ പേരു്. ഞാൻ ആ മിടുക്കനെ കേട്ടു, അവൻ എന്നേയും.

രണ്ടോ മൂന്നോ നിലകളുണ്ട് ഈ മ്യൂസിയത്തിന്. മരക്കോണികൾ കയറിവേണം ഈ മ്യൂസിയം കാണാൻ. സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ തല ഇതിന്റെ കട്ടിളകളിൽ ഉടക്കും. മ്യൂസിയത്തിനകത്ത് മിക്കവാറും ഇരുട്ടാണ്. ഏതോ ഒരു ക്ലാസിക്ക് ഇംഗ്ലീഷ് സിനിമയെ ഓർമ്മിപ്പിക്കുന്നുണ്ട് ഈ മ്യൂസിയത്തിന്റെ അകത്തളങ്ങൾ.

നാല് നൂറ്റാണ്ട് മുമ്പത്തെ ബാൾട്ടിസ്ഥാൻ സംസ്കൃതിയുടെ മൌനഭാഷണം അനുഭവിക്കാം നമുക്ക് ഈ മ്യൂസിയത്തിൽ. ഏതോ ഒരു ചരിത്രപുസ്തകത്തിന്റെ മൂല പൊടിഞ്ഞ ഏടുകളെ പോലെ ഈ മ്യൂസിയം എന്റെ കൺമുന്നിൽ മാറിയും മറഞ്ഞുമിരുന്നു. അന്യംനിന്നുപോയ ബാൾട്ടി വംശജരുടെ ജനനം മുതൽ മരണം വരേയുള്ള നിശ്ചലദൃശ്യങ്ങൾ എനിക്കുമുന്നിൽ കറുപ്പും വെളുപ്പും വല്ലപ്പോഴും മങ്ങിയ നിറങ്ങളിലും മിന്നിയും മിന്നാതേയും കാണപ്പെട്ടു. അവരുടെ അടുക്കളകളും പാത്രങ്ങളും, അവരുടെ കലവറകളും, അവരുടെ ഉടുപ്പുകളും രോമക്കുപ്പായങ്ങളും, അവർ കീഴപ്പെടുത്തിയതോ കൊന്നുതിന്നതോ ആയ മൃഗങ്ങളുടെ അവശേഷിപ്പുകളും, അവരുടെ കൃഷിയിടങ്ങളിലെ കോപ്പുകളും കൂട്ടങ്ങളും…അങ്ങനെയങ്ങനെ പ്രത്യക്ഷാപ്രത്യക്ഷങ്ങളാവുന്നു ഈ മ്യൂസിയവും ചുറ്റുപാടുകളും.

ഈ മ്യൂസിയത്തിന്റെ അവസാനഘട്ട കാഴ്ചകളാണ് എന്നെ അത്ഭുതപരതന്ത്രനാക്കിയത്. അങ്ങനെ  മൂന്ന് മരക്കോണികളും കയറി ഈ മ്യൂസിയത്തിന്റെ പുരപ്പുറത്തെത്തുമ്പോൾ കാണാം, അത്ഭുതം. ഇവിടുത്തെ സോളാർ വാട്ടർ ഹീറ്ററുകളാണ് നമ്മിൽ അത്ഭുതം ജനിപ്പിക്കുന്നത്. നമ്മുടെയൊക്കെ വീടുകളിൽ നാം സ്ഥാപിക്കാറുള്ള ഡിഷ് ആന്റിന കണക്കെ തകരപാളികളാൽ നിർമ്മിതമായ ഒരു ഡിഷ്, ലഡാക്കുകാർക്കുമുണ്ട്. അത് പക്ഷേ, സാറ്റ്ലൈറ്റ് ടീവി ചാനലുകൾ കാണാനല്ല, മറിച്ച് സൌരോർജ്ജമുപയോഗിച്ച് വെള്ളം ചൂടാക്കാനുള്ള യന്ത്രമാണ്. അതായത് തനത് സോളാർ വാട്ടർ ഹീറ്റർ തന്നെ.

യാതൊരുവിധ സാങ്കേതിക പരിജ്ഞാനവും വേണ്ട ഈ ലഡാക്കി സോളാർ വാട്ടർ ഹീറ്റർ ഉണ്ടാക്കാൻ. കറണ്ട് വേണ്ട. പരിസ്ഥിതിപ്രശ്നങ്ങളൊന്നും തന്നേയില്ല. നമ്മുടെ വീടിന്റെ പുരപ്പുറത്ത് നമുക്കും ഈ ലഡാക്കി സോളാർ വാട്ടർ ഹീറ്റർ സ്വയം ഉണ്ടാക്കി ഘടിപ്പിക്കാം. ഇനി ഇതും പറഞ്ഞ് നമ്മുടെ മന്ത്രിമാരാരും ലഡാക്കിലേക്ക് സുഖവാസത്തിന് പോകേണ്ടതില്ലെന്നും സീറ്റി സ്കാൻ ഇതിനാൽ അറിയിക്കുന്നു.

എന്റെ ഡ്രൈവർ സ്റ്റാൻസിൻ ഈ സോളാർ ഉപകരണത്തെകുറിച്ച് വിശദീകരിക്കുമ്പോഴേക്കും ഹുസൈൻ എത്തിയിരുന്നു. നമുക്ക് ഹുസൈനിനെ കേൾക്കാം.

തുർതുക്ക് ഗ്രാമത്തിന്റെ മറുപാതി കാഴ്ചകൾ അവസാനിക്കുകയാണ്. ഇപ്പോൾ ഞാൻ നിങ്ങൾക്ക് കാണിച്ചുതരുന്ന തുർതുക്കിലെ ഈ പ്രദേശത്തിന്റെ പേരു്, ഫറോൾ എന്നാണ്. ഇവിടെ അധിവസിച്ചിരുന്നവരെ ഫറോളർ എന്നും വിളിച്ചുപോന്നു.

ഇവിടെ ഈ കാണുന്നതെല്ലാം പ്രകൃത്യാലുള്ള പ്രത്യേകതരം കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള ബങ്കറുകളാണ്. ഈ ബങ്കറുകളെ നാങ്ങ്ചുങ്ങ് എന്നാണ് വിളിച്ചുപോരുന്നത്. ഇതൊരുതരം ശീതീകരണിയാണ്. വേനൽ കാലങ്ങളിൽ ഇതൊരു ഫ്രിഡ്ജ് പോലെ പ്രവർത്തിക്കും. ശീതകാലങ്ങളിൽ ഈ സംവിധാനം ആവശ്യത്തിന് ചൂടും പകരുമത്രെ.

ഫറോളന്മാർ നെയ്യും വെണ്ണയും ഇറച്ചിയുമെല്ലാം ഈ ബങ്കറുകളിൽ കേടുകൂടാതെ സൂക്ഷിച്ചിരുന്നതായി പറയുന്നു. ഇവരുടെ കന്നുകാലികൾക്കുള്ള പുല്ലും വൈക്കോലുമെല്ലാം ശേഖരിച്ചിരുന്നതും ഇവിടെതന്നെ. ഇതേക്കുറിച്ചുള്ള ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങളെല്ലാം ഈ മ്യൂസിയം നമുക്ക് കാണിച്ചുതരുന്നുണ്ട്. ഈ അവസാന അത്ഭുതകാഴ്ചകളും കണ്ട് ഞാൻ ഈ അതിശയഗ്രാമത്തോട് വിടപറയുകയാണ്. ഇനി വീണ്ടും ലേയിലേക്ക്. ലേയിലെ, കാണാൻ ബാക്കിവച്ചതും കൂടി കണ്ടുകഴിഞ്ഞാൽ  പിന്നെ ഞാൻ ഈ പർവ്വതങ്ങളോട് യാത്ര പറയും.

Share

admin

Leave a Reply

Your email address will not be published. Required fields are marked *