ഒഴുകുന്ന പറുദീസയും എന്റെ നർത്തകി സൂറയും
26 Dec 2023
കോസ്റ്റ സെറീന വൈകീട്ട് 5 മണിക്ക് കൊച്ചി തീരം വിടുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, കപ്പലിലെ സന്ധ്യാദീപങ്ങൾ തെളിഞ്ഞിട്ടും അങ്ങനെ സംഭവിച്ചില്ല. കപ്പൽ, തീരം വിടാത്തതിൽ ആർക്കും പരിഭവവുമുണ്ടായിരുന്നില്ല. കാരണം എല്ലാവരും കപ്പലിന്റെ ആഡംഭരം അളന്നനുഭവിക്കുന്ന ത്രില്ലിലായിരുന്നു. ഏറെ പേരും കോസ്റ്റ സെറീനയുടെ ഉയരങ്ങളിലെ ഡക്കിലായിരുന്നു. അതായത് പതിനൊന്നാം നിലയിൽ. അവരുടെ ആശ്ചര്യവും ആനന്ദവും വീഡിയോകാൾ വഴി ഉറ്റവർക്കും ഉടയവർക്കും പങ്കവക്കുകയായിരുന്നു. ഞാൻ പതിവുപോലെ ഷൂട്ട് ആരംഭിച്ചിരുന്നു.
കന്നിഷൂട്ട് പിഴച്ചില്ല. ഇന്ത്യൻ നേവിയുടെ ദീപാലംകൃതമായ കപ്പലും അവർ കടലിലേക്ക് പെയ്തിറക്കിയ വർണ്ണമഴയുമായിരുന്നു. പിന്നെ, ഈ കപ്പലിലെ റഡാറുകളും മുകളിലൊരുക്കിയ സുഖവാസ സൌകര്യങ്ങളും ക്യാമറയെ കുളിരണിയിച്ചിരുന്നു. കപ്പൽ പുറപ്പെടുമ്പോൾ പുറപ്പെടട്ടെ, എന്ന മട്ടിൽ പലരും സന്ധ്യാസ്നാനത്തിനായി ഡക്കിലെ നീന്തൽ കുളങ്ങളിൽ നീന്തിത്തുടിച്ചു. കുട്ടികൾക്ക് അതൊരു ജലക്രീഡാ ഉത്സവമായിരുന്നു. വീഡിയോ കാണാം
കപ്പൽയാത്ര ആരംഭിക്കുംമുമ്പ്, വിമാനത്തിലേതുപോലെ ആപൽഘട്ടങ്ങളിൽ അറിഞ്ഞിരിക്കേണ്ട സുരക്ഷാസംവിധാനങ്ങളെ കുറിച്ചുള്ള പരിശീലനമുണ്ടാവും. ഇത് നിർബന്ധമാണ്. അങ്ങനെയിരിക്കെ, അനൌൺസ്മെന്റ് വന്നു. എല്ലാവരും അവരവർക്കായി ഏർപ്പാട് ചെയ്ത ഇടങ്ങളിൽ ഹാജരായി. ഈ കപ്പലിന്റെ തീയറ്ററിൽ നിന്നാണ് ഇതിനുള്ള മുന്നൊരുക്കങ്ങളൊക്കെ നടന്നത്. എല്ലാവരും ജാക്കറ്റ് ധരിച്ചുകൊണ്ട് പരിശീലനത്തിൽ പങ്കുകൊണ്ടു. ജാക്കറ്റിനോട് ഘടിപ്പിച്ച വിസിൽ അനവസരത്തിൽ ഊതിയ ചിലരെ കപ്പലധികൃതർ ശാസിക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും അത്താഴം ഒരുങ്ങിയിരുന്നു. അങ്ങനെ എല്ലാവരും അത്താഴം ആസ്വദിക്കുമ്പോഴാവണം, കപ്പൽ തീരം വിടുകയായിരുന്നു. കപ്പലിന്റെ പ്രൊപ്പല്ലറുകൾ കടലിനെ വകഞ്ഞുവകഞ്ഞ് കപ്പലിനെ കൊച്ചി തീരത്തുനിന്ന് യാത്രയാക്കിയിരുന്നു.
ഈ കപ്പലിൽ ടിക്കറ്റെടുത്തവർക്ക്, കപ്പലധികൃർ നിർദേശിക്കുന്ന റസ്റ്റോറന്റുകളിൽ യാത്രാവസാനം വരേയും ഭക്ഷണം സൌജന്യമാണ്. എനിക്ക് ഡക്ക് മൂന്നിലും, ഒമ്പതിലുമായിരുന്നു ഭക്ഷണസൌകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നത്. മറ്റുനിലകളിലുള്ള റസ്റ്റോറന്റുകളിലെല്ലാം നമുക്ക് പണം കൊടുക്കേണ്ടിവരും. കപ്പലിന്റെ 11 നിലകളിലും വിവിധ ശീലുകളിലുള്ള റസ്റ്റോറന്റുകൾ കാണാം. അവിടെയൊക്കെ പക്ഷേ, നമുക്ക് പണം കൊടുക്കേണ്ടിവരും. അന്താരാഷ്ട്ര നിലവാരമുണ്ട് ഈ കപ്പലിലെ ഭക്ഷണവിഭവങ്ങൾക്ക്. കേരള സ്പെഷ്യൽ ചിക്കനും മട്ടനും ബീഫും ബിരിയാണിയും സമൃദ്ധം. അത്രയും ബാറുകളും കാണാം. ബാറുകളിൽ മദ്യത്തിന് തീ വിലയാണ്. ഏറ്റവും കുറഞ്ഞ വിദേശമദ്യത്തിന് പെഗ്ഗൊന്നിന് അതിലൊഴിക്കാനുള്ള കോളയടക്കം ഏകദേശം രണ്ടായിരം രൂപ വരും. ഇതൊക്കെ സഞ്ചാരികൾ അനുഭവിക്കുമ്പോഴും ആസ്വദിക്കുമ്പോഴും ആരുമറിയാതെ ആരും ശ്രദ്ധിക്കാതെ ആ കപ്പൽ തീരം വിടുകയായിരുന്നു.
ഈ കപ്പലിലേക്കുള്ള പ്രവേശനം മുതൽ, മറ്റു സൌകര്യങ്ങളൊരുക്കുന്ന തിലൊക്കെ വിമാനത്തിലേതുപോലെയുള്ള നടപടികൾ തന്നെയാണുള്ളത്. കപ്പലിലെ മുറിയിലേക്കായ് നമുക്ക് തരുന്ന സ്മാർട്ട് കാർഡാണ് യാത്രാവസാനം വരേയുള്ള നമ്മുടെ ഐഡി കാർഡും ബാങ്കിങ്ങ് കാർഡും. നമ്മുടെ ബാങ്ക് കാർഡുമായി കപ്പലധികൃതർ ഈ സ്മാർട്ട് കാർഡിനെ ലിങ്ക് ചെയതാണ് ഇതൊക്കെ സംഭവിപ്പിക്കുന്നത്. സൌജന്യ ഭക്ഷണം ഒഴിച്ചുള്ള എല്ലാതരം വിനിമയങ്ങൾക്കും ഈ കാർഡാണ് ഉപയോഗിക്കേണ്ടത്. എല്ലാ പണമിടപാടുകളും ഡോളറിലാണ്. നാം ഈ കാർഡ് കൌണ്ടറുകളിൽ കൊടുത്താൽ മതി, പണം നമ്മുടെ ബാങ്കുകളിൽനിന്ന് പൊയ്ക്കെണ്ടിരിക്കും. ചിലപ്പോഴൊക്കെ ഈ സംവിധാനം തകരാറിലാവുന്നുണ്ടായിരുന്നു. അത് ഡോളർ കൈവശമില്ലാത്ത സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഞാനും എന്റെ സഹയാത്രികനായ ജോർജ്ജേട്ടനും ഒരുമിച്ചാണ് അത്താഴം കഴിച്ചത്. ജോർജ്ജേട്ടന് കേഴ്വി അല്പം കുറവാണ്. അതുകൊണ്ട് എനിക്ക് പലപ്പോഴും ഉറക്കെ സംസാരിക്കേണ്ടി വന്നിരുന്നു. എന്നാലും കൂടുതൽ സമയവും ഞാൻ ജോർജ്ജേട്ടനെ കേൾക്കുകയായിരുന്നു. കടുത്ത ദൈവവിശ്വാസിയാണ് ജോർജ്ജേട്ടൻ. ബൈബിളും കൃപാസനവും ജോർജ്ജേട്ടൻ ഇങ്ങനെ വിളമ്പിക്കൊണ്ടിരുന്നു. ഞാനതൊക്കെ കേട്ടുകൊണ്ടുമിരുന്നു. നന്നായി ഭക്ഷണം കഴിക്കുന്ന ജോർജ്ജേട്ടൻ എപ്പോഴും പറയും, എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്.
എല്ലാവരും അത്താഴം കഴിച്ചുകാണണം, റസ്റ്റോറന്റ് ഒഴിഞ്ഞുതുടങ്ങി. പക്ഷേ റസ്റ്റോറന്റ് അത്ര പെട്ടെന്ന് അടക്കില്ല, ബാറുകളും. കാസിനോകളും, എന്നുവച്ചാൽ ചൂതാട്ടകേന്ദ്രങ്ങൾ. പലരും അവസാന റൌണ്ടിലെ വിവിധയിനം പഴങ്ങൾ ആസ്വദിക്കുകയാണ്. പലരും ഇടക്കിടെ കോഫിയും ചായയും കഴിക്കാനെത്തും. അതൊക്കെ മിക്കവാറും സമയമൊക്കെ കാണും. കാപ്പിക്കും ചായക്കും ഇവിടെ യന്ത്രങ്ങളാണ്. വിരലൊന്നമർത്തിയാൽ മതി കാപ്പിയും ചായയും കോസ്റ്റ കപ്പിലേക്കൊഴുകിയെത്തും. ഈ കപ്പലിലെ മൂന്ന് രാത്രിയും ഒരു പകലും ഞാൻ ഏറ്റവും കൂടുതൽ കഴിച്ചതും കാപ്പിയാവണം.
ഈ ചുരുങ്ങിയ സമയം കൊണ്ട് പലരും സുഹൃത്തുക്കളായി. ഞങ്ങൾ ചിരിയൊക്കെ കൈമാറാൻ തുടങ്ങി. കുശലാന്വേഷണങ്ങളും കൊച്ചുവർത്തമാനങ്ങളും. കപ്പലിന്റെ ഏതു കോണിൽ ചെന്നാലും പലരും പലരും ചിരകാലപരിചിതരെപോലെ വിശേഷം ചോദിക്കും.
അങ്ങനെയാണ് ഈ കസാക്കിസ്ഥാൻ സുന്ദരിമാരെ പരിചയപ്പെട്ടത്. സൂറയും ആൾഡേലും. രണ്ടുപേരും ബന്ധുക്കളാണ്. അവർ എന്നോട് കപ്പൽയാത്രാനുഭവങ്ങൾ പങ്കുവച്ചു. ഇവർ ഇത്തരം ക്രൂയിസ് യാത്രകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു യുകെ ബേസ്ഡ് ക്രൂയിസ് ക്ലബ്ബ് അംഗങ്ങളാണ്. ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയോട് വല്ലാത്തൊരു പ്രണയമുണ്ട് ഇവർക്ക്. സൂറ അഭ്യസ്തവിദ്യയായ ഒരു പ്രൊഫഷണലാണ്. കസാക്കിസ്ഥാനിലെ വലിയൊരു കോർപ്പറേറ്റിലെ ഓഡിറ്ററാണ്. നന്നായി നൃത്തം ചെയ്യും. കസാക്ക് നൃത്തവും ഭാരതീയ നൃത്തരൂപങ്ങളും ഇവൾക്ക് മനപ്പാഠം. ആൾഡേലിന് ഇന്ത്യൻ സിനിമകളോടാണ് കമ്പം. സൂറ എന്റെ ക്യാമറക്കുമുന്നിൽ അതിമനോഹരമായി നൃത്തമാടി. സീറ്റി സ്കാനിന്റെ വരും ലക്കങ്ങളിൽ നിങ്ങൾക്ക് സൂറയുടെ നൃത്തം ആസ്വദിക്കാം.
ഈ കപ്പൽ ഇപ്പോളൊരു ഒഴുകുന്ന തീയറ്ററായി മാറിക്കഴിഞ്ഞു. സഞ്ചാരികളെല്ലാവരും ഇപ്പോൾ ആർത്തുല്ലസിക്കുന്ന ശ്രോതാക്കളും പ്രേക്ഷകരുമായി. അവിടവിടങ്ങളിൽ, വിവിധ തീറ്റുകളിലായി പാട്ടും ആട്ടവും സിനിമകളും മറ്റു സോല്ലാസവിനോദങ്ങളും അരങ്ങേറിക്കഴിഞ്ഞു. ലോഞ്ചുകളിലെ ബാറുകളും ആറാടുകയാണ്. അവിടെ ചില ഓഫറുകളുടെ നോട്ടീസുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. 10 ഡോളർ കൊടുത്താൽ രണ്ട് ചെറിയ പെപ്സിയോ കോളയോ സോഡയോ കിട്ടും. അതായത് ഏതാണ്ട് 900 രൂപ.
രാവേറെയായി. ആരും ഉറങ്ങുന്നില്ല. ഈ കപ്പലും കടലും പരസ്പരം അറിയാത്തതുപോലെ ഇഴയുകയാണ്. സഞ്ചാരികൾ ഏതോ സ്വർഗ്ഗത്തിലെന്നപോലെ ഉല്ലസിക്കുകയാണ്.
ഈ അമ്മയും കുഞ്ഞും അച്ഛനെ തിരയുകയാവാം. അല്ലെങ്കിൽ സുഹൃത്തുക്കളെ തിരഞ്ഞെത്തിയതുമാവാം. അവരൊക്കെ കപ്പലിൽ എവിടേയെങ്കിലും ഒരിടത്ത് സുരക്ഷിതരായി ആഘോഷിക്കുകയാവാം.
ആഘോഷങ്ങളുടെ സമയവിവരപ്പട്ടികകളും സ്ഥലവിവരങ്ങളും അപ്പോഴപ്പോൾ ഈ ടീവി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. സഞ്ചാരികൾ ആഘോഷങ്ങളുടെ വേദികളിൽ നിന്ന് വേദികളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴും റസ്റ്റോറന്റുകളും ലോഞ്ചുകളും ബാറുകളും സജീവമായിരിക്കും. അനേകം ക്യാപ്സൂൾ ലിഫ്റ്റുകൾ, സഞ്ചാരികളേയും കൊണ്ട് അമ്മാനമാടുന്നുണ്ടാവും. എല്ലാ വേദികളുടെ സമീപങ്ങളിലും കോഫി പാർലറുകളും ബാറുകളും കാണാം.
ഈ ഐസ്ക്രീം പാർലറും കടന്ന് പോയാൽ പിന്നെ കാസിനോയാണ്. എന്നുവച്ചാൽ ചൂതാട്ടകേന്ദ്രം. ഇവിടെ കോടിക്കണക്കിന് ഡോളറുകളാണ് ഓരോ രാത്രിയും പകലും തിരിഞ്ഞുമറിയുന്നത്. നേടുന്നവരുണ്ട്, നഷ്ടപ്പെടുന്നവരുമുണ്ട്. സഞ്ചാരികളിൽ ഒരുവൻ 100 ഡോളർ മുടക്കി ലക്ഷങ്ങൾ സമ്പാദിച്ചുമടങ്ങുന്ന കാഴ്ചയും കണ്ടു, ഞാൻ.
നമ്മുടെ ജോർജ്ജേട്ടനാണ് ആ നടക്കുന്നത്. ഈ രാത്രിയിലും ജോർജ്ജേട്ടൻ പോകുന്നത് ചൂതാട്ടകേന്ദ്രത്തിലേക്കാണ്. കാണാനോ അതോ കളിക്കാനോ, അറിയില്ല. ദൈവാനുഗ്രഹം ജോർജ്ജേട്ടനിൽ ഡോളർമഴ പെയ്യിക്കുമോ ആവോ.
ഈ ചുതാട്ടകേന്ദ്രത്തിൽ ഒരു ഫോട്ടോ സ്റ്റുഡിയോ രാവും പകലും സജീവമാണ്. നമുക്കിവിടെ സൌജന്യമായി ഫോട്ടോഷൂട്ടിൽ പങ്കെടുക്കാം. സമർത്ഥരായ ഫോട്ടോഗ്രാഫർമാർ നമ്മുടെ മിഴിവാർന്ന ചിത്രങ്ങളെടുത്തുതരും. അതവർ നമ്മേ കാണിക്കും. ജീവൻ തുടിക്കുന്ന ആ ചിത്രങ്ങളത്രയും നമുക്ക് സ്വന്തമാക്കാം. ഒരു ഫ്രെയിമിന് പക്ഷേ ആയിരങ്ങൾ നമുക്ക് മുടക്കേണ്ടിവരും.
ഈ കാസിനോയും കടന്നാൽ പിന്നെ ഡാൻസ് ബാറാണ്. രാപകലറിയാതെ ഇവിടെ ലഹരി നൃത്തം വക്കുന്നത് കാണാം. ലഹരിയുടെ ഈ പറുദീസ ഒഴുകുകയാണ്, സഞ്ചാരികളും.