ക്ലിയോപാട്രയും ജലകേളിയും

ക്ലിയോപാട്രയും ജലകേളിയും
29 Mar 2023

അത്യാധുനിക ജലഗതാഗത സംവിധാനങ്ങളിൽ ഏഷ്യയിലെ തന്നെ വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് നമ്മുടെ കേരളം. മെട്രോ റെയിൽ പോലെ തന്നെ വാട്ടർ മെട്രോയിലും വൻ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് കേരളം. ബാലാരിഷ്ടതകളെല്ലാം മറികടന്ന് 2023 ആദ്യപാദത്തിൽ തന്നെ കേരളത്തിന്റെ വാട്ടർ മെട്രോ കൊച്ചിക്കായലിലും കടലിലുമായി തിരയടിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഇത് നടപ്പിലാവുന്നതോടെ ഏകദേശം 78 അത്യന്താധുനിക യാനപാത്രങ്ങൾ 16 ജലപാതകളിലൂടെ 38 ടെർമിനലുകൾ വഴി നാടും ഉൾനാടും സാംസ്കാരിക-വാണിജ്യ സമ്പർക്കത്തിലാവുമെന്നാണ് കണക്കുകൂട്ടുന്നത്. അതൊക്കെ വഴിപോലെ വന്നുചേരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. വീഡിയോ കാണാൻ

അതേസമയം, കേരള ഷിപ്പിങ്ങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡ് അവരുടെ ജലഗതാഗത ജൈത്രയാത്ര തുടരുകയാണ്. 1974-ൽ സ്ഥാപിതമായ കേരള ഷിപ്പിങ്ങ് കോർപ്പറേഷനും (KSC) 1975-ൽ സ്ഥാപിതമായ കേരള ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനും (KINCO) കൂടിച്ചേർന്നുണ്ടായതാണ് കേരള ഷപ്പിങ്ങ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡ്.

ഇവിടെ വരുമ്പോഴത്തെ ആദ്യ കാഴ്ച ഇതാണ്. ജീവനക്കാർ ബോട്ടിലേക്കുള്ള എണ്ണ കൈകൊണ്ട് പമ്പ് ചെയ്ത് എടുക്കുകയാണ്. പമ്പ് ചെയ്യാൻ മോട്ടോർ ഉണ്ടെങ്കിലും അവർ കൈ കൊണ്ട് പമ്പ് ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നുണ്ട്. നാം പലപ്പോഴും ആധുനിക സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തുന്നില്ലെന്നതാണ് സത്യം.

എനിക്കുള്ള ബോട്ട് പുറപ്പെടാനുള്ള സമയമായി. രാവിലെ 10.30-നാണ് ബോട്ട് പുറപ്പെടേണ്ടത്. ആദ്യം പറഞ്ഞത് മിഷേൽ എന്ന ബോട്ടിലാണ് യാത്ര എന്നാണ്. ഇപ്പോൾ പറയുന്നു ക്ലിയോപാട്ര ആണെന്ന്. മിഷേൽ സഞ്ചാരികളാൽ നിറഞ്ഞുവെന്നാണ് അധികൃതർ അറിയിച്ചത്. ഇനി ക്ലിയോപാട്രയിലേക്ക്. സർക്കാരിന്റെ കൂടാതെ വേറേയും ബോട്ടുകളുണ്ടിവിടെ. സഞ്ചാരികൾ ബോട്ടിനകത്തേക്ക് കയറിത്തുടങ്ങി.

ഞാൻ ബോട്ടിൽ കയറി. ബോട്ട് ഒഴുകാൻ തുടങ്ങി. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ബോട്ടിന്റെ ഡ്രൈവർ ക്യാബിൻ കഴിഞ്ഞാൽ ഒരു എസി ക്യാബിനുണ്ട്. ഇവിടേയും സഞ്ചാരികൾക്ക് ഇരിക്കാവുന്നതാണ്. അവതാരകരും ഗായകരും ഉണ്ടാവുക തൊട്ടടുത്ത ഹാളിലായിരിക്കും. ഈ ബോട്ടിൽ അധികം സഞ്ചാരികളില്ല. കുറേ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബോട്ടിലെ ജീവനക്കാർ ഒരുക്കങ്ങൾ തുടങ്ങി.

കേരളത്തിൽ ആഡംബര കപ്പൽ യാത്രക്ക് സമാരംഭം കുറിച്ച അവരുടെ ആഡംബരകപ്പലുകളാണ്. രണ്ട് സാഗരറാണിയും ഒരു നെഫർടിട്ടിയും. അവ ഇന്നും അവിരാമം അനർഗ്ഗളം കൊച്ചിക്കായലിലും കടലിലുമായി തിരയിളക്കുകയാണ്. സാധാരണക്കാർക്കായി ക്ലിയോപാട്രയും മിഷേലും ആഡംബരക്കുറവില്ലാതേയും ഇവിടെ തിരതല്ലുന്നുണ്ട്. കേവലം 799 രൂപ മുതൽ 2500 രൂപ വരെ മുടക്കിയാൽ നമുക്കിന്ന് കായലും കടലും ആവോളം ആസ്വദിക്കാം. കായലോളങ്ങളിലും കടലലകളിലും നമുക്ക് ഊയലാടാം. പാടാം, ആടാം, തിന്നാം, കുടിക്കാം. ആനന്ദത്തിന്റെ തിരകളിൽ തിമിർത്താടി ഉല്ലസിക്കാം.

ഞാനിപ്പോഴുള്ളത് ക്ലിയോപാട്രയിലാണ്. കേവലം 799 രൂപ കൊടുത്ത് ടിക്കറ്റെടുത്താൽ നമുക്ക് രാവിലെ മുതൽ വൈകുന്നേരം വരെ കായൽപരപ്പിലെ ഓളങ്ങളിലും കടൽനിരപ്പിലെ തിരകളിലുമായി ആർത്തുല്ലസിക്കാം. ഓരോ ചായയും സ്നാക്ക്സും രുചിച്ച് ഇങ്ങനെ ഒഴുകവേ അവതാരകനായ അഗസ്റ്റിൻ പറഞ്ഞുതരുന്ന മനോഹരങ്ങളായ കഥകളും കടംകഥകളും കേൾക്കാം. നാം ഇന്നോളം കേൾക്കാത്ത കഥകളാവാം അവ. ചിലപ്പോൾ കുഞ്ഞറിവുകളുടെ കണങ്ങളുമാവാം. ഒപ്പം പ്രൊഫഷണൽ ഗായകരുടെ പാട്ടും കേൾക്കാം. കടലിന്റെ വ്യത്യസ്തഭാവങ്ങളിൽ അലിയിച്ചുചേർക്കുന്ന ഭാവഗാനങ്ങളാവാം അവ. അല്ലെങ്കിൽ തിരമാലകളോടൊപ്പം നൃത്തം വക്കാവുന്ന അടിപൊളി നമ്പറുകളുമാവാം. അവരോടൊപ്പം നമുക്കും ആടാം പാടാം. നമ്മുടെ പാട്ടിനും ആട്ടത്തിനുമൊപ്പം സൂര്യന്റെ വെള്ളിച്ചിലങ്കകൾ ഓളങ്ങളിൽ പൊട്ടിച്ചിതറുന്നത് കാണാം.

കൊച്ചിയുടെ ഉൾനാടുകൾ ചുറ്റി കടലിന്റെ അപാരതകൾ താണ്ടി കൊച്ചിയുടെ വികസനത്തിന്റെ വിജയക്കൊടി പാറിക്കുന്ന കൂറ്റൻ രമ്യഹർമ്യങ്ങൾ കണ്ടുകണ്ട് നാമങ്ങിനെ ഒരു കുഞ്ഞു ദ്വീപിലെത്തും. ഇവിടെ ഇപ്പോൾ രണ്ടു ബോട്ടുകൾ എത്തായിട്ടുണ്ട്. ക്ലിയോപാട്രയും മിഷേലും. ഏതൻ എന്നാണ് ഈ ദ്വീപിന്റെ പേരു്. ഇവിടെയാണ് നമുക്കുള്ള വിഭവസമൃദ്ധമായ ഊണ് ഒരുങ്ങുന്നത്. നല്ല മീൻ കറിയും കൂട്ടി ഒരൂണ്. പിന്നെ ദ്വീപിൽ ഊഞ്ഞാലാടാം പുൽത്തകിടിയിൽ ഓടിക്കളിക്കാം. ഓടിനടന്ന് സെൽഫിയെടുക്കാം. ചീനവല കാണാം. ചൂണ്ടയിട്ട് മീനെ പിടിക്കാം. പിന്നെ കൊച്ചു കളിയോടങ്ങളിൽ അവിടെ മുഴുവൻ തുഴയെറിഞ്ഞ് കായലിന്റെ നെഞ്ചിടിപ്പിന് കാതോർക്കാം. പങ്കായം ഉപയോഗിക്കാനും അവതാരകനായ അഗസ്റ്റിൻ നമ്മേ പഠിപ്പിക്കും.

ഈ ദ്വീപിൽ വച്ചാണ് ഞാൻ ഈ ഗായകനെ കണ്ടെത്തുന്നത്. കലാഭവൻ ശെൽവൻ. ശെൽവൻ ഒരു പാട്ടുകാരൻ മാത്രമല്ല, മിമിക്രിക്കാരനാണ്, എഴുത്തുകാരനാണ്, സംവിധായകനാണ്, സകലകലാവല്ലഭനാണ്. ജോൺ ബ്രിട്ടാസിന്റെ അപരനാണ്. മോഹൻലാലും ശ്രീനിവാസനുമാണ്. ജാസിഗിഫ്റ്റുമാണ്. നമുക്ക് കലാഭവൻ ശെൽവനെ കാണാം, കേൾക്കാം. മുഴുവൻ വീഡിയോ കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ഷെയർ ചെയ്യുക, ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.

തീർന്നില്ല, അവിടെ ഏറെ ദൂരത്തല്ലാത്ത കടമക്കുടി കള്ളുഷാപ്പിലേക്ക് ഒരു കൊച്ചു ബോട്ടുയാത്രയും നടത്താം. കടമക്കുടിയിലെ കുടിയും കടിയും ബഹുകേമമാണ്. കള്ളിനെ്റെ രുചിയേക്കാൾ രുചിയുണ്ട് ഇവിടുത്തെ കറിക്കൂട്ടുകൾക്ക്. ഇവിടെയില്ലാത്ത കറികളില്ല, രുചിഭേദങ്ങളുമില്ല. ഞങ്ങൾ അല്പം വൈകിയതുകൊണ്ടാവാം പല കറികളും തീർന്നിരുന്നു. കല്പവൃക്ഷനീരിന്റെ ലഹരിയിൽ നമുക്ക് വീണ്ടും ഏതനിലെത്താം. കടമക്കുടിയിലെ കഥകൾ പറയാം.

ഈ കളളുഷാപ്പിൽ വച്ചാണ് ഞാൻ മനോജിനെ പരിചയപ്പെടുന്നത്. മനോജാണ് ഞങ്ങൾക്ക് ബോട്ടിൽ ചായയും പഴംപൊരിയും പരിപ്പുവടയും ഏർപ്പാടാക്കിത്തന്നത്. മനോജ് തന്നെയാണ് ഏതനിലെ സദ്യ ഒരുക്കിയതും. എന്നാൽ മനോജ് ഇതിനൊക്കെ അപ്പുറമാണ്. കുറേ നാടുകൾ കണ്ടവനാണ്. ഇപ്പോൾ കൊച്ചിയിലെ ടൂർ ഓപ്പറേറ്ററാണ്. നമുക്ക് മനോജിനെ കൂടി കാണാം, കേൾക്കാം.

ഇനി മടക്കയാത്രയാണ്. അപ്പോഴും അഗസ്റ്റിൻ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. ബോട്ടിന്റെ ജാലകങ്ങൾ കാഴ്ചകളുടെ കിളിവാതിലുകളായിക്കൊണ്ടേയിരിക്കും. ഗായകർ പാടിക്കൊണ്ടേയിരിക്കും. കടമക്കുടി ലഹരിയിൽ മടക്കയാത്ര പുതിയൊരനുഭവമായിരിക്കും. പിന്നെ പാടാത്തവർ പാടും. ആടാത്തവർ ആടും. കഥ പറയാത്തവർ കഥകൾ പറയും. മിണ്ടാത്തവർ മിണ്ടും. ചിരിക്കാത്തവർ ചിരിക്കും. ഇടക്കെങ്കിലും ഉറങ്ങിയവർ ഉണരും. പിന്നെപ്പിന്നെ സൂര്യൻ മടക്കയാത്ര ആരംഭിച്ചിരിക്കും. പ്രഭാതത്തിൽ സൂര്യനണിഞ്ഞ വെള്ളിച്ചിലങ്ക അഴിച്ചുമാറ്റിയിരിക്കും. പകരം സ്വർണ്ണക്കൊലുസ്സ് ഓളങ്ങളിൽ പൊട്ടിച്ചിരിക്കും.

യാത്ര അവസാനിക്കിന്നതിന്റെ നേർത്ത നൊമ്പരം ആ യാനപാത്രത്തിൽ തേങ്ങലാവും. പിന്നെ അവതാരകൻ അഗസ്റ്റിനും ഗായകരും കപ്പലോടിച്ചവരും സഹായികളും സഞ്ചാരികളും ഒന്നാവും, വേർപ്പെടാനാവാത്തവിധം. അവർ അവസാനത്തെ ആട്ടവും പാട്ടും ആസ്വദിക്കും. കപ്പൽ തീരമണയും. കപ്പലിറങ്ങുമ്പോൾ സഞ്ചാരികൾ പറയും, നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടുകാർ തന്നെ.

അവരിൽ ചിലർ എന്നോട് പറഞ്ഞു, സർ, ഞങ്ങളുടെ വീഡിയോ ആരും കാണണ്ട. കാരണം, ഞങ്ങൾ എല്ലാം മറന്ന് പാടുകയായിരുന്നു, ആടുകയായിരുന്നു, ആഘോഷിക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണ് നമ്മുടെ മലയാളികൾ ഇന്നും. അവർക്ക് ആടണം, പാടണം, ആഘോഷിക്കണം-പക്ഷേ അതൊന്നും ആരും കാണരുത്. ഇനിയും എത്ര കടലുകൾ താണ്ടിയാലാണ് നമ്മുടെ മലയാളികൾക്കുള്ളിൽ സൂര്യനുദിക്കുക. ഞാൻ ആ വീഡിയോ ഇവിടെ പ്രദർശിപ്പിക്കുന്നില്ല. എങ്കിലും എനിക്ക് ബോട്ടുയാത്ര പ്രദർശിപ്പിക്കണമല്ലോ. ബോട്ടുയാത്രയുടെ ആവേശവും. എന്റെ ബോട്ടുയാത്രയുടെ ദൃശ്യങ്ങളിൽ നിന്ന് ഞാനവരെ പരമാവധി ഒഴിവാക്കിയിട്ടുണ്ട്. അവരെ ആരും കാണാതിരിക്കട്ടെ എന്നുതന്നെയാണ് എന്റേയും പ്രാർത്ഥനയും പ്രത്യാശയും.

 

Share

ct william

Leave a Reply

Your email address will not be published. Required fields are marked *