ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ.
13 Nov 2023
കർദുങ്ങലയുടെ ഉയരങ്ങൾ തൊട്ടാൽ പിന്നെ അല്പം വിശ്രമിക്കുന്നതും ദീർഘശ്വാസമെടുക്കുന്നതും വടക്കേ പുള്ളുവിലെ ഈ പഞ്ചാബി ദാബയിൽ വച്ചാണ്. പ്രാണവായുവിന്റെ അളവ് ഇവിടേയും കുറവാണ്. എങ്കിലും കർദുങ്ങലയെ അപേക്ഷിച്ച് അല്പം ആശ്വാസമുണ്ടാവും ഇവിടെ. കാരണം, സ്വാഭാവികമായും ഉയരം കുറയുകയാണല്ലോ.
ഭാരതത്തിന്റെ ആത്മാവിലേക്കുള്ള ഒമ്പതാമത്തെ വാതിൽ. വരൂ, നമുക്ക് ഭാരതം കാണാം. സീറ്റി സ്കാനിന്റെ ഭാരതീയം അനുഭവിക്കാം.
ഏതെങ്കിലും തരത്തിൽ ഉയരങ്ങളുടെ അസുഖം (Altitude Sickness) ബാധിച്ചവർക്ക് ഇവിടെ അല്പം കൂടി താഴോട്ടിറങ്ങിയാൽ കർദോങ്ങ് ഗ്രാമത്തിൽ ഒരു ആയുഷ് പ്രാഥമിക ചികിത്സാകേന്ദ്രമുണ്ട്. ഈ ആയുഷ് കേന്ദ്രത്തിന്നരികെ ഭക്ഷണത്തിനായി വണ്ടി നിർത്തിയപ്പോഴാണ് ഈ ആരോഗ്യകേന്ദ്രം ശ്രദ്ധയിൽ പെട്ടത്. മിടുക്കനായ ഒരു ഡോക്ടറും ഒരു നേഴ്സും ഒരു സഹായിയും മാത്രമാണ് ഈ ആരോഗ്യകേന്ദ്രത്തിലുള്ളത്. കൂടുതലും ഓക്സിജൻ തെറാപ്പിയാണിവിടെ. അതായത് ഓക്സിജൻ കുറഞ്ഞുപോയവർക്ക് ഏകദേശം അര മണിക്കൂർ ഓക്സിജൻ കൊടുക്കും. പിന്നെ കുറച്ച് മരുന്നും. ആ പ്രദേശത്തെ മറ്റു രോഗികളും നിരാശ്രയരും നിരാലംബരും എത്തുന്നുണ്ടിവിടെ. എല്ലാവർക്കും ആയുരാരോഗ്യസൌഖ്യം നൽകുന്നുണ്ട് ഈ ആയുഷ് കേന്ദ്രം.
ഈ ചെറുപ്പക്കാരന് ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതാണ്. ഡോക്ടർ ആ ചെറുപ്പക്കാരനോട്, ലഡാക്ക് യാത്ര നടത്തിയതിന്, ആദ്യം അല്പം ശകാരിച്ചു. പിന്നീട് എല്ലാ വൈദ്യസഹായവും ആത്മധൈര്യവും കൊടുത്ത് ഡോക്ടർ അയാളെ വീണ്ടും യാത്രയാക്കുന്നത് കണ്ടു. ആ ഡോക്ടർക്കും ടീമിനും സല്യൂട്ട് കൊടുത്താണ് സീറ്റി സ്കാൻ പിന്നെ യാത്ര തുടർന്നത്.
പർവ്വതകാഴ്ചകളിൽ നിന്ന് മഞ്ഞുപാളികൾ വേർപ്പെട്ടു തുടങ്ങി. വന്ധ്യമായ പർവ്വതക്കാഴ്ചകൾ കണ്ടുതുടങ്ങി. കർദുങ്ങല ചുരമിറങ്ങുന്ന സഞ്ചാരികളിൽ ഒരുതരം നഷ്ടബോധവും അതേസമയം ഒരുതരം സുരക്ഷിതബോധവും ഉണ്ടായി. അത് സ്വാഭാവികമാണ്. കാരണം, ഇനി റിസ്ക് കുറയുകയാണ്. മാത്രമല്ല, ഇവിടെനിന്ന് താഴോട്ട് ഇറങ്ങുന്നത് പർവ്വതങ്ങളുടെ പച്ചയിലേക്കാണ്. ലഡാക്കിന്റെ പൂന്തോട്ടത്തിലേക്കാണ്. അതായത് കർദുങ്ങലയുടെ 17000 അടി ഉയരത്തിൽ നിന്ന് 10000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പച്ചവിരിപ്പിട്ട ന്യൂബ്ര താഴ്വാരങ്ങളിലേക്കാണ് സഞ്ചാരികൾ ഇറങ്ങുന്നത്. മിഷൻ ഇമ്പോസിബിൾ തുടങ്ങി ഒട്ടനവധി ഹോളിവുഡ് സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
ഇതുവഴി യാത്ര ചെയ്യുമ്പോൾ ഉള്ളിലെ കിളിയെ പായിക്കുന്ന ചില പാലങ്ങൾ കാണാം. എല്ലാം തൂക്കുപാലങ്ങളാണ്. ഇരുമ്പുകയറിൽ പട്ടാളമായിരിക്കണം, തൂക്കിയിറക്കിയ പാലങ്ങളാണിവ. താഴെ മിക്കവാറും സിന്ധു നദിയാവാം ഷ്യോക്ക് നദിയാവാം ന്യൂബ്ര നദിയുമാവാം, ഒഴുകുന്നുണ്ടാവണം. ഒരേ സമയം ഒരു വണ്ടിക്ക് മാത്രം പോകാവുന്ന പാലങ്ങളാണിവ. വണ്ടി കടന്നുപോവുമ്പോളുണ്ടാവുന്ന ആ ശബ്ദമുണ്ടല്ലോ, അത് ഭയാനകമാണ്. മരണത്തിന്റെ ഒരുതരം ചിലമ്പിച്ചയുണ്ട് ആ പാലത്തിനപ്പോൾ.
ദാ ഇവിടെനിന്ന് ഇടത്തോട്ട് പോയാൽ ഒരു റസ്റ്റോറന്റുണ്ട്. അതിമനോഹരമാണ് ഈ റസ്റ്റോറന്റും പരിസരങ്ങളും. ബൈക്ക് സഞ്ചാരികൾക്ക് താമസിക്കാനുള്ള ടെന്റുകൾ കാണാമിവിടെ. പച്ചവിരിപ്പിട്ട കളിസ്ഥലങ്ങളും കാണാം. നല്ല വിശപ്പുണ്ടായിരുന്നു. സമയം ഉച്ച തിരിഞ്ഞു. ചപ്പാത്തിയും പച്ചക്കറിയും കഴിച്ചു. ഒരുനാരങ്ങാ ചായയും. ഇത്തരം യാത്രകളിൽ ഞാൻ മാംസാഹാരങ്ങൾ ഒഴിവാക്കാറുണ്ട്. അതാണ് സുഖവും. ഞാൻ ഭക്ഷണം കഴിക്കുന്നതിന്നിടയിൽ ഡ്രൈവർ സ്റ്റാൻസിൻ വാഹനം കഴുകി വൃത്തിയാക്കിയിരുന്നു. മുൻവശത്തെ ചില്ലൊക്കെ തുടച്ചുമിനുക്കി എനിക്ക് ഷൂട്ട് ചെയ്യുന്നതിന്നായി. എന്നിട്ടും എനിക്ക് ഒരു അബദ്ധം പറ്റി. ഷൂട്ട് കഴിഞ്ഞപ്പോഴാണ് അത് മനസ്സിലായത്. കാറിന്റെ ഡാഷ്ബോഡിൽ കിടന്നിരുന്ന ഒരു മാറ്റ് എന്റെ എല്ലാ ചിത്രങ്ങളിലും പ്രതിഫലിച്ചിരുന്നു. നിങ്ങൾക്കും അത് കാണാം.
ന്യൂബ്ര, ലഡാക്ക് ഡിസ്ട്രിക്റ്റിന്റെ കീഴിലുള്ള ഒരു തദ്ദേശസ്വയംഭരണ പ്രദേശമാണ്. ഈ പ്രദേശത്തെ ന്യൂബ്ര എന്നും ഡ്യൂബ്ര എന്നും വിളിക്കും. ലഡാക്കി ഭാഷയിൽ ന്യൂബ്ര എന്നാൽ പടിഞ്ഞാറ് എന്നാണർത്ഥം. എന്നുവച്ചാൽ ലഡാക്കിന്റെ പടിഞ്ഞാറൻ താഴ്വര. ടിബറ്റൻ ഭാഷയിൽ ഡ്യൂബ്ര എന്നാൽ പൂക്കൾ എന്നത്രെ. അതായത് പൂക്കളുടെ താഴ്വാരം. ഈ ഭാഷാന്തരങ്ങളിലൂടെയാണ് ന്യൂബ്ര ലഡാക്കിന്റെ പൂന്തോട്ടമായത്.
ന്യൂബ്രയുടെ ഭരണകാര്യാലയങ്ങളൊക്കെ സ്ഥിതിചെയ്യുന്നത് നാം നേരത്തെ കണ്ട ദിസ്കിത്തിലാണ്. ദിസ്കിത്തിനെ വേണമെങ്കിൽ നമുക്ക് ന്യൂബ്രയുടെ തലസ്ഥാനമെന്നും വിളിക്കാം. ദിസ്കിത്തിലെ ബൌദ്ധാശ്രമവും മൈത്രേയബുദ്ധനേയും സീറ്റി സ്കാൻ മുൻ എപ്പിസോഡുകളിൽ കാണിച്ചിരുന്നുവല്ലോ. ന്യൂബ്രയുടെ ഭൂമിശാസ്ത്രവും ചരിത്രവും കണക്കിലെടുത്ത്, മോദി സർക്കാർ ന്യൂബ്രയെ ഒരു ജില്ലയാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
ലഡാക്കിനും കാറക്കോറം പർവ്വതനിരകൾക്കുമിടയിലെ പച്ചവിരിപ്പിട്ട ഒരു താഴ്വരയാണ് ന്യൂബ്ര. സിന്ധുനദിയുടെ കൈവഴികളായ ഷ്യോക്ക് നദിയും ന്യൂബ്ര നദിയും കൂടി കുളിരണിയിക്കുന്ന ഒരു മലർവാടിയാണ്, ഈ താഴ്വാരം. എവിടെ തിരിഞ്ഞാലും പച്ച കാണാം, ഇവിടെ. അരുവികൾ കാണാം. പൂക്കളെ കാണാം. കിളികളെ കേൾക്കാം. കർദുങ്ങല ഇറങ്ങിവരുന്ന സഞ്ചാരികൾക്ക് കുളിരാണ് ന്യൂബ്ര. ജമ്മുകാശ്മീരിന് വടക്ക് സ്ഥിതി ചെയ്യുന്ന ഈ താഴ്വാരത്തിലേക്ക് ലേ യിൽനിന്ന് 150 കിലോമീറ്ററുണ്ട്.
ലഡാക്കിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ താഴ്വാരത്തിന്റെ കിഴക്ക്, ടിബറ്റൻ ബാൾടിസ്ഥാനും വടക്ക്, ചൈനീസ് തുർക്കിസ്ഥാനുമാണ്. തെക്ക്, പാൻഗോങ്ങ് തടാകം വരെ, നീണ്ടുകിടക്കുന്ന 9200 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നു, ഈ താഴ്വാരം. ഈ താഴ്വര നട്ടുനനക്കുന്നത് 128 മൈൽ നീളത്തിലൊഴുകുന്ന ന്യൂബ്ര നദിയാണ്. പുതിയ കാലത്ത് ന്യൂബ്രക്ക്, ദിസ്കിത്ത് ന്യൂബ്രയെന്നും ദാർബുക്ക ന്യൂബ്രയെന്നും വിഭജനമുണ്ടായി. ഇതിൽ ദിസ്കിത്ത് ന്യൂബ്രയിലെ തുർതുക്ക് ഗ്രാമപ്രദേശങ്ങൾക്ക് ചരിത്രപരമായ പ്രസക്തിയുണ്ട്. ഇവിടെ ഇപ്പോഴും ബാൾടി വംശജരായ ജനങ്ങൾ അധിവസിക്കുന്നുണ്ട്. ഇതുകൂടാതെ, സുമുർ, ക്യാഗർ, ടിറിത്ത്, പനാമിക്ക് ഗ്രാമങ്ങളും ബാൾടി സംസ്കാരത്തിന്റെ കളിത്തൊട്ടിലാവുന്നുണ്ട്.
കൂടുതലും ബുദ്ധമത വിശ്വാസികളുള്ള ഇവിടെ ഷിയ, സൂഫിയ, ന്യൂബ്രഷിയ മുസ്ലീമുകളേയും കാണാം. ന്യൂബ്ര, ഷ്യോക്ക് നദീതടങ്ങളാൽ ഫലഭൂയിഷ്ടമായ ഇവിടെ അതിവിശിഷ്ടമായ ഗോതമ്പും, ബാർളിയും, പച്ചക്കടലയും, കടുകും, പഴങ്ങളും, പിന്നെ വാൾനട്സും, ആപ്രിക്കോട്ടും, ബദാമും ധാരാളമായി കാണപ്പെടുന്നു. പേരറിയാത്ത ധാരാളം പച്ചക്കറികളും ഇവിടെ സുലഭമാണ്.
സൂര്യൻ താഴ്ന്നു തുടങ്ങി. എന്നാലും കേരളത്തിലേതുപോലെ സന്ധ്യയാവുന്നില്ല. ലഡാക്ക് അങ്ങനെയാണ്. സൂര്യൻ ഇപ്പോൾ ഒരു സ്പോട് ലൈറ്റ് പോലെയാണ്. ഏതാണ്ടൊരു വാം ലൈറ്റ് വിതറുന്നുണ്ട് ഇവിടം മുഴുവൻ.
ന്യൂബ്ര താഴ്വാരങ്ങളിലെ മണൽ തിരകൾ അഥവാ സാന്ഡ് ഡ്യൂൺസ് കണ്ടുതുടങ്ങി. ഏറെ ചേതാഹരമാണ് ഈ മണൽതിരക്കാഴ്ച.. ഹുന്തർ എന്നറിയപ്പെടുന്ന ഗ്രാമസ്ഥലിയിലാണ് ഈ കാഴ്ചകളൊക്കെയും. ഈ പ്രദേശം മുഴുവനും ഈറനണിഞ്ഞ മണൽ പരപ്പാണ്, മണൽതിരയാണ്. ചുറ്റും സുന്ദരങ്ങളായ പർവ്വതനിരകളാണ്. ഇവിടുത്തെ നീല മേഘങ്ങൾക്ക് എന്തെന്നില്ലാത്ത വശ്യതയുണ്ട്. കുളിരുകോരുന്ന മണലിലൂടെ നടക്കുമ്പോൾ, ഇടക്കിടെ ന്യൂബ്രയോ ഷ്യോക്കോ ഒഴുക്കുന്ന കൊച്ചുകൊച്ചു കൈവഴികളെ കേൾക്കാം. ചെറുചെറു പാലങ്ങൾ കാണാം. ഇവിടെ നിറയേ സഞ്ചാരികളാണ്. അവർ മണലിൽ കളിച്ചും അരുവികളിൽ ജലക്രീഡകളിൽ മുഴുകിയുമങ്ങനെ ആഘോഷിക്കുകയാണ്.
ഹുന്തറിലെ ഒട്ടകസവാരി ബഹുകേമമാണ്. ഇവിടുത്തെ ഒട്ടകങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇരട്ടമുതുകുള്ള ഒട്ടകങ്ങളാണവ. കടും നിറങ്ങളിൽ അണിയിച്ചൊരുക്കിയ ഒട്ടകങ്ങളുടെ ഇരട്ടമുതുകിന്നിടയിലുള്ള സവാരി സുരക്ഷിതമാണ്. അതൊക്കെ സെൽഫികളാക്കുന്ന വീഡിയോകളാക്കുന്ന തിക്കും തിരക്കുമാണിവിടം എപ്പോഴും.
പണ്ട് പണ്ടൊരു കാലത്ത് ഈ ഒട്ടകപ്പുറങ്ങളിൽ ചൈനയിലേക്ക് ചരക്കും ആയുധങ്ങളും കൊണ്ടുപോയതായി ചരിത്രകാരന്മാർ പറയുന്നുണ്ട്. ന്യൂബ്രക്കും ചൈനക്കും തമ്മിലുള്ള ഈ അടുപ്പം കൊണ്ടാവാം, ഇവിടെ ഇന്ത്യൻ പട്ടാളത്തിന്റെ കർശനമായ മേൽനോട്ടമുണ്ട്. ഇതുവഴി പോകുന്നതിനും വരുന്നതിനും സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്.
ലഡാക്കി വസ്ത്രവിധാനങ്ങളിൽ ഫോട്ടോക്ക് പോസ് ചെയ്യുന്നവരേയും കാണാം, നമുക്കിവിടെ. ലഡാക്കിന്റെ സ്വന്തം അമ്പും വില്ലും കുലക്കുന്നവരേയും കാണാം, ഇവിടെ. പിന്നേയും പിന്നേയും കുറേ കളികളും നേരംപോക്കുകളുമുണ്ടിവിടെ.
ഇവിടെ ഒരു കൊച്ചു തീയറ്ററുണ്ട്. അവിടെ ലഡാക്കി നൃത്തം അരങ്ങേറുന്നുണ്ട്. നൂറു രുപ കൊടുത്ത് ടിക്കറ്റെടുക്കണം നൃത്തം കാണാൻ. അതിമനോഹരമാണ് ലഡാക്കി സുന്ദരിമാരുടെ നൃത്തവും നൃത്തച്ചുവടുകളും. ആ ഒരു പാട്ടിന്റെ ഈണവും അത്യാകർഷകമാണ്. പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാരതീയ സംസ്കൃതി ആ പാട്ടിലും, നൃത്തത്തിലും, നൃത്തച്ചുവടുകളിലും ഒളിമിന്നുന്നുണ്ട്. ലഡാക്കി വാദ്യകലാകാരന്മാരുടെ ഉള്ളുലക്കുന്ന ആ കൊട്ടും കുഴലൂത്തും നമ്മേ ഏതോ അനുഭൂതിയിലെത്തിക്കുന്നുണ്ട്. കലയെ ആസ്വദിക്കാൻ ഒരു ഭാഷാപരിജ്ഞാനവും കലാപരിജ്ഞാനവും ആവശ്യമില്ലെന്ന് ഈ തീയറ്റർ നമ്മേ ഓർമ്മപ്പെടുത്തുന്നുണ്ട്.
സമയം ഇരുട്ടിയെങ്കിലും വെളിച്ചം ഇനിയുമിവിടെ കെട്ടുപോയിട്ടില്ല. സൂര്യന്റെ സ്പോട്ലൈറ്റിൽ ഞാനും ഡ്രൈവർ സ്റ്റാൻസിനും വാഹനവും ഇങ്ങനെ ഒഴുകിക്കൊണ്ടിരുന്നു. സൂര്യന്റെ സ്പോട്ലൈറ്റിൽ ഞാൻ ഏതോ അന്യഗ്രഹപ്രതലത്തിലൂടെന്നോണം സഞ്ചരിച്ചുകൊണ്ടിരുന്നു. ആ സൂര്യവെളിച്ചത്തിൽ പർവ്വതങ്ങൾ സ്വർണ്ണമിന്നാമിനുങ്ങുകളെ പോലെ പ്രകാശിച്ചും മങ്ങിയുമിരുന്നു. ചിലപ്പോഴെങ്കിലും പർവ്വതങ്ങൾക്ക് ഏതോ അന്യഗ്രഹജീവികളുടെ ഛായയുണ്ടായിരുന്നു. അവിടവിടെ അപ്പോഴും സിന്ധുവോ ഷ്യോക്കോ ന്യൂബ്രയോ ഒഴുകിക്കൊണ്ടിരുന്നു. ചിലയിടങ്ങളിലൊക്കെ സഞ്ചാരികൾ പർവ്വതങ്ങളുടെ മടിത്തട്ടിൽ വിശ്രമിച്ചും കളിച്ചുമിരുന്നു. ഏതാണ്ട് ന്യൂബ്രയിലെ എന്റെ താമസസ്ഥലം എത്താറായി. അപ്പോഴേക്കും എനിക്ക് റോഡ് നഷ്ടമായി. പർവ്വതങ്ങളിലെ മഞ്ഞുരുകിയിരുന്നു. പ്രളയം റോഡിനെ റാഞ്ചിയെടുത്തു. അധികം സമയം കാത്തുകഴിയേണ്ടിവന്നില്ല. ബിആർഒയും പട്ടാളവും വന്ന് റോഡ് പുനസ്ഥാപിച്ചു. യാത്ര തുടർന്നു. ന്യൂബ്രയിലെ ഹോട്ടൽമുറിയിലെത്തി. നല്ല വിശപ്പുണ്ടായിരുന്നു. ഭക്ഷണം കഴിച്ചു. ഇനിയൊന്ന് വിശ്രമിക്കണം. നാളെ വീണ്ടും യാത്രയാണ്. മറ്റൊരു വിസ്മയകരമായ പർവ്വതഗ്രാമത്തിലേക്ക്. ആ കഥയും കാഴ്ചയും അടുത്ത ലക്കങ്ങളിൽ ആസ്വദിക്കാം.