അദ്വൈതാശ്രമചിന്ത-3
03 Nov 2022
ശ്രീനാരായണഗുരുദേവൻ ശരിക്കും ഒരു അദ്വൈതിയായിരുന്നുവോ? അദ്വൈതത്തിന്റെ പൂർണ്ണാർത്ഥങ്ങളിൽ നിന്ന്, ഗുരു തന്നെ വ്യാഖ്യനിച്ച അദ്വൈതത്തിന്റെ നാനാർത്ഥങ്ങളിലേക്ക്, ഗുരു വഴിമാറി ചിന്തിച്ചിരുന്നുവോ? വിപ്ലവാത്മകമായ കണ്ണാടി പ്രതിഷ്ഠയിൽ നിന്ന് ശിവപ്രതിഷ്ഠയിലേക്ക് ഗരു എത്തിച്ചേർന്നത് അങ്ങനേയോ? അതോ താൻ തന്നെ അദ്വൈതത്തിനു കല്പിച്ച നാനാർത്ഥപൂർത്തീകരണമായിരുന്നുവോഈ എത്തിച്ചേരൽ ? നമുക്ക് പരിശോധിക്കാം. സ്വാമി ധർമ്മചൈതന്യയുടെ ഗുരുദശനാനുഭവം തുടരുകയാണ്. വീഡിയോ കാണാൻ
അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്, ബ്രഹ്മമാണ് പരമപ്രധാനം. അദ്വൈതചിന്തയിൽ ഈശ്വരന് താത്ത്വികാസ്തിത്വം പറയുന്നില്ല. ദൃക് പദാർത്ഥമായ ആത്മാവ് അഥവാ ബ്രഹ്മം എന്നതിന് ദൃശ്യാസ്ഥിത്വമില്ല. അതുകൊണ്ടുതന്നെ അത് രജു-സർപ്പ ഭ്രാന്തിലെ സർപ്പമെന്ന മിഥ്യയാണ്.
അതേസമയം സാധാരണ ഉപാസകരെ ആകർഷിക്കാനായിരിക്കണം ശ്രീനാരായണഗുരു ബ്രഹ്മത്തിന് നാനാർത്ഥരൂപങ്ങൾ കല്പിച്ചുകൊടുത്തത്. അങ്ങനെ രൂപം കൊണ്ടതായിരിക്കണം ബ്രഹ്മാവ്-വിഷ്ണു-ശിവ ത്രയങ്ങൾ. ഈ രൂപകല്പനകൾ ജന്മമെടുത്തതോടെ രജു-സർപ്പ ഭ്രാന്ത് അദ്വൈതത്തിന്റെ പ്രായോഗികതലത്തിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ശ്രീനാരായണഗുരു പ്രായോഗിക അദ്വൈതിയായത് അങ്ങനെയായിരിക്കണം.
ശ്രീനാരായണഗുരു ക്ഷേത്രങ്ങൾ ശിവക്ഷേത്രങ്ങളായതും അങ്ങനെയാവണം. എന്നാൽ ഗുരു “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “ എന്നനുശാസിക്കുന്നിടത്ത് അദ്വൈതം ന്യായമായും താത്ത്വകീയമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതേസമയം, ഗുരുവിന്റെ ഈ അനുശാസനം, ബ്രഹ്മാവ്-വിഷ്ണു-ശിവ ത്രയങ്ങളായ ദൈവരൂപങ്ങളെ ഉദ്ദേശിച്ചല്ലെന്നാണ് ശ്രീനാരായണീയർ വാദിക്കുന്നത്. സാക്ഷാൽ അദ്വൈതഭാഷ്യത്തിലെ ആത്മാവ് അഥവാ പരബ്രഹ്മം തന്നെയാണ് ഈ ത്രയങ്ങളിൽ വിവക്ഷിക്കപ്പെടുന്നതെന്നാണ് അവരുടെ വാദം.
ഗുരുവിനോടുള്ള സ്നേഹവും ആദരവും നിലനിർത്താൻ മാത്രമായി നമുക്ക് ഈ വാദത്തെ ന്യായീകരിക്കാമെങ്കിലും ഗുരുവിന്റെ ജീവചരിത്രപഥങ്ങൾ നമ്മേ പഠിപ്പിക്കുനത് മറ്റൊന്നാണ്. അതായത്, ഗുരു സാധാരണക്കാർക്കുവേണ്ടി അദ്വൈതത്തിന് കല്പിച്ചുകൊടുത്ത പ്രയോഗിക നാനാർത്ഥരൂപങ്ങൾ പതുക്കെപ്പതുക്കെ പരാജയപ്പെടുകയായിരുന്നു. പിന്നീട് ആ പരാജയത്തെ, ചരിത്രം, അദ്വൈതത്തിൽ നിന്ന് മാറ്റിനിർത്തി പ്രസ്ഥാനവൽക്കരിക്കുകയായിരുന്നു.
1903 ജനുവരി 7-ന് ശ്രീനാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റെ (എസ് എൻ ഡി പി) കാലാന്തര നിയോഗം മേൽസൂചിപ്പിച്ച പ്രസ്ഥാനവൽക്കരണത്തെ സാധൂകരിക്കുകയായിരുന്നു.
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന വാവൂട്ടുയോഗമാണ് ശ്രീനാരായണ ധർമപരിപാലന യോഗത്തിന് (എസ് എൻ ഡി പി) നിമിത്തമായത്. 1899-ലാണ് ഈ വാവൂട്ടുയോഗം അരുവിപ്പുറം ക്ഷേത്രയോഗം എന്ന പേരിൽ പുനഃസംഘടിപ്പിക്കപ്പെട്ടത്. ഈ പുനഃസംഘടനയാണ് പിന്നീട് ശ്രീനാരായണ ധർമപരിപാലന യോഗമായി (എസ് എൻ ഡി പി) മാറിയത്.
സമൂഹത്തിന്റെ സർവ്വതോന്മുഖമായ പുരോഗമനം ഉന്നം വച്ചുകൊണ്ട്, ഈ സംഘടനയെ സാമൂഹ്യശാസ്ത്രപരമായും മാതൃകാപരമായും ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. പ്രാരംഭകാലങ്ങളിൽ ഉന്നം പിഴക്കാതെ മുന്നോട്ടുപോയ ഈ സംഘടന പിന്നീട് ഗുരുവിന്റെ “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “ എന്ന മാനുഷീക ഏക ജാതി-മത-ദൈവ ആദർശങ്ങളെ നിലനിർത്തുന്നതിൽ പിഴച്ചുപോയി.
അരുവിപ്പുറത്തെ വാവൂട്ടുയോഗത്തിന്റെ പ്രസ്ഥാനവൽകൃത എസ്. എൻ. ഡി.പി. യോഗ നേതാക്കളിൽ പലരും ശ്രീനാരായണന്റെ അദ്വൈതഭാഷ്യം വിസ്മരിച്ചു. ക്രമേണ ഗുരുവിൽ ആത്മീയ വേദനയുടെ മുളപൊട്ടി. ഗുരുവിന്റെ മാത്രം അദ്വൈത ദർശനഭാഷ്യം മെനഞ്ഞെടുത്ത “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് “ എന്ന മാനുഷീക ഏക ജാതി-മത-ദൈവ ദർശനം എസ്. എൻ. ഡി.പി. എന്ന പ്രസ്ഥാനത്തിൽ നിഷ്പ്രഭമായി. പ്രസ്ഥാനത്തിൽ ചീത്ത ജാത്യാഭിമാനം വളർന്നു പന്തലിച്ചു. ഗുരുമനസ്സിൽ അരുവിപ്പുറത്തെ വാവൂട്ടുയോഗം നശ്ശബ്ദമായി പുനഃപ്രതിഷ്ഠിക്കപ്പെട്ടു. ഗുരു പ്രസ്ഥാനത്തെ ഉപേക്ഷിച്ചു. ഒടുവിൽ, 1916 മേയ് 22-ന് ദുഃഖിതനായ ഗുരു എസ്.എൻ.ഡി.പി. വിട്ടു. ഗുരുസാഗരം പിന്നെ ശാന്തമായി.