ലഡാക്കിന്റെ സ്വന്തം കൊട്ടാരക്കാഴ്ചകളും കമ്പോളവും
30 Sep 2023
ഞാനിപ്പോൾ നിൽക്കുന്നത് ലഡാക്കിന്റെ സ്വന്തം കൊട്ടാരത്തിനകത്താണ്. ഇന്നാട്ടുകാർ ലച്ചൻ പാൾക്കർ കൊട്ടാരമെന്ന് വിളിക്കും, ഈ ടിബറ്റൻ പ്രൌഡശില്പത്തെ. വിനോദസഞ്ചാരികളും വിദേശികളും ഈ കൊട്ടാരത്തെ ലേ പാലസ് അഥവാ ലേ കൊട്ടാരം എന്നുവിളിക്കും. ലഡാക്ക് സഞ്ചാരത്തിന്റെ അക്ലമറ്റൈസേഷൻ ദിവസങ്ങളിൽ കാണുന്ന ലഡാക്ക് മഹാത്ഭുതങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം. വീഡിയോ കാണാം.
പുതിയ പരിഷ്കൃത ലഡാക്ക് രൂപം കൊണ്ടപ്പോൾ അനാഥമായ പഴയ ലഡാക്കിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. പരിഷ്കൃത സമൂഹവും പ്രകൃതി കെടുതികളും കൂടി പഴയ ലഡാക്കിനെ എതാണ്ടൊക്കെ ഇല്ലാതാക്കി. പിന്നീട് ലോക സാമ്പത്തിക ധനസഹായനിധിയും ഭാരതീയ പുരാവസ്തുവകുപ്പും കൂടിയാണ് ഈ കൊട്ടാരമടക്കം പഴയ ലഡാക്കിനെ നിലനിർത്തിപോരുന്നത്.
1553-ലായിരിക്കണം ഈ കൊട്ടാരം നിർമ്മിച്ചതെന്ന് ചരിത്രസാക്ഷ്യം. ലഡാക്കിലെ പ്രസിദ്ധമായ നംങ്ങ്യാൽ രാജവംശത്തിലെ സീവാങ്ങ് രാജാവാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണം ആരംഭിച്ചതെങ്കിലും 1600-കളിൽ സെങ്കെ രാജാവിന്റെ കാലത്തായിരിക്കണം ഈ കൊട്ടാരം ഇന്നുകാണുന്ന വാസ്തുശീലിലേക്ക് പൂർത്തീകരിച്ചത്.
വാസ്തുകലയുടെ നവരസങ്ങളിൽ പണിതീർത്ത ഈ കൊട്ടാരത്തിന് അത്ഭുതം പോലെ ഒമ്പത് നിലകളുണ്ട്. ഓരോ നിലകളിൽ നിന്നും നമുക്ക് മനോഹരമായ കാഴ്ചകൾ കാണാം. രാജകുടുംബം മുകളിലെ നിലകളിലാണ് താമസിച്ചിരുന്നത്. കൊട്ടാരം പരിചാരകരും മറ്റും താമസിച്ചിരുന്നത് താഴത്തെ നിലകളിലാണത്രെ. തൊഴുത്തുകളും കലവറകളും താഴത്തെ നിലകളിൽ തന്നെ. കൊട്ടാരത്തിനുചുറ്റും ബൌദ്ധസ്തൂപങ്ങളും മൈത്രേയ ബുദ്ധശില്പങ്ങളും ടിബറ്റൻ ചുമർചിത്രാലങ്കാരങ്ങളോടുകൂടിയ പ്രാർത്ഥനാമന്ദിരങ്ങളും കാണാം.
ഒരുപാട് യുദ്ധങ്ങൾക്കും ആക്രമണങ്ങൾക്കും മൂകസാക്ഷിയാണ് ഈ ലേ കൊട്ടാരം. യുദ്ധങ്ങളും ആക്രമണങ്ങളും ഈ കൊട്ടാരത്തിന് അടിച്ചേൽപ്പിച്ച ഉണങ്ങാത്ത മുറിപ്പാടുകളും നമുക്കീ കൊട്ടാരത്തിൽ കാണാം. എന്നിരുന്നാലും ആ മുറിവുകളൊക്ക ഉണക്കിയെടുത്ത് ഈ കൊട്ടാരത്തിന്റെ പ്രൌഡി കാത്തുസൂക്ഷിക്കുന്നുണ്ട് പുരാവസ്തുവകുപ്പ്.
ടിബറ്റിലെ ലാസ താഴ്വരയിലെ ബുദ്ധിസ്റ്റ് കൊട്ടാരമായ പൊട്ടാല കൊട്ടാരത്തിനോട് വാസ്തുസാദൃശ്യമുണ്ട് ഈ കൊട്ടാരത്തിന്. മണ്ണും മണലും കല്ലും മരവുമാണ് ഈ കൊട്ടാരത്തിന്റെ പ്രധാന നിർമ്മാണ സാമഗ്രികൾ. മദ്ധ്യകാല ടിബറ്റൻ വാസ്തുശീലുള്ള ഈ കൊട്ടാരത്തിന് വേനൽ കാലങ്ങളിൽ തണുപ്പും, തണുപ്പുകാലങ്ങളിൽ ചൂടും പകരാനുള്ള വാസ്തുശേഷിയുണ്ട്.
സൂക്ഷിച്ചില്ലെങ്കിൽ ഈ കൊട്ടാരത്തിന്റെ കട്ടിളകളിൽ തലയിടിക്കാനുള്ള സാധ്യതകൾ കൂടുതലാണ്. അത്രക്കും ഉയരം കുറവാണ് ഈ കൊട്ടാരത്തിനകത്തെ കട്ടിളകൾക്കും വാതിലുകൾക്കും. ഇവിടുത്തെ ശില്പവേലകളുടേയും ചുമർചിത്രങ്ങളുടേയും വശ്യചാരുത അവർണ്ണനീയമാണ്.
കൊട്ടാരത്തോട് ചേർന്നുനില്ക്കുന്ന ബൌദ്ധസ്തൂപങ്ങൾക്കും പ്രാർത്ഥനാലയങ്ങൾക്കും ആശ്രമസ്ഥലികൾക്കും മദ്ധ്യകാല ടിബറ്റൻ വാസ്തുശീലുണ്ട്. പഴയകാല ലഡാക്കി പട്ടാളക്കാരുടെ രക്തസാക്ഷിത്തം പ്രഖ്യാപിക്കുന്ന വിക്ടറി ഗോപുരം ഈ കൊട്ടാരപരിസരത്തുനിന്ന് കാണാം. ഈ കൊട്ടാരത്തിൻറെ മുകളിൽ നിന്നുള്ള കാഴ്ചകൾ അപാരമാണ്. ലേയുടെ നഗരക്കാഴ്ചകളും പർവ്വതക്കാഴ്ചകളും നയനമനോഹരമാണ്. സാൻസ്കർ നദീതടക്കാഴ്ചകളും കൺകുളിർപ്പിക്കുന്നതാണ്.
ലേ കൊട്ടാരക്കാഴ്ചകളും കണ്ടുകണ്ട് ഞാൻ പിന്നെ പോയത് ലേ മാർക്കറ്റിലേക്കാണ്. ടിബറ്റൻ-കാശ്മീരി ശീലുണ്ട് ഈ ഭാരതീയ കമ്പോളത്തിന്. ഭാരതീയത നിറഞ്ഞുതുളുമ്പുന്ന ഒരു സാംസ്കാരിക കമ്പോളമാണിത്. ചൈനയിലെ വാക്കിങ്ങ് സ്ട്രീറ്റിനോട് വലുതല്ലാത്ത സാമ്യമുണ്ട് ഈ കമ്പോളത്തെരുവിന്. ദേശീയവും അന്തർദേശീയവുമായ ഒട്ടനവധി സ്ഥാപനങ്ങളുണ്ടിവിടെ.
ഭാരതീയ കരകൌശലങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ലേ മാർക്കറ്റ്. അതേസമയം പരിഷ്കൃത കമ്പോളത്തിന്റെ കടന്നാക്രമണവും കാണാം നമുക്കിവിടെ. യൂറോപ്യൻ ഭക്ഷ്യസംസ്കാരത്തിന്റെ നിറകമ്പോളവും നമുക്കിവിടെ ആസ്വദിക്കാം. എത്രയെത്ര ചിത്രങ്ങളെടുത്താലും സെൽഫിയെടുത്താലും മതിവരാത്തൊരു മനോഹര കമ്പോളമാണിത്.
ഇവിടെ നല്ലൊരു പുസ്തകശാലയും കാണാനിടയായി. ഒരുപക്ഷേ ലഡാക്കിലെ ഒരേയൊരു പുസ്തകശാലയയിരിക്കണം ഇത്. സാമാന്യം ഭേദപ്പെട്ടൊരു പുസ്തകശാലയാണിത്. പുസ്തകങ്ങളോടുള്ള ആദരവുകൊണ്ടോ ക്യാമറകളോടുള്ള അനാദരവുകൊണ്ടോ ഈ പുസ്തക കടയുടമ എന്നെ ഷൂട്ട് ചെയ്യാൻ അനുവദിച്ചില്ല.
ലഡാക്ക് കാഴ്ചകളുടെ ഓർമ്മയ്ക്കായി നമുക്ക് ഇവിടെ നിന്ന് പലതും വാങ്ങാം. കൂടുതലും ബൌദ്ധസ്മാരകങ്ങളാണെന്നത് എടുത്തുപറയത്തക്കതാണ്. കൈകൊണ്ട് തുന്നിയ രോമക്കുപ്പായങ്ങളും തൊപ്പികളും ഷാളുകളും വാങ്ങാം നമുക്കിവിടെ നിന്ന്. ഇവിടുത്തെ സുന്ദരിമാർ അതൊക്കെ തുന്നുന്നതും നെയ്യുന്നതും നമുക്ക് കാണാം. എന്റെ ക്യാമറ കണ്ടതും ഈ സുന്ദരിമാരിൽ പലരും എന്റെ ക്യാമറക്ക് പോസ് ചെയ്തുതന്നു. ഹിമാലയ താഴ്വാരങ്ങളിലെ കല്ലും സ്ഫടികമണികളും രുദ്രാക്ഷങ്ങളും പച്ചമരുന്നും നമുക്കിവിടെ കിട്ടും. ഈ താഴ് വാരങ്ങളിലെ പഴങ്ങളും പച്ചക്കറികളും ഇവിടെ സുലഭം.
എത്ര മണിക്കൂറുകൾ നടന്നാലും നമ്മേ മടുപ്പിക്കാത്ത ഒരു നയനമനോഹര കമ്പോളമാണിത്. തിന്നാനും കുടിക്കാനും കൊറിക്കാനും സ്വാദിഷ്ടമായ പലതുമുണ്ട് ഈ മാർക്കറ്റിൽ. അന്തരാഷ്ട്ര പ്രസിദ്ധമായ കോഫീഷോപ്പുകളും പീസാഹട്ടുകളും ബിരിയാണി കേന്ദ്രങ്ങളും ഇവിടെ സുലഭമാണ്. നടന്നുനടന്ന് തളരുമ്പോൾ വിശ്രമിക്കാനുള്ള ചാരുബഞ്ചുകളും മാർബിൾ തിണ്ണകളും കൊണ്ട് ഈ കമ്പോളം സമൃദ്ധമാണ്. ശുചിത്തത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്രനിലവാരം പുലർത്തുന്നുണ്ട് ഈ മാർക്കറ്റും പരിസരങ്ങളും.
ലഡാക്ക് പർവ്വതപ്രാന്തങ്ങളിലേയും താഴ്വരകളിലേയും മുഴുവൻ പഴങ്ങളും ഉണക്കിയെടുത്ത് ഇവർ നമുക്കായ് വിളമ്പുന്നുണ്ട്. ഇവിടെ കൂടുതലും കാണപ്പെടുന്നത് ഉണക്കപ്പഴങ്ങളുടെ കലവറയാണ്. ഒരുപക്ഷേ, കടുത്ത മഞ്ഞുകാലങ്ങളിൽ ഇതൊക്കയായിരിക്കണം ഇവരുടെ ഭക്ഷണാശ്രയങ്ങൾ എന്ന് തോന്നിപ്പോകുന്നു. പിന്നെ ഒട്ടനവധി ഭാരതീയ ശൈലിയലുള്ള സംസ്കരിച്ച പഴച്ചാറുകളും അച്ചാറുകളും ഇവിടെ ലഭ്യമാണ്. ഔഷധഗുണമുള്ള ഹിമാലയൻ കല്ലുപ്പ് ഇവിടെ സുലഭമാണ്.
ഇവിടുത്തെ മസ്ജിദും കമ്പോളവും തെരുവോരങ്ങളും നമ്മോട് വിളിച്ചുപറയുന്ന പരിശുദ്ധമായ ഒരു ഭാരതീയ സംസ്കാരമുണ്ട്. ഈ പരിസരങ്ങളിലെ തെരുവുനായ്ക്കൾ ഒരു കാഴ്ചയാണ്. അവിടവിടെ സഞ്ചാരികളെപോലെ ഉലാത്തുന്ന ഈ ശുനകസമൂഹം തീരെ ഉപദ്രവകാരികളല്ല. അതേസമയം പർവ്വതനിരകളിലെ ഈ ശുനകന്മാർ ആക്രമകാരികളാണെന്നും പറയപ്പെടുന്നു.