സഞ്ചാരിയുടെ കാഴ്ചയും ലോകവും

സഞ്ചാരിയുടെ കാഴ്ചയും ലോകവും
15 Oct 2023

ലോകത്തിലെ ആദ്യസഞ്ചാരി ഗ്രീക്ക് എഴുത്തുകാരനായ ഹെറിഡോട്ടസ് ആയിരിക്കണം. ഹെറിഡോട്ടസിന്റെ കാലം ഏകദേശം ബിസി 485 ആയിരിക്കണം. പേർസ്യൻ യുദ്ധങ്ങളെ കുറിച്ചെഴുതിയ കുറിപ്പുകളാവണം ഹെറിഡോട്ടസിന്റെ സഞ്ചാരസാഹിത്യം. പക്ഷേ, ഹെറിഡോട്ടസിന്റേത് ശുദ്ധ സഞ്ചാരസാഹിത്യമല്ല, അത് ചരിത്ര രചനകളാണ്. ഹുയാൻ സാങ്ങ് തുടങ്ങി കുറേ ചൈനീസ് സഞ്ചാരികളും, സഞ്ചാരത്തിന്റെ പിതാക്കളായി നമുക്കുണ്ടായിരുന്നു.

എന്നിരുന്നാലും, ലോകത്തിലെ ആദ്യ സഞ്ചാരസാഹിത്യം പതിനാലാം നൂറ്റാണ്ടിൽ ചോസർ എഴുതിയ കാന്റർബറി ടെയിൽസാണ്. ലണ്ടനിൽ നിന്ന് 30 പേരടങ്ങുന്ന ഒരു സംഘം തീർത്ഥാടകർ ഇംഗ്ലണ്ടിലെ സ്റ്റോവ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കെന്റിലേക്ക് പോയതിന്റെ കഥയാണിതിൽ. ഈ യാത്രാസംഘത്തിൽ അക്കാലത്തെ സമൂഹത്തിലെ നാനാ തലത്തിലുള്ള വരുമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. കാന്റർബറിയിലെ സെന്റ് തോമസ് കത്തീദ്രലിലേക്കായിരുന്നു ആ യാത്ര. ഇതൊരു മത്സരയാത്രയായിരുന്നു. തിരിച്ചുവരുമ്പോൾ സൌത്ത് വാക്കിലെ ടബാഡ് ഇന്നിൽ നിന്ന് ഒരു ശാപ്പാടായിരുന്നു സമ്മാനം.

ഫ്രഞ്ചും ഇറ്റാലിയനും ലാറ്റിനും അടക്കിവാണിരുന്ന അക്കാലത്ത് എഴുതപ്പെട്ട ആദ്യത്തെ പദ്യ-ഗദ്യ കാവ്യമായിരുന്നു, ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവായ ചോസർ അന്ന് എഴുതിവച്ചത്. കാന്റർബറി കഥയിലെ 30 പേരും കൂടി 120 കഥകൾ എഴുതുകയായിരുന്നു കഥാപ്രമേയം. എന്നിരുന്നാലും ചോസറിന് ആ പുസ്തകം പൂർണ്ണമാക്കാനായില്ല.

അക്കാലത്തെ സഞ്ചാരം എന്ന വാക്കിന് മദ്ധ്യകാല ഇംഗ്ലീഷിൽ കഠിനാദ്ധ്വാനി എന്നായിരുന്നു അർത്ഥം. (Middle English travailen, travelen (which means to torment, labor, strive, journey) and earlier from Old French travailler (which means to work strenuously, toil).തീർത്ഥാടനം മുതൽ കച്ചവടം വരെ സഞ്ചാരത്തിന്റെ പരിധിയിൽ വരും. അമേരിക്ക കണ്ടുപിടിച്ച കൊളമ്പസ്സോ വെസ്പൂചിയോ പിന്നെ സഞ്ചാരം തുടർക്കഥയാക്കി. പിറകെ വന്ന കച്ചവടക്കാർ സഞ്ചാരം ഒരു തൊഴിൽ മേഖലയാക്കുകയായിരുന്നു. വാസ്കോ ഡ ഗാമയൊക്കെ ഇതിൽപെടും. എന്നിരുന്നാലും സഞ്ചാരം ആഘോഷമാക്കിയത് യൂറോപ്പിലെ ധനവാൻമാരായിരുന്നു.

കാലാന്തരത്തിൽ വ്യവസായിക വിപ്ലവവും അതിനുശേഷം വന്ന ഫ്രഞ്ച്-റഷ്യാ-ചൈനാ വിപ്ലവങ്ങളും സഞ്ചാരത്തെ ഭൂലോകചൈതന്യമാക്കി നിലനിർത്തി. ഇവിടേയും സഞ്ചാരത്തിന് സാഹിത്യവുമായി ആത്മബന്ധമുണ്ടായിരുന്നു. അതേസമയം, ഈ സഞ്ചാരത്തെ വിനോദസഞ്ചാരമെന്ന ഒരു വ്യവസായമാക്കി ലോകത്തിന് സമ്മാനിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരനായ തോമസ് കുക്കാണ്. ഇന്ന് ഈ വ്യവസായത്തിന് പലപല മുഖങ്ങളും ശാഖ കളുമുണ്ടായി. സഞ്ചാരം ഒരു വ്യവസായമായതോടെ സഞ്ചാരത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടതായും നമുക്ക് ഏറെ വ്യസനത്തോടെ പറയേണ്ടിവരും. 

കേരളത്തിൽ സഞ്ചാരസാഹിത്യം വരുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. പാറേമ്മാക്കൽ തോമ കത്തനാരിൽ നിന്നാണ് നമുക്ക് ആദ്യ സഞ്ചാരസാഹിത്യം കിട്ടുന്നത്, “വർത്തമാനപുസ്തകം”. ഇദ്ദേഹത്തിന്റെ സഹയത്രികനും മറ്റൊരു കത്തനായിരുന്നു. വിഷയം നാം നേരത്തെ കാൻറർബറി കഥകളിൽ കണ്ടതുതന്നെ. തദ്ദേശ കത്തോലിക്കരുടെ സങ്കടങ്ങൾ പോപ്പിനെ ഉണർത്തിക്കാൻ പോയവരാണ് ഈ കത്തനാരുമാർ. വാസ്തവത്തിൽ കേരളം ടു റോമാനഗരം. ഇവരുടെ പ്രധാന സങ്കടം സഭാധികാരം തന്നെയായിരുന്നു. അതിന്നാധാരം അക്കാലത്തെ പോർച്ചുഗീസ്-ഡച്ച് യുദ്ധങ്ങളുമായിരുന്നു. സഭകൾ വർദ്ധിച്ചതും അക്കാലത്തേയും ഇക്കാലത്തേയും പ്രശ്നങ്ങൾ തന്നെ.

നമ്മുടെ പുരാണങ്ങൾ എടുത്താലും ഇത്തരം സഞ്ചാരങ്ങൾ കാണാം. രാമായണ-മഹാഭാരതങ്ങളിലും നേരത്തെപറഞ്ഞ കത്തനാരുമാരുടേതുപോലെ തന്നെയായിരുന്നു സഞ്ചാരം. ചുരുക്കിപ്പറഞ്ഞാൽ ഒരോ സഞ്ചാരവും ആത്മീയതയുടേയും സാംസ്കാരികതയുടേയും കൂടി സഞ്ചാരമെന്ന് കാണാനാവും. അവിടെ സഞ്ചാരസാഹിത്യകാരന്റെ വൈജ്ഞാനികമായ ഒരുതരം അന്വേഷണം കാണാം. വിനോദം രണ്ടാമതോ മൂന്നാമതോ വരുന്ന ഒന്നാണ്. ഇതിനെയെല്ലാം കോർത്തിണക്കുന്ന ഒരുതരം സാംസ്കാരികമായ ഒരു അനുഭവോഷ്മളതയും ദാർശനികതയും സഞ്ചാരത്തിന്റെ ലഹരിയെ ഇരട്ടിപ്പിക്കുന്നത് കാണാം. സത്യത്തിൽ സഞ്ചാരം ഒരുതരം വൈജ്ഞാനിക-സാംസ്കാരിക-ദാർശനിക അനുഭവമാണ്. അതില്ലെങ്കിൽ പിന്നെ സഞ്ചാരം ഒരു മാംസപിണ്ഡത്തിന്റെ കേവല ഭൌതിക കരമാറ്റം മാത്രമായിരിക്കും.

മലയാളത്തിലെ സഞ്ചാരസാഹിത്യത്തിന്റെ ചക്രവർത്തി എസ്.കെ. പൊറ്റേക്കാട്ടായിരുന്നു. ഒരു മാധ്യമപ്രവർത്തകനായി അധപ്പതിക്കേണ്ട എസ്കെ നമ്മുടെയൊക്കെ മഹാഭാഗ്യംകൊണ്ട് സഞ്ചാരസാഹിത്യകാരനാവുക യായിരുന്നു. കേരളത്തിന്റേയും മലയാളത്തിന്റേയും മഹാപുണ്യ മാവുകയായിരുന്നു എസ്കെ. എസ്കെയുടെ സാഹിത്യത്തിന് ഇന്ന് അത്രകണ്ട് മതിപ്പുണ്ടാകാനിടയില്ല. പക്ഷേ, എസ്കെ ജീവിച്ച കാലഘട്ടത്തിൽ അതുണ്ടായിരുന്നു. അതുകൊണ്ട് സാഹിത്യം ഏതുഗണത്തിൽ പെട്ടാലും അതിന് കാലത്തെ ജയിക്കാനാവണം. അവിടെയാണ് എഴത്തുകാരൻ ദീർഘദൃഷ്ടിയുള്ള ദാർശനികനാവുന്നത്. അങ്ങനെ സംഭവിക്കാത്തതുകൊണ്ടാണ് ഇന്നത്തെ എഴുത്തുകാർ കേവലം സീസണൽ എഴുത്തുകാരായി അധപ്പതിക്കുന്നത്. കാളിദാസനും വ്യാസനും പോലെ… ഷേക്സ്പിയറും ടോൾസ്റ്റോയിയും ഗോർക്കിയും പോലെ… തകഴിയും ദേവും വർക്കിയും ഒരുവേള എംടിയും പോലെ….കാലഭേദങ്ങളില്ലാതെ ഇവിടെ ശിരസ്സുയർത്തി നിൽക്കാൻ എഴുത്തുകാർക്ക് കഴിയണം. അവരൊക്കെ കാലത്തെ അതിജീവിക്കുകയായിരുന്നു. അവരൊന്നും സീസണൽ എഴുത്തുകാരായിരുന്നില്ല. നമ്മുടെ പുതിയ എഴുത്തുകാർ കാലത്തെ അതിജീവിക്കുമെന്ന വിശ്വാസം എന്തോ എനിക്കില്ല.

ഇന്നിപ്പോൾ എഴുത്തുകാരൻ ഒരു കേട്ടെഴുത്തുകാരനോ പകർപ്പെഴുത്തുകാരനോ ആയി തരം താണിരിക്കുന്നു. കാരണം, അവൻ അവന്റേതായ അനുഭവങ്ങളെ സ്വന്തമാക്കുന്നില്ല. അവനെല്ലാം കടം കൊള്ളുകയാണ്. അവനെല്ലാം ആരുടേയോ സ്വന്തമായതിനെ പകർത്തുകയാണ്. സഞ്ചാരസാഹിത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും അതാണ്. അവൻ വസ്തുതകളും ചിത്രങ്ങളും ചലച്ചിത്രങ്ങളും അനുഭവങ്ങളും ഗൂഗിളിൽ കടം കൊള്ളുകായാണ്, പകർത്തുകയാണ്, നമ്മുടെ മാധ്യമപ്രവർത്തകരെ പോലെ. അവനിൽ അനുഭവം വട്ടപൂജ്യമാവുന്നു. അങ്ങനെ അവന്റെ എഴുത്തും ഏറെ വ്യാസമുള്ള മറ്റൊരു  മഹാ വട്ടപൂജ്യമാവുന്നു.

അതുകൊണ്ട് സഞ്ചാരത്തിന് സാഹിത്യത്തോടല്ല നീതി പുലർത്തേണ്ടിവരിക, മറിച്ച് അനുഭവത്തോടാണ്. അനുഭവം അവനിൽ നീറിനീറിപ്പടരുമ്പോൾ, അവിടെ താനെ വന്നുചേരുകയാണ് സാഹിത്യം. ആ അനുഭവങ്ങളാണ് സഞ്ചാരത്തിൽ വസ്തുതകളെ ചേർത്തുവക്കുന്നത്. ആ അനുഭവങ്ങളാണ് സഞ്ചാരത്തിന്റെ വൈജ്ഞാനിക മണ്ഡലത്തെ തേജോമയമാക്കുന്നത്. ആ അനുഭവങ്ങളാണ് സഞ്ചാരത്തിന്റെ സാംസ്കാരിക ചൈതന്യത്തെ ശോഭനമാക്കുന്നത്. ആ അനുഭവങ്ങളാണ് സഞ്ചാരത്തിന്റെ ആത്മീയസൌന്ദര്യത്തെ ദീപ്തമാക്കുന്നത്. ആ അനുഭവങ്ങളാണ് സഞ്ചാരിയെ ദാർശനികനാക്കുന്നത്. ഇതൊക്കെയാണ് എന്റെ നോട്ടത്തിൽ, സഞ്ചാരിയുടെ കാഴ്ചയും ലോകവും.  

Share

admin

Leave a Reply

Your email address will not be published. Required fields are marked *