ദുരന്തങ്ങൾ നമ്മേ പഠിപ്പിക്കുന്നത് ദുരന്തങ്ങൾ മാത്രമോ?
by ct william
in Analysis, Life, News, News Capsules, Science, Social, മലയാളം വാർത്ത
30 Jul 2024
പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുമ്പോഴും നാം പഠിക്കുന്നില്ല. നാം ഹൃദയഭേദകങ്ങളായ ടൈറ്റിലുകളാൽ അലംകൃതമായ ചാനൽ വാർത്തകളിലും റിപ്പോർട്ടിങ്ങിലും സംതൃപ്തരാവുന്നു, നിർവൃതിയടയുന്നു.
ഒരു പ്രളയക്കെടുതി ഇനിയും തീർന്നില്ല. അന്ന് തുടങ്ങിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ദുരന്തഭൂമിയിൽ നിന്ന് നാം കണ്ടെടുത്ത മനുഷ്യജീവിതങ്ങളോട് നാം ഇനിയും നീതി പുലർത്തിയിട്ടില്ല. വീഡിയോ കാണാം
അത്തരം വാർഷികദിനാഘോഷ വാർത്തകളിൽ നാമിന്നും അഭിരമിക്കുന്നു. എന്നിട്ട് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിലും കയ്യാങ്കളിയിലും നാം രാഷ്ട്രീയരതിസുഖം കണ്ടെത്തുന്നു. എന്തിനേറെ പറയുന്നു നാം ഇനിയും നേരെയായിട്ടില്ല, ഇനി നേരെയാവാനും പോകുന്നില്ല.
“നെഞ്ചുതകർന്ന് കേരളം”…”ഹൃദയം പൊട്ടി കേരളം”…”ദുരിതം പേറി കേരളം”…തുടങ്ങീ തലക്കെട്ടുകളിൽ നാം ആത്മസാക്ഷാത്ക്കാരം പ്രാപിക്കുന്നു. പിന്നെ കവികൾ പൊട്ടക്കവിതകളാൽ ഇത്തരം ദുരന്തങ്ങളെ മഹാ സാംസ്കാരിക ദുരന്തങ്ങളാക്കുന്നു. അത്തരം പ്രളായക്ഷരങ്ങൾക്കും ദുരന്തനാടകങ്ങൾക്കും അക്കാദമി പുരസ്കാരങ്ങളും മേൽകുപ്പായങ്ങളും ചാർത്തുന്നു. മലയാളത്തിന്റെ മനവും തനുവും ഏതോ രതിനിർവ്വേദത്തിൽ പൂത്തുലയുന്നു.
പ്രകൃതി ദുരന്തങ്ങൾ പ്രകൃത്യാൽ സംഭവിക്കുന്നതാണ്, ലോകത്ത് എവിടേയും. പക്ഷേ, അതൊക്കെ നിയന്ത്രിക്കാൻ ശാസ്ത്രം നമുക്ക് വഴികൾ കാണിച്ചുതന്നിട്ടുണ്ട്. ജപ്പാനിലൊക്കെ ഭൂമികുലുക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. സംഭവിക്കുന്നുമുണ്ട്. അപ്പോഴൊന്നും അവിടെ കാര്യമായ മനുഷ്യദുരന്തങ്ങൾ സംഭവിക്കുന്നില്ല. കാരണം, അവർ അത്തരം ദുരന്തങ്ങളെ മുൻകൂട്ടി കാണുന്നുണ്ട്. മുൻകരുതലുകൾ എടുക്കുന്നുണ്ട്. വീടുകളുടേയും മറ്റു നിർമ്മിതികളുടെയും തച്ചുശാസ്ത്രത്തിൽ വരെ ജപ്പാൻകാർ മുൻകരുതലുകൾ എടുക്കുന്നത് കാണാം. അവിടുത്തെ ഭരണകൂടങ്ങൾ സദാ അക്കാര്യത്തിൽ ജാഗരൂകരാണ്. അതുകൊണ്ടൊക്കെയാണ് ജപ്പാനിൽ ഭൂമികുലുക്കവുമായി ബന്ധപ്പെട്ട ദുരന്തക്കെടുതികൾ അത്രക്ക് രൂക്ഷമാകാത്തത്.
കേരളത്തിൽ വീണ്ടും മഴക്കെടുതിയും പ്രളയക്കെടുതിയും പ്രകൃതിദുരന്തങ്ങളും വന്നുവീണിരിക്കുന്നു. പതിവുപോലെ നാം ചാനലുകളിൽ അഭയം പ്രാപിക്കുന്നു. പിന്നെ ചർച്ചകളിൽ സമാശ്വാസം കൊള്ളുന്നു. അപ്പോഴേക്കും കെടുതികൾ അവസാനിച്ചിരിക്കും. ചാനലുകൾ വേറെ വാർത്തകൾ തേടും. ജനം സവാഭാവികമായും അവക്ക് പിറകെ ആനന്ദനൃത്തം ചവിട്ടും. കവികൾ വീണ്ടും പൊട്ടക്കവിതകൾ എഴുതും. അക്കാദമികൾ പൊറോട്ട ചുടും വേഗത്തിൽ അവാർഡുകൾ ചുട്ടെടുത്ത് പൊട്ടക്കവികൾക്ക് സമ്മാനിക്കും. നാം അതുകണ്ട് നിർനിമിഷേരാവും.
വാർത്താചാനലുകളിൽ ചുമ്മാ നോക്കിയിരുന്നപ്പോൾ, ഞാൻ വെറുതെയൊന്ന് ഗൂഗിളിൽ പരതിനോക്കി. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ, പ്രധാനമായും ഉരുൾപ്പൊട്ടുമ്പോൾ നാമെന്തുചെയ്യണം, ഉരുൾപ്പൊട്ടലുകളെ എങ്ങനെ തടയാം, മുൻകരുതലെടുക്കാം. അപ്പോൾ എനിക്ക് കിട്ടിയ ഏതാനും ഉത്തരങ്ങളാണ് ഇവിടെ പറഞ്ഞുവക്കുന്നത്. അവയിങ്ങനെ-
ഉരുൾപൊട്ടാൻ സാധ്യതയുള്ള ഭൂമിയുടെ ഭൂസ്ഥിതി പരിശോധിച്ച്, കണക്കിലെടുത്ത്, അവിടെ ഉരുൾപൊട്ടൽ തടയാനാകുന്ന കോൺക്രീറ്റ് കുറ്റികൾ സ്ഥാപിക്കുക, മതിലുകൾ തീർക്കുക, കോൺക്രീറ്റ് തട്ടുകൾ ഉണ്ടാക്കുക, പാറപ്രതലങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപകരിക്കാവുന്ന തരത്തിലുള്ള ആണികൾ അടിച്ചുറപ്പിക്കുക, വേരുറപ്പുള്ള വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുക, കെട്ടിട നിർമ്മാണങ്ങൾ ഒഴിവാക്കുക, അവശ്യായ കെട്ടിടങ്ങൾക്ക് ചുറ്റും കന്മതിലുകൾ തീർക്കുക, ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടാവുന്ന ചേറും മണ്ണും കല്ലും ഒലിച്ചുപോകാവുന്ന തരത്തിലുള്ള കിടങ്ങുകൾ അത്തരം കെട്ടിടങ്ങൾക്ക് ചുറ്റും സ്ഥാപിക്കുക, ഉയരങ്ങളിൽ അരക്ഷിതമായ അവസ്ഥയിലുള്ള കനമുള്ള പാറയും നിർമ്മിതികളും നിർമാർജ്ജനം ചെയ്യുക. ഇങ്ങനെയിങ്ങനെ ഒരുപാട് മുൻകരുതലുകൾ നമുക്ക് കാണാവുന്നതാണ്.
ഈ മുൻകരുതലുകളൊക്കെ നമ്മുടെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ദുരന്തനിവാരണ പ്രമാണിമാരുടെയും മൊബൈൽ ഫോണിലും ലഭിക്കുന്നതാണ്. അതൊക്കെ ശാസ്ത്രീയമായി നടപ്പാക്കാൻ, ഇവരുടെയൊക്കെ കീഴിൽ, സർക്കാൽ ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന ശാസ്ത്രജ്ഞന്മാരും വിദഗ്ദരുമുണ്ട്. ഇതൊക്കെ അവർക്ക് കാണിച്ചുകൊടുക്കാനും പഠിപ്പിച്ചുകൊടുക്കാനും പ്രാപ്തിയുള്ള കാക്കത്തൊള്ളായിരം വാർത്താ ചാനലുകളുമുണ്ട്. നാമതൊക്കെ യഥാവിധം ചെയ്യുന്നുണ്ടോ. എന്നിട്ടും പ്രകൃതി ദുരന്തങ്ങൾ ഈ ഭൂമിയിൽ ഉണ്ടാവുന്നുണ്ടെങ്കിൽ അത്തരം ദുരന്തങ്ങൾ നാം ഉണ്ടാക്കുന്നവയാണെന്ന് വേണം കരുതാൻ. അതുകൊണ്ടുതന്നെ അത്തരം ദുരന്തങ്ങൾ നെഞ്ചിലേറ്റാൻ ഈ സമൂഹം ബാദ്ധ്യസ്ഥവുമാണെന്നും പറയേണ്ടിവരുന്നു.