പുത്രജയ തടാകത്തിലൂടെ
13 Apr 2024
ഞാനിപ്പോൾ ഒഴുകുന്നത് മലേഷ്യയിലാണ്. മലേഷ്യയിലെ പുത്രജയ തടാകത്തിലാണ്. എനിക്ക് വലതുവശത്ത് കാണുന്നതാണ് പ്രസിദ്ധമായ പുത്ര മോസ്ക്. ദൂരെ ദാ കാണുന്നതാണ് ഇരുമ്പ് മോസ്ക്. ഈ തടാകത്തിലൂടെയുള്ള ബോട്ടുസവാരി ആനന്ദകരമാണ്. വീഡിയോ കാണാം
കുലാലംപൂരിന് തെക്ക് 33 കിലോമീറ്റർ അകലെയാണ് പുത്രജയ. പുത്രജയയുടെ ഏതാണ്ട് 650 ഹെക്ടർ ഭൂസ്ഥലി മുഴുവനായും പ്രകൃത്യാ ശീതീകരിക്കുന്ന ജോലി കൂടിയുണ്ട് ഈ തടാകത്തിന്. ഏകദേശം 50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ തടാകത്തിന്റെ ശരാശരി ആഴം ഏകദേശം 7 മീറ്ററാണ്. ദാ കാണുന്നതാണ് പുത്ര പാലം.
അതിമനോഹമായ ഒരു മനുഷ്യനിർമ്മിത പുന്തോട്ടമാണ് ഈ താടാകത്തിന് ചുറ്റും. തടാകതീരങ്ങളിൽ വിശ്വപ്രസിദ്ധമായ പുത്ര മോസ്ക്കും, ഇരുമ്പു മോസ്ക്കും, പുത്ര പാലവും, പുത്ര ഹാർബ്ബറും കാണാം. ദൂരെ, മലേഷ്യയുടെ കയ്യൊപ്പുകൂടിയായ മിലേനിയം സ്മാരകവും ഈ തടാകത്തിന് ചരിത്രചാരുത കൂട്ടുന്നത് കാണാം.
മലേഷ്യയുടെ ചരിത്രമുറങ്ങുന്ന പുത്ര ചത്വരത്തിന് സമീപമാണ് ഈ തടാകം. 300 മീറ്റർ വൃത്താകാരമുണ്ട് ഈ ചത്വരത്തിന്. മലേഷ്യയുടെ സ്വാതന്ത്ര്യദിന ചടങ്ങുകളും മറ്റു ദേശീയ പരിപാടികളും ഇവിടെ അരങ്ങേറാറുണ്ട്. പുത്രജയ തടാകത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ് ഈ ചത്വരം. മലേഷ്യൻ പതാകകളാൽ അലംകൃതമാണ് ഈ ചത്വരം. പുത്ര മോസ്ക്കിനുപുറമെ മലേഷ്യൻ പ്രസിഡന്റിന്റെ വസതിയും ഈ ചത്വരത്തിനെ പ്രശസ്തമാക്കുന്നുണ്ട്. സീറ്റി സ്കാനിന്റെ കൂടുതൽ സഞ്ചാര വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഹരിതാഭമായ പുന്തോട്ടങ്ങളാലും നീർചാലുകളാലും സുഗന്ധശീതളിമ പ്രസരിപ്പിക്കന്ന ഈ ഭൂസ്ഥലി മലേഷ്യയുടെ പ്രതീകാത്മക സ്മാരകം കൂടിയാണ്. 1957-ലെ സ്വാതന്ത്ര്യലബ്ദിക്കുശേഷം ഉണ്ടായിരുന്ന 11 മലേഷ്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന വിധം 11 ഹരിതഭാഗങ്ങളായി ഈ പ്രദേശത്തെ വിഭാഗീകരിച്ചിരിക്കുന്നു. പിന്നീട് ഫെഡറൽ പ്രവിശ്യാ സംവിധാനം കൂടി വന്നതോടെ സംസ്ഥാനങ്ങളെ 14-കോൺ നക്ഷത്രങ്ങളാൽ അടയാളപ്പെടുത്തി ഇവിടം ഐക്യത്തിന്റെ ആഘോഷമാക്കിയിരിക്കുന്നു.
ഈ കാണുന്നത് ഒരു ബോട്ടു ജട്ടിയാണ്. ഇവിടെ പതിവായി ബോട്ടുകേളികളും മത്സരങ്ങളും മറ്റ് ജലോത്സവങ്ങളും നടക്കാറുണ്ട്. ഏതോ ഏഷ്യൻ മീറ്റിലെ ജലകായിക മത്സരങ്ങളും ഇവിടെ അരങ്ങേറിയിട്ടുണ്ട്. ഹോട്ട് എയർ ബലൂണുകളും ഇവിടെനിന്ന് പറന്നുയരാറുണ്ട്.
പുത്ര മോസ്കിന്റെ നിർമ്മാണം 1997-ൽ ആരംഭിച്ചെങ്കിലും 1999-ലാണ് പണി പൂർത്തീകരിക്കാനായത്. അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മൊഹമദ് ആണ് ഈ പള്ളി ഭക്തർക്ക് മസർപ്പിച്ചത്. 15000 ഭക്തരെ ഉൾക്കൊള്ളാവുന്ന ഈ മോസ്കിന്റെ താഴികക്കുടങ്ങൾക്ക് പിങ്ക് നിറമാണ്. റോസ് വർണ്ണത്തിലുള്ള ഗ്രാനൈറ്റ് പാളികളാണ് പതിപ്പിച്ചിട്ടുള്ളത്.
പണ്ട് കാലത്ത് മലേഷ്യയുടെ ഭരണസിരാകേന്ദ്രവും സാമ്പത്തിക കേന്ദ്രങ്ങളും നീതിപീഠവും കുലാലംപൂരിലായിരുന്നു. പിന്നീട് ആത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ അതൊക്കെ അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മൊഹമദ് പുത്രജയ ചത്വരത്തിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ഏകദേശം 8 ബില്യൺ യുഎസ് ഡോളറായിരുന്നു ഇതിന്നായി മലേഷ്യ ചെലവഴിച്ചത്. അപ്പോഴും, കുറച്ചൊക്കെ ഭരണകാര്യാലയങ്ങൾ ഇപ്പോഴും, കുലാലംപൂരിൽ തന്നെ നിലനിർത്തിയിട്ടുണ്ട്.
പുത്ര മോസ്കിൽ നിന്ന് ആരംഭിച്ച എന്റെ ഈ ജലോല്ലാസ യാത്ര, പുത്ര പാലത്തിന്റെ സമീപക്കാഴ്ചയിലൂടെ, വീണ്ടും പുത്ര മോസ്കിൽ തന്നെ അവസാനിക്കുകയാണ്.