മായക്കാഴ്ചകളും മായാത്ത ഗുരുദ്വാരയും

മായക്കാഴ്ചകളും മായാത്ത ഗുരുദ്വാരയും
06 Sep 2023

ഈ ലക്കം മായക്കാഴ്ചയുടെ രണ്ട് പ്രധാനപ്പെട്ട ഇടങ്ങളിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഒന്ന്, മായക്കാഴ്ചയുടെ കാന്തക്കുന്ന്. രണ്ട്, അത്ഭുതങ്ങളുടെ പാറക്കുന്ന്.

ഇതാണ് ലഡാക്കിലെ മാഗ്നറ്റിക്ക് ഹിൽ അഥവാ കാന്തക്കുന്ന്. ഗ്രാവിറ്റി ഹിൽ എന്നും ഇതിനെ വിളിക്കാറുണ്ട്. ലഡാക്കിലെ നിമ്മുവിന് തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു, ഈ കാന്തക്കുന്ന്. ലേ യിൽ നിന്ന് ഏകദേശം ഏഴര കിലോമീറ്റർ. ശ്രീനഗർ-ലഡാക്ക് റോഡിലൂടെ ഏകദേശം 27 കിലോ മീറ്റർ ലേ യുടെ പടിഞ്ഞാറോട്ട് സഞ്ചരിച്ചാലും ഈ മായക്കുന്നിലെത്താം. വീഡിയോ കാണാം

ഇവിടെ ഒരു പ്രത്യേക സ്ഥാനത്ത് വാഹനങ്ങൾ നിർത്തിയിട്ടാൽ ആ വാഹനം കയറ്റം കയറുന്നത് കാണാം. എന്റെ വാഹനവും ഡ്രൈവറായ സ്റ്റാൻസിൻ ഓഫ് ചെയ്ത് കാണിച്ചു. ദാ വാഹനം പതുക്കെ കയറ്റം കയറി. ഞാനും മറ്റുള്ളവരെപ്പോലെ അത്ഭുതസ്തബ്ദനായി.

ഇനിയാണ് ശാസ്ത്രത്തിന്റെ ചുരുളഴിയുന്നത്. ഇതൊന്നും സ്റ്റാൻസിനോ മറ്റ് ലഡാക്ക് വിനോദസഞ്ചാര കമ്പനിക്കാരോ നമുക്ക് പറഞ്ഞുതരില്ല. നമ്മിൽ പലരും ഇതൊന്നും പഠിക്കാനും പോകാറില്ല. എന്നാൽ ഞാൻ അങ്ങനെയല്ല. സഞ്ചാരത്തിനുമുമ്പും സഞ്ചാരത്തിന്റെ വർത്തമാനകാലത്തിലും ഞാനിങ്ങനെ പഠിച്ചുകൊണ്ടിരിക്കും. സഞ്ചാരികൾ അങ്ങനെയാവണം എന്ന നിർബന്ധവും എനിക്കുണ്ട്.

വിനോദസഞ്ചാരക്കമ്പനിക്കാരും ഗൈഡുകളും ഇതൊന്നും പഠിക്കില്ല. അതാണ് അത്തരത്തിൽ സഞ്ചാരം നടത്തുമ്പോഴത്തെ ദുരന്തവും. ഇനി നമുക്ക് കാന്തക്കുന്നിന്റെ പിറകിലുള്ള ശാസ്ത്രം പഠിക്കാം. ഇത്തരം കുന്നുകൾ അഥവാ പ്രതിഭാസം ഭൂമിയിൽ പലേടത്തുമുണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ ഇതിനെ ഓപ്റ്റിക്കൽ ഇല്യൂഷൻ എന്നു പറയും. അതായത് ഒരുതരം മായക്കാഴ്ച. സത്യത്തിൽ അവിടെ അത്തരമൊരു കയറ്റമില്ല എന്നതാണ് ശാസ്ത്രസത്യം. അതേസമയം അതൊരു ഇറക്കമാണ്. അതൊരു കയറ്റമാണ് എന്ന് നമ്മേ തോന്നിപ്പിക്കുകയാണ്. കാരണം ഈ പരിസരങ്ങളിൽ ചക്രവാളക്കാഴ്ച അസാധ്യമാണ്.

ചക്രവാളങ്ങൾ മറയപ്പെട്ടുകിടക്കുന്ന പർവ്വതപ്രാന്തങ്ങളിലാണ് ഇത്തരം പ്രതിഭാസങ്ങൾ സംഭവിക്കുക. ഇത്തരം പ്രദേശങ്ങളിൽ കയറ്റവും ഇറക്കവും നമ്മേ ബോധ്യപ്പെടുത്തിത്തരുന്നത് ചക്രവാളങ്ങളാണ്. ലോകത്ത് പലേടങ്ങളിലും ഇത്തരം കാന്തക്കുന്നുകളുണ്ടെന്ന സത്യം ആരും നമ്മോട് പറഞ്ഞുതരുന്നുമില്ല.

എന്തായാലും ലഡാക്കിലെ ഒരു വിനോദസഞ്ചാര ആകർഷണ കേന്ദ്രമാണ് കാന്തക്കുന്ന്. സാഹസികരായ സഞ്ചാരികളെ സന്തോഷിപ്പിക്കാൻ ഇവിടെ അത്തരം സാഹസിക മോട്ടോർ സ്പോർട്ട്സ് സംഘടിപ്പിക്കുന്നുണ്ട്. സത്യത്തിൽ ആ കാന്തികവലയത്തിലാണ് സഞ്ചാരികൾ മതിമറന്നാനന്ദിക്കുന്നത്.

ഇനി നമുക്ക് രണ്ടാമത്തെ മായക്കാഴ്ച കാണാം. അതായത് അത്ഭുതങ്ങളുടെ പാറക്കുന്ന് കാണാം. ഇവിടെനിന്ന് അതായത് ലേ-കാർഗിൽ റോഡിലൂടെ ഏകദേശം 18 കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് അത്ഭുതങ്ങളുടെ അനന്തമായ കാഴ്ച കാണാം. ഗുരുനാനാക്ക് അത്ഭുതം കാണിച്ച ഒരു ഭീമൻ പാറയുടെ കുന്ന് കാണാം. ഗുരുദ്വാര പത്താർ സാഹിബ് എന്നാണ് ഈ കുന്ന് അറിയപ്പെടുന്നത്. ലോകപ്രസിദ്ധമാണ് ഈ ഗുരുദ്വാര.

ലഡാക്ക് സന്ദർശിച്ച, സിക്കുകാരുടെ ഗുരു, ഗുരുനാനാക്കിന്റെ സ്മരണയ്ക്കായി, 12000 അടി മുകളിൽ 1517-ൽ സ്ഥാപിച്ചതാണ് ഈ ഗുരുദ്വാര. ഗുരുനാനാക്ക് കൂടുതലും ടിബറ്റ് കേന്ദ്രീകരിച്ചായിരുന്നുവത്രെ അദ്ദേഹത്തിന്റെ പ്രേഷിതപ്രവർത്തനം നടത്തിയത്. അതുകൊണ്ടുതന്നെ ടിബറ്റ് ബുദ്ധിസവുമായി ആത്മബന്ധം പുലർത്തിയിരുന്നു ഗുരുനാനാക്ക്. ടിബറ്റ് ബുദ്ധിസ്റ്റുകളുടെ ആത്മീയാചാര്യനായ ദലായിലാമ ഇതംഗീകരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ടിബറ്റ് ബുദ്ധിസ്റ്റുകളുടെ കൂടി ആത്മീയഗുരുവാണ് ഗുരുനാനാക്ക്.

ഐതീഹ്യങ്ങൾ പലതാണ് ഈ ഗുരുദ്വാരക്ക്. അതേസമയം ഐതീഹ്യങ്ങൾക്കപ്പുറം അത്യാകർഷകമാണ് ഈ ഗുരുദ്വാര. ഐതീഹ്യങ്ങളിൽ ഒന്ന് ഇങ്ങനെ-പണ്ടുപണ്ടൊരു കാലത്ത് ഈ പരിസരങ്ങൾ മുഴുവനും രാക്ഷസന്മാരായിരുന്നുവത്രെ. അവർ അന്നിവിടെ ഉണ്ടായിരുന്ന ബുദ്ധിസ്റ്റ് ഭിക്ഷുക്കളേയും വിശ്വാസികളേയും കാര്യമായി ഉപദ്രവിച്ചിരുന്നു. ഈ രാക്ഷസന്മാർ ഈ പ്രദേശങ്ങളിലെ ഒരു പേടിസ്വപ്നമായിരുന്നു.

അക്കാലത്ത് ഗുരുനാനാക്ക് തന്റെ ടിബറ്റ് പ്രേഷിതപ്രവർത്തനം കഴിഞ്ഞ് ഈ വഴി മടങ്ങവേ രാക്ഷസന്മാർ ഗുരുവിനെ അപായപ്പെടുത്താനായി വലിയൊരു പാറക്കല്ല് മലമുകളിൽ നിന്ന് ഗുരു ഇരിക്കുന്നിടത്തേക്ക് ഉരുട്ടിവിട്ടത്രെ. പക്ഷേ താപസനായ ഗുരുവിന്റെ ശരീരത്തിൽ തട്ടിയ ഭീമൻ പാറ തൽക്ഷണം മെഴുകായി പരിണമിച്ചത്രെ. ഗുരുവിന്റെ കഥ കഴിഞ്ഞെന്ന് കരുതിയ രാക്ഷസന്മാർ കുന്നിറങ്ങി വന്നപ്പോൾ കണ്ടത് ധ്യാനനിരതനായ ഗുരുവിനെയാണ്. തന്ത്രം പാളിപ്പോയതിൽ കോപിഷ്ഠനായ രാക്ഷസന്മാരിൽ ഒരാൾ ആ പാറയെ ചവിട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചുവത്രെ. എന്നാൽ അത്ഭുതമെന്ന് പറയട്ടെ, ആ രാക്ഷസന്റെ കാല്പാട് ആ പാറമേൽ പതിഞ്ഞെന്നാണ് ഐതീഹ്യം പറയുന്നത്. എന്തായാലും രാക്ഷസന്മാരെല്ലാം പശ്ചാത്തപിച്ച് ഗുരുനാനാക്കിനോടൊപ്പം ചേർന്ന് സജ്ജനങ്ങളായെന്നാണ് ഐതീഹ്യകല്പന.

ഈ കഥ ഇവിടെ അവസാനിക്കുന്നു, മറ്റൊരു കഥയുടെ തുടക്കമായി, അതിങ്ങനെ- അങ്ങനെ പണ്ടൊരുനാൾ ഈ റോഡ് കുറേക്കൂടി സഞ്ചാരയോഗ്യമാക്കാൻ ശ്രമിച്ച ഒരു പട്ടാളക്കാരൻ നേരത്തെ ഐതീഹ്യത്തിൽ പരാമർശിച്ച ആ പാറ ബുൾഡോസർ ഉപയോഗിച്ച് നീക്കം ചെയ്യാൻ കഴിവതും ശ്രമിച്ചിട്ടും നടന്നില്ലത്രെ. മാത്രമല്ല, ബുൾഡോസറിന്റെ ബ്ലേഡ് രണ്ടായി പിളർന്നത്രെ. പിന്നീട് ആ പട്ടാളക്കാരനിൽ ഗുരു സ്വപ്നത്തിൽ പ്രത്യക്ഷനായെന്നതാണ് രണ്ടാമത്തെ ഐതീഹ്യം. അങ്ങനെയൊക്കെയാണ് ഈ ഗുരുദ്വാര ഇവിടെ പണികഴിപ്പിച്ചതെന്നാണ് വിശ്വസിച്ചുപോരുന്നത്.

അതിമനോഹരമാണ് ഈ ഗുരുദ്വാരയും പരിസരങ്ങളും. നഗ്നപാദരായി പാദം കഴുകി വേണം ഈ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാൻ. മാത്രമല്ല, തലയിൽ ഗുരുവിനോടുള്ള ആദരസൂചകമായി ഒരു മഞ്ഞ തലപ്പാവുമണിയണം. ഭക്തിസാന്ദ്രമാണ് ഈ ഗുരുദ്വാരയും പരിസരങ്ങളും. ഒരുപാട് ഒതുക്കുകൾ കയറിവേണം കുന്നിൻ മുകളിലെ ഗുരുദ്വാരയിലെത്താൻ. ലഡാക്കിലെ കലാവസ്ഥയുമായി നന്നായി പൊരുത്തപ്പെട്ടവർക്ക് മാത്രമെ ഈ ഗുരുദ്വാരയിലെത്താനാവൂ. മുകളിലെത്തിയാൽ നമുക്ക് ഐതീഹ്യങ്ങളിൽ നാം കണ്ട ആ പാറയും പാറമേൽ പതിഞ്ഞ രാക്ഷസപാദമുദ്രയും കാണാം. ഗുരുവിനെ നമസ്കരിക്കാം. അത്യന്നതങ്ങളിലെ സമാധാനവും സാക്ഷാത്കരിക്കാം. അങ്ങനെ ഈ ഗുരുദ്വാരയിൽ നമ്മുടെ പാദമുദ്രയും പതിപ്പിച്ച് അകംപൊരുളിൽ ഗുരുപ്രതിഷ്ടയും നടത്തി നമുക്ക് മടങ്ങാം.

Share

admin

Leave a Reply

Your email address will not be published. Required fields are marked *