യുദ്ധവും സമാധാനവും കുമ്മാട്ടിയിൽ
02 Sep 2023
പൊതുവേ പറഞ്ഞാൽ പ്രാചീനകാലത്തെ യുദ്ധങ്ങളുമായി ബന്ധപ്പെട്ടുകിടക്കുകയാണ് കുമ്മാട്ടിപുരാണം. ഐതീഹ്യ വായനകളിൽ നിന്ന് മനസ്സിലാവുന്നതും അതാണ്. വള്ളുവനാട്ടിലെ പാലക്കാടൻ ഗ്രാമങ്ങളിലും തൃശ്ശിവപേരൂരിലെ ചില ഗ്രാമപ്രദേശങ്ങളിലുമാണ് കുമ്മാട്ടിക്കളി ഇന്ന് പ്രചാരത്തിലുള്ളത്.
പ്രധാനമായും ഓണവുമായി ബന്ധപ്പെട്ട ഒരു കാർഷികോത്സവത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. ഇങ്ങനെയൊക്കെ ലളിതമായി പറയേണ്ടിവരുമെങ്കിലും, ഈ കലാരൂപത്തെ ഐതീഹ്യങ്ങളോട് ബന്ധപ്പെടുത്താനാണ് പൊതുവെ എല്ലാവരും ശ്രമിക്കുന്നത്. വീഡിയോ കാണാം
അങ്ങനെയാണ് ഈ കലാരൂപത്തിന് കാട്ടാളവേഷം കെട്ടിയ ശിവനും അർജ്ജുനനും തമ്മിലുണ്ടായ ഒരു ഏറ്റുമുട്ടലിനോടും ശിവ-പാർവ്വതിമാരോടുമൊക്കെ പൌരാണിക ബന്ധം കല്പിക്കുന്നത്. പണ്ട് ഹിമാലയപ്രാന്തങ്ങളിൽ എവിടെയോ വച്ച് നടന്ന ആ യുദ്ധത്തിന്റെ ഒരു തനിയാവർത്തനത്തിന്റെ ആഘോഷക്കാഴ്ചയായി ഈ കലാരൂപം ഇന്നും തൃശൂരിലെ വടക്കുംനാഥ പരിസരങ്ങളിൽ നടന്നുപോരുന്നു.
തൃശ്ശുരിലെ കിഴക്കുമ്പാട്ടുകര കുമ്മാട്ടിയാണ് ഏറ്റവും പ്രധാനമായുള്ളത്. തിരുവോണം മുതൽ ചതയം വരെയുള്ള മൂന്നു നാളുകളിൽ നടക്കുന്ന ആഘോഷത്തിൽ ഏകദേശം നൂറോളം കുമ്മാട്ടികളും, കുമ്മാട്ടിയേതര പരിഷ്കൃത കുമ്മാട്ടികളും പങ്കെടുക്കും. കിഴക്കുമ്പാട്ടുകരയെ കുമ്മാട്ടിക്കളിയുടെ കളരിക്കളം എന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും, മാറിയ ഇന്നത്തെ സാഹചര്യത്തിൽ മറ്റു ദേശക്കാർ അത് സമ്മതിച്ചുതരുമെന്ന് തോന്നുന്നില്ല.
കിഴക്കുപാട്ടുകര സംഘത്തെ കൂടാതെ, നെല്ലങ്കര, മുക്കാട്ടുകര ദേശകുമ്മാട്ടികളും, ജില്ലയിലെ പരിസര പ്രദേശങ്ങളിലെ ശ്രീദുർഗ, പൃഥ്വി, കുളമുറ്റം, ഋഷി, നെട്ടിശേരി, പനമുക്ക് രചന കലാവേദി, ഏവന്നൂർ മന്ദിരം ടീം, മരുതൂർ, കുറ്റുമുക്ക്, ചെമ്പൂക്കാവ്, അഞ്ചേരി, പൂങ്കുന്നം, മൂർക്കനിക്കര, ഊരകം, പെരിങ്ങാവ്, വിയ്യൂർ, വില്ലടം, ഒല്ലൂക്കര എന്നിങ്ങനെയുള്ള വിവിധ ദേശകുമ്മാട്ടി സംഘങ്ങൾ ഇന്ന് കിഴക്കുംപാട്ടുകരയോട് കിടപിടിക്കാൻ മാത്രം ശക്തരായി തൃശ്ശൂരിൽ സജീവമായുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്.
വള്ളുവനാട്ടിലെ കുമ്മാട്ടിപുരാണത്തിന് പക്ഷേ, കോഴിക്കോട് സാമൂതിരിയോടും കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി മഹോത്സവത്തിനോടുമാണ് ഐതീഹ്യബന്ധം കാണുന്നത്. തന്റെ സാമൃാജ്യം വിസ്തൃതമാക്കുന്നതിന്റെ ഭാഗമായി സാമൂതിരി അയൽരാജ്യങ്ങൾ വെട്ടിപ്പിടിക്കവേ കൂനിശ്ശേരിയിലേക്ക് പട നയിച്ചതുമായി ബന്ധപ്പെട്ടുകിടക്കുന്നു വള്ളുവനാടൻ കുമ്മാട്ടിപുരാണം.
മറ്റൊരു ഭാഷയിൽ പറഞ്ഞാൽ കോഴിക്കോട് സാമൂതിരിക്കുവേണ്ടി കൂനിശ്ശേരിയെ ഒറ്റിക്കൊടുത്ത് കൂനിശ്ശേരി നാട്ടുരാജാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച ഭഗവതിയുടെ ഓർമ്മപുതുക്കലാണ് കൂനിശ്ശേരി കുമ്മാട്ടിപുരാണമെന്നും പറയാം. ഇതൊക്കെ ഐതീഹ്യങ്ങളാണെന്ന കാര്യം ആരും മറക്കരുത്.
ശരീരം മുഴുവനും കുമ്മാട്ടിപ്പുല്ല് അഥവാ പർപ്പിടകപ്പുല്ല്, അതുമല്ലെങ്കിൽ വാഴയില എന്നിവ വച്ച് കെട്ടി ചെണ്ടയുടെ ഒരു പ്രത്യേക താളത്തിനൊത്താണ് കുമ്മാട്ടികൾ കളിക്കുക. കിലോക്കണക്കിന് പുല്ല് വേണം ഒരു കുമ്മാട്ടിക്ക് വേഷം കെട്ടാൻ. ഔഷധഗുണമുള്ള ഈ പുല്ല് ഇന്ന് കിട്ടാനില്ല. ഈ പുല്ല് തേടി തമിഴ്നാട് വരെയൊക്കെ പോകുന്നതായി അറിയുന്നു.
കുമ്മാട്ടികളുടെ മുഖംമൂടികളും പ്രസിദ്ധമാണ്. കലാനൈപുണ്യം വിളിച്ചറിയിക്കുന്ന ഭംഗിയുള്ള മുഖംമൂടികളാണ് കുമ്മാട്ടികൾ ഉപയോഗിക്കുന്നത്. പണ്ട്, കമുകിൻപാളകളായിരുന്നു മുഖപടങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് അതൊക്കെ പോയി. ഇന്ന് അപൂർവ്വമായി മരത്തടികളിൽ കൊത്തിയെടുത്തും പിന്നെ ഫൈബർ നിർമ്മിതിയുടെ ഭാഗമായും മുഖപടങ്ങൾ തീർക്കുന്നു. ചില കുമ്മാട്ടിസംഘങ്ങൾക്കെങ്കിലും കാലം കൈമാറിയ പൌരാണിക ശില്പഭംഗിയുള്ള മുഖംമൂടികൾ കൈമുതലായുള്ളതായും അറിയുന്നു.
ശിവൻ, ഹനുമാൻ, സുഗ്രീവൻ, ബാലി, അപ്പൂപ്പൻ, അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള എന്നിങ്ങനെയാണ് പ്രധാന വേഷങ്ങൾ. ഈയ്യിടെയായി മറ്റ് ന്യൂജൻ ട്രെന്ധ് വേഷങ്ങളും കെട്ടിയാടുന്നുണ്ട്.
പഴയകാലത്തേതുപോലെ കുമ്മാട്ടി വേഷത്തിനും പാട്ടിനും ആട്ടത്തിനും താളത്തിനും ഗരിമ കാണുന്നില്ല. ആധുനിക പരിഷ്കാരം ഈ കലാരൂപത്തേയും റാഞ്ചിയെടുക്കുന്നുണ്ട്. എന്നാലും ഒരു അനുഷ്ഠാനം പോലെ പുതിയ തലമുറയിലെ ചിലരെങ്കിലും കുമ്മാട്ടിയെ നിലനിർത്തുന്നുണ്ട്. ആ തലമുറക്ക് വേണ്ടി സീറ്റി സ്കാനിന്റെ ഈ ലക്കം സമർപ്പിക്കുന്നു.