നദികളുടെ രാസലീലയും ബുദ്ധനും
by admin
in Life, Literature, Relegion, Social, Tourism
17 Sep 2023
ലഡാക്കിലെ കാന്തക്കുന്നും പത്തർ സാഹിബ് ഗുരുദ്വാരയുടെ പാറക്കുന്നും കയറിയിറങ്ങി, പർവ്വതപ്രാന്തങ്ങളിലെ അപൂർവ്വമായ പച്ചപ്പുകളും ജലഛായാതലങ്ങളും കടന്ന് നാം ചെന്നുചേരുന്നത് രതിസുഖസാരേ ഇണചേരുന്ന നദികളുടെ വിസ്മയിപ്പിക്കുന്ന ഒരു അന്തപുരത്തിലാണ്.
ലേയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാട്ട് സഞ്ചരിച്ചാൽ നമുക്ക് നദികൾ ഇണചേരുന്നത് കാണാം. ഈ യാത്രയിലെ ഏതാണ്ട് ദൂരമൊക്കെ നമുക്ക് മുകളിൽ നിന്ന് നദികളെ നോക്കിക്കാണാം. പിന്നെപ്പിന്നെ താഴോട്ട് താഴോട്ട് ഇറങ്ങിവരുമ്പോൾ നമുക്ക് ഈ നദികളുടെ അടുപ്പക്കാഴ്ച ആസ്വദിക്കാം. വീഡിയോ കാണാം
ഭാരതത്തിന്റെ സംസ്കൃതി ഒഴുക്കുന്ന സിന്ധു നദിയും കൈവഴിനദിയായ സാൻസ്കർ നദിയുമാണ് ആരും കാണുന്നില്ലെന്ന ഭാവത്തിൽ മതിമറന്ന് ഇവിടെ ഇണചേർന്ന് രമിക്കുന്നത്. ലേയിലെ നിമ്മുവിലെ കുളിരാഴങ്ങളിലാണ് ഈ നദികൾ രതിലീലയിൽ മുഴുകി വർണ്ണാഭമായ രേതസ്സൊഴുക്കുന്നത്. ആരും കാണുന്നില്ലെന്ന ഭാവമാണ് ഈ നദികൾക്കെങ്കിലും എല്ലാരും അതൊക്കെ പരസ്യമായി തന്നെ കണ്ടുരസിക്കുകയാണ്. ഈ ഞാനും.
ഭാരതം മുഴുവനും നട്ടുനനക്കുന്ന സിന്ധു നദിയുടെ ഉത്ഭവം ടിബറ്റാണ്. ഭാരതീയ സംസ്കൃതിയുടെ ഭാഷയിൽ പറഞ്ഞാൽ മാനസ സരോവത്തിൽ നിന്നാണെന്നും പറയാം. ഷ്യോക്ക്, ഷിഗാർ, ജിൽജിത്ത് നദികളും സിന്ധു നദിയെ സമൃദ്ധമാക്കുന്നുണ്ട്. 3180 കിലോമീറ്റർ നീളത്തിലൊഴുകുന്ന സിന്ധു നദിയുടെ ശുദ്ധജല പ്രവാഹം അവസാനം, കറാച്ചിയിൽ അറബിക്കടലിൽ ചെന്ന് ലയിക്കുന്നു. ജൂലായ്-സപ്തംബർ മാസങ്ങളിലാണ് സിന്ധു സമൃദ്ധമായൊഴുകുക. ആഗസ്റ്റിൽ ഈ നദി കവിഞ്ഞൊഴുകും. പിന്നെപ്പിന്നെ ജലനിരപ്പ് ക്രമാതീതമായി താഴും.
നാം സംഗമിറങ്ങി നദികളുടെ രതിലീലകൾ കണ്ട് മുകളിലേക്ക് കയറി യാത്ര തുടരുമ്പോഴും ഈ നദികളുടെ സാന്നിദ്ധ്യവും സാമീപ്യവും കിലോമീറ്ററോളം നമുക്ക് ദൃശ്യസുഖം പകരുന്നുണ്ട്. ഈ നദികൾ നട്ടുനനക്കുന്ന ഹരിതവനങ്ങളും ഹരിതഗ്രാമങ്ങളും നമ്മുടെ കണ്ണിന് കുളിരാവുന്നുണ്ട്.
ഇതിനെല്ലാം കാരണാഭൂതമായ സിന്ധുനദി, മഹാ ഹിമാലയത്തിന്റെ എവിടെയോ വച്ച് കൈവഴിനദിയായ സാൻസ്കറെ പെറ്റിടുന്നു. പലപ്പോഴും പലേടങ്ങളിലായി അമ്മയോളം തന്നെ വളർന്നുവലുതാവുന്നത് കാണാം നമുക്ക്, ഈ സാൻസ്കർ നദിയെ. എപ്പോഴോ, ഹിമാലയത്തിന്റെ വടക്കുകിഴക്ക് പ്രാന്തങ്ങളിലെവിടെയോ വച്ച് സാൻസ്കർ, ഡോഡ, കാർഗ്യാഗ് എന്നീ രണ്ട് കൈവഴിനദികളെ കൂടി പെറ്റിടുന്നുണ്ട്. ഈ നദീപുത്രിമാർ വീണ്ടും ഇണചേർന്ന രമിച്ച് ലിംഗ്റ്റി അഥവാ സരാപ് എന്നൊരു നദിയായി വളർന്നു വലുതാവുന്നുണ്ട്. സപ്ത നദികൾ എന്നറിയപ്പെടുന്ന ഏഴു നദികളോടൊപ്പം, ഒരു നിയോഗം പോലെ ഈ നദീപുത്രിമാരെല്ലാം, ഹിമാലയത്തിന്റെ വടക്കുപടിഞ്ഞാറായി അമ്മ സിന്ധുവിൽ തന്നെ ചെന്നുചേരുന്നതും കാണാം.
ലഡാക്കിലൂടെ സാഹസിക സഞ്ചാരം നടത്തുമ്പോൾ, ഒമ്പത് ചുരങ്ങളും കയറിയിറങ്ങുമ്പോഴും നമുക്ക് സിന്ധു നദിയുടെ ഈ കൈക്കുഞ്ഞുങ്ങളെ നമുക്ക് പലയിടങ്ങളിലുമായി കാണാം. ഒരുവേള ആകാശങ്ങളെ ഉമ്മ വച്ചുകിടക്കുന്ന നിശ്ശബ്ദ പർവ്വത താഴ് വാരങ്ങളിലൂടെ നാം കടന്നുപോകുമ്പോൾ നാം കേൾക്കുന്ന ഒരേയൊരു സംഗീതം ഈ നദീപുത്രിമാരുടേതാവാം, അമ്മ സിന്ധു നദിയുടേതാവാം.
നീലയും പച്ചയും പിന്നെ മഞ്ഞയും നിറഭേദങ്ങളിൽ നമുക്ക് ഈ നദികളെ കിലോമീറ്ററോളും കണ്ട് കണ്ണിനെ കുളിർപ്പിക്കാം. അവസാനം സംഗം എന്നറിയപ്പെടുന്ന നിമ്മുവിലെ സംഗമസ്ഥാനത്ത് സാൻസ്കറും സിന്ധുവും ഇണചേരുന്നത് കാണാം. നദികളുടെ ഈ രതിസുഖ സാരേ സംഗമതീരേ നമുക്ക് അനിർവചനീയമായൊരു ആഹ്ളാദത്തിൽ നമുക്ക് നീന്തിത്തുടിക്കാം. പ്രണയപരവശരായി സെൽഫിയെടുക്കാം.
ആ പ്രണയാലസ്യത്താൽ കുറച്ചുകൂടി ഈ നദീകാഴ്ചയോടൊപ്പം മുന്നോട്ട് പോയാൽ നമുക്ക് പ്രകൃതിരമണീയമായ ആൾച്ചിയിലെത്താം. അപ്പോഴും സിന്ധുനദിയുടെ കളകളാരവം കേട്ടുകേട്ട് നമുക്ക് അവിടുത്തെ ബുദ്ധസന്യാസാശ്രമത്തിലെത്താം.
ലേയിൽ നിന്ന് ഏകദേശം 60 കിലോമീറ്ററുണ്ട് ആൾച്ചി എന്ന കുളിരുപെയ്യുന്ന പച്ചവിരിപ്പിട്ട ഗ്രാമത്തിലേക്ക്. ലഡാക്ക് സ്വയംഭരണ പർവ്വത വികസന കൌൺസിലിന്റെ ഭരണത്തിൻ കീഴിലാണ് ഈ ഗ്രാമം. ആൾച്ചി പർവ്വതനിരകളാൽ സംരക്ഷിക്കപ്പെട്ട മുന്ന് ഗ്രാമങ്ങൾ കൂടിച്ചേർന്നതാണ് ആൾച്ചി.
നാല് സ്തൂപമന്ദിരങ്ങളുള്ള ആൾച്ചി ബുദ്ധസന്യാസാശ്രമം ലഡാക്കിലെ ഏറ്റവും പഴക്കമുള്ള ബൌദ്ധാശ്രമമാണ്. ആയിരാമാണ്ടിൽ പണികഴിപ്പിച്ചതായിരിക്കണം ഈ ആശ്രമം. ഗുരു റിഞ്ചൻ സാങ്പൊ ആയിരിക്കണം ഈ ആശ്രമം പണികഴിപ്പിച്ചതെന്ന് വിശ്വസിച്ചുപോരുന്നു. ഇവിടുത്തെ ബൌദ്ധ സ്മാരകങ്ങൾ പതിനൊന്നാം നൂറ്റാണ്ടിലായിരിക്കണം നിർമ്മിച്ചതെന്നും പറയപ്പെടുന്നു.
ഈ ആശ്രമത്തിനുചുറ്റും സിന്ധുനദി വലം വക്കുന്നുണ്ടെന്നത് കൌതുകകരമായ കാഴ്ചയാണ്, വിശേഷമാണ്. മാത്രമല്ല, ഈ ആശ്രമത്തിലൂടെ കടന്നുപോകുന്ന സിന്ധുനദീപ്രവാഹത്തിന്റെ കൈവഴിസംഗീതം ഈ ആശ്രമത്തെ മുഴുവനായും പവിത്രീകരിക്കുന്നത് കാണാം. നമ്മുടെ അകംപൊരുളിനേയും ആ സംഗീതം തൊട്ടുണർത്തുന്നുണ്ട്.
എന്തായാലും ഇവിടുത്തെ നിർമ്മിതികൾക്കും ശില്പങ്ങൾക്കും ചുമർചിത്രങ്ങൾക്കും ടിബറ്റൻ-കശ്മീരി അഥവാ ബൌദ്ധ-ക്ഷേത്ര വാസ്തുശീലുള്ളതായി അവകാശപ്പെടുന്നു. ഹൈന്ദവ താന്ത്രിക വിദ്യയിലൂന്നിയ വജ്രയാന ബുദ്ധിസമാണ് ഇവിടെ നിലനിന്നിരുന്നതെന്നും ചരിത്രകാരന്മാർ അവകാശപ്പെടുന്നുണ്ട്.
ബൌദ്ധമന്ത്രണങ്ങളുടെ പ്രാർത്ഥനാമണിമുഴക്കിക്കൊണ്ട് ഈ ബൌദ്ധാശ്രമം ചുറ്റിക്കാണുക ഒരു ആദ്ധ്യാത്മിക ഉന്മാദമാണ്. ഈ ആശ്രമത്തിനകത്തും പുറത്തും മന്ത്രം ജപിക്കുന്ന സിന്ധുനദി വലം വച്ചൊഴുകുന്നത് ഈ ആശ്രമത്തിന്റെ മാത്രം സവിശേഷതയാണ്. ചെറുതും വലുതുമായ ഒരുപാട് വെള്ളപൂശിയ സ്തൂപങ്ങളുടെ ഒരു ധ്യനോദ്യാനമാണ് ഈ ആശ്രമം. പച്ചയിൽ കുളിരുകോരിക്കിടക്കുന്ന ഇവിടം മുഴുവനും വൃക്ഷനിഭിടമാണ്.
ബൌദ്ധസ്മരണകൾ ഉണർത്തുന്ന ചെറുതും വലുതുമായ വിലപ്പിടിപ്പുള്ള സ്മരണസാമഗ്രികളുടെ ഒരു കൂറ്റൻ കമ്പോളമാണ് ഈ ആശ്രമസ്ഥലി മുഴുവനും. അതേസമയം ബുദ്ധൻ നമ്മേ പഠിപ്പിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ഒന്നുണ്ട്, ഈ ആശ്രമത്തിൽ. അതിതാണ്-ഈ ആശ്രമത്തിലേക്കുള്ള പ്രവേശനം പണം കൊടുത്തുള്ള പാസ്സ് മൂലം നിയന്ത്രിക്കുന്നു, ഇവിടുത്തെ ബുദ്ധസന്യാസിമാർ. 200 രൂപ കൊടുത്ത് ടിക്കറ്റെടുക്കണം ഇവിടുത്തെ ബുദ്ധനെ കാണാൻ. ശ്രീബുദ്ധൻ ഇതൊക്കെ അറിയുന്നുണ്ടാവണം എന്ന് സമാധാനിച്ചുകൊണ്ട് നമുക്ക് ഈ പച്ചച്ച ആശ്രമസ്ഥലിയോട് യാത്രപറയാം.