പരദേശി സിനഗോഗ്-മാനവികതയുടെ സ്വാതന്ത്ര്യമണ്ഡപം

പരദേശി സിനഗോഗ്-മാനവികതയുടെ സ്വാതന്ത്ര്യമണ്ഡപം
15 Aug 2023

ഇത് കൊച്ചിയിലെ ജൂതത്തെരുവ്. പൌരാണിക-സാസ്കാരിക ബിംബങ്ങളുടെ ജീവിക്കുന്ന തെരുവ്. ഏകദേശം ബിസി ആയിരാമാണ്ട് മുതൽ കേരളത്തിൽ യഹൂദർ അഥവാ ജൂതർ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനും പ്രവാസത്തിനുമായി പഴയ മുസിരിസ്സിൽ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിൽ എത്തിയവരാണിവർ. വീഡിയോ കാണാൻ

കേരളത്തിലെത്തിയ ഈ യഹൂദവംശത്തെ പിൽക്കാലത്ത് മലബാർ യഹൂദർ എന്ന് വിളിച്ചുപോന്നു. യഹൂദരിൽ തന്നെ വെളുത്തതും കറുത്തതുമായ യഹൂദരുണ്ടത്രെ. അതുകൊണ്ടാവാം മലബാർ യഹൂദരെ കറുത്ത യഹൂദർ എന്നാണ് വിളിച്ചുപോന്നിരുന്നത്. അതുകൊണ്ടുതന്നെ യഹൂദർക്കിടയിൽ വർണ്ണവിവേചനങ്ങളും ഉണ്ടായിരുന്നു.

കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കൊല്ലത്തും കൊടുങ്ങല്ലൂരിലെ പറവൂരിലും ചേന്ദമംഗലത്തുമായി ജൂതർ വ്യാപിച്ചുകിടന്നിരുന്നു. വാണിഭക്കാരും പ്രവാസികളുമായ ഇവരെ ഏറ്റുവാങ്ങിയവരും പോറ്റിയവരും സംരക്ഷിച്ചവരും ചേര രാജാക്കന്മാരായിരുന്നുവത്രെ.  അവരിൽ തന്നെ ചേരമാൻ പെരുമാൾ ഒന്നാമനുമായിരുന്നു.

സഹസ്രാബ്ദങ്ങളുടെ യഹൂദകഥകളുറങ്ങുന്ന ഒരു ചരിത്രഭൂമിയിലാണ് ഞാനിപ്പോൾ നില്ക്കുന്നത്. ഇതൊരു സിനഗോഗാണ്. പരദേശി അഥവാ വിദേശ സിനഗോഗ്. പച്ചമലയാളത്തിൽ പറഞ്ഞാൽ പരദേശി ജൂതപള്ളി. എന്നവച്ചാൽ വിദേശ യഹൂദരുടെ ആരാധനാലയം. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കേരളത്തിലെ മട്ടാഞ്ചേരിയിലാണ്.

മട്ടാഞ്ചേരിയിലെ ഈ സിനഗോഗ് അതിന്റെ വൈദേശിക സവിശേഷതകൾ കൊണ്ടും ചരിത്രാലങ്കാരങ്ങൾ കൊണ്ടും ഒരു സമ്പൂർണ്ണ ജൂതപ്പള്ളിയാണെന്ന് ചരിത്രഗവേഷകർ പറയുന്നു. ഈ സിനഗോഗ് 1568-ലാണ് പണിതീർത്തതെന്ന് ചരിത്രം പറുന്നുണ്ട്. സാമുവൽ കാസ്റ്റീൽ, ഡേവിഡ് ബെലീല, ജോസഫ് ലെവി എന്നിവർ പണി കഴിപ്പിച്ചതാണ് ഈ സിനഗോഗ്.

പണ്ടുപണ്ടൊരു കാലത്ത് സ്പെയിനും പോർച്ചുഗലും കൂടി അവിടെയുണ്ടായിരുന്ന യഹൂദരെ മർദ്ദിച്ചും പീഡിപ്പിച്ചും നാടുകടത്തിയ വിദേശ യഹൂദർക്ക് വേണ്ടിയായിരുനന്നു ഈ സിനഗോഗ് പണികഴിപ്പിച്ചത്. സ്പാനിഷ്-പോർച്ചുഗീസ് ഭാഷ മാത്രം സംസാരിച്ചിരുന്ന ഈ പരദേശികൾക്കായി സ്ഥാപിച്ച സിനഗോഗ് ആയതുകൊണ്ടാണ് ഈ പള്ളിയെ പരദേശി സിനഗോഗ് എന്ന് വിളിച്ചുപോന്നത്. ഈ പരദേശികളെ സെഫാർഡികൾ എന്നും വിളിക്കാറുണ്ട്. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് വെളുത്ത ജൂതന്മാരായ ഈ പരദേശികൾ മലയാളഭാഷ സ്വായത്തമാക്കിയത്.

ഈ പ്രദേശത്തെ പ്രധാനപ്പെട്ട ഏഴ് ജൂതപള്ളികളിൽ വച്ച് എടുത്തുപറയത്തക്കതാണ് ഈ പരദേശി പള്ളിയും പിന്നെ അന്യംനിന്നുപോയ 1544-ലെ കടവുംഭാഗം പള്ളിയും, 1647-ലെ തെക്കുംഭാഗം പള്ളിയും.

അക്കാലത്ത് കൊച്ചിരാജാവായ രാമവർമ്മ, മട്ടാഞ്ചേരി കൊട്ടാരവളപ്പിനോട് ചേർന്ന് നൽകിയ സ്ഥലത്താണ് ഈ സിനഗോഗ് നിർമ്മിച്ചിരിക്കുന്നത്. ഈ സിനഗോഗിന്റെ 400-ാമത് വാർഷികം ആഘോഷിച്ചത് 1968-ൽ ശ്രീമതി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്.

പോർച്ചുഗീസ്-ഡച്ച് ആക്രമണ-പ്രത്യാക്രമണ കാലത്തും ടിപ്പുവിന്റെ പടയോട്ടക്കാലത്തും ഇവിടുത്തെ ജൂതപ്പള്ളികൾ തീയിട്ട് നശിപ്പിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും, ഇവിടുത്തെ പ്രദേശിക ജനതയോടൊപ്പം സമരസപ്പെട്ട് യഹൂദർ ജീവിച്ചുപോന്നുവത്രെ.

അങ്ങനെ കാലത്തെ അതിജീവിച്ച പള്ളിയാണ് ഈ കാണുന്ന പരദേശി പള്ളി. ഒരുപക്ഷേ ഇവിടെ മാത്രമായിരിക്കും ഇപ്പോഴും യഹൂദ ആചാരങ്ങളും അനുഷ്ഠാനങ്ങളും നടന്നുപോരുന്നത്. ഹൈന്ദവ-ക്രിസ്ത്യൻ ആചാരപ്രകാരം നഗ്നപാദരായാണ് ഭക്തർ ഈ ആരാധനാലയത്തിലേക്ക് പ്രവേശിക്കുക. മറ്റ് ഹൈന്ദവ-ക്രിസ്ത്യൻ ആചാരങ്ങളും ഇവിടെ അനുഷ്ഠിച്ചുപോരുന്നുണ്ട്. കോവിഡ് കാലത്ത് പഴയ കാലത്തെ ഈ ഘടികാരത്തെ അന്വർത്ഥമാക്കിക്കൊണ്ട് ഇവിടെ ആണുങ്ങളും പെണ്ണുങ്ങളും മാറിയിരുന്ന് പ്രാർത്ഥനകൾ നടത്തിയിരുന്നു.

രാവിലെ 10 മണി മുതൽ 1 മണി വരേയും വൈകീട്ട് 5 മണി മുതൽ 7 മണി വരേയും ഈ സിനഗോഗ് സന്ദർശിക്കാം. വെള്ളി ശനി ഞായർ ദിവസങ്ങളിലും മറ്റ് യഹൂദ അവധിദിവസങ്ങളിലും ഈ സിനഗോഗ് അടഞ്ഞുകിടക്കും.

ഈ സിനഗോഗ് നിറയേ പൌരാണികതയുടെ നിറച്ചാർത്തുകളും അലങ്കാരങ്ങളുമാണ്.വിശുദ്ധനിയമങ്ങളുടെ ചുരുളെഴുത്തുകൾ, അസംഖ്യം സുവർണ്ണ കിരീടങ്ങൾ, ബെൽജീയം സ്ഫടികങ്ങളിൽ തീർത്ത തൂക്കുവിളക്കുകൾ, ചെമ്പോല പതിപ്പിച്ച പ്രഭാഷണ പീഠങ്ങൾ, ഗുരുക്കന്മാർക്ക് സമ്മാനമായി കിട്ടിയ പഴയ മലയാള ലിപികളിൽ നിയമസംഹിതകൾ കൊത്തിവച്ച ചെമ്പിൻ തളികകൾ….പഴമയുടെ പുതുതിളക്കങ്ങൾ തീരുന്നില്ല.

18-ാം നൂറ്റാണ്ടിലെ ചൈനീസ് സിറാമിക് ടൈലുകൾ, ഹെയിലി സെലസ്സിയിൽ നിന്ന് സമ്മാനമായി കിട്ടിയ, കൈകൊണ്ട് തുന്നിയ തോലടയാളങ്ങൾ, 18-ാം നൂറ്റാണ്ടിന്റെ ഗരിമ മുഴങ്ങുന്ന ഘടികാരക്കൊട്ടാരം… ഇങ്ങനെ പോകുന്നു, പൌരാണിക ശില്പസൌന്ദര്യങ്ങൾ. ഈ കാണുന്ന സിനഗോഗ് 1998-1999- കാലഘട്ടത്തിലെ ലോക സ്മാരക ഫണ്ടിന്റെ നേതൃത്ത്വത്തിൽ പ്രഗത്ഭനായ വാസ്തുശില്പി കാൾ ഡാംഷിന്റെ പുനരാഖ്യാനമാണ്.

1344-ൽ പഴയ കൊച്ചങ്ങാടി സിനഗോഗിൽ നിന്ന് കൊണ്ടുവന്ന ഫലകം ഈ സിനഗോഗിന്റെ പുറം ഭിത്തിയിൽ പതിപ്പിച്ചിട്ടുണ്ട്.”പരമാത്മാ വിന്റെഅഭയസ്ഥാനം” എന്ന് ഹീബ്രു ഭാഷയിൽ ആ ഫലകത്തിൽ കൊത്തിവച്ചിട്ടുണ്ട്. ഈ ഫലകം കടവുംഭാഗം സിനഗോഗിൽ നിന്ന് കൊണ്ടുവന്നതാണെന്നും പറയുന്നുണ്ട്. കടവുംഭാഗം സിനഗോഗ് ഇന്നില്ല.

ഒരുപാട് കാലം ഇവിടുത്തെ ജൂതപ്പള്ളികൾ അനാഥമാക്കപ്പെട്ടും അവഗണിക്കപ്പട്ടും കിടന്നു. അവസാനം 2009-ലാണ് കേരള സർക്കാർ ഇതൊക്കെ ഏറ്റെടുക്കുന്നതും പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിൽ കൊണ്ടുവരുന്നതും. ഇപ്പോൾ ഈ പള്ളികളും ജൂതത്തെരുവിലെ സ്മാരകങ്ങളും മുസിരിസ് പൈതൃക പദ്ധതിയുടെ കൂടി ഭാഗമാണ്.

ഈ പള്ളികളുടെയും മറ്റു നിർമ്മിതികളുടെയും വാസ്തുശില്പഘടന പഠിക്കുമ്പോൾ മനസ്സിലാവുന്നത് കേരളീയ വാസ്തുകലയുടെ തനതും വ്യക്തവുമായ പകർന്നാട്ടമാണെന്നാണ്. ഈ പള്ളികളുടെ കുമ്മായം പൂശിയ ഇടനാഴികകളിലെ തൂണുകളും കടന്ന് അകത്തളങ്ങളിൽ പ്രവേശിക്കുമ്പോൾ, ഏതോ നാലുകെട്ടിലോ ക്ഷേത്രാങ്കണത്തിലോ പോയതുപോലെയുള്ള ഒരു കാഴ്ചാനുഭവമാണ് നമുക്ക് അനുഭവപ്പെടുക. ഒപ്പം, ഏതോ കേരളീയ-ഡച്ച്-പോർച്ചുഗീസ് മിശ്രിത സുവർണ്ണ സാംസ്കാരിക കാലഘട്ടത്തിലേക്ക് നമ്മേ കൂട്ടിക്കൊണ്ടുപോവുന്ന അനുഭവമുണ്ടാകുന്നു.

അതേസമയം വേണ്ടത്ര ഗൌരവത്തിലും ഉത്തരവാദിത്തത്തിലും ഈ സ്മാരകങ്ങൾ സംരക്ഷിക്കപ്പെട്ടുപോരുന്നുണ്ടോ എന്ന കടുത്ത സന്ദേഹത്തോടെ മാത്രമേ നമുക്ക് ഈ ചരിത്രസ്ഥലികളോട് യാത്ര പറഞ്ഞ് പിരിയാനാവൂ എന്ന വസ്തുതയും വ്യസനത്തോടെ പറയട്ടെ.

Share

admin

Leave a Reply

Your email address will not be published. Required fields are marked *