മധുരത്തിന്റെ കുഞ്ഞു യൂറോപ്പ് കാണാം
28 Nov 2024
ഞാനിപ്പോൾ ബെൽജിയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഒരു കൊച്ചുരാജ്യമാണ് ബെൽജിയം. വടക്ക് നെതർലണ്ട്. കിഴക്ക് ജർമ്മനി. തെക്ക് ഫ്രാൻസ്. തെക്കുകിഴക്കായി ലക്സംബർഗ്ഗ്. പടിഞ്ഞാറ് കടലാണ്, വടക്കൻ കടൽ. മൊത്തം 30000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചുരാജ്യത്തിലെ ജനസംഖ്യ 12 ദശലക്ഷം. യൂറോപ്പിലെ താഴ്ന്ന രാജ്യങ്ങളിലൊന്ന്. തലസ്ഥാനം ബ്രസ്സൽസ്. വീഡിയോ കാണാം.
എല്ലാ സഞ്ചാരികളേയും പോലെ ഞാനും ബ്രസ്സൽസിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രകൃതിരണണീയം എന്നൊന്നും പറയാനാവില്ല, ഈ ഭൂപ്രദേശങ്ങളെ. കാരണം, ഇതൊരു വ്യാവസായിക ഭൂമികയാണ്. സ്റ്റീലും സ്ഫടികധാതുക്കളും പിന്നെ സ്വാദൂറുന്ന തേൻനിലാവ് പെയ്യുന്ന ചോക്ലേറ്റുകളുടെ താഴ്വരയാണ് ബ്രസ്സൽസ്.
യൂറോപ്പ് യാത്രകളിൽ ഇങ്ങനെയാണ്. കുറേ ദൂരം യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലുള്ള പെട്രോൾ പമ്പുകളിൽ നമ്മുടെ വാഹനം നിർത്തും. ഇവിടെയൊക്കെ ഒരു യൂറോ അതായത് ഏതാണ്ട് 100 രൂപ കൊടുത്താൽ നമുക്ക് മൂത്രമൊഴിക്കാം.ഒരു യൂറോയുടെ കോയിൻ ഇല്ലെങ്കിൽ അതിനും കഴിയില്ല. അപ്പോൾ സഞ്ചാരികൾ നാല് യൂറോ മുടക്കി ഒരു കോഫി കഴിക്കും. അപ്പോൾ ബാക്കി കിട്ടുന്ന ഒരു യൂറോ കോയിൻ കൊടുത്ത് മുള്ളാം. ആകെയുള്ള ഗുണം നമുക്ക് ഇവിടെ വൈഫൈ ഫ്രീയായി ഉപയോഗിക്കാമെന്നുള്ളതാണ്. പിന്നെ സമീപപ്രദേശങ്ങളെ ക്യാമറയിൽ പകർത്തുകയുമാവാം. ഈ വീട്ടുമുറ്റത്തെ ആപ്പിൾ പഴങ്ങളെ അങ്ങനെ കണ്ടെത്തിയതാണ്.
ചരിത്രപ്രസിദ്ധമായ ആറ്റോമിയം കണ്ടുതുടങ്ങി. ബെൽജിയത്തിലെ ബ്രസ്സൽസിലുള്ള അഭിമാനസ്തംഭം എത്തി. ഇത് 1958-ലെ ബ്രസ്സൽസ് ലോക പ്രദർശനത്തിനൊരുക്കിയതാണ് (Brussels World Expo). ആന്ഡ്രെ വാട്ടർകെയിൻ ആണ് ഈ ശില്പത്തിന്റെ ഡിസൈൻ എഞ്ചിനീയർ. ജീൻ പൊളാക്കാണ് ആർക്കിടെക്ട്. 335 അടി ഉയരം. 59 അടി വ്യാസത്തിലുള്ള ഒമ്പത് സ്റ്റെയിൻലെസ്സ് സ്റ്റീൽ ഗോളങ്ങൾ. ആറ്റോമിക ഫിസിക്സിന്റെ വളർച്ചയുടെ പ്രതീകമാണ് ഈ മനോഹര ശില്പം. ഇതിന്റെ ആറ് ഗോളങ്ങളിലേക്കും എസ്കലേറ്റർ വഴി നമുക്ക് സന്ദർശനം നടത്താം. ഏറ്റവും മുകളിലെ ഗോളത്തിൽ ഒരു റസ്റ്റോറന്റുണ്ട്. അവിടെയിരുന്നാൽ ബ്രസ്സൽസ് മഴുവനും ആസ്വദിക്കാം.
യൂറോപ്യൻ യൂണിയന്റേയും ബെൽജിയത്തിന്റേയും കൊടിതോരണങ്ങൾ കണ്ടുതുടങ്ങി. ബെൽജിയം ഗ്ലാസ്സുകൊണ്ട് പൊതിഞ്ഞ കൂറ്റൻ കെട്ടിടങ്ങളും വഴിയോരങ്ങളും പാർക്കുകളും ചരിത്രസ്മാരകങ്ങളും കണ്ടുതുടങ്ങി. ബെൽജിയം കണ്ണാടികളിലൂടെ എന്റെ ക്യാമറ, ബിംബങ്ങളേയും, പ്രതിബിംബങ്ങളേയും, പ്രതിഫലനങ്ങളേയും ചിത്രീകരിക്കാൻ തുടങ്ങി.
ഫെഡറൽ ഏകാധിപത്യ ഭരണ സംവിധാനമുള്ള, അതേസമയം പാർളിമെന്റുള്ള രാജ്യം കൂടിയാണ് ബെൽജിയം. അതുകൊണ്ടുതന്നെ ഭരണഘടനാപരമായി സങ്കീർണ്ണമാണ് ബെൽജിയം എന്ന് പറയാം. മൂന്ന് പ്രവിശ്യകൾ കൂടുന്നതാണ് ബെൽജിയം. ഫ്ലെമിഷ് അഥവാ ഫ്ലാണ്ടേഴ്സ്, വാല്ലൂൺ അഥവാ വാല്ലൂണിയ, പിന്നെ തലസ്ഥാനനഗരിയായ ബ്രസ്സൽസ്. ഇവയിൽ ബ്രസ്സൽസ് തന്നെയാണ് ബെൽജിയത്തിന്റെ കണ്ണായ സമ്പദ് സമൃദ്ധമായ, സ്വതന്ത്രമായ പ്രദേശമോ തലസ്ഥാനനഗരിയോ എന്ന് പറയാം. ഫ്രഞ്ചും ഡച്ചുമാണ് ഇവിടുത്തെ പ്രധാന ഭാഷ.
ബിസി 22 മുതലുള്ള ചരിത്രമുണ്ട് ബെൽജിയത്തിന്. റോമാ സാമ്രാജ്യത്തിന്റെ കഠിനമായ സ്വാധീനമുള്ള രാജ്യം കൂടിയാണ് ബെൽജിയം. 1830-ലെ ബെൽജിയം വിപ്ലവം ചരിത്രപ്രസിദ്ധമാണ്. ആ വിപ്ലവത്തിലൂടെയാണ്, ബെൽജിയം ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ യൂറോപ്പിന്റെ യൂദ്ധക്കളം എന്നൊരു വിശേഷണം കൂടിയുണ്ട് ബെൽജിയത്തിന്. വ്യാവസായിക വിപ്ലവത്തിലും ബെൽജിയത്തിന് കാര്യമായ പങ്കുണ്ട്.
പിന്നെ എന്നെ ആകർഷിക്കാൻ ഒരു കാരണം കൂടിയുണ്ട്. ഈ ഭൂമിയിൽ പാവങ്ങൾ എഴുതിയ വിക്ടർ ഹ്യൂഗോവിന്റെ കാൽപ്പാട് പതിഞ്ഞിട്ടുണ്ടിവിടെ, വിഖ്യാതനായ ഫ്രഞ്ച് കവി ബോദലെയറുടെ പാദസ്പർശം ഏറ്റ ഭൂമിയാണിത്. തീർന്നില്ല, മനുഷ്യരാശിയുടെ ചിന്തക്ക് തീ കൊളുത്തിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിറന്ന ഭൂമി കൂടിയാണിത്.
ബെൽജിയത്തിന്റെ തലസ്ഥാനനഗരിയെന്നൊക്കെ പറയുമ്പോഴും ബ്രസ്സൽസിന്, യൂറോപ്യൻ യൂണിയനോട് കൂറുള്ള സ്വതന്ത്രമായൊരു ഭരണകൂടമുണ്ട്. അതുകൊണ്ടുതന്നെ, പടിഞ്ഞാറൻ യൂറോപ്പിലെ ഈ പെന്റഗൺ നഗരിയിൽ, യൂറോപ്യൻ യൂണിയന്റെ പല പ്രധാന സാമ്പത്തിക കേന്ദ്രങ്ങളും കെട്ടിടങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.
2023-ലെ ജനസംഖ്യാകണക്കനുസരിച്ച് ബ്രസ്സൽസ് പെന്റഗൺ നഗരത്തിലെ ജനസംഖ്യ ഏകദേശം രണ്ട് ലക്ഷം വരും. വിസ്തീർണ്ണം 33 ചതുരശ്ര കിലോമീറ്റർ.
ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും ഭാഷാപരമായും വൈവിദ്ധ്യമാർന്ന ഈ പെന്റഗൺ നഗരിയെ പലപല കോണുകളോ സോണുകളോ ആയി തരം തിരിച്ചിട്ടുണ്ട്. നാല് ദിശകളെ കേന്ദ്രീകരിച്ചും, അതല്ലാതേയും തരം തിരിവുകളുണ്ട്. സെൻട്രൽ ക്വാർട്ടർ, റോയൽ ക്വാർട്ടർ, മാറൊല്ലൻ ക്വാർട്ടർ, സബ്ലോൺ ക്വാർട്ടർ, സ്റ്റാലിൻഗ്രാഡ് ക്വാർട്ടർ, സീൻ ക്വാർട്ടർ, മാരിടൈം ക്വാർട്ടർ, സ്ക്വയേഴ്സ് ക്വാർട്ടർ അങ്ങനെ പോകുന്നു, ഈ പെന്റഗണിന്റെ വിഭാഗീകരണം.
ഈ റോഡുകൾ നിറയെ ഓപ്പണെയർ റസ്റ്റോറന്റുകളും ബാറുകളും കടകമ്പോളങ്ങളുമാണ്. റോഡിന്റെ ഇരുവശങ്ങളിലും നിവർത്തിവച്ച വലിയ കുടകൾക്ക് കീഴിലാണ് സഞ്ചാരികൾ ബിയർ നുണയുന്നതും സമയം ചെലവഴിക്കുന്നതും.
ഏതാണ്ട് മിഠായിതെരുവ് എന്നുവിളിക്കാവുന്ന തെരുവുകളാണ് ഇവിടം മുഴുവനും. ലോകത്തിലെ ഏറ്റവും നല്ല ചോക്ലേറ്റ് ഉദ്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെ അക്ഷരാർത്ഥത്തിലും ചോക്ലേറ്റ് ഉരുകിയൊഴുകുന്നത് കാണാം. പ്രതിവർഷം ഏതാണ്ട് രണ്ട് ലക്ഷം ടൺ ചോക്ലേറ്റാണ് ഇവിടെ നിന്ന് കയറ്റിപ്പോകുന്നത്. ഇവിടെ കാണുന്ന 10 പേരിൽ 8 പേരും തടിയന്മാരാണ്. ചോക്ലേറ്റും മധുരവുമായിരിക്കും അതിന്റെ പിന്നിൽ എന്ന് ഞാൻ വിചാരിക്കുന്നു.
ഈ റോഡുകളിലൂടെ കുറച്ചുദൂരം കാഴ്ചകൾ കണ്ട്കണ്ടങ്ങനെ പോയാൽ നമുക്ക് ഗ്രാന്റ് പ്ലെയിസിലെത്താം. സഞ്ചാരികളിൽ കൂടുതൽ പേരും ബ്രസ്സൽസിലെ ഗ്രാന്റ് പ്ലെയിസ് അഥവാ ഗ്രാന്റ് സ്ക്വയറിലായിരിക്കും എത്തുക. ഞാനും ഇപ്പോൾ ഗ്രാന്റ് പ്ലെയിസിലാണ് അല്ലെങ്കിൽ ഗ്രാന്റ് സ്ക്വയറിലാണ്.
എന്റെ മുന്നിൽ ഈ കൊടിയും പിടിച്ച് പോകുന്നത് തോമസ് കുക്ക് എന്ന ട്രാവൽ കമ്പനിയുടെ ഗൈഡാണ്. അയാളുടെ പോക്ക് കണ്ടില്ലേ. ഈ തെരുവിനെകുറിച്ച് സഞ്ചാരികളെ പറഞ്ഞ് മനസ്സിലാക്കേണ്ട ജോലിയാണ് അയാളുടേത്. ആ സഞ്ചാരികളുടെ കഷ്ടകാലം എന്നല്ലാതെ എന്തുപറയാൻ. സഞ്ചാരികൾ ഏതോ പൂരപ്പറമ്പിൽ ഉപേക്ഷിക്കപ്പെട്ടതുപോലെ, ഈ തെരുവിൽ എവിടെയോ അലയുകയായിരിക്കണം. ഇതാണ് നമ്മുടെ നിരുത്തരവാദ ടൂറിസം (Irresponsible Tourism)
ഞാൻ നേരത്തെ പറഞ്ഞല്ലോ, ഇവിടെ പ്രഞ്ചും ഡച്ചുമാണ് ഭാഷ. ഫ്രഞ്ചുഭാഷയിൽ ഇത് ഗ്രാന്റ് പ്ലെയിസാണ്, ഡച്ചിൽ ഇത് ഗ്രോട്ട് മാർക്കറ്റാണ്. അതായത് ഗ്രെയ്റ്റ് അഥവാ ബിഗ് മാർക്കറ്റ്. അതേ, ഇതൊരു ഭീമൻ മാർക്കറ്റ് ഭൂമികയാണ്. ഇവിടെ കിട്ടാത്തതായി ഒന്നുമുണ്ടാവില്ല. ഫാഷൻ വസ്ത്രങ്ങളും, ആഭരണങ്ങളും, തൊപ്പികളും, ബാഗുകളും, ഷാളുകളും, സുവനീറുകളും, തേനീച്ച പരക്കുന്ന വിവിധയിനം പോക്ലേറ്റുകളും, വീഞ്ഞും, പഴച്ചാറുകളും അങ്ങനെയങ്ങനെ എല്ലാം ഇവിടെ കിട്ടും. എന്നിരുന്നാലും എവിടേയും ഉരുകിയൊലിക്കുന്നത് ചോക്ലേറ്റ് തന്നെ. സഞ്ചാരികളുടെ തിരക്കും ചോക്ലേറ്റ് കടകളിലാണ്. പിന്നെ തിരക്കുള്ളത് സുവനീർ ഷോപ്പുകളിലാണ്.
വെളുത്ത വീഞ്ഞാണ് ഇവിടുത്തെ സ്പെഷ്യൽ വീഞ്ഞ്. ജെനവർ ആണ് ഇവിടുത്തെ പ്രാദേശിക മദ്യം. എന്നാലും കൂടുതലും ജർമ്മൻ ഫ്രഞ്ച് മദ്യക്കാഴ്ചയാണ് നമുക്കിവിടെ കാണാൻ കഴിയുക. വൈറ്റ് റമ്മിന്റെ വൈവിദ്യമാർന്ന ശ്രേണികൾ നമുക്കിവിടെ കാണാം. മദ്യക്കടകളിൽ എത്തുന്നവരിൽ കൂടുതലും സ്ത്രീകളാണ്. ഈ സ്ക്വയറിനുചുറ്റും റോഡുകളാണ്. റോഡുകൾക്കപ്പുറം ഗ്രാമങ്ങളാണ്.
ഇവർ മലയാളികളാണ്. ലോകത്ത് എവിടെയാണെങ്കിലും മലയാളികളെ പെട്ടെന്ന് തിരിച്ചറിയാം. അവർ വിദേശത്ത് ഭക്ഷണവിഭവങ്ങൾ കണ്ടാൽ, അത് ഭക്ഷിക്കുന്നതിനുമുമ്പ് മൊബൈലിൽ പകർത്തും. പിന്നെ അതുൾപ്പെടുത്തിക്കൊണ്ട് സെൽഫിയെടുക്കും. അവർ കാഴ്ചകൾ കാണുന്നതുതന്നെ മൊബൈലിലൂടെ ആയിരിക്കും.
ഇവിടെ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. എന്നാലും അവിടവിടെ സൈക്കിളുകൾ കാണാനുണ്ട്. പിന്നെ രാജകീയ പ്രൌഡിയിൽ ഒരു ട്രാമും കണ്ടു. ഗ്രാന്റ് പ്ലെയിസ് സഞ്ചാരികൾക്കുള്ളതാണ്. ഇത് സഞ്ചാരികളുടെ ഭൂമിയിലെ സ്വർഗ്ഗമാണ്. ഇവിടം നിറയേ പുഷ്പാലംകൃതമാണ്. സമയം ഏതാണ്ട് ഉച്ചതിരിഞ്ഞ് മുന്നുമണിയാണ്. സഞ്ചാരികൾ എത്തുന്നതേയുള്ളൂ. ബാറുകളും റസ്റ്റോറന്റുകളും സഞ്ചാരികളെ കാത്ത് കിടക്കുകയാണ്.
ഈ അതിമനോഹരമായ ചരിത്രനഗരിയുടെ നിർമ്മാണം 11-ാം നൂറ്റാണ്ടിൽ ആരംഭിച്ച്, 17-ാം നൂറ്റാണ്ടിലാണ് ഏതാണ്ട് അവസാനിച്ചത്. 1688 മുതൽ 1697 വരെ യൂറോപ്പിലുണ്ടായ ഒമ്പത് വർഷ യുദ്ധത്തിൽ (Nine years War) ഈ നഗരിയുടെ ഒട്ടുമിക്കവാറും ഭാഗങ്ങൾ തകർക്കപ്പെട്ടു. പിന്നീട് നടന്ന ഫ്രഞ്ച് വിപ്ലവവും ഈ നഗരിയെ വെറുതെ വിട്ടില്ല. പിന്നീട് 19-ാം നൂറ്റാണ്ടോടെ പുനർനിർമ്മിച്ചതാണ് ഈ കാണുന്ന ചരിത്ര ഗോപുരങ്ങളും കൊട്ടാരങ്ങളും.
ഈ പെന്റഗണിൽ അഞ്ച് കൂറ്റൻ കെട്ടിടങ്ങളാണ് ഉള്ളത്. റിലീഫ് കലാസങ്കതങ്ങളാൽ സമ്പന്നമായ ഈ ഗോത്തിക്ക്-നിയോ ഗോത്തിക്ക് കെട്ടിടങ്ങൾ ഓഫ് വൈറ്റിലും സുവർണ്ണനിറത്തിലും ഛായം തേച്ചുമിനുക്കിവച്ചിരിക്കുകയാണ്. ഈ കെട്ടിടങ്ങളുടെ ചുമരുകളിൽ അതിമനോഹരങ്ങളായ റിലീഫ് കലയുടെ അത്ഭുതങ്ങളും അതിശയങ്ങളും കാണാം.
ദാ ഈ കാണുന്ന കെട്ടിടസമുച്ഛയത്തിൽ ആറ് പ്രധാനപ്പെട്ട കെട്ടിടങ്ങളാണ് ഉള്ളത്. വിചിത്രമാണ് ഈ കെട്ടിടങ്ങളുടെ പേരുകൾ. ഇടത്തുനിന്ന് ആദ്യം കാണുന്ന കെട്ടിടം, സ്പെയിനിലെ രാജാവ് എന്നറിയപ്പെടും (The King of Spain).അപ്പമുണ്ടാക്കുന്നവർക്കായുള്ള ബേക്കേഴ്സ് കെട്ടിടമാണ് ഇത്. പിന്നെ കാണുന്നത്, സഞ്ചി എന്നറിയപ്പെടുന്ന (The Bag) കെട്ടിടമാണ്. ഇത് ആശാരിമാർക്കുള്ള ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള കെട്ടിടമാണ്. തൊട്ടടുത്ത കെട്ടിടം പെൺചെന്നായ (The She wolf) എന്ന് അറിയപ്പെടുന്നു. ഇത് അമ്പെയ്ത്തുകാർക്ക് പ്രതിജ്ഞയെടുക്കാനുള്ള കെട്ടിടമാണ്. അടുത്ത കെട്ടിടം നാവികർക്കുള്ളതാണ്. നാവികരുടെ സംഗീതോപകരണമായ ബ്യൂഗിൾ (The cornet) എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. അവസാനത്തെ കെട്ടിടം, കുറുക്കൻ (The Fox) എന്ന പേരിൽ അറിയപ്പെടുന്നു. ഇതൊരു സ്കൂൾ കെട്ടിടമായിരിക്കണം.
ഇത്തരത്തിൽ വിചിത്രമായ പേരുകളിലുള്ള സർക്കാർ കെട്ടിടങ്ങളും സ്വകാര്യ കെട്ടിടങ്ങളുമാണ് ഈ കെട്ടിടസമുച്ഛയത്തിലുള്ളത്. അവയിൽ കൌതുകമുണർത്തുന്ന ചില പേരുകൾ മാത്രം പറയാം. നക്ഷത്രം, സുവർണ്ണമരം, ഹംസം, കഴുത, റോസ്, പേഴ്സ്, ജോസഫ് ആന്റ് ആനി, മാൻ, സുവർണ്ണവഞ്ചി, പ്രാവ്, മയിൽ ഇങ്ങനെ പോകുന്നു ആ പേരുകൾ.
ഇത്തരം വിചിത്രങ്ങളും ചരിത്രങ്ങളുമാവണം, 1998-ൽ ഈ പെന്റഗൺ ലോക പൈതൃക കെട്ടിടങ്ങളിൽ സ്ഥാനം പിടിച്ചു. ബ്രസ്സൽസിന്റെ സിറ്റി ഹാൾ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ക്രിസ്തുമസ്സും പുതുവർഷവും ഇവിടെ കെങ്കേമമാണ്. കൂടാതെ ബ്രസ്സൽസിലെ പല പ്രധാന ഈവന്റുകളും ഇവിടെയാണ് നടക്കുക.
ഏതാണ്ട് റിങ്ങ് റോഡുകൾ പോലെയാണ് ഈ പെന്റഗണ് ചുറ്റുമുള്ള റോഡുകൾ. എല്ലാ റോഡുകളും പെന്റഗണിൽ നിന്ന് തുടങ്ങി, പെന്റഗണിൽ തന്നെ അവസാനിക്കും. ഞാൻ പെന്റഗണും കഴിഞ്ഞ് കുറേക്കൂടി മുന്നോട്ട് നടന്നു. മാർക്കറ്റുകളുടെ തിക്കും തിരക്കും കുറയാൻ തുടങ്ങി. പിന്നെപ്പിന്നെ ബാറുകളും റസ്റ്റോറന്റുകളും മാത്രം. എല്ലാം ഓപ്പണെയർ ബാറുകളും റസ്റ്റോറന്റുകളുമാണ്. വലിയ ഭീമൻ കുടക്കീഴിലാണ് സഞ്ചാരികൾ ഇവിടങ്ങളിലൊക്കെ ബിയറും വീഞ്ഞും കുടിക്കുന്നതും ബെൽജിയം ഭക്ഷണം ആസ്വദിക്കുന്നതും.
ഇപ്പോൾ സന്ധ്യയായി തുടങ്ങി. ബാറുകളും റസ്റ്റോറന്റുകളും ദീപാലംകൃതമായി. സഞ്ചാരികളും കൂടിത്തുടങ്ങി. അങ്ങനെ ഞാനിങ്ങനെ നടക്കുമ്പോഴാണ് ഈ ബോർഡ് കണ്ടത്. Boire Manger Pisser ഇതൊരു ബാറും റസ്റ്റോറന്റുമാണ്. ഗൂഗിൾ തർജ്ജിമ നോക്കിയപ്പോൾ ഒരു രസം തോന്നി. ഏതാണ്ട് ഇങ്ങനെ-കുടിക്കുക, തിന്നുക, മുള്ളുക. ഈ റസ്റ്റോറന്റിലെ സഞ്ചാരികളും ഏറെ സന്തോഷത്തിലായിരുന്നു. ഈ തെരുവിനും എന്തെന്നില്ലാത്ത സന്തോഷവും തിരക്കും ഉണ്ടായിരുന്നു.
ഈ തെരുവിന്റെ പേരു് ഓക്ക് സ്ട്രീറ്റ് (Oak Street) എന്നാണ്. പത്തടി മുന്നോട്ട് പോയപ്പോഴാണ് മനസ്സിലായത്, ബ്രസ്സൽസിലെ വിഖ്യാതമായ മുള്ളുന്ന കുട്ടിയുടെ ചെമ്പ് ശില്പം കണ്ടത്. Manneken Pis എന്നാണത്രെ ഈ ശില്പം അറിയപ്പെടുന്നത്. സമ്പൂർണ്ണ നഗ്നനായ ഒരു കൊച്ചുകുട്ടി മുള്ളുന്നതാണ് ഈ ശില്പം. പക്ഷേ, ഇവിടെ ശില്പം മുള്ളുന്നത് ശുദ്ധജലമാണ്. സഞ്ചാരികൾ ഈ ശില്പത്തിന് ചുറ്റും പടമെടുക്കുന്നുണ്ട്, സെൽഫിയെടുക്കുന്നുണ്ട്.
പതിനൊന്നാം നൂറ്റാണ്ടിലെ ഒരു യുദ്ധത്തിനോടാണ് ഈ ശില്പം കൂടുതലും ബന്ധപ്പെട്ടുകിടക്കുന്നത്. ഈ ശില്പത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, ചരിത്രമുണ്ട്, കഥകളുണ്ട്, ഐതീഹ്യങ്ങളുണ്ട്. അതിലൊന്ന് ഇങ്ങനെ- അതായത് ല്യൂവനിലെ ഡ്യൂക്ക് ഗോഡ്ഫ്രെ, ഗ്രിമ്പർജിനിലെ ഡ്യൂക്കുമായി യുദ്ധത്തിലായത്രെ. ഗ്രിമ്പർജിനിലെ ഡ്യൂക്കിന്റെ പട്ടാളത്തിന്റെ പേരു് ബെർത്തൌട്സ് എന്നത്രെ.1142-ലെ ഈ യുദ്ധത്തിൽ ഡ്യൂക്ക് ഗോഡ്ഫ്രെയുടെ പട്ടാളത്തിന് ആവേശം പകരാൻ, ഡ്യൂക്കിന്റെ ശൈശവാവസ്ഥയിലുള്ള ഒരു ശില്പം, യുദ്ധക്കളത്തിന്നരികെ, ഒരു ഓക്ക് മരത്തിന്നരികെ, നിർമ്മിച്ചതായി പറയപ്പെടുന്നു. അങ്ങനെയായാണ് ഈ തെരുവിന് ഓക്ക് സ്ട്രീറ്റ് (Oak Street) എന്ന പേരുണ്ടായത്. ഒരു അത്ഭുതം പോലെ ഡ്യൂക്കിന്റെ ഈ ശൈശവസശില്പം ബെർത്തൌട്സ് പട്ടാളത്തെ മുള്ളിതോൽപ്പിച്ചു എന്നാണ് ഐതീഹ്യം.
എന്തായാലും ഈ ശില്പവുമായി ബന്ധപ്പെട്ട കഥകൾ അവസാനിക്കുന്നില്ല. ഫ്രഞ്ച് വിപ്ലവത്തിൽ ബ്രസ്സൽസിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചപ്പോഴും ഈ ശില്പം വിപ്ലവത്തെ അതിജിവിച്ചു എന്നും പറയുന്നു. ഒരുപാട് തവണ ഈ ശില്പം മോഷ്ടിക്കപ്പെട്ടതായും പറയപ്പെടുന്നു. അങ്ങനെ ഒരുപാട് പുനർനിർമ്മിതിക്ക് ശേഷമാണ് ഈ ശില്പം ഈ രൂപത്തിലും ഭാവത്തിലും നിൽക്കുന്നതത്രെ.
ഞാനും ഈ അത്ഭുത ശില്പത്തിന്റെ നിഷ്കളങ്ക ചരിത്രമൂത്രസ്നാനത്തിന് സാക്ഷിയായി, ബ്രസ്സൽസിൽ നിന്ന് മടങ്ങുകയാണ്. ഒരിക്കൽകൂടി പെന്റഗൺ വലം വച്ചുകൊണ്ട് ഞാൻ എന്റെ ഹോട്ടലിലേക്ക് മടങ്ങി.