ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്

ഒരു ഭാരത-പാക്കിസ്താൻ ഗ്രാമപ്രവേശം അഥവാ തങ്ങ്
05 Dec 2023

ന്യൂബ്രയിലെ കന്യാവനങ്ങളിലെ പാട്ടും കൊട്ടും ആട്ടവും ആസ്വദിച്ചങ്ങനെ ഹുന്തറിലെ ഒട്ടകപ്പുറസഞ്ചാരവും കഴിഞ്ഞ് ഞാൻ ഹിമസാനുക്കളിലെ മറ്റൊരു ഗ്രാമം തേടി പോവുകയായിരുന്നു. ആ ഗ്രാമത്തിന്റെ പേരാണ് തുർതുക്ക്. ദുർദുക്ക് എന്നും പറയുമത്രെ. എന്നുവച്ചാൽ ലഡാക്കി ഭാഷയിൽ, “ഇരുന്നാലും, സ്വാഗതം”. വീഡിയോ കാണാം

ലഡാക്കിലെ മുന്നുനാലു ദിവസത്തെ യാത്രക്കിടയിൽ ഞാനും ഡ്രൈവർ സ്റ്റാൻസിനും ആത്മമിത്രങ്ങളായി. ഞാൻ സ്റ്റാൻസിന്റെ ഭാഷയുമായി പൊരുത്തപ്പെടാൻ തുടങ്ങി. അതിനേക്കാൾ കൂടുതലായി സ്റ്റാൻസിൻ തിരിച്ചും സമരസപ്പെട്ടിരുന്നു. ഭാഷക്കപ്പുറവും ഏതോ ഒരു ഭാഷ ഞങ്ങൾ കൈമാറാൻ തുടങ്ങി.

അങ്ങനെ തുർതുക്കിലേക്കുള്ള യാത്രയിൽ ഒരിടത്തുവച്ച് സ്റ്റാൻസിൻ വാഹനം നിർത്തി. എന്നിട്ട് പറഞ്ഞു, നമുക്ക് ഒരു പ്രധാനപ്പെട്ട സ്ഥലം കൂടി കണ്ടിട്ട് തുർതുക്കിലേക്ക് പോകാം. തലകുലുക്കി ശരിവച്ച് ഞാനും.

ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തിയിലേക്കായിരുന്നു ആ യാത്ര. എന്നുവച്ചാൽ ഭാരതത്തിന്റെ തങ്ങ് എന്നുവിളിക്കുന്ന അവസാന ഗ്രാമത്തിലേക്കായിരുന്നു യാത്ര. ആ ഗ്രാമത്തിന്റെ അതിർത്തിയിൽ ഭാരതത്തിന്റെ അതിർത്തിയെ കാണിക്കുന്ന മുള്ളുകമ്പികളുടെ ചുരുളുകൾ കാണാമായിരുന്നു. അതായത് നിയന്ത്രണ രേഖ, LINE OF CONTROL. പിന്നെ ലഡാക്കി സ്മരണസാമഗ്രികളും ഉണക്കപ്പഴങ്ങളും വിൽക്കുന്ന കുറച്ച് കച്ചവടക്കാരും

അവിടെനിന്ന് നോക്കിയാൽ ഭയാനകമായ ഒരു അഗാധതയാണ്. അഗാധതയുടെ പച്ചപടർന്ന ഒരു താഴ് വരയാണത്. പിന്നെപ്പിന്നെ ആ താഴ് വരയുടെ ആഴങ്ങളിൽനിന്ന് ഒരു ഭീമൻ പർവ്വതം മറ്റൊരു താഴ്വാരത്തെ മറക്കുകയായിരിക്കണം. എന്നാലും നമുക്ക് ദൂരെ ദൂരെ മരുപ്പച്ചപോലെ കാണാം, ആ താഴ്വാരങ്ങൾ. അതാണത്രെ പാക്കിസ്ഥാന്റെ ഗ്രാമസ്ഥലികൾ. കൂടുതൽ അരികെ കാണാൻ ചിലരൊക്കെ ഇവിടെ ബൈനോക്കുലർ വാടകക്കെടുക്കുന്നുണ്ട്.

ഈ ഗ്രാമമാണ് ഭാരതത്തിലെ വടക്കേ അറ്റത്തെ അവസാന ഗ്രാമം. ലഡാക്കിലെത്തുന്ന മുഴുവൻ സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. കൂടുതലും ചെറുപ്പക്കാർ തന്നെ. അവരൊക്കെ ഇവിടെ വന്ന് ഇന്ത്യൻ ദേശീയപതാക ഉയർത്തി ഭാരത മാതാവിനെ വണങ്ങും. ഉച്ചത്തിൽ ഭാരതീയതയെ പ്രഖ്യാപിക്കും.

ഇവിടെ നിന്ന് നോക്കിയാൽ ദൂരെ രണ്ട് കൂറ്റൻ പർവ്വതങ്ങൾക്കിടയിലൂടെ ഒരു ഗ്രാമപ്പച്ച കാണാം. അതാണ് പാക്കിസ്താന്റെ ആദ്യഗ്രാമം. നമ്മുടെ അവസാന ഗ്രാമത്തിൽ നിന്നുകൊണ്ടാണ് നാം പാക്കിസ്താന്റെ ആദ്യഗ്രാമം കാണുന്നത്. ഈ പ്രദേശത്ത് മറ്റൊന്നും കാര്യമായി കാണാനില്ല. സമീപത്തെ ഒരു ഷെഡ്ഡിൽ കുറേ പേർ ഉണക്കപ്പഴങ്ങൾ വിൽക്കുന്നുണ്ട്. സഞ്ചാരികൾ അതൊക്കെ വാങ്ങി കഴിച്ച് യാത്രാക്ഷീണം തീർത്ത് കൂടുതൽ ദേശീയോർജ്ജത്തോടെ മറ്റു പർവ്വതപ്രാന്തങ്ങളിലേക്ക് കുതിക്കും. ഞാനും. പക്ഷേ, എന്റെ തങ്ങിൽ നിന്നുള്ള മടക്കയാത്രയിൽ എനിക്ക് ഒരിക്കൽകൂടി മിന്നൽ പ്രളയത്തെ അഭിമുഖീകരിക്കേണ്ടിവന്നു.

തങ്ങ്, ന്യൂബ്ര താഴ്വരയിലാണ്. തുർതുക്ക് ഗ്രാമത്തിന്റെ ഭാഗമാണ്. ലേ ഡിസ്ട്രീക്ടിന്റെ ഭരണത്തിൻ കീഴിലുമാണ്. തുർതുക്ക് ഒരു സാമുദായിക വികസന ഗ്രാമണാണ്. എന്നുവച്ചാൽ ഭാരത സർക്കാരിന്റെ നേരിട്ടുള്ള ആസൂത്രണ-വികസന മേൽനോട്ടമുള്ള ഗ്രാമമാണ്.

കാറക്കോറം പർവ്വതനിരകളാലും ഹിമാലയ ഗിരികളാലും സംരക്ഷിതമാണ് തുർതുക്ക് ഗ്രാമസ്ഥലികൾ. ഷ്യോക്ക് നദീതടങ്ങളാൽ പരിലാളിതവുമാണ്. ഇടക്കിടെ ഷ്യോക്ക് നദിയൊഴുക്കുന്ന കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും അരുവികളും കാണാം. പണ്ടുകാലത്ത് ഇവിടെ ഉണ്ടായിരുന്നത് ദാർദിക്ക് ഗോത്രവർഗ്ഗമായിരുന്നു. ബ്രോഗ്പാസ് എന്നാണ് ഇക്കൂട്ടർ പ്രാദേശികമായി അറിയപ്പെട്ടിരുന്നത്. പാക്കിസ്ഥാനിലെ ചിലാസ് എന്നിടത്തുനിന്ന് കുടിയേറിപ്പാർത്തവരായിരുന്നു ഇവർ. എന്നിരുന്നാലും ഇന്നിവിടെ അത്യാവശ്യത്തിന് പരിഷ്കാരങ്ങളും പുതുനിർമ്മിതികളൊക്കെ വന്നുതുടങ്ങിയിരിക്കുന്നു.

ദാ ഇവിടെ നിന്നാണ് തുർതുക്ക് ഗ്രാമം ആരംഭിക്കുന്നത്. ഈ സ്മാരകങ്ങളാണ് തുർതുക്ക് ഗ്രാമത്തിലേക്കുള്ള പ്രവേശനകവാടം അടയാളപ്പെടുത്തുന്നത്. ഇനി പർവ്വതങ്ങളല്ല, പച്ചയുടെ നിറഭേദങ്ങളാണ്, ഷ്യോക്ക് നദിയുടെ ഭാവരസങ്ങളാണ്, നാം അനുഭവിക്കാൻ പോകുന്നത്. ഈ പാലമാണ്, അല്ലെങ്കിൽ ഷ്യോക്ക് നദിയുടെ ഈ കൈവഴിയാണ്, തുർതുക്ക് ഗ്രാമത്തെ രണ്ടായി പകുത്തുവക്കുന്നത്. നമ്മേ അതിശയിപ്പിക്കുന്ന ഒരു പർവ്വത സംസ്കാരത്തിന്റെ അകംപുറങ്ങളാണ് നാമിവിടെ അനുഭവിക്കുക. ഭാരതീയതയുടെ പകർന്നാട്ടമുള്ള ബാൾടിക്ക് സംസ്കാരത്തിന്റെ കൂടി പരിഛേദമാണ് ഈ ഗ്രാമപാതികൾ പ്രതിഫലിപ്പിക്കുന്നത്.

13-ാം നൂറ്റാണ്ടിലായിരിക്കണം ചൂലി, യാങ്ങ്ദ്രങ്ങ് എന്നീ രണ്ട് പോരാളികൾ തുർതുക്കിൽ വന്നത്രെ. അവർ അവിടുത്തെ രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ച് നാടുകടത്തിയെന്നാണ് കഥ. ഈ പോരാളികളുടെ പിൻതലമുറക്കാരാണ് ഇന്നിപ്പോൾ തുർതുക്കിൽ ഉള്ളതെന്നും വിശ്വസിച്ചുപോരുന്നു. പിന്നീടും ഒരുപാട് കലഹങ്ങൾക്കും യുദ്ധങ്ങൾക്കും തുർതുക്ക് സാക്ഷ്യം വഹിച്ചതായും ചരിത്രം പറയുന്നുണ്ട്. ഇവിടെ ഇപ്പോൾ കൂടുതലും സുന്നി, വഹാബി, ന്യൂബ്രാഷിയ തുടങ്ങീ വിഭാഗങ്ങളിലെ മുസ്ലീങ്ങളാണ്.

ഇരുവശങ്ങളും പാറക്കല്ലുകൊണ്ട് തണുപ്പിച്ചെടുത്ത ഊടുവഴികളിലൂടെയാണ് ഈ ഗ്രാമം പുരോഗമിക്കുന്നത്. ഇരുവശങ്ങളിലും വ്യത്യസ്തങ്ങളായ കൃഷിയിടങ്ങൾ കാണാം. നീരൊഴുക്കുകളുടെ കൊഞ്ചലുകൾ കേൾക്കാം. അവിടവിടെ പർവ്വതകന്യമാർ സസ്യലതാതികളെ പരിലാളിക്കുന്നത് കാണാം. ഇവിടെയൊക്കെ സ്റ്റാൻസിനാണ് എന്റെ ഗൈഡ്.

പണ്ട് ഈ ഗ്രാമം പാക്കിസ്ഥാൻ ഭരണത്തിൻ കീഴിലുള്ള ബാൾട്ടിസ്ഥാന്റെ ഭാഗമായിരുന്നു. 1947-1948-കാലത്തെ ഇന്തോ-പാക്ക് യുദ്ധത്തിൽ തുർതുക്ക് പാക്കിസ്ഥാന്റെ കൈവശമായിരുന്നെങ്കിലും, പിന്നീട് 1971-ലെ ഇന്തോ-പാക്ക് യുദ്ധത്തിൽ നാം പിടിച്ചെടുത്ത, അഞ്ച് ഗ്രാമങ്ങളുടെ കൂട്ടത്തിലെ അഭിമാന ഗ്രാമമാണ് തുർതുക്ക്. ബോഗ്ദാങ്ങ്, ത്യാക്ഷി, ചാലൂങ്ക, ദോതാങ്ങ് എന്നിവയാണ് മറ്റു ഗ്രാമങ്ങൾ. ലഡാക്കി, തനത് പഴമായ ആപ്രിക്കോട്ട് തുടങ്ങീ ഒരുപാട് ഭാരതീയ മധുരിമയുള്ള പഴങ്ങളുടെ ഗ്രാമം കൂടിയാണ് തുർതുക്ക്. ഇപ്പോഴും ഇവിടെ കൂടുതലും ബാൾട്ടി വംശജർ തന്നെ. അവരെ ഭാരതം അതേപടി തന്നെ സംരക്ഷിച്ചുപോരുന്നുമുണ്ട്.

1971-ലെ ഇന്തോ-പാക്ക്, യുദ്ധഭൂമിയായിരുന്നു തുർതുക്ക്. ബ്രിഗേഡിയർ ഉദയ് സിങ്ങും മേജർ ചിവാങ്ങ് റിഞ്ചനും നേതൃത്തം കൊടുത്ത ലഡാക്കി-ന്യൂബ്ര പ്രാദേശിക സൈന്യത്തിന്റെ ശക്തമായ പോരാട്ടത്തിലൂടെയാണ് തുർതുക്ക് പിടിച്ചെടുത്തത്. പിന്നീട്, ബ്രിഗേഡിയർ ഉദയ് സിങ്ങിനും മേജർ ചിവാങ്ങ് റിഞ്ചനും ഭാരതം മഹാ വീരചക്രം കൊടുത്ത് ആദരിക്കുകയുണ്ടായി.

1972-ലെ സിംല കരാറിന്റെ അടിസ്ഥാനത്തിൽ നാം പാക്കിസ്ഥാനിൽ നിന്ന് പിടിച്ചെടുത്ത 13000 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ, ഏറേയും നാം പാക്കിസ്ഥാന് തിരിച്ചുകൊടുത്തു. തുർതുക്ക് അടക്കം ബോഗ്ദാങ്ങ്, ത്യാക്ഷി, ചാലൂങ്ക, ദോതാങ്ങ് ഗ്രാമസ്ഥലികളടങ്ങുന്ന 804 ചതുരശ്ര കിലോമീറ്റർ ഒഴിച്ചുള്ള ഭൂമിയാണ് പാക്കിസ്ഥാന് വിട്ടുകൊടുത്തത്. ഇത് അക്കാലത്തെ രാഷ്ട്രീയ വിവാദമായിരുന്നു. അന്നത്തെ ഇന്തോ-പാക്ക്  സിംല കരാർ ഒപ്പിട്ട പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും സുക്ൾഫിക്കർ അലി ഭൂട്ടോയും അക്കാലത്തെ വിവാദ ഭരണാധിപന്മാരുമായിരുന്നു.

2010-ലാണ് തുർതുക്ക് ഗ്രാമം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഷ്യോക്ക് നദി അരഞ്ഞാണം ചാർത്തിയ തുർതുക്കിന്റെ വശ്യമനോഹാരിത ലോകം അറിയുന്നതും അപ്പോഴാണ്. പാക്കിസ്ഥാൻ പാരമ്പര്യം വിളിച്ചുപറയുന്ന ബാൾട്ടി സംസ്കാരവും ചരിത്രവും അതേപടി ഇന്നും ഇവിടെ സംരക്ഷിക്കപ്പെട്ടുപോരുന്നുണ്ട്. 2011-ലെ കണക്കനുസരിച്ച് ഇവിടെ 384 ബാൾട്ടി കുടുബങ്ങളാണുള്ളത്. ഇവിടുത്തെ ജനസംഖ്യ കേവലം 3371-ാണ്. അതിൽ തന്നെ 2429-പേരും പുരുഷന്മാരാണ്, 942 സ്ത്രീകളും. ഇവർ ബാൾട്ടി, ലഡാക്കി, ഉറുദു ഭാഷ സംസാരിക്കുന്നവരാണ്.

ഈ കാണുന്നതാണ് ഇവിടുത്തെ ഒരു സ്കൂൾ. ഞാൻ ഈ സ്കൂൾ ഷൂട്ട് ചെയ്യാൻ ഒരു ശ്രമം നടത്തിയെങ്കിലും എനിക്ക് അനുവാദം കിട്ടിയില്ല.

ഈ പർവ്വതപ്രാന്തങ്ങളിലും കൃഷിചെയ്ത് പൊന്നുവിളയിക്കുന്ന ഈ മനുഷ്യരെ നാം ആദരിക്കണം. ഈ കാണുന്നതാണ് ആപ്രിക്കോട്ട് മരങ്ങൾ. ഇപ്പോൾ പഴക്കാലമല്ലെന്ന് സ്റ്റാൻസിൻ പറയുന്നു. എന്നാലും ഈ മരങ്ങളിൽ ആരും കാണാതെ ഒളിച്ചിരുന്ന ചില പച്ച ആപ്രിക്കോട്ട് കായ്കൾ കാണിച്ചുതന്നു, സ്റ്റാൻസിൻ.

ഇവിടെ നിറയേ ബാൾടിക്ക് രുചിഭേദങ്ങളുടെ അടുക്കളകളാണ്. നമ്മുടെ നാട്ടിലെ തട്ടുകടകൾ പോലെ അവയിങ്ങനെ ഈ ഗ്രാമത്തിന്റെ തലങ്ങും വിലങ്ങും കാണാം. ഇവിടെ നിറയേ ഹോംസ്റ്റേകളും കാണാം. ഈ സംസ്കാരത്തെ അറിഞ്ഞും അനുഭവിച്ചും ഇവിടെ കഴിയുന്ന ഒരുപാട് സ്വദേശികളേയും വിദേശികളേയും നമുക്കിവിടെ കാണാം.

ഇത് പച്ചയുടെ നിഷ്കളങ്കമായ താഴ്വരയാണ്. നിഷ്കളങ്കരായ മനുഷ്യരുടെ താഴ്വരയാണ്. അവർ അപൂർവ്വമായെ മിണ്ടുന്നുള്ളൂ. അവർ ഒരു സംസ്കാരത്തിൽ മുഴുകിയും ലയിച്ചുമങ്ങനെ കഴിയുകയാണ്.

(തുർതുക്ക് അർത്ഥവ്യാഖ്യാനം കണക്കിലെടുത്താൽ ഇത്രയും തുർതുക്കിലേക്കുള്ള സ്വാഗതഭാഷണം മാത്രമാണ്. അടുത്ത കുറേ എപ്പിസോഡുകളിൽ നമുക്ക് തുർതുക്കിന്റെ ആത്മാവിലേക്ക് യാത്ര നടത്താം.)

Share

admin

Leave a Reply

Your email address will not be published. Required fields are marked *